("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന എന്റെ പുസ്തകത്തിൽ നിന്നും ബ്ലോഗിൽആറാം ഭാഗമായി പോസ്റ്റ് ചെയ്യുന്നു. പൂർണമായി മനസ്സിലാക്കാൻ മുൻ ഭാഗങ്ങൾ വായിക്കുക.)
04--11--1997.
കഴിഞ്ഞ ദിവസങ്ങളിൽ ഈ കുറിപ്പുകൾ എഴ്തിയിട്ടില്ല. മെഡിക്കൽ കോളേജു ആശുപത്രിയുമായിപരിചയപ്പെട്ടു വരുന്നു. മനുഷ്യത്വമുള്ള ചില പി.ജി. വിദ്യാർത്ഥികളും ഹൗസ്സ് സർജന്മാരുമായിപരിചയത്തിലായി. സൈഫുവിനു വല്ലപോഴും നേരിയ പനി മാത്രം. തലവേദന ഇല്ല.പിടലിക്കു മുറുക്കംകുറവുണ്ടു. അതിയായ വിശപ്പു ഉള്ളതിനാൽ ആഹാരം ശരിക്കു കഴിക്കുന്നുണ്ടു. ദിവസം 4 തവണ മലംപോകുന്നു. വീൽ ചെയറിൽ ഇരുത്തി പൊതു കക്കൂസ്സിൽ കൊണ്ടു പോകും. കക്കൂസ്സ് രാവിലെശുചീകരിച്ചു കഴിഞ്ഞ ഉടൻ പോയാൽ ബുദ്ധിമുട്ടില്ല. പ്രതിബന്ധങ്ങൾ പലതും മനസ്സിലാക്കി അതിനെനേരിടാൻ കഴിയുന്നുണ്ടു. ഈ ആതുരാലയത്തിലെ മറ്റൊരു ബുദ്ധിമുട്ടു ഡിസ് ചാർജു ഭീഷണിയാണു. ഗുരുതരാവസ്ത തരണം ചെയ്തു കഴിഞ്ഞ നിലവിലുള്ള രോഗികളെ എല്ലാ ഓ.പി. ദിവസങ്ങളുടെതലേന്നു ഡിസ് ചാർജു ചെയ്യും.അപകടാവസ്ഥ കഷ്ടിച്ചു തരണം ചെയ്തവരും പൂർണ്ണ രോഗ മുക്തിനേടാത്തവരും പലപ്പോഴും ഡിസ് ചാർജു ചെയ്യപ്പെടുന്നു. കട്ടിലുകളുടെ അഭാവമാണു ഇതിനുകാരണമായി പറയപ്പെടുന്നതെങ്കിലും ഡോക്റ്ററന്മാരുടെ സ്വന്തം രോഗികളും ശുപാർശചെയ്യപ്പെടുന്നവരും പുറത്താക്കപെടുന്നില്ലാ എന്നും എനിക്കു മനസ്സിലായി. പുറത്താക്കപ്പെടെണ്ടവർആരെന്നു കണ്ടു പിടിക്കുന്നതിനു വേണ്ടി ഒരു പി.ജി. വിദ്യാർത്ഥിയെ തന്നെചുമതലപ്പെടുത്തിയിട്ടുണ്ടു.ഡിസ് ചാർജു കാര്യത്തിൽ നൈപുണ്യം ഉള്ള ഈ കൊച്ചു ഡോക്റ്ററന്മാർ ആകാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചയും കാണിക്കില്ല. ഒന്നാംവാർഡിലെ ഡിസ് ചാർജു ചുമതല എപ്പോഴുംകാപ്പി പൊടി നിറത്തിൽ അയഞ്ഞ വസ്ത്രങ്ങൾധരിക്കുന്ന നല്ല വെളുത്ത ഒരു ചെറുപ്പക്കാരനാണു. ചിറകുകൾ പോലുള്ള അദ്ദേഹത്തിന്റെ കാപ്പിപൊടി നിറത്തിലെ അയഞ്ഞ വസ്ത്രങ്ങൾ കണ്ടുസൈഫു ഡോക്റ്റർക്കു "വവ്വാൽ" എന്നു പേരിട്ടു. വിക ലാംഗതിനായതിനാൽ അൽപ്പം ചരിഞ്ഞാണുഅദ്ദേഹ ം നടക്കുന്നതു. അതു കൊണ്ടു ദുർന്നടപ്പു എന്നും പേരിട്ടു.
രോഗത്തിന്റെ ഈ ഗുരുതരാവസ്ഥയിലും അവന്റെ തമശ പറച്ചിലും പേരിടലും ഞങ്ങളുടെ ഉൽക്കണ്ഠയുംപരിഭ്രമവും കുറക്കാൻ സഹായകരമായി.
വവ്വാലിനെ പറ്റി ഒരു കഥ അടുത്ത കട്ടിലുകാരൻ പറഞ്ഞു തന്നു. ഏതു രോഗിയെ കണ്ടാലും " പോകാറായില്ലേ" എന്നാണു അദ്ദേഹത്തിന്റെ ചോദ്യം. ഈ ചോദ്യം എവിടെ എച്ചും ആരെ കണ്ടാലുംചോദിക്കും അതു അദ്ദേഹത്തിന്റെ സ്വഭാവം ആയിപ്പോയി.ഡിസ് ചാർജു ചെയ്യപ്പെട്ടു വളരെദിവസങ്ങൾക്കു ശേഷം ഒരു രോഗിയെ മെഡിക്കൽ കോളേജിന്റെ തൊട്ടടുത്തുള്ള ഇന്ത്യൻ കഫേയിൽവെച്ചു കണ്ടപ്പോൾ വവാൽ ചോദിച്ചുവത്രേ!"പോകാറായില്ലേ"
ഇന്നു അദ്ദേഹം സൈഫുവിന്റെ കട്ടിലിനു സമീപം വന്നു കേസ്സു ഷീറ്റു പരിശോധിച്ചു കഴിഞ്ഞു ചോദിച്ചു
"പോകാറായി അല്ലേ"
സീനിയർ ഡോക്റ്റർ സൈഫുവിന്റെ രോഗവിവരം ന്യൂറോ സർജറി വിഭാഗത്തിൽ അഭിപ്രായത്തിനായിഅയച്ചതിനെ തുടർന്നു അവിടെ നിന്നും ഒരു ഡോക്റ്റർ വന്നു പരിശോധിച്ചു സ്കാൻ ചെയ്യാൻനിർദ്ദേശിച്ചു എന്നും നാളെ സ്കാൻ ഡൈറ്റ് കിട്ടിയിട്ടുണ്ടെന്നും ഞാൻ അറിയിച്ചു.
"അപ്പോൾ സ്കാൻ ചെയ്തു കഴിഞ്ഞു പോകാമല്ലേ" എന്നായി വവ്വാൽ.
"റിസൽറ്റ് അനുകൂലമെങ്കിൽ" എന്നു ഞാൻ കൂട്ടിച്ചേർത്തു.
നാളെ പകൽ 11നും 12നും മദ്ധ്യേ ആണു സ്കാൻ ചെയ്യാൻ സമയം തന്നിരിക്കുന്നതു.സീ.ടി.സ്കാൻഡിപ്പാർട്ട്മന്റിൽ ചെന്നു ഏറെ കഷ്ടപ്പെട്ടാണു നാളത്തെ ഡൈറ്റു വാങ്ങിയതു. സീ.ടി.സ്കാൻഡിപ്പാർട്ട്മന്റ് സലി കാണിച്ചു തന്നു. ഈ ആഴ്ച്ച ഒഴിവില്ലെന്നു ഡോക്റ്ററുടെ അറുത്തു മുറിച്ചപ്രതികരണത്തെ തുടർന്നു അദ്ദേഹത്തോടു താണ് വീീണു മകന്റെ രോഗവിവരം പറഞ്ഞു. ഒരുപിതാവിന്റെ ഈ പരിദേവനങ്ങൾ പരിഗണിക്കണമെന്നു വിനയത്തോടെ പറഞ്ഞപ്പോൾ എന്തുകൊണ്ടോ ഡോക്റ്റർ അൽപ്പം അയഞ്ഞു. അങ്ങിനെ എമെർജൻസി ആയി ചെയ്യേണ്ട വകുപ്പിൽപെടുത്തി നാളെ പകൽ 11നും 12നും മദ്ധ്യേ ഉള്ള സമയം സ്കാൻ ചെയ്യാൻ അനുവദിക്കുകയുംകോണ്ട്രസ്റ്റു ഡൈക്കു വേണ്ടി സ്കാൻ ചെയ്യുന്നതിനു മുമ്പുകുത്തിവെയ്ക്കേണ്ട മരുന്നിനു എഴുതിതരുകയും ചെയ്തു.സ്കാൻ ചെയ്യുന്നതിന്റെ ചാർജും കുത്തിവൈപ്പു മരുന്നിന്റെ വിലയും കൂടി കണക്കുകൂട്ടിയപ്പോൾ ഒരു വലിയ തുക വന്നു. കയ്യിൽ പൈസ്സാ എല്ലാം തീരാറായി. നുള്ളി പെറുക്കി എടുത്തുഎങ്ങിനെയോ ആവശ്യമുള്ള തുക തയാറാക്കി.
ഇനി മറ്റൊരു പ്രതിസന്ധിയെ നേരിടേണ്ടിയിരിക്കുന്നു. സ്കാൻ ചെയ്യുന്നതിനു 6 മണിക്കൂർ മുമ്പുജലപാനം പോലും നടത്തരുതു. സൈഫുവിനു അതിവിശപ്പും. എങ്കിലും അവനെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. നാളെ പുലർച്ച അഞ്ചരമണി മുതൽ ഉപവാസം തുടങ്ങണം, പതിനൊന്നര മണിക്കുസ്കാൻ എടുത്തു കഴിയുന്നതു വരെ. ഇന്നത്തെ ഈ കുറിപ്പു നിർത്തുന്നു.
05--11--1997 പകൽ 2 മണി.
ജീവിതത്തിൽ ഇത്രയും ബുദ്ധിമുട്ടും മനപ്രയാസ്സവും മുൻപു അനുഭവിച്ചിട്ടില്ല. ഈ വിഷമം ആരോടെങ്കിലുംപറഞ്ഞില്ലെങ്കിൽ ഞാൻ പൊട്ടിത്തെറിച്ചു പോകും. മറ്റൊരാളോടു പറയുമ്പോൾ ലഭിക്കുന്ന ആശ്വാസംഈ കുറിപ്പിലൂടെ കിട്ടുമെന്നതിനാൽ എന്റെ മകന്റെ കട്ടിലിനു സമീപം ഇരുന്നു ഞാൻ ഇതുകുത്തികുറിക്കുന്നു.
സൈഫു പരവശനായി കട്ടിലിൽ കിടക്കുകയാണു. പുലർച്ച അഞ്ചര മണി മുതൽ അവൻ ജലപാനംനടത്തിയിട്ടില്ല. അതിയായ വിശപും ദാഹവും. അൽപ്പം മുമ്പു ഗ്ലൂക്കോസ്സു ട്രിപ്പു ഇട്ടതിനാൽ ഇപ്പോൾഅവൻ അടങ്ങി കിടക്കുന്നു.
കൃത്യ നിഷ്ഠ പാലിക്കുന്ന ഞാൻ മെഡിക്കൽ കോളേജു പോലുള്ള സ്ഥാപനങ്ങളിലും അതുണ്ടെന്നു കരുതി 11 മണിക്ക് തന്നെ സ്കാൻ ചെയ്യുന്നിടത്തു ചെന്നു ഡോക്റ്ററെ കാണാൻ ശ്രമിച്ചു. സ്കാൻ ചെയ്യാൻന്യൂറോ സർജറിയിൽ നിന്നും എഴുതി തന്ന തുണ്ടു സ്കാൻ സെന്ററിന്റെ മുന്നിൽ നിന്നസെക്യൂരിറ്റിക്കാരനെ ഏൽപ്പിച്ചപ്പോൽ അയാള്‍ അതു അകത്തു കൊണ്ടു പോയി.പിന്നീടുകാത്തിരുപ്പിന്റെ നിമിഷങ്ങളായിരുന്നു. ഓരോ തവണ കതകു തുറക്കുമ്പോഴും ഞാൻ ഓടിച്ചെന്നു മറ്റൊരുപേരു വിളിക്കുന്നതു കേട്ടു തിരികെ പോരും. സൈഫുവിന്റെ പേരു മാത്രം വിളിച്ചില്ല. 12 മണിആയപ്പോൾ കതകു തുറന്നു പുറത്തു വന്ന നഴ്സ്സിനോടു അവനെ കൊണ്ടു വരട്ടെ എന്നു ആരാഞ്ഞു. യാതൊരു മറുപടിയും നൽകാതെ അവർ അകത്തു പോയി.അവിടെ കൂടി നിന്നവരോടു ഞാൻ നടപടിക്രമങ്ങളെപ്പറ്റി അന്വേഷിച്ചു. ആദ്യം സ്കാൻ ഡിപ്പർറ്റ്മന്റിലെ ചാർജു അടക്കാൻ ആവശ്യപ്പെടുമെന്നുംഅതു അടച്ചു രസീതു ഹാജരാക്കുമ്പോൾ രോഗിയെ കൊണ്ടു വന്നാൽ മതിയെന്നും അറിയാൻ കഴിഞ്ഞു. ഏറെ സമയം കടന്നു പോയി. സൈഫുവിന്റെ പേരു മാത്രം എന്തു കൊണ്ടോ വിളിച്ചില്ല. ഞാൻ സ്വയമേസമാധാനിക്കാൻ ശ്രമിച്ചു.എന്റെ മകന്റെ രോഗം പോലെ ഗുരുതരമായിരിക്കാം ഇവിടെ കൂടിനിൽക്കുന്നവരുടെ ബന്ധുക്കളുടെ രോഗവും. അവരും ഇന്നത്തെ തീയതി പ്രതീക്ഷിച്ചു കഴിയുന്നവരാകാം. എങ്കിലും സൈഫുവിന്റെ അതിയായ വിശപ്പും ദാഹവും സ്കാൻ കഴിയുന്നതുവരെ അവനു ഒന്നുംകഴിക്കാൻ പാടില്ല എന്ന നിരോധനവും എന്നെ അലോസരപ്പെടുത്തിയതിനാൽ അടുത്ത തവണ കതകുതുറന്നപ്പോൾ ഞാൻ അകത്തു കയറി , അവിടെ നിന്ന ഒരു ഡോക്റ്ററോടു സൈഫുവിന്റെ പേരു വിളിക്കാന്‍ ആയില്ലേ എന്നു തിരക്കിയതും അദ്ദേഹം എന്റെ നേരെ തട്ടികയറിയതും ഒരുമിച്ചായിരുന്നു.
" കുറച്ചു മര്യാദ പഠിക്കണം മിസ്റ്റർ" ഡോക്റ്റർ ആക്രോശിച്ചു.
ഞാൻ കാണിച്ചതു തെറ്റാണു. പക്ഷേ എന്റെ മകന്റെ അവസ്ഥയെപ്പറ്റി ചിന്തിച്ചപ്പോൾ മര്യാദപാലിക്കണമെന്നു എനിക്കു തോന്നിയില്ല.
"നിങ്ങൾ പുറത്തിറങ്ങണം" ഡോക്റ്റർ ആവശ്യപ്പെട്ടു.
ഞാൻ പുറത്തിറങ്ങി വാതിൽക്കൽ നിൽപ്പായി.
അസഹനീയമായ മന:ക്ഷോഭത്താൽ എന്റെ നെഞ്ചു ഉയർന്നു താണു. അപമാനം,നിസ്സഹായത, ഉൽക്കണ്ഠ, എല്ലാം കൂടി എന്നെ തളർത്തി. ഇന്നലെ രാത്രി മുതൽ ഞാൻ ആഹാരം കഴിച്ചിരുന്നില്ല. ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തു എത്ര വിനയത്തോടെയും സംയമനത്തോടെയുമാണു ഞാൻപൊതു ജനങ്ങളെ കണ്ടിരുന്നതു എന്നു ചിന്തിച്ചപ്പോൾഇവിടത്തെ ഡോക്ടറന്മാര്‍ അവിടെ വന്നുഞങ്ങളെ കണ്ടു പഠിക്കണം എന്നു ഞാൻ അരിശത്തോടെ മനസ്സിൽ ഓർത്തു.. മാത്രമല്ല ഇത്രെയെല്ലാംഅഹങ്കാരംഇവര്‍ കാണിച്ചാലും ഇവരെല്ലാം അവിടെ വന്നാൽ എങ്ങിനെയാണു പൊതു ജനങ്ങളെഅഭിമുഖീകരിക്കേണ്ടതെന്നു മനസ്സിലാക്കി കൊടുക്കണം എന്നും തീർച്ചപ്പെടുത്തി.
വാതിൽ പലതവണ തുറക്കുകയും അടക്കുകയും ചെയ്തു. ഞാൻ അവിടെ തന്നെ നിന്നു. ഒടുവിൽ ആ നഴ്സ്സു എന്റെ സമീപം വന്നു വിവരങ്ങൾ തിരക്കി. ഒരിക്കൽ കൂടി ഞാൻ വിവരങ്ങൾ പറഞ്ഞു.
വളരെ അത്യാവശ്യമായി ചില രോഗികളെ സ്കാൻ ചെയ്യാനുണ്ടെന്നും സൈഫുവിന്റെ പേരു ഇന്നത്തെദിവസം കൂട്ടി ചേര്‍ത്തത് ആണെന്നും അതിനാൽ ഉച്ച തിരിഞ്ഞു വന്നാൽ മതിയെന്നും അവർ പറഞ്ഞു. അപ്പോൾ മകനു വെള്ളമോ മറ്റെന്തെങ്കിലും കൊടുക്കാമോ എന്നു ഞാൻ ചോദിച്ചു. സ്കാൻചെയ്യുന്നതിനു 6 മണിക്കൂർ മുമ്പു വെള്ളമോ ആഹാരമോ കൊടുത്താൽ സ്കാൻ ചെയ്യുന്നതിനു മുമ്പു ഡൈക്കു വേണ്ടിയുള്ള കുത്തിവൈപ്പു സമയം ഛർദ്ദിൽ ഉണ്ടാകും എന്നു അവർ പറഞ്ഞു. ഉച്ചതിരിഞ്ഞുഏതു സമയത്തും സ്കാൻ എടുക്കാം എന്നുള്ളതിനാൽ അതിനു മുമ്പുള്ള 6 മണിക്കൂർ എന്ന സമയപരിധിഇപ്പോൾ മുതൽ ഏതു നിമിഷവും ആരംഭിക്കാം.ഞാൻ നിരാശനായി സൈഫുവിന്റെ സമീപംതിരിച്ചെത്തി. അവൻ എന്നെ ദയനീയമായി നോക്കി. ഞാൻ തലതിരിച്ചു. അവന്റെ അമ്മയുടെ കണ്ണു നിറഞ്ഞിരിക്കുന്നതും ഞാൻ കണ്ടില്ലെന്നു നടിച്ചു.
അപ്പോൾ അതുവഴിവന്ന ഡോക്റ്റർ അന്നാമ്മ ചാക്കോ ( അവർ ആയിരുന്നു സൈഫുവിനെ അഡ്മിറ്റ്‌ചെയ്തതു) അവനോടു വിവരങ്ങൾ തിരക്കി. മരുഭൂമിയിൽ മഴപെയ്യുന്നതു പോലെ ആയിരുന്നു ആസ്നേഹാന്വേഷണങ്ങൾ. അവൻ തള്ള വിരൽ ഉയർത്തി വായിൽ വെച്ചു വെള്ളം ആവശ്യംഉണ്ടെന്നുംവയറ്റിൽ അമർത്തി വിശക്കുന്നു എനും ആംഗ്യം കാണിച്ചു. ഞാൻ അവരോടു വിവരങ്ങൾപറഞ്ഞു. ഞങ്ങളുടെ വിഷണ്ണ ഭാവവും സൈഫുവിന്റെ ദയനീയതയും കണ്ടു ഡോക്റ്റർസ്വഗതമെന്നവണ്ണം പറഞ്ഞു.
"ഒരു കപ്പു കാപ്പി കൊടുത്താലോ"
"കുത്തിവെപ്പു സമയത്തു വോമിറ്റ് ചെയ്യും" എന്ന് അവരുടെ ഉണ്ടായിരുന്ന ഹൗസ്സ് സർജൻപറഞ്ഞപ്പോൾ " എങ്കിൽ ഈ കുഞ്ഞിനെ കഷ്ടപ്പെടുത്താതെ സ്കാൻ ഡൈറ്റു നാളത്തേക്കുമാറ്റരുതോ" എന്നു അവർ ചോദിച്ചു.
ഓരോ ദിവസത്തെ സമയവും മുന്‍ കൂട്ടി ഓരോ രോഗികൾക്കു കൊടുത്തിരിക്കുന്നതിനാൽ നാളെയോഅടുത്ത ദിവസങ്ങളിലോ ഒഴിവു വരില്ലെന്നും സൈഫുവിനു മെനൈഞ്ചിറ്റിസ്സും ബ്രൈൻ ആബ്സ്സസ്സുംആയതിനാൽ കാല താമസ്സം അപകടത്തിനു കാരണമാകും എന്നു ഹൗസ്സ് സർജൻ റഫീക്കു അൻസ്സാർഅഭിപ്രായപ്പെട്ടു.
"ദൈവത്തിനെ അഭയം പ്രാപിക്കൂ" എന്ന അർത്ഥത്തിൽ രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തികാണിച്ചു ഡോക്റ്റർ അവിടെ നിന്നും പോയപ്പോൾ റഫീക്കു അൻസ്സാർ എന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. സ്നേഹം ലോഭമില്ലതെ പ്രകടിപ്പിക്കുന്ന അദ്ദേഹവും ഡോക്റ്റർ അന്നാമ്മാ ചാക്കോയുംഇവിടെ ഇല്ലായിരുന്നെങ്കിൽ ഈ സ്ഥലം തികച്ചും നരകം തന്നെ ആയേനെ. മെഡിക്കൽ കോളേജിൽതന്നെ സ്കാൻ ചെയ്യണം എന്നു നിർബന്ധിക്കുന്നതിനാലാണു ഇപ്രകാരം പ്രയാസം ഉണ്ടാകുന്നതു. പുറത്തു സ്കാൻ സെന്ററിൽ ചാർജു എത്ര അധികം ആയിരുന്നാലും എന്നെ വിറ്റെങ്കിലും ഞാൻ പൈസ്സഉണ്ടാക്കി എന്റെ മകനെ ഈ കഷ്ടതയിൽ നിന്നും രക്ഷപെടുത്തിയേനെ.
ഇപ്പോൾ സൈഫുഅനങ്ങാതെ കിടക്കുകയാണു. അവനു നേരിയ പനി ഉണ്ടെന്നു തോന്നുന്നു. ഇവിടെ അവനു സമീപംഇരിക്കുമ്പോൾ നിയന്ത്രണം വിട്ടു പോകുമെന്നതിനാൽ വരാന്തയിൽ പോയി നിൽക്കാമെന്നു കരുതി ഈകുറിപ്പു തൽക്കാലം നിർത്തുന്നു.
(ഡയറി ബാക്കി ഭാഗങ്ങൾ ഇനി വരുന്ന പോസ്റ്റുകളിൽ തുടരുന്നു.)
വല്ലാതെ വേദനിപ്പിക്കുന്നു ഈ നിസ്സഹായത,
ReplyDelete:(
ReplyDelete