Saturday, October 3, 2009

മെഡി.കോളേജു ഡയറി (ഭാഗം മൂന്നു)


മെഡി.കോളെജ് ഡയറി (ഭാഗം-മൂന്നു)

( മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ എന്ന എന്റെ പുസ്തകത്തിന്റെ മൂന്നാമത്തെ പോസ്റ്റാണു ഇതു. പൂർണമായി മനസ്സിലാക്കാൻ ഒന്നു രണ്ടും പോസ്റ്റുകൾ വായിക്കുക)
നഴ്സ്സുമാർ രോഗികളുടെ കിടക്കവിരി നേരെയാക്കുന്നതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഡ്യൂട്ടി തുടങ്ങുകയായി.പ്രോഫസ്സറും(ചീഫ്‌ ഡോക്റ്റർ) പരിവാരങ്ങളും സന്ദർശിക്കാൻ വരുന്നതിന്റെ മുന്നോടിയാണതു. എല്ലാ വാർഡിലും ഇപ്രകാരമാണു തുടക്കം. വിരികൾ നേരെ വിരിച്ചു , കേസ്സു ഷീറ്റ്കൾ കട്ടിലിൽ വെയ്ക്കുന്നു. അടുത്തതു സെക്യൂരിറ്റിക്കാരുടെ പ്രകടനമാണു. ഒരു രോഗിക്കു ഒരു കൂട്ടിരിപ്പുകാരൻ/കാരി എന്നാണു കണക്കു. പക്ഷേചില രോഗികൾക്കു തുണക്കു ഒരാൾ മാത്രം മതിയാവില്ല. തീരെ അവശനായ രോഗിയുടെ മൂത്രം പാത്രത്തിലെടുത്തു പുറത്തു കളയാനും മറ്റു അത്യാവശ്യ കാര്യങ്ങൾക്കും ഒരാൾ പുറത്തു പോകുമ്പോൾ മറ്റൊരാളുടെ സാമീപ്യം രോഗിക്കു അവശ്യം ആവശ്യമാണു. ചില രോഗികളെ താങ്ങി ഇരുത്താൻ രണ്ടു ആൾക്കാർ വേണ്ടി വരും. കൂട്ടിരിപ്പുകാരെ സെക്യൂരിറ്റിക്കാർ ശത്രുക്കളായി കണക്കാക്കുമ്പോൾ ആ കാഴ്ച്ചപ്പാടു തന്നെയാണു തിരികെ എതിർഭാഗത്തു നിന്നും ഉണ്ടാകുന്നതു.രോഗത്തിന്റെ മൂർദ്ധന്യ ദശയിലാണു മെഡിക്കൽ കോളേജിൽ ഒരു രോഗി പ്രവേശിക്കപ്പെടുന്നതെന്നും ആ കാരണത്താൽ തന്നെ രോഗിയുടെ ബന്ധുക്കൾ ഉൽക്കണ്ഠയും പരിഭ്രമവും കാരണം പെട്ടെന്നു സമനില കൈ വിടുമെന്നും അതിനാൽ സംയമനത്തോടെ പെരുമാറണമെന്നും സെക്യൂരിറ്റിക്കാർ മനസ്സിലാക്കാത്തതിനാൽ ഇവിടെ വഴക്കും വാക്കു തർക്കവും സാധാരണമാണു.
രാവിലെ സെക്യൂരിറ്റിക്കാർ പറ്റമായി വന്നു ഒന്നിലധികം കൂട്ടിരുപ്പുകാരെ പുറത്തേക്കു ആട്ടിതെളിക്കുന്നു.ഡോക്ടര്‍ വരുമ്പോൾ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനാണു ഇപ്രകാരം ചെയ്യുന്നതു.പതിവു പോലെ ഇന്നു രാവിലേയും അവർ വെട്ടു കിളി കൂട്ടം പോലെ വന്നു. മകന്റെ തലയിൽ തലോടിക്കൊണ്ടിരുന്ന അവന്റെ അമ്മയോടു കട്ടിലിൽ ഇരുന്നതിനു അവർ കയർത്തു. വരാന്തയില്‍ നിന്നിരുന്ന ഞാൻ ഓടിയെത്തി. ആരെങ്കിലും ഒരാൾ പുറത്തു പോകണമെന്നായി സെക്യൂരിറ്റിക്കാരൻ. ഡോക്ടര്‍ പരിശോധനയ്ക്ക്‌ വരുമ്പോള്‍ വിവരങ്ങള്‍ പറയാന്‍ ഞാൻ അവിടെ ഉണ്ടാകണം. അമ്മ അടുത്തു നിന്നു പോകുന്നതിന്റെ പ്രയാസം മകന്റെ മുഖത്തു ഞാൻ കണ്ടു.
"പുറത്തു പോകാൻ പറഞ്ഞതു കേട്ടില്ലേ" എന്നു സുരക്ഷാ സൈന്യം ഭാര്യയോടു കയർത്തു. ഞാൻ ഏതു സ്ഥാപനത്തിൽ ജോലി ചെയ്യുന്നെന്നും എന്റെ ജോലി എന്താണെന്നും ഞാൻ അയാളോടു പതുക്കെ പറയുകയും അൽപ്പം ദയവു കാണിക്കാൻ അപേക്ഷിക്കുകയും ചെയ്തു. "നിയമത്തിന്റെ കാര്യം അപ്പോൾ സാറിനെ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ " എന്നായി അയാൾ . ഒരു അയവുമില്ലാത്ത പെരുമാറ്റം കണ്ടപ്പോൽ ദേഷ്യവും സങ്കടവും എന്നിൽ പതഞ്ഞു പൊന്തി. മകന്‍ മെനൈഞ്ചിറ്റിസ്‌ രോഗിയാണെന്നും അവന്റെ അമ്മ സമീപം ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞപ്പോള്‍
"എങ്കിൽ നിങ്ങൾ പുറത്തു പോകണമെന്നു" അവർ ആവശ്യപ്പെട്ടു. അവരുടെ അംഗ സംഖ്യ കൂടിവന്നു. രംഗം കൊഴുത്തതോടെ മറ്റു രോഗികളുടെ ശ്രദ്ധ ഇങ്ങോട്ടായി. അൽപ്പം പോലും കരുണയില്ലാത്ത പെരുമാറ്റം. ഭാര്യ പതുക്കെ വരാന്തയിലേക്കു നടന്നു. പലയിടങ്ങളിൽ നിന്നും സെക്യൂരിറ്റിക്കാർ തെളിച്ചു കൊണ്ടു വന്നു വരാന്തയിൽ നിർത്തിയിരുന്ന ആൾക്കൂട്ടത്തിൽ അവളും പെട്ടു. ആൾക്കൂട്ടത്തെ മൊത്തമായി സെക്യൂരിറ്റിക്കാർ തെളിച്ചു പുറത്തേക്കു കൊണ്ടു പോയി. കൂടെ അവളും പോയി.രോഗം ഗുരുതരമായി ബാധിച്ചു തലതിരിക്കാൻ പോലും കഴിയാത്ത മകനെ വിട്ടുമാറാൻ എനിക്കു കഴിഞ്ഞില്ല.അവന്റെ രോഗവിവരം ഡോക്റ്ററോടു വിശദമായി പറയാൻ ഞാൻ അവിടെ ഉണ്ടായേ മതിയാകൂ. മെഡിക്കൽ കോളേജിലോ സമീപപ്രദേശങ്ങളിലോ യാതൊരു മുൻ പരിചയവുമില്ലാത്ത എന്റെ ഭാര്യ പുറത്തു പോയി എവിടെ നിൽക്കുമെന്നു ഞാൻ ഭയന്നു. ഞെട്ടലോടെ മറ്റൊരു കാര്യം അപ്പോൾ ഓർത്തു. അകത്തു കടക്കാൻ ഉപയോഗിക്കേണ്ട പാസ്സു എന്റെ കയ്യിലാണു. പാസ്സില്ലതെ അവൾ തിരികെ എങ്ങിനെ അകത്തു കയറും. ഉച്ച കഴിഞ്ഞാൽ പൊതുജനങ്ങൾക്കു സന്ദർശനത്തിനു നൽകുന്ന വിലകൊടുത്തു വാങ്ങാവുന്ന പാസ്സു കിട്ടുന്നതു വരെ അപരിചിതമായ സ്ഥലത്തു അവൾ നിൽക്കേണ്ടി വരും. ഏതു ഗേറ്റിൽ കൂടി അകത്തു കടക്കണമെന്നു അവൾക്കറിയില്ല. പലനിലകളിലായി വരാന്തകളും ഇടനാഴികളും കൂടിക്കലർന്ന ആശുപത്രിക്കെട്ടിടത്തിൽ എത്ര അലഞ്ഞു തിരിഞാലാണ് ഒന്നാം വാര്‍ഡ് കണ്ടെത്തുക.വീടും അടുക്കളയും കുട്ടികളുമായി മാത്രം കഴിഞ്ഞിരുന്ന അവളുടെ പരിഭ്രമം ഞാന്‍ മനസ്സില്‍ കണ്ടു .സെക്യൂരിറ്റിക്കാരുടെ നിര്‍ദേശ പ്രകാരം ഞാന്‍ പുറത്ത് പോയാല്‍ മകന്റെ അടുത്ത് നിന്നു ഡോക്ടറോട് രോഗവിവരം അവള്‍ക്ക് കഴിയില്ല. അതിനാലാണ് ഞാന്‍ ഇവിടെ നിന്നത് .
സെക്യൂരിറ്റിക്കാരുടെ പട അകന്നകന്നു പോയി. പല കൂട്ടിരുപ്പുകാരും തിരിച്ചെത്തി തുടങ്ങി. ഭാര്യയെ മാത്രം കണ്ടില്ല. അപ്പോഴേക്കും പ്രോഫസ്സറും പരിവാരങ്ങളും എത്തി ചേർന്നു. വാർഡിന്റെ അങ്ങേത്തലക്കൽ നിന്നും ഒരോ രോഗിയേയും പരിശോധിച്ചു പതുക്കെ വരുകയാണു. അവർ പെട്ടെന്നു ഇവിടെ വന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. സൈഫു വീണ്ടും മയക്കത്തിലായി.അവന്റെ വായ്ക്കു ചുറ്റും വന്നിരുന്ന ഈച്ചകളെ ഞാൻ ഓടിച്ചു. അവൻ വല്ലതെ മെലിഞ്ഞിരിക്കുന്നു.
പ്രോഫസ്സറോടു എന്റെ ദുഃഖങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ഭയന്നു. ഇന്നലെ ഉണ്ടയ അനുഭവം എനിക്കു ഒരു താക്കീതാണു. ഇരുവശത്തെയും കട്ടിലുകളിലെ കേസ്സു ഷീറ്റുകൾ പരിശോധിച്ചു രോഗികളോടു വിവരങ്ങൾ ചോദിച്ചു വരുന്ന ഡോക്ടര്‍ ചില കട്ടിലുകൾക്കു സമീപം കൂടുതൽ സമയമെടുക്കുന്നതു ഞാൻ കണ്ടു. എന്റെ തിടുക്കം കണ്ടതു കൊണ്ടാവാം അടുത്ത കട്ടിലിലെ കൂട്ടിരുപ്പുകാരി എന്നോടു പറഞ്ഞു.
"അതു ഡോക്റ്ററുടെ രോഗിയാണു." എല്ലാ രോഗികളും ഡോക്റ്ററുടേതല്ലേ ഞാൻ തിരക്കി.
അതിനു അവർ പറഞ്ഞ മറുപടി പുതിയൊരറിവായിരുന്നു.മെഡിക്കൽ കോളേജു ആശുപത്രിയിൽ അഡ്മിറ്റു ആകുന്നതിനു മുമ്പു ഈ ആതുരാലയത്തിലെ ഏതെങ്കിലും ഡോക്റ്ററെ വീട്ടിൽ ചെന്നു കണ്ടു ഫീസ്സു കൊടുത്തിരിക്കണം. അങ്ങിനെ ഡോക്റ്ററെ പോയി കാണുന്ന രോഗികളെ സ്വന്തം രോഗികളായി കണ്ടു ഡോക്റ്ററന്മാർ ചികിൽസിക്കും. പക്ഷേ ആശുപത്രിയിൽ ഏതെങ്കിലും ഡോക്റ്റർ മുഖേനെ അല്ലാതെ പ്രവേശനം നേടുകയും അഡ്മിഷനു ശേഷം ഡോക്റ്റരെ കണ്ടു ഫീസ്സു കൊടുക്കാൻ ശ്രമിക്കുകയും ചെയ്‌താല്‍ പല ഡോക്ടറന്മാരും ഫീസ്സു വാങ്ങാറില്ല. (പൊടി പുരട്ടിയ നോട്ടുകളെ ഭയന്നാണു) ഫീസ്സു കൊടുക്കാത്ത രോഗിയെ ഒരു ഡോക്റ്ററും ശരിയായ രീതിയിൽ നോക്കില്ല. ഒന്നുകിൽ എല്ലാവരും വ്‌ന്നു നോക്കി പോകും അല്ലെങ്കില്‍ ആരും നോക്കില്ല. എല്ലാവരും നോക്കുന്നതു ആരും വന്നു നോക്കാത്തതിനു തുല്യമാണു.പരിശോധിക്കാൻ വരുമ്പോൾ വെറുമൊരു വഴിപാടു പോലെ വന്നു നോക്കി പോകും. സൈഫുവിന്റെ ആശുപത്രി അഡ്മിഷൻ പെട്ടന്നായതു കാരണം എനിക്കു ഒരു ഡോക്റ്ററേയും കാണാൻ സാധിച്ചില്ല.
ഞങ്ങളുടെ അയൽ രോഗിയുടെ കൂട്ടിരിപ്പുകാരി പറഞ്ഞതു ശരിയാണെന്നു എനിക്കു ബോദ്ധ്യപ്പെട്ടു. പ്രോഫസ്സറും പരിവാരങ്ങളും സൈഫുവിന്റെ കട്ടിലിനു സമീപം വന്നു കേസ്സു ഷീറ്റു പരിശോധിച്ചു. അവന്റെ തല നെഞ്ചിലേക്കു വളച്ചു നോക്കി ദണ്ഡു കൊണ്ടു കാലിൽ തട്ടുകയും ചുരണ്ടുകയും ചെയ്തു. പരിശോധന തീർന്നു. സൈഫു തല വളക്കുന്നിതിനടയില്‍ ഞെട്ടി ഉണർന്നു. അവൻ ഡോക്റ്ററുടെ മുഖത്തും എന്റെ മുഖത്തും മാറി മാറി നോക്കി. ഡോക്റ്റർ എന്നോടു ഒന്നും ചോദിച്ചില്ല. ഞാൻ അവന്റെ രോഗവിവരത്തെപ്പറ്റി അന്വേഷിക്കാൻ ആരംഭിക്കുമ്പോഴേക്കും സംഘം അവിടെ നിന്നു നീങ്ങി കഴിഞ്ഞിരുന്നു. ഇതെന്തു പരിശോധന! ഞാൻ സ്വയം ചോദിച്ചു. ഒരുപക്ഷേ പരിശോധന ഇപ്രകരം മതിയായിരിക്കും. അവർ എല്ലാദിവസവും ഇതു കാണുന്നതല്ലേ.എന്റെ ഉൽക്കണ്ഠ അവർക്കു ഉണ്ടാകണമെന്നില്ല.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
മകൻ അവ്യക്തമായി എന്തോ പറഞ്ഞു. ഞാൻ മുഖം താഴ്ത്തി എന്താണെന്നു ചോദിച്ചു.
"കടുവാ" അവൻ പറഞ്ഞു. നേരിയ ഒരു പുഞ്ചിരി അവന്റെ ക്ഷീണിച്ച മുഖത്തു വന്നു പോയി.എനിക്കു മനസ്സിലായില്ല. ചോദ്യ ഭാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ പതുക്കെ പറഞ്ഞു.
"ഡോക്റ്റർക്കു കടുവാ എന്നു പേരിടാം"
ഡോക്റ്ററുടെ മീശയും മുഖത്തെ ഭാവവും ചീറി നിൽക്കുന്ന സ്വഭാവവും ഒരു കടുവയെപ്പോലെ അവനു തോന്നിച്ചു. ഈ ഗുരുതരാവസ്ഥയിലും അവന്റെ തമാശ പറച്ചിൽ നിലനിൽക്കുന്നല്ലോ എന്നു കണ്ടപ്പോൽ ചിരിക്കാനും കരയാനും എനിക്കു തോന്നി. ചെറുപ്പം മുതൽക്കേ ഇപ്രകാരം തമാശ പറയുന്നതിൽ വിരുതനായിരുന്നല്ലോ അവൻ. ആൾക്കാർക്കു പേരിടുന്നതിൽ അവൻ മിടുക്കനായിരുന്നു.
അവന്റെ കണ്ണുകൾ നാലു ചുറ്റും പരതി. ഉമ്മ......?
ഞാൻ ധർമ്മസങ്കടത്തിലയി. അവനെ വിട്ടുപോകാൻ മടി. അവന്റെ ഉമ്മ എവിടെ മാറി നിൽക്കുന്നു എന്നും അറിയില്ല. ചുരുങ്ങിയ വാക്കുകളിൽ സെക്യൂരിറ്റിക്കാരുടെ കാര്യം അവനോടു പറഞ്ഞു. എങ്കിലും ഉമ്മയെ കാണാത്തതിലുള്ള നിരാശ അവന്റെ മുഖത്തു പ്രകടമായിരുന്നു. ഭാഗ്യവശാൽ അപ്പോൾ സലി അതു വഴി വന്നു. ഞാൻ വിവരങ്ങൾ പറഞ്ഞപ്പോൾ അവൾ പെട്ടെന്നു പുറത്തേക്കു പോയി. കുറച്ചു സമയത്തിനുള്ളിൽ ഭാര്യയുമായി തിരിച്ചെത്തി. മെഡിക്കൽ കോളേജു പരിസരത്തു എവിടെയോ ഒരു മരത്തിനു താഴെ കരയുന്ന മുഖത്തോടെ നിസ്സഹായാവസ്ഥയിൽ ഇരുന്ന അവളെ കണ്ടെത്തി സലി കൊണ്ടു വരുകയായിരുന്നു. ആശ്വാസമായി.
അടുത്ത ബെഡ്ഡുകാരി സെക്യൂരിറ്റിക്കാരുടെ ഉപദ്രവം മറി കടക്കാനുള്ള ചില ഉപായങ്ങൾ പറഞ്ഞു തന്നു. നാളെ അതു നടപ്പിൽ വരുത്തണം.
( മെഡിക്കൽ കോളേജു ഡയറി തുടരുന്നു....അടുത്ത ദിവസങ്ങളിലേക്കു......)4 comments:

 1. വരാനല്‍പ്പം വൈകിപ്പോയല്ലോ...
  മൂന്നു ഭാഗവും ഒന്നിച്ചാണു വായിച്ചത്.ലോകത്തിന്റെ സങ്കീര്‍ണ്ണമായ വളഞ്ഞ വഴികള്‍ പരിചയമില്ലാത്ത ഒരു സാധാരണക്കാരന്റെ (എന്നെപ്പോലെ) അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. ആകാംഷയോടെ കാത്തിരിക്കുന്നു എന്തു സംഭവിച്ചു, താങ്കള്‍ എങ്ങിനെ പ്രതികരിച്ചു, എന്തു ചെയ്തു എന്നറിയുവാന്‍.

  ReplyDelete
 2. മെഡിക്കല്‍ ‍കോളേജുകള്‍ ചിലപ്പോള്‍ മേടിക്കല്‍ കോളേജും ആവാറുണ്ട്. എനിക്ക് പക്ഷേ ആ മെഡിക്കല്‍ കോളേജില്‍ നിന്നും നല്ല അനുഭവമാണ് ഡോക്ടര്‍മാരില്‍നിന്നും ഉണ്ടായത്.അല്ലെങ്കില്‍ വാഴ എന്നേ കൂമ്പടഞ്ഞേനെ :)

  അതൊക്കെ പിന്നെ പറയാം!ഇതിന്റെ ബാക്കി ഭാഗങ്ങള്‍ അറിയട്ടെ!

  ReplyDelete
 3. ഈയിടെ മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍മാരുടെ പ്രൈവെറ്റ് പ്രാക്റ്റീസ് നിര്‍ത്തലാക്കിയത് നന്നായെന്ന് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 4. പാവത്താൻ, ഡയറി വായിച്ചതിനു നന്ദി. യാതൊരു ഔദ്യോഗിക പരിവേഷവുമില്ലാതെ സാധാരണക്കാരനിൽ സാധാരണക്കാരനായി അൻപത്തി ഒന്നുദിവസങ്ങൾ ഉൽക്കണ്ഠയുടെ ലോകത്തു കഴിച്ചുകൂട്ടി മെഡിക്കൽ കോളേജിൽ. അപ്പോൾ കണ്ട നേർക്കാഴ്ച്ചകൾ; അനുഭവങ്ങൾ! അതാണൂ ഈ ഡയറിയിലുള്ളതു .വായിക്കുമല്ലോ.
  വാഴേ! നല്ല അനുഭവങ്ങളാണു വാഴക്കുണ്ടായതെങ്കിൽ അതു മുകളിലിരിക്കുന്നവന്റെ കരുണ്യമാണെന്നു കൂട്ടിക്കോളിൻ. മാത്രമല്ല,വടക്കോട്ടു പോകുന്തോറും മനുഷ്യ മനസ്സുകൾക്കു വലിപ്പം കൂടുതലാണെന്നു ഞങ്ങൾ തെക്കർ പറയാറുണ്ടു . ഡയറി തുടർന്നും വായിക്കണേ, മജീ.
  കുഞ്ഞായീ , പ്രൈവറ്റ്‌ പ്രാക്റ്റീസ്‌ നിർത്തണമേ എന്നു അന്നും ഇന്നും എന്നും എല്ലാരോഗികളും പ്രാർത്ഥിച്ചു പോകും ചിലഡോക്റ്ററന്മാരുടെ പ്രവർത്തികൾ കാണുമ്പോൾ. പക്ഷേ ഇവരിൽ നല്ലവരും ഉണ്ടു. ഡയറി തുടർന്നു വായികുമ്പോൽ അതുമനസ്സിലകും. കമന്റിനു നന്ദി.

  ReplyDelete