("ഒരു മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ " പന്ത്രണ്ടാം ഭാഗം പോസ്റ്റു ചെയ്യുന്നു. പൂർണമായിമനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക)
19-11-1997.
അൽഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. എന്റെ സഹപാഠിയായിരുന്ന സിനിമാസംവിധായകൻ ഫാസ്സിൽ എന്തെങ്കിലും ആവശ്യത്തിനു ഈ ആശുപത്രിയിൽ വന്നിരുന്നെങ്കിലെന്നുംഎന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെശുഷ്കാന്തിയോടെ ചികിൽസിക്കാൻ ഏർപ്പാടു ചെയ്തിരുന്നെങ്കിലെന്നും ഇന്നലെ ഞാൻ വെറുതെവ്യമോഹിച്ചു. ഒരിക്കലും നടക്കാത്ത കാര്യമാണതു.എന്റെ ദിവാസ്വപ്നം മാത്രം. പക്ഷേ ഇന്നു മറ്റൊന്നുസംഭവിച്ചു. എന്റെ അയൽ വാ സിയും സ്നേഹിതനും സിനിമാ നടനുമായ ബോബി കൊട്ടാരക്കര ഇന്നുഎന്റെ മറ്റൊരു സ്നേഹിതനായ അലിയുമായി ഞങ്ങളുടെ റൂമില്‍ വന്നു.(ഈ ഡയറി കുറിപ്പുകൾപ്രസിദ്ധീകരിക്കുന്നതിനുകുറച്ചു നാൾമുമ്പു ബോബി അന്തരിച്ചു)തമാശ നടനയ ബോബിയെ കാണാന്‍ അടുത്ത റൂമിലെ ആൾക്കാർ ഞങ്ങളുടെ റൂമിന്റെ മുമ്പിൽ കൂട്ടം കൂടി. ആൾക്കൂട്ടം കണ്ടു അതിലെ കടന്നുപോയ ഹൗസ്സ് സർജൻ റഫീക്ക് അൻസാർ (ഒന്നാം വാർഡിൽ കിടന്നിരുന്നപ്പോൾ അൻസാർ സൈഫുവിനെ ദിവസങ്ങളോളം ചികിൽസിച്ചിരുന്നു.) റൂമിലേക്ക് കയറി വന്നു. ഈ റൂമില്‍ ഞങ്ങൾഉണ്ടെന്നു അറിയാമായിരുന്ന അദ്ദേഹം എന്താണുസംഭവം എന്നറിയാനാണു അകത്തു വന്നതു. മകന്റെഇപ്പോഴത്തെ വിവരങ്ങളെല്ലാം ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം ഉടൻ തന്നെ ഒന്നാംവാർഡിൽ പോയി ബന്ധപ്പെട്ടിരിക്കണം, കാരണം ഉടൻ തന്നെ അവിടെ നിന്നും മറ്റൊരു സർജൻ വന്നുസൈഫുവിനെ പരിശോധിച്ചതിനു ശേഷം അവനെ ന്യൂറോ സർജറി ഡിപ്പാർട്ട്മന്റിലേക്കു റഫർചെയ്തു. ന്യൂറോ സർജറിയിൽ നിന്നും ഡോക്റ്റർ വന്നു സൈഫുവിനെ പരിശോധിച്ചു. നാളെ രാവിലെഅത്യാവശ്യമയി സ്കാൻ ചെയ്യാൻ സ്ലിപ്പു തന്നു. സലിയുടെ സഹായത്തോടെ സ്കാൻ ഡിപാർട്ട്മന്റിൽനാളെ രാവിലെ സ്കാൻ ചെയ്യാൻ ഏർപ്പാടാക്കി.
മോൻ ശക്തിയായ പനിയുമായി മയക്കത്തിലാണു. ആഹാരവും വെള്ളവും കഴിക്കുന്നില്ല.അതു കൊണ്ടുനാളെ സ്കാൻ ചെയ്യുന്നതിനു മുന്നോടിയായി 6 മണിക്കൂർ ഉപവാസത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.
നാളെ...നാളെ അറിയാം.ദൈവമേ!.....ഈ കുറിപ്പുകൾ എഴുതുമ്പോഴും എന്റെ മനസ്സു അങ്ങയെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. അവിടന്നു മാത്രമാണു ഞങ്ങൾക്കു തുണ. ഞങ്ങളിൽ കരുണചൊരിയണമേ! കഴിഞ്ഞുപോയ കാലങ്ങളിൽ രോഗികളായി ആശുപത്രിയിലും മറ്റും കഴിഞ്ഞിരുന്നവരെകാണാൻ പോകാതിരുന്നതിന്റെ തെറ്റു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു . ഈ ലോകംഅവിടത്തേതാണെന്നും ഇതിലെ പ്രജകളുടെ ഉടമ അവിടന്നാണെന്നും മനുഷ്യർ പരസ്പരംസഹായിക്കുന്നതാണു അവിടത്തെ ഇഷ്ടമെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. ഞങ്ങളോടുപൊറുക്കേണമേ! ഞങ്ങളിൽ കരുണ ചൊരിയേണമേ!
20-11-1997.പകൽ 11.45 മണി.
ട്രോളിയിലെ യാത്രയും സ്കാൻ ഡിപ്പാർട്ടുമന്റിലെ ചിട്ടവട്ടങ്ങളും പഴയതു പോലെ തന്നെ. ലിഫ്റ്റ്‌ഓപ്പെററ്റു ചെയ്യാൻ ഞാൻ പരിചയപ്പെട്ടു കഴിഞ്ഞു.(ലിഫ്റ്റ് ഓപെറേറ്റർ അയാളുടെ ജോലി ചെയ്യുന്നതുഇതുവരെ ഞാൻ കണ്ടിട്ടില്ല. ) സ്കാൻ റിപ്പോർട്ടു കിട്ടാൻ വൈകും. സൈഫുവിനെ ട്രോളിയിൽ തിരികെകൊണ്ടു വന്നു. അവൻ ഇപ്പോഴുംശക്തിയായ പനിയുമായി മയക്കത്തിലാണു. പ്രസരിപ്പു നിറഞ്ഞഅവന്റെ മുഖവും തല ഉയർത്തി പിടിച്ച് നടപ്പും കാണാൻ കൊതിയാകുന്നു. വാടിയ പൂച്ചെടിപോലെഅവൻ കിടക്കുന്നു.
വെട്ടിത്തിളങ്ങുന്ന നീലാകാശത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ വെണ്മേഘങ്ങൾ പറന്നുനടക്കുന്നതു ജനലിൽ കൂടി എനിക്കു കാണാം. ഒരു കൂറ്റൻ വിമാനം ആ പഞ്ഞിക്കെട്ടിലേക്കു കടന്നു അപ്രത്യക്ഷമാകുന്നതും നിമിഷങ്ങൾക്കുള്ളിൽ അതു പുറത്തു വന്നു അനന്തമായ ആകാശത്തിലൂടെവിദൂരതയിലേക്കു പോകുന്നതും ഞാൻ കാണുന്നു. മറ്റൊന്നും ചെയ്യാനില്ലാത്ത എനിക്കു ഈ കുറിപ്പെഴുത്തുമാത്രമാണല്ലോ സമയം പോകാൻ മാർഗം.മനസ്സിനു ഏകാഗ്രത ഇല്ലാത്ത കാരണം വായിക്കാൻ കൊണ്ടുവന്ന പുസ്തകങ്ങൾ വെറുതെയായി. ഇതാ, എനിക്കിപ്പോൾ പെട്ടെന്നു ഗൃഹാതുരത്വം അനുഭവപ്പെടുന്നു. വീടിന്റെ വരാന്തയിൽ ദൂരെയുള്ള കുന്നുകളേയും പച്ചപടർപ്പിനേയും നോക്കി മനോരാജ്യം കണ്ടിരിക്കാൻഎനിക്കു കൊതിയേറുന്നു. നടക്കാത്ത കാര്യങ്ങളാണല്ലോ മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നതു. എത്രയോ കാലം ഞാൻ ആ വരാന്തയിൽ ഇരുന്നപ്പോൾ അതിന്റെ വില ഞാൻ അറിഞ്ഞിരുന്നില്ലല്ലോ. ഇതാ ഇപ്പോൾ മെഡിക്കൽ കോളേജു ആശുപത്രി പേ വാർഡിലെ ഈ മുറിയിലിരിക്കുമ്പോൾ എന്റെവീടും പരിസരവും എത്ര സന്തോഷപ്രദമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു. ദൈവമേ! നീ തന്നഅനുഗ്രഹങ്ങളുടെ വില എന്തു മാത്രമായിരുന്നെന്നു എനിക്കിപ്പോൾ ബോദ്ധ്യമായി.
20-11-1997 രാത്രി 10.30 മണി.
പകൽ 4.30 നു സ്കാൻ റിപ്പോർട്ട് കിട്ടി. റിപ്പോർട്ടു അടക്കം ചെയ്ത കവർ ഒട്ടിച്ചിട്ടില്ല. റിപ്പോർട്ടിനോടൊപ്പം തന്ന ഫിലിമിൽ സൈഫുവിന്റെ തലയുടെ മുന്‍വശം ഇടതു ഭാഗം വിവിധരീതിയിൽ കാണിച്ചിരിക്കുന്നു.കഴിഞ്ഞ തവണ എടുത്ത ഫിലിമിൽ കാണിച്ചിരിക്കുന്നതിലും കറുപ്പ് നിറം തലയുടെ മുൻ വശം ഇടതു ഭാഗത്തു കാണപ്പെട്ടതിനാൽ റിപ്പോർട്ടിൽ എന്താണൂ എഴുതിയിരിക്കുന്നതുഎന്നു വായിക്കാൻ തിടുക്കമായി. ഏതെങ്കിലും ഒഴിഞ്ഞ കോണിൽ പോയിരുന്നു റിപോർട്ടുവായിക്കാനായി ഞാൻ നടന്നു. കവർ തുറക്കുമ്പോൾ എന്റെ കൈ വിറച്ചിരുന്നു, നെഞ്ചിടിപ്പു വർദ്ധിച്ചു. ഇപ്പോൾ മോന്റെ രോഗവിവരം അറിയാം.
പഴുപ്പു ശക്തിയായി ഉണ്ടെന്നും അതു തലയുടെ മുൻ വശം വലതു ഭാഗത്തേക്കു വ്യാപിക്കുന്നുഎന്നും റിപ്പോർട്ടിൽ എഴുതിയിരിക്കുന്നു. മറ്റുള്ളതെല്ലാം സാങ്കേതിക പദങ്ങളായതിനാൽ എനിക്കുമനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞാൻ ന്യൂറോ സർജറി ഡിപ്പാർട്ട്‌മന്റിലേക്കു പാഞ്ഞു. റിപ്പോർട്ടു ജേക്കബ്‌ആലപ്പാടൻ എന്ന ഡോക്റ്ററെ ഏൽപിച്ചു. എന്റെ മുഖ ഭാവം കണ്ടതു അദ്ദേഹം റിപ്പോർട്ടു വായിച്ചുകഴിഞ്ഞു ഫിലിം ലൈറ്റിലിട്ടു വിശദമായി പരിശോധിച്ചു. തുടിക്കുന്ന മനസ്സുമായി ഞാന്‍ അവിടെ നിന്നു. അപ്പോൾ അവിടെ വന്ന ജേക്കബ് എന്നു പേരുള്ള പി.ജി.വിദ്യാർത്ഥിയുമായി അദ്ദേഹം ആശയവിനിമയം നടത്തി. ന്യൂറോ സർജറിയിൽ ഉപരി പഠനത്തിനു എത്തിയ ഡോക്റ്റർ ജേക്കബാണു ഒന്നാം വാർഡിൽ വന്നു സൈഫുവിനെ ആദ്യം പരിശോധിച്ചതും തലയിലെ പഴുപ്പു ആദ്യമായ് കുത്തിയെടുത്തതും. അദ്ദേഹം കൊട്ടാരക്കരക്കു സമീപം പൂയപ്പള്ളി സ്വദേശിയാണെന്നു അറിയാൻകഴിഞ്ഞു.
വിശദമായ ചർച്ചക്കു ശേഷം ഡോക്റ്റർ ജേക്കബ് ആലപ്പാടൻ സൈഫുവിനെ ന്യൂറോ സർജറിവിഭാഗത്തിൽ കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഞാൻ പേ വാർഡിലേക്കു പാഞ്ഞു.
(ഡയറിക്കുറിപ്പുകൾ തുടരുന്നു........)
എന്‍റെ ഷെരീഫേ..
ReplyDelete“നോ കമന്‍റ്സ്”കുറിപ്പുകള്‍ പൂര്‍ത്തിയാവട്ടെ!
ഷെരീഫേട്ടാ.. വായിക്കാന്‍ വയ്യ മനസിനു വല്ലാത്ത വേദന..
ReplyDelete