Monday, October 19, 2009

മെഡി.കോളേജു ഡയറി (ഭാഗം ഒന്‍പതു)

( " ഒരു മെഡിക്കല്‍ കോളേജു ഡയറി കുറിപ്പുകള്‍ " എന്ന എന്റെ പുസ്തകത്തില്‍ നിന്നും ബ്ലോഗില്‍ ഒന്‍പതാമത്തെ പോസ്റ്റ്. പൂര്‍ണമായി മനസ്സിലാക്കാന്‍ മുന്‍ ഭാഗങ്ങള്‍ വായിക്കുക)
തൊണ്ണൂറ്റി ഏഴ് നവംബര്‍ ഒന്‍പതാം തീയതി.

മകന്റെ നീഡില്‍ ആസ്പരേഷന് ശേഷം എടുത്ത പഴുപ്പു ലാബ്‌ പരിശോധനയിൽ ബാക്റ്റീരിയാ വിമുക്തമാണന്നും എന്നാൽ ധാരാളം പസ്‌സെൽസു ഉണ്ടെന്നും റിപ്പോർട്ടു കിട്ടി. ഞാൻ ഇപ്പോൾ മെഡിക്കൽ കോളേജിലെ സാങ്കേതിക പദങ്ങൾപഠിച്ചിരിക്കുന്നു.
അടുത്ത കട്ടിലുകളിൽ ഉണ്ടായിരുന്നവർ പലരും പോയി. ഞങ്ങൾ മാത്രം പഴയആൾക്കാരായി അവശേഷിക്കുന്നു.
നിസ്സംഗത , നിർവ്വികാരത, രോഗികളോടും ബന്ധുക്കളോടും സംവദിക്കാതിരിക്കുക ഇതാണു ഇവിടെജോലി ചെയ്യുന്ന ഭൂരി ഭാഗം ഭിഷഗ്വരന്മാരുടെയും സ്വഭാവം.അൽപ്പം കരുണയോടുള്ള സംസാരവും സമാധനപ്പെടുത്തലും രോഗികളിലും ബന്ധുക്കളിലുമെന്തു മാത്രം ആശ്വാസം ഉളവാക്കുമെന്നു അവർഅറിഞ്ഞിരുന്നെങ്കിൽ.
അൽപദിവസം മെഡിക്കൽ കോളേജിൽ കഴിഞ്ഞാൽ ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാകും.
ആശുപത്രി കട്ടിലിലെ തലയിണ കൂടാതെ സ്വന്തമായി നാലഞ്ച്‌ തലയിണകൾ കൂടി ഉപയോഗിച്ചുരാജപദവിയിൽ വാർഡിൽ രോഗിയായി കഴിഞ്ഞിരുന്ന കണിയാപുരം സ്വദേശി ഒരു ഹാജിയാർപേവാർഡിലേക്കു മാറി അൽപ്പം ചില ദിവസങ്ങൾക്കു ശേഷം അവിടെ വെച്ചു മരിച്ചു, എന്നറിഞ്ഞു. അദ്ദേഹത്തിന്റെ പണവും പ്രതാപവും മരണത്തെ തടഞ്ഞു നിർത്തിയില്ല.
ഒരു സമ്പന്ന കുടുംബത്തിലെ അംഗം ആസിഡ്‌ കുടിച്ചതിനെ തുടർന്നു ഇവിടെ അഡ്മിറ്റ്‌ ചെയ്തദിവസം രാവിലെ മുതൽ സന്ധ്യ വരെ കട്ടിലിൽ കിടന്നു പിടച്ചത് ഞാൻ കണ്ടു. വായിൽ രക്തനിറത്തിലുള്ള കുമിളകൾ വിരിഞ്ഞു പൊട്ടിക്കൊണ്ടിരുന്നു. ആമാശയവും കുടലും വെന്തു ഒരുപരുവമായിട്ടും ഹ്രുദയമിടിപ്പു നിലക്കാതിരുന്നതിനാൽ സന്ധ്യ വരെ നരക വേദന അനുഭവിച്ചതിനുശേഷമാണു അയാൾ മരിച്ചതു. മരിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആസിഡിൽ അഭയംപ്രാപിച്ചതിന്റെ ശിക്ഷ അയാൾ ശരിക്കും അനുഭവിച്ചു.
മറ്റൊരു ചെറുപ്പക്കാരി അതിസുന്ദരി, വിഷം കഴിച്ചു അവശനിലയിൽ കൊണ്ടു വന്നു മണിക്കൂറുകൾക്കുശേഷം മരിച്ചു. അവരുടെ തന്നെ വിസർജ്ജിത വസ്തുക്കളിൽ മുങ്ങി മൃതദേഹം ഏറെ നേരംവാർഡിൽ കിടന്നു. മരിച്ചു കഴിഞ്ഞും അതിമനോഹരമായിരുന്നു മുഖമെങ്കിലും മൂക്കുപൊത്താതെസമീപത്തു ചെല്ലാൻ സാധിക്കാതിരുന്നതിനാൽ സൗന്ദര്യത്തിനു വിലയെന്തെന്നു ഞാൻ ചിന്തിച്ചു.
ഇതെല്ലാം കാണുന്ന മനുഷ്യൻ മേലിൽ ജീവിതത്തിൽ അതിമോഹവും അഹങ്കാരവും വെച്ചുപുലർത്തില്ലാ എന്നു ഞാൻ ഭാര്യയോടു പറഞ്ഞപ്പോൾ"എങ്കിൽ ഇതു തന്നെ ദിവസവും കാണുന്നഡോക്റ്ററന്മാരിൽ പലരും പണത്തിനു ആർത്തി കാണിക്കുന്നതും കാരുണ്യമില്ലാതെ പെരുമാറുന്നതുംഎന്തു കൊണ്ടെന്നു"​‍്‌ അവൾ തിരിച്ചു ചോദിച്ചപ്പോൾ എനിക്കു ഉത്തരം മുട്ടി.
ഇപ്പോൾ സൈഫു ശാന്തമായി ഉറങ്ങുന്നു. രോഗം അൽപ്പം ഭേദമുണ്ടെന്നു തോന്നുന്നു.
10-11-1997.
പനി കുറഞ്ഞു. ആഹാരം കുറേശ്ശേ കഴിക്കുന്നു. ന്യൂറോ സർജറിയിൽ നിന്നും ഡോക്റ്റർ ജേക്കബ്‌ വന്നുപരിശോധിച്ചു. ഫോർട്ടം, അമിക്കാസ്സിൻ, ഡെക്സ്സോണ തുടങ്ങിയ കുത്തിവെയ്പ്പുകൾ തുടരാൻനിർദ്ദേശിച്ചു. ഇപ്പോൾ കുത്തി വെയ്പ്പു നെഞ്ചിൽ ഉറപ്പിച്ച ട്യൂബിലൂടെ നടത്തുന്നു. "വവ്വാൽ" വട്ടമിട്ടുനടക്കുന്നുണ്ടു. അൽപ്പം കുറവ് കണ്ടാല്‍ ഇവിടെ നിന്നും പുറത്താക്കും . പൂർണ്ണ സുഖമാകാതെപോയാൽ ........പേവാർഡു കിട്ടാൻ ശ്രമിക്കണം.
12-11-1997.
ഇന്നലെ അശ്രാന്ത പരിശ്രമം നടത്തി പേവാർഡിൽ റൂം അനുവദിപ്പിച്ചു. കൊട്ടാരക്കര സ്വദേശിസലീമിനും
മകന്‍ മെഡിക്കല്‍ കോളേജു വിദ്യാര്ത്ഥി സുനിലിനും നന്ദി. ഇന്നു തന്നെ പേവാര്ഡിലേക്കു മാറാം.ഡിസ്ചാര്‍ജ് ഭീഷണി ഒഴിവാക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍ വഹി ക്കുന്നതിന് ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് പ്രതിദിനം വലിയ തുക വാടക നല്കി റൂം അനുവദിപ്പിച്ചതു.
മസ്തിഷ്കാവരണത്തില്‍ അസുഖം ബാധിച്ച കുട്ടി പൂര്‍ണ സുഖമാകാതെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു വീട്ടില്‍ കൊണ്ടു പോയാല്‍ പിന്നീട് പരിശോധനക്കായി ആഴ്ച തോറും ഔട്ട്പേഷ്യന്റ്വിഭാഗത്തില്‍ കൊണ്ടു വരാന്‍ ചിലവാകുന്ന പൈസ മതിയാകും പേ വാര്‍ഡില്‍ വാടക കൊടുക്കാന്‍.
പേ വാര്‍ ടിലെക്കുള്ള യാത്രാ മദ്ധ്യേ ഇന്നു ഞാന്‍ അതിയായി ഭയന്നു.
സൈഫുവിനെ പേ വാര്‍ഡ് കെട്ടിടത്തിന്റെഏറ്റവും മുകളിലെ നിലയിലെ മുറിയി ലേക്കാണ് മാറ്റെ ന്ടിയിരുന്നത് . വീല്‍ചെയറില്‍ അവനെ ഇരുത്തി ലിഫ്റ്റ്‌ ഭാഗത്തേക്ക് അറ്റന്റര്‍ ചെയര്‍ ഉരുട്ടി. നെഞ്ചിലെ രക്ത കുഴലില്‍ ഉറപ്പിച്ചിരുന്ന ട്യൂബും അതിന്റെ അഗ്ര ഭാഗത്തെ ഗ്ലൂക്കൊസ്സു കുപ്പിയും പിടിച്ചു ഒപ്പം ഞാനും നടന്നു. (അവന്റെ ശരീരത്ത് നിന്നും മുളച്ച ഒരു വള്ളിയും അതില്‍ പിടിച്ച ഒരു കായും പോലെ തോന്നിച്ചു ട്യൂബും കുപ്പിയും)എന്റെ മറ്റേകയ്യില്‍ തലയിണയും ബെഡ് ഷീറ്റും ഉണ്ടായിരുന്നു. മറ്റു സാധനങ്ങള്‍ പാക്ക് ചെയ്തു കയ്യിലെടുത്തു ഭാര്യയും കൂടെ എത്തി. മുകളിലേക്ക് പോകാനായി അപ്പോള്‍ അവിടെ വന്ന ലിഫ്റ്റില്‍ നിന്നും കുറെ പേര്‍ ഇറങ്ങി. മുകളിലേക്ക് ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ലിഫ്റ്റ്‌ ഓപരെടര്‍ ഉണ്ടായിരുന്നില്ല.ഞാന്‍ ആദ്യം ലിഫ്റ്റില്‍ കയറി നിന്നു.അറ്റന്റര്‍ വീല്‍ചെയര്‍ ഉരുട്ടി സൈഫുവിനെ ലിഫ്ടിനു അകത്തേക്ക് കടത്തുന്നതിന് മുമ്പ് ലിഫ്റ്റ്‌ സ്വയം ഉയര്‍ന്നു. ലിഫ്റ്റിന്റെ അറസ്റ്റു സ്വിച്ച് ഞാന്‍ അമര്‍ത്തി പിടിക്കുമെന്ന് അറ്റന്റര്‍ കരുതി. ഒരുകയ്യില്‍ ഗ്ലൂകോസ്സു കുപ്പിയും മറുകയ്യില്‍ തലയിണയും ബെഡ് ഷീടുമായി നില്‍കുന്ന എനിക്ക് അത് കൈ കാര്യം ചെയ്യാന്‍ സാധിച്ചില്ല. ഫലം,ലിഫ്റ്റ്‌ താനെ ഉയര്‍ന്നു. സൈഫുവിന്റെ നെഞ്ചിലെ രക്ത കുഴല്‍ ആരംഭിക്കുന്ന ട്യൂബിന്റെ ഇങ്ങേ അറ്റം ഗ്ലൂകോസ്സു കുപ്പി സഹിതം എന്റെ കയ്യിലാണ്. ലിഫ്റ്റ്‌ ഉയര്‍ന്നു പോയപ്പോള്‍ ട്യൂബിന്റെ അറ്റത്തുള്ള സൈഫുവിനു എന്ത് സംഭവിച്ചു?!.അവന്‍ ലിഫ്ടിനു പുറകെ വലിചിഴക്കപെട്ടോ? അതോ ട്യൂബ് മുറിഞ്ഞു വേര്‍പെടുത്തപെട്ടോ ?അങ്ങിനെ ട്യൂബ് മുറിഞ്ഞാല്‍ അതില്‍ കൂടി പ്രധാന സിരയില്‍ നിന്നും രക്തം കുതിച്ചു ചാടില്ലേ.? പെട്ടെന്ന് ഉണ്ടായ സംഭവം ആയതു കാരണം ലിഫ്റ്റില്‍ നിന്നും ചാടി ഇറങ്ങാന്‍ എനിക്ക് കഴിയാതെ പോയി.ഞാന്‍ അസ്ത പ്രജ്ഞനായി നിന്നു. എന്റെ കണ്ണുകളില്‍ ഇരുട്ട് കയറി. ലിഫ്റ്റ്‌ അടുത്ത നിലയില്‍ എത്താന്‍ യുഗങ്ങള്‍ എടുത്തതായി എനിക്ക് തോന്നി. ( അന്ന് ലിഫ്ടിനു അകത്തു വെച്ചു ഞാന്‍ അനുഭവിച്ച മാനസിക സമ്മര്‍ദം ശരിക്ക് പറഞ്ഞു പ്രതി ഫലിപ്പിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല) ലിഫ്റ്റ്‌ നിന്നപ്പോള്‍ അതില്‍ നിന്നും ഞാന്‍ എടുത്തു ചാടിഇറങ്ങി അടുത്ത് കണ്ട കോണി പടി വഴി താഴത്തെ നിലയിലേക്ക് ഓടി. അവിടെ സൈഫ് വീല്‍ ചെയറില്‍ ഇരിപ്പുണ്ട്. ട്യൂബ് പകുതി ഭാഗത്ത് മുറിഞ്ഞു വേര്‍പെട്ട നിലയില്‍ കാണപ്പെട്ടു. അവന്റെ അമ്മ രക്ത പ്രവാഹം തടയാന്‍ ട്യൂബിന്റെ മുറിഞ്ഞ ഭാഗം അമര്‍ത്തി പിടിച്ചു നില്ക്കുന്നു. അവളുടെ മുഖത്ത് കണ്ട പരിഭ്രമം എന്നെയും ഭയപ്പെടുത്തി.
ലിഫ്റ്റ്‌ മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ അത് സ്റ്റോപ്പ്‌ ചെയ്യുന്ന സ്വിച്ച് എന്ത് കൊണ്ടു അമര്‍ത്തിയില്ലാ എന്ന്ചോദിച്ചു അറ്റന്റര്‍ എന്റെ നേരെ കയര്‍ത്തു.ലിഫ്റ്റ്‌ ഓപറെടര്‍ അയാളുടെ ജോലി ചെയ്യാന്‍വരാതിരുന്നത് എന്റെ കുറ്റമാണോ? അവരുടെ നേരെ കയര്‍ക്കാന്‍ എന്റെ ഒരുക്കം കണ്ടത്കൊണ്ടാവാം ഭാര്യ ദയനീയമായ ഭാവത്തില്‍ എന്നെ യും മകനെയും നോക്കി. ഉടനെ തന്നെ രക്തപ്രവാഹം തടഞ്ഞു നിര്‍ത്താനുള്ള നടപടിയാണ് ഇപ്പോള്‍ ആവശ്യം എന്ന് അതെന്നെഓര്‍മപ്പെടുത്തി. ഉടന്‍ ഡ്യൂട്ടി നഴ്സിനെ കാണണം ,ട്യൂബ് ശരിയാക്കി രക്ത പ്രവാഹം തടയണം. ഞാന്‍ തര്‍ക്കത്തിന് മുതിരാതെ അല്‍പ്പ സമയം കഴിഞ്ഞു മുകളിലേക്ക് പോകാന്‍ വന്ന ലിഫ്റ്റില്‍ അറ്റന്റ്റെ ആദ്യം കയറ്റി സ്വിച്ച് അമര്‍ത്തി പിടിക്കാന്‍ നിയോഗിച്ചു. ഞാന്‍ സൈഫുവിന്റെ വീല്‍ ചെയര്‍ ഉരുട്ടിലിഫ്റ്റില്‍ കയറ്റി. ഭാര്യ മറ്റു സാധനങ്ങളുമായി ലിഫ്റ്റില്‍ കയറി. ഞങ്ങള്‍ മുകളിലത്തെ നിലയില്‍ എത്തിഡ്യൂട്ടി നഴ്സിനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. മുറിഞ്ഞ ട്യൂബ് ശരിയാക്കുന്ന കാര്യത്തില്‍ അവരുടെഅലസത കണ്ടപ്പോള്‍ ഉയര്ന്നു വന്ന കോപം കടിച്ചമര്‍ത്തി ഞാന്‍ നിന്നു. ക്ഷമ........ക്ഷമ....... മനസ്സുപറഞ്ഞു. അവസാനം എല്ലാം ശരിയാക്കി ഞങ്ങള്‍ റൂമില്‍ എത്തിയപ്പോഴാണ് ശ്വാസം നേരെവീണത്‌.
തിരുവനന്ത പുരംനഗരത്തിന്റെ നല്ല ഒരു ഭാഗം ഇവിടെ നിന്നു കാണാം. ചിലഭാഗങ്ങള്‍ കേരവൃക്ഷങ്ങളുടെ വനം പോലെ കാണപ്പെട്ടു. ഇനിയും പണി പൂര്‍ത്തിയാക്കാത്ത നിയമസഭാ മന്ദിരത്തിന്റെമുകള്‍ ഭാഗവും കാണാം.മറ്റൊരു സന്ദര്‍ഭം ആയിരുന്നെങ്കില്‍ കാഴ്ച സൈഫുവിനു ഏറെസന്തോഷം ആയേനെ .ഇവിടെ അവന്‍ രോഗിയായി പ്രവേശിക്കപ്പെട്ടിരിക്കുക ആണല്ലോ.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നീണ്ടു നിവര്‍ന്നു ഉറങ്ങാന്‍ സൗകര്യം ലഭിച്ചിരിക്കുന്നു.
പക്ഷെ ഉറക്കം വരുമോ ആവോ?! കുറിപ്പുകള്‍ ഇന്നു നിര്‍ത്തുന്നു . (മെഡി. കോളേജു ഡയറി അടുത്ത ദിവസങ്ങളില്‍ തുടരുന്നു)

2 comments:

  1. ജീവിതത്തിലെ തീക്ഷ്ണമായ പരീക്ഷണങ്ങള്‍...ദൈവം കാത്തുരക്ഷിക്കട്ടെ.

    ReplyDelete
  2. നന്ദി മാഷേ! ജീവിതത്തിൽ ഉൽക്കണ്ഠയുടെ നിമിഷങ്ങളിലൂടെ കടന്നുപോയപ്പോൾ കിട്ടിയ അനുഭവങ്ങൾ ഇന്നും എന്നെ വിനയവും എളിമയും ഉള്ളവനാക്കുന്നു.

    ReplyDelete