Thursday, October 15, 2009

മെഡി.കോളേജു ഡയറി (ഭാഗം--ഏഴ്)

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന എന്റെ പുസ്തകത്തിൽ നിന്നും ബ്ലോഗിൽ ഏഴാമത്തെ പോസ്റ്റ്‌. പൂർണ്ണമായി മനസ്സിലാക്കാൻ മുൻ ഭാഗങ്ങൾ വായിക്കുക.)
5-11-1997 പകൽ 3 മണി.
ഇതു വരെയും സൈഫുവിനെ സ്കാൻ ചെയ്യാൻ അനുമതി കിട്ടിയില്ല. അവൻ മയങ്ങുകയാണു. ട്രിപ്പു ഇട്ടിരിക്കുന്നതിനാൽ വിശപ്പും ദാഹവും ഉണ്ടെന്നു പരാതിയില്ല.
രാത്രി 8 മണി.
6 മണിക്കാണു സ്കാൻ ചെയ്തതു.5 മണിക്കു പൈസ അടച്ചപ്പോൾ അവനെ കൊണ്ടു വരാൻ നിർദ്ദേശം കിട്ടി. വാർഡു അറ്റന്ററുടെ സഹായത്തോടെ ട്രോളിയിൽ അവനെ സ്കാൻ ഡിപ്പാർറ്റ്മന്റിൽ കൊണ്ടു വന്നു, വാതിൽക്കൽ കിടത്തി. പേരു വിളിച്ചപ്പോൾ സ്കാൻ മെ ഷീന്റെ സമീപം കൊണ്ടു പോയി മെ ഷീനിൽ അവനെ ഇറക്കി കിടത്തി. മെ ഷീൻ പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പു അവിടെ ഉള്ളവരെല്ലാം റേഡിയേഷൻ ഭീതി മൂലം പുറത്തേക്കു പാഞ്ഞു. എന്റെ മകന്റെ സമീപം ഞാൻ മാത്രം. എന്റെ കുഞ്ഞിന്റെ ഈ അവസ്ഥയിൽ റേഡിയേഷനെ ഞാൻ എന്തിനു ഭയപ്പെടണം. നെഞ്ചിൽ ധരിക്കാൻ അവർ തുകൽ കഷണം പോലൊന്നു എനിക്കു തന്നെങ്കിലും ഞാനതു ഉപയോഗിച്ചില്ല. സ്കാൻ ചെയ്തതിനു ശേഷം അവനെ ട്രോളിയിൽ എടുത്തു തിരികെ വാർഡിൽ കൊണ്ടു വന്നു. 12 മണിക്കൂർ നിരാഹാരത്തിനു ശേഷം അവൻ ആർത്തിയോടെ ആഹാരം കഴിക്കുമെന്നു ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല. രോഗത്തിന്റെ ബുദ്ധിമുട്ടു കൂടുതലായി അവനു അനുഭവപ്പെട്ടതായി തോന്നുന്നു.
സ്കാൻ റിപ്പോർട്ടു അൽപ്പം മുമ്പു കിട്ടി. സ്കാൻ സെന്ററിൽ ചെന്നപ്പോൾ സെക്യൂരിറ്റിക്കാരൻ തുണ്ടു വാങ്ങി അകത്തുപോയി ഫിലിമും റിപ്പോർട്ടും കൊണ്ടു വന്നു.10 രൂപ തരണം എന്നു അയാൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ ഉടനെ കൊടുത്തു. ഡെലിവറി ചാർജു ആണെന്നു ആദ്യം കരുതിയെങ്കിലും അതു കൈക്കൂലിയാണെന്നു പിന്നെ തിരിച്ചറിഞ്ഞു. "പോയി തുലയട്ടെ" എന്നു മനസ്സിൽ പറഞ്ഞു.
സ്കാൻ ഡിപ്പാർട്ടുമന്റ്‌ എന്നു കേൾക്കുമ്പോൾ എന്റെ രക്ത സമ്മർദ്ദം ഇപ്പോഴും വർദ്ധിക്കുകയാണു. സൈഫുവിന്റെ ഇടതു നെറ്റി ഭാഗത്തു സെറിബ്രൽ അബ്സെസ്‌ ഉണ്ടെന്നു സ്കാൻ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നു.
രാത്രി 11 മണി.
സൈഫുവിനു ശക്തിയായ പനി. ഡ്യൂട്ടി നർസിനെ വിളിച്ചു. ഹൗസ്സ്‌ സർജൻ വന്നു.പാര സെറ്റാമോൾ കുത്തിവെച്ചു. ( അതുമാത്രമേ അവർക്കു ചെയ്യാൻ കഴിയൂ.) അവൻ അസ്വസ്ഥതയോടെ ഉറങ്ങുകയാണു. വാർഡിൽ രോഗികളെല്ലാം ഉറക്കം. ആരുടെയോ നിലവിളി ദൂരെ നിന്നു കേൾക്കാം. അൽപ്പം മുമ്പു വരാന്തയിലെ കമ്പി അഴികൾക്കിടയിലൂടെ ഞാൻ മാനത്തേക്കു നോക്കി. ഒരു നക്ഷത്രം പോലുമില്ല. തുലാ വർഷം അവസാനിച്ചിട്ടില്ല.
സൈഫുവിന്റെ സ്കാൻ ഫിലിമിൽ അവന്റെ തലച്ചോറിന്റെ മുൻഭാഗം ഇടതു വശം മേഘത്തിന്റെ നിറത്തിൽ കാണപ്പെടുന്നു. ആ ഭാഗത്താണു പഴുപ്പു ബാധിച്ചിരിക്കുന്നതു. കരുണാമയനായ ദൈവമേ! നീ മാത്രം തുണ. ഇല്ല ഇനി ഒരിക്കലും ഒരു പാപവും ഞാൻ ചെയ്യില്ലാ.എന്റെ കുഞ്ഞിനെ രക്ഷിക്കണേ!
06-11-1997
രാവിലെ 10 മണിക്കു 103 ഡിഗ്രീ പനി ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി ഡിപ്പാർട്ട്മന്റ്‌ തലവനും പ്രസിദ്ധ ന്യൂറോ സർജനുമായ ഡോക്റ്റർ മാർത്താണ്ഡൻ പിള്ളെയെ സലി മുഖേനെ ബന്ധപ്പെട്ടു. സ്കാൻ റിപ്പോർട്ടു പരിശോധിച്ചതിനു ശേഷം നാളെ രാവിലെ 10 മണികു പഴുപ്പു കുത്തി എടുക്കണം എന്നു അദ്ദേഹം നിർദ്ദേശിച്ചു.
നീഡിൽ ആസ്പറേഷനു മുന്നോടിയായി അവന്റെ തലമുടി വെട്ടിക്കളയണമെന്നു ന്യൂറോ ഡിപ്പാർട്ട്മന്റിൽ നിന്നും നിർദ്ദേശിച്ചതിനാൽ അതിനായി ഒരു ബാർബറെ കനത്തകൂലി നൽകി കൊണ്ടുവന്നു.കഴുത്തു വളക്കാൻ പ്രയാസമുള്ള എന്റെ കുഞ്ഞിനെ ശരിക്കും വേദനിപ്പിച്ചു അയൾ അതു നിർവ്വഹിച്ചു.കത്രിക ഉപയോഗിച്ചു മുടി വെട്ടുന്നതിനു പകരം ഒരു ബ്ലെയ്ഡ്‌ ഉറപ്പിച്ച കത്തി കൊണ്ടു അയാൾ ജോലി തീർത്തു. വേദന കൊണ്ടവൻ കരഞ്ഞു.കഴുത്തിന്റെ വേദനയേക്കാളും മനസ്സിന്റെ വേദനയായിരുന്നു അവനു കൂടുതൽ അനുഭവപെട്ടതെന്നു ഞങ്ങൾ മാതാ പിതാക്കൾ തിരിച്ചറിയുന്നു. തലമുടി ചീകി മിനുക്കുന്നതിൽ അവൻ ബദ്ധശ്രദ്ധനായിരുന്നല്ലോ! വീട്ടിലായിരിക്കുമ്പോഴും ആഹാരം കഴിക്കുനതിനു മുമ്പും അവൻ തലമുടി ചീകിയിരുന്നു. സ്കൂളിൽ പോകുമ്പോഴും ഒരു ചീപ്പു പോക്കറ്റിൽ കരുതും. ആ തലമുടിയാണു വെട്ടിക്കളയുന്നതു. ഇപ്രകാരമെല്ലാം സംഭവിക്കുന്നതു യഥാർത്ഥത്തിലാണോ?അതോ ഇങ്ങിനെയെല്ലാം സംഭവിക്കുന്നതെന്നു ഞാൻ സ്വപ്നം കാണുകയാണോ? എങ്കിൽ എത്ര നന്നായിരുന്നു.
(ഡയറി കുറിപ്പുകൾ അടുത്ത ഭാഗങ്ങളിലേക്കു തുടരുന്നു)

No comments:

Post a Comment