Tuesday, October 27, 2009

മെഡി.കോളേജു ഡയറി (പതിമൂന്നു)

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" ഭാഗം 13 പോസ്റ്റ്‌ ചെയ്യുന്നു. മെഡിക്കൽ കോളേജിൽ 53 ദിവസം കഴിച്ചു കൂട്ടിയതിൽ ഏറ്റവും ഉൽക്കണ്ഠ നിറഞ്ഞ ദിവസത്തെ കുറിപ്പുകൽ ആണു ഇന്നു പോസ്റ്റ്‌ ചെയ്യുന്നതു. പൂർണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക.)
വിശദമായ ചർച്ചക്കു ശേഷം ഡോക്റ്റർ ആലപ്പാടൻ സൈഫുവിനെ ഉടനെ ന്യൂറോ സർജറി വിഭാഗത്തിൽ കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഞാൻ പേ വാർഡിലേക്കു പാഞ്ഞു. ലിഫ്റ്റ്‌ പ്രവർത്തിക്കുന്നില്ല എന്നു കണ്ടപ്പോൾ സ്റ്റെയർക്കേസ്സ്‌ വഴി അഞ്ചാം നിലയിലേക്കു കുതിച്ചു. മൂന്നു നില കഴിഞ്ഞപ്പോഴേക്കും ഞാൻ കിതക്കാൻ തുടങ്ങി.കാലുകൾ വേച്ചു പോയി. ഉൽക്കണ്ഠയും പരിഭ്രമവും എന്നെ തളർത്തിയെങ്കിലും എങ്ങിനെയോ ഞാൻ റൂമില്‍ വന്നു ചേർന്നു.. ആലപ്പുഴയിൽ നിന്നും അപ്പോൾ അവിടെ എത്തിച്ചേർന്ന എന്റെ അനന്തരവൻ രാജുവിനെ ട്രോളി കൊണ്ടു വരാൻ ഏർപ്പാടാക്കി ഞാൻ മോന്റെ കട്ടിലിനു സമീപം നിന്നു. വിയർപ്പു കണങ്ങൾ എന്റെ മുഖത്തു നിന്നും താഴോട്ടു ഒഴുകി. എന്റെ മുഖത്തെ പരിഭ്രമം കണ്ടു ഭാര്യ വല്ലാതെ ഭയന്നു. എന്താണു കാര്യം എന്നവൾ തിരക്കിയില്ലെങ്കിലും കാര്യങ്ങൾ ശരിയായ രീതിയിലല്ല എന്നു അവൾക്കു മനസ്സിലായതു പോലെ തോന്നി. സൈഫു ഉണർന്നിരുന്നു. മുണ്ഡനം ചെയ്ത അവന്റെ തലയിൽ ഞാൻ തലോടി. പഴുപ്പു കുത്തി എടുക്കാൻ കൊണ്ടുപോകുക ആണെന്നും ധൈര്യമായിരിക്കാനും ഞാൻ പറഞ്ഞു. ധൈര്യവും അധൈര്യവും അനുഭവപ്പെടാത്ത അവസ്ഥയിലായതു കൊണ്ടാകാം അവന്റെ മുഖത്തു ഒരു ഭാവ ഭേദവും കണ്ടില്ല. രാജു അറ്റന്ററേയും കൂട്ടി ട്രോളിയുമായെത്തി. പ്രവർത്തന ശേഷിയുള്ള ലിഫ്റ്റ്‌ ഭാഗത്തേക്കു ട്രോളി ഉരുണ്ടു അൽപ്പനിമിഷത്തിനുള്ളിൽ ന്യൂറോ വിഭാഗത്തിലെത്തി ചേർന്നപ്പോൾ സലി അവിടെ കാത്തു നിന്നിരുന്നു.
സൈഫുവിനെ സ്ക്രീൻ കൊണ്ടു മറച്ച ഭാഗത്തേക്കു കൊണ്ടു പോയി. രാജുവും സലിയും ഇടനാഴിയിൽ നിന്നപ്പോൾ ഞാനും ഭാര്യയും പുറത്തിറങ്ങി.
ഒരു സായാഹ്നത്തിന്റെ അവസാനമായി. സന്ധ്യ ആരംഭിച്ചിട്ടില്ല. എന്തായിരിക്കും ആ മുറിയിൽ നടക്കുന്നതു.. സൂചി നെറ്റിയിൽ കൂടി കയറ്റി പഴുപ്പു വലിച്ചെടുക്കന്നതിനു മുമ്പു കുത്തിവെയ്പ്പിന്റെ വേദന അറിയാതിരിക്കാൻ മരവിപ്പിക്കുന്നതിനു മരുന്നു കുത്തിവൈക്കും. പക്ഷേ കഴിഞ്ഞ തവണ ആ മരുന്നു സൈഫുവിനു വല്ലാതെ റിയാക്ഷൻ ഉണ്ടാക്കിയതിനാൽ ഈ തവണ മരുന്നു കുത്തി വെയ്ക്കില്ലാ എന്നു അറിയാൻ കഴിഞ്ഞു. അപ്പോൾ അവൻ വേദന ശരിക്കും അനുഭവിക്കും.
ഞാൻ ന്യൂറോ സർജറി ഡിപ്പാർട്ടുമന്റ്‌ കാർ പാർക്കിംഗിനു സമീപം ചെറിയ വെളി സ്ഥലത്തു നിന്നു. അവിടെ നിന്നു നോക്കിയാൽ ഒന്നാം വാർഡു കാണാം. അവിടെയാണു സൈഫുവിനെ ആദ്യം കിടത്തിയിരുന്നതു. രോഗികൾ വന്നും പോയുമിരിക്കുന്നു. എത്രയെത്ര രോഗികൾ! ചിലർ മരിക്കുന്നു. ചിലർ തിരികെ പോകുന്നു. ന്യൂറോ സർജറി വിഭാഗത്തിലെ ഇന്റൻസീവു കെ യർ യൂണിറ്റിൽ പ്രവേശിക്കപ്പെടുന്ന രോഗികളിൽ ഭൂരിഭാഗവും മരിക്കുന്നു എന്നു ആരോ പറഞ്ഞതു ഓർമ്മയിൽ വന്നപ്പോൾ മനസ്സിനെ മറ്റു വഴിക്കു തിരിച്ചു വിടാൻ ഞാൻ വേറെ കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ ഭാര്യ സൈഫുവിനെ കൊണ്ടു പോയ ഭാഗത്തേക്കു പെട്ടെന്നു ഓടുന്നതു കണ്ടു ഞാനും അവിടേക്കു പാഞ്ഞു. വാതിക്കൾ എത്തിയ നിമിഷം സൈഫുവിന്റെ നിലവിളി ഞാൻ തിരിച്ചറിഞ്ഞു. തുളച്ചു കയറുന്ന നിലവിളി. .....ഭാര്യയുടെ കവിളിലൂടെ കണ്ണീർ ഒഴുകി കൊണ്ടിരിക്കുന്നു. അവന്റെ നിലവിളി ഉച്ചത്തിലായി. ഞാൻ ചെവിയിൽ രണ്ടു വിരലും തിരുകി അവിടെ നിന്നും നടന്നു. നിലവിളി പിൻ തുടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ മാനത്തേകു നോക്കി. സന്ധ്യയുടെ ആഗമനം വിളിച്ചറിയിച്ചു കൊണ്ടു പടിഞ്ഞാറൻ മാനത്തു ചോര നിറം. മനസ്സു ഏകാഗ്രമാക്കി ദൈവത്തോടു കേണു. എന്റെ എല്ലാ ദുഃഖങ്ങളും അറിയുന്നവനായ കരുണാമയനേ! അവിടെന്നു പരമ കാരുണികനും കരുണാനിധിയുമാണല്ലോ എന്റെ കുഞ്ഞിനെ അവിടത്തെ കരുണക്കായി സമർപ്പിക്കുന്നു. എല്ലാം തീരുമാനിക്കുന്നതു അവിടന്നാണു. ഞങ്ങളിൽ കരുണ ചൊരിയേണമേ!
ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്കു നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം.
( പന്ത്രണ്ടു വർഷങ്ങൾക്കു ശേഷവും അന്നത്തെ ദിവസം അനുഭവിച്ച ടെൻഷൻ ഇപ്പോൾ ഞാൻ ഇതു ടൈപ്പു ചെയ്യുമ്പോഴും എന്നെ ബാധിക്കുന്നു എന്നു തോന്നുന്നു. കാരണം ഓരോ വാക്കുകളും പിശകുന്നു...തിരുത്തുന്നു...വീണ്ടും പിശകുന്നു....അതിനാൽ ഇന്നത്തെ പോസ്റ്റു നിർത്തുന്നു. വിധി ഉണ്ടെങ്കിൽ നാളെ പോസ്റ്റു തുടരാം...

1 comment: