Wednesday, October 7, 2009

മെഡി.കോളേജു ഡയറി കുറിപ്പു(ഭാഗം-നാല്)

29-10-97 പകൽ 3 മണി.
സൈഫുവിനു പനി വിട്ടുവിട്ടു അനുഭവപ്പെടുന്നു. എങ്കിലും പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടു. തലവേദനക്കും അൽപ്പം കുറവുണ്ടു.മയക്കം കൂടുതലായില്ല. ആഹാരം തുരുതുരാ ആവശ്യപ്പെടുനു. മുമ്പു അവൻ ഇപ്രകാരം ആർത്തി കാണീച്ചിട്ടില്ല.2 തവണ മലം പോയി. വീൽചെയറിൽ തല അനങ്ങാതെ എടുത്തു ഇരുത്തി പൊതു കക്കൂസ്സിൽ ഉരുട്ടിക്കൊണ്ടു പോയി. അസഹനീയമായ വിധത്തിൽ മാലിന്യങ്ങളാണു അവിടെ.സൈഫുവിന്റെ മുഖത്തു അസഹിഷ്ണത തെളിഞ്ഞുവന്നു.എങ്ങിനെയോ കാര്യം നടത്തി തിരികെ വീൽചെയറിൽ കൊണ്ടു വന്നു കട്ടിലിൽ കിടത്തിയപ്പോഴും അവൻ മൂക്കു പൊത്തി പിടിച്ചിരുന്നു.
ഇന്നുരാവിലെ സെക്യൂരിറ്റിക്കാർ വന്നപ്പോൾ (സെക്യൂരിറ്റിക്കാർ വരുമ്പോൾ പുലി ഇറങ്ങി എന്നാണു സൈഫു പറയുന്നതു)ഭാര്യയെ മകനു സമീപം നിർത്തി കുത്തിവെയ്ക്കാനുള്ള ക്യാനിലാ വാങ്ങനെന്നവ ണ്ണം ഡ്യൂട്ടി നഴ്സിന്റെ ക്യാബിനിൽ ചെന്നു അവരുമായി ഞാൻ സം സാരിച്ചു കൊണ്ടു നിന്നു, സെക്യൂരിറ്റിക്കാർ പോകുന്നതു വരെ. അങ്ങിനെ ഇന്നേദിവസം പുലികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു.നാളെ മറ്റൊരു മാർഗം കണ്ടെത്തണം. രാവിലെ പ്രോഫസ്സറുടെ പരിപാടി ഇല്ലായിരുന്നു. പകരം മറ്റൊരു ഡോക്റ്റർ വന്നു കേസ്സു ഷീറ്റു പരിശോധിച്ചു
"ഇവനു പനിവിട്ടു മാറുന്നില്ലല്ലോ ടി.ബി ഉണ്ടോ എന്നു പരിശോധിക്കണം എക്സറേ എടുക്കുക" എന്നു നിർദ്ദേശിച്ചു സ്ലിപ്പു തന്നു.
അവനു മെനൈഞ്ചിറ്റിസ്സും തുടർന്നു മസ്തിഷ്കാവരണത്തിൽ പഴുപ്പു ബാധിച്ചതിനാലുള്ള പനി ആണെന്നും ടി.ബി.യുടെതല്ലെന്നും പറയാനുള്ള ധൈര്യം ഇപ്പോൾ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.എവിടെ നിന്നോ അനുസരണ ശീലം എന്നിൽ വന്നിട്ടുണ്ടു.
മെഡിക്കൽ കോളേജു ആശുപത്രിയിലെ മറ്റൊരു കോണിലെ എക്സറേ കെട്ടിടത്തിലേക്കു സൈഫുവിനെ കൊണ്ടു പോകാൻ ട്രോളിയും അതു ഉന്തുവാൻ ഡ്യൂട്ടി അറ്റന്ററേയും തിരക്കി ഞാൻ പാഞ്ഞു . ഈ വാർഡിലെ അറ്റന്ററും ട്രോളിയും മറ്റൊരു രോഗിയെയും കൊണ്ടു പോയിരുന്നതിനാൽ അടുത്ത വാർഡിലെ അറ്റന്ററുടെ കാലു പിടിച്ചു. ഒരു സ്ത്രീയാണെങ്കിലും ദയവിന്റെ കണിക അവരിൽ കണ്ടില്ല.ഒരു വാർഡിലെ ട്രോളി അടുത്ത വാർഡിൽ ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന നിയമലംഘനത്തിന്റെ കാഠിന്യത്തെപ്പറ്റിയുള്ള അവരുടെ പ്രസംഗം നിയമം മുടിനാരിഴ കീറി പരിശോധിക്കുന്ന ഒരു വകുപ്പിൽ ജോലി ചെയ്യുന്ന എന്നോടു തുടർന്നപ്പോൾ ഞാൻ ഒരു 10 രൂപ നോട്ടു എടുത്തു കാണിച്ചതോടെ അവസാനിച്ചു. (കൈക്കൂലി കൊടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു​‍)മകനെ കയറ്റി ലിഫ്റ്റിനു സമീപം എത്തിയപ്പോൾ കറന്റില്ല. ആ സ്ത്രീ ഏതെല്ലാമോ ചരുവിലൂടെയും കയറ്റത്തിലൂടെയും തള്ളിയും ഉന്തിയും (കൂട്ടത്തിൽ ഞാനും സഹായിച്ചു) എക്സറേ വാർഡിൽ എത്തിച്ചു.അവിടെ ഉത്സവത്തിന്റെ തിരക്ക് .മകന്റെ കിടപ്പും തലതിരിക്കാൻ സാധിക്കാത്ത അവസ്ഥയും കണ്ടുപലരോഗികളും മുൻ ഗണനാക്രമം തെറ്റിച്ചു അവനെ അകത്തു കടത്താൻ സഹായിച്ചു.നെഞ്ചിന്റെ എക്സറേ എടുത്തു. തിരികെ വീണ്ടും കയറ്റത്തിൽട്രോളി ഉന്തിയും ഇറക്കത്തിൽ വലിച്ചു പിടിച്ചും ഒന്നാം വാർഡിൽ എത്തിയപ്പോൾ സൈഫു വല്ലാതെ അവശനായിരുന്നു.
രണ്ടര മണിക്കു എക്സറേ റിസൽറ്റു കിട്ടി.ബന്ധപ്പെട്ട ഡ്യൂട്ടി ഡോക്റ്ററെ കാണീച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
" അവനു ടി.ബി. ഇല്ലാ."
ഒരു ദിവസം മാത്രം പരിശോധനക്കു വന്ന നെഞ്ചു രോഗ വിദഗ്ധനായ അദ്ദേഹത്തിന്റെ പരിശോധനയാൽ അങ്ങിനെയും ഒരു സത്യം വെളിപ്പെട്ടിരിക്കുന്നു.
"അവനു ടി.ബി. ഇല്ലാ" ഭാഗ്യം!!!
ഒരു ഡോക്റ്ററുടെ മാത്രം രോഗിയാകാതെ പൊതു രോഗിയായി മെഡിക്കൽ കോളേജു ആശുപത്രിയിൽ കിടന്നാൽ ഓരോ രോഗത്തിന്റെ യും വിദഗ്ദ്ധ ഡോക്റ്ററന്മാർ വന്നു പരിശോധിച്ചു ഇങ്ങിനെയും ഒരു ഗുണം പ്രദാനംചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവനു ടി.ബി. ബാധിച്ചിട്ടില്ലാ എന്നും അവനു രോഗമെന്താണെന്നും എക്സറേ കൂടാതെ എനിക്കു പറയാൻ സാധിക്കുമെങ്കിലും അതു ആധികാരികമായി പറയാനുള്ള അവകാശം ഡോക്റ്റർക്കു മാത്രമാണല്ലോ.പക്ഷെ എന്റെ മകന്‍ അനുഭവിച്ച വേദന ഡോക്ടര്‍ കണ്ടില്ലല്ലോ. ഇവിടെ രോഗികളുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തിയാല്‍ അത് ഡോക്ടരുടെ വില കുറയ്ക്കും എന്നാണു അവരുടെ ധാരണ.
രാവിലെ പുലികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള സൂത്രം പോലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഞാൻ ഉപായം കണ്ടെത്തിയിരിക്കുന്നു.പ്രോഫസ്സറുടെ സന്ദർശനത്തിനു ശേഷമാണു മെഡിക്കൽ വിദ്യാർത്ഥികളുടെ വരവു.ഓരോ വിദ്യാർത്ഥിയും മാറിമാറി പരിശോധിക്കും.രോഗവിവരങ്ങൾ തിരക്കും. നീരോ വൃണമോ മറ്റോ ആണു രോഗമെങ്കിൽ ആ രോഗിയുടെ കഷ്ടകാലം തന്നെ.നീരിലും വൃണത്തിലും എല്ലാ വിദ്യാർത്ഥികളും കൈ അമർത്തി പരിശോധിക്കും. എന്റെ മകൻ സൈഫുവിന്റെ രോഗത്തിൽ പിടലി വളച്ചു നോക്കലാണൂ പ്രധാന ഇനം.ആദ്യ ദിവസത്തിൽ എല്ലാവരും വന്നു പിടലി വളച്ചപ്പോൾ സൈഫു അവശനായതിനാൽ ഞാൻ എതിർപ്പു പ്രകടിപ്പിച്ചു.വിദ്യാർത്ഥികളും വിട്ടു തന്നില്ല. സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിൽസ നൽകുന്നതു മെഡിക്കൽ വിദ്യാർത്ഥികൾക്കു പഠിക്കാൻ അവസരം ലഭിക്കുന്നതിനു കൂടിയാണെനു അവരിൽ ഒരാൾ ധാർഷ്ട്യത്തോടെ തട്ടി വിട്ടു.ഈ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ചികിൽസ്സ ആരംഭിക്കുമ്പോൾ പാവപ്പെട്ട രോഗികളോടുള്ള സമീപനം ഈ ധാർഷ്ട്യം തന്നെ ആയിരിക്കുമോ?!
അവരോടു ഏറ്റു മുട്ടിയാൽ പരാജയം എനിക്കു തന്നെ ആയിരിക്കും . ഞാൻ ഇന്നു അടവു മാറ്റി. മകന്റെ രോഗം, ആരംഭിച്ച ലക്ഷണം, കഴിച്ച മരുന്നുകൾ, എവിടെയെല്ലാം ചികിൽസിച്ചു, ഇന്നത്തെ പനിനില തുടങ്ങിയവ കാണിച്ചു ഒരു ചാർട്ടു തയറാക്കി അവർക്കു കൊടുത്തപ്പോൾ ചോദ്യങ്ങളുടെ പ്രസക്തി ഇല്ലാതായി.എല്ല കാര്യവും ചാർട്ടിൽ ഉണ്ടായിരുന്നതിനാൽ പലരും എന്നോടു അൽപ്പം ബഹുമാനവും പ്രകടിപ്പിച്ചു.ഞാൻ ആദ്യമേ കൊടുത്തിരുന്ന നിർദ്ദേശ പ്രകാരം സൈഫു കിടന്ന കിടപ്പിൽ സ്വയമേ കഴുത്തു വളക്കാൻ ശ്രമിച്ചു മുഖത്തു വേദന വരുത്തി കാണിച്ചു.
"വേദന ഉണ്ടെങ്കിൽ വളയ്ക്കണ്ട" എന്നു പറഞ്ഞു വിദ്യാർത്ഥികൾ സ്ഥലം വിട്ടു.
( മെഡിക്കൽ കോളേജിൽ ആദ്യ ദിവസങ്ങളിലെ കുറിപ്പുകളാണ് ഇതൊക്കെ . പിന്നീടുള്ള ദിവസങ്ങളിലെ യാതനകളെ കുറിച്ചു അന്നു ഒന്നും അറിയില്ലായിരുന്നല്ലോ ആ വിവരങ്ങളുമായി അടുത്ത പോസ്റ്റുകളിലൂടെ ഡയറി കുറിപ്പുകൾ തുടരുന്നു.........)

2 comments:

  1. ചാത്തനേറ്: ജീവിതത്തില്‍ ആദ്യമായി ഒരാഴ്ച ആശുപത്രിയില്‍ നിന്നപ്പോള്‍ തന്നെ ഞാന്‍ രോഗിയായി.അതു വെറും പ്രൈവറ്റ്. ഇങ്ങനെയൊക്കെയാണേല്‍ മനുഷ്യനു ഭ്രാന്തായിപ്പോവുമല്ലോ?

    ReplyDelete
  2. നാട്ടിലെ ആശുപത്രീടെ കാര്യമൊക്കെ ശ്ശി കഷ്ടാ അല്ലേ. സര്‍ക്കാരാശുപത്രിയാകുമ്പോ പറയെം വേണ്ടാ അല്ലെ?

    ReplyDelete