Thursday, October 22, 2009

മെഡി.കോളേജു ഡയറി ( പത്താം ഭാഗം)

( "എന്റെ മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ"പത്താം ഭാഗം . പൂർണ്ണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
13-11-1997
നെഞ്ചിൽ സ്ഥാപിച്ചിരുന്ന ഐ.വി.ട്യൂബ്‌ മാറ്റി. ഇന്നു സൈഫു പരസഹായം കൂടാതെ കുളിമുറിയിൽ പോയി. രോഗം കുറയുന്നതായി തോന്നുന്നു.
14-11-1997
ഇന്നു സൈഫുവിനു നല്ലവിശപ്പു അനുഭവപ്പെട്ടു. മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. തലവേദന പാടെ മാറി. കഴിഞ്ഞ ദിവസം ഡോക്റ്റർ നിർദ്ദേശിച്ച പ്രകാരം മെറ്റ്രോജിൻ എന്ന മരുന്നു നിർത്തുകയും ഡെക്സോണ 2-2 എന്ന തോതിൽ കുറക്കുകയും ചെയ്തിരുന്നു.(4-4 എന്ന തോതിലായിരുന്നു കൊടുത്തിരുന്നതു) മനസ്സിൽ സന്തോഷം തോന്നുന്നു.
15-11-1997
രാവിലെ നനഞ്ഞ തോർത്തു ഉപയോഗിച്ചു സൈഫുവിന്റെ ശരീരം തുടക്കാൻ ആരംഭിച്ചപ്പോൾ ആദ്യം കൈകളിലും പിന്നീടു മുഖം ഒഴികെ മറ്റു ശരീര ഭാഗങ്ങളിലും ചൊറിച്ചിലും തിണർപ്പും അനുഭവപ്പെട്ടു. അവൻ ശക്തിയായീ ചൊറിഞ്ഞു തുടങ്ങി.ഉച്ചകഴിഞ്ഞു മയക്കം ആരംഭിച്ചു.മയക്കത്തിലും അവൻ ചൊറിഞ്ഞു കൊണ്ടേ ഇരുന്നു. അസ്വസ്ഥത ശരിക്കും പ്രകടമായിരുന്നു. ദൈവമേ! എന്റെ കുഞ്ഞിനെ ആരോഗ്യവാനാക്കണേ! എന്ന പ്രാർത്ഥനയാണു മനസ്സിൽ. ഇന്നു ഈ റൂമിൽ ഒരു ഡോക്റ്ററും തിരിഞ്ഞു നോക്കിയില്ല.ഇന്നലെയും വന്നില്ല. പേ വാർഡിൽ റൂം എടുത്താൽ ഇങ്ങിനെ സംഭവിക്കുമെന്നു വാർഡിൽ വെച്ചു പലരും എന്നോടു പറഞ്ഞിരുന്നു.അല്ലെങ്കിൽ ഏതെങ്കിലും ഡോക്റ്റർ എന്നിൽ നിന്നും സൈഫുവിന്റെ ആശുപത്രി പ്രവേശനത്തിനു മുമ്പു പണം വാങ്ങിയിരിക്കണം. ഞാൻ ആർക്കും പ്രതിഫലം കൊടുത്തിട്ടില്ല. അതിനാൽ ഒരു ഡോക്റ്ററും തിരിഞ്ഞു നോക്കില്ല. ചിലപ്പോൾ ഹൗസ്സ്‌ സർജൻ വന്നു നോക്കിയാലായി. സൈഫു വാർഡിൽ ആയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അവിടെ വെച്ചു രോഗ വർദ്ധന ഉണ്ടായാൽ ഹൗസ്സ്‌ സർജനെങ്കിലും വന്നു പരിശോധന നടത്തും. പേ വാർഡിൽ വെച്ചു രോഗം വർദ്ധിച്ചാൽ ഡ്യൂട്ടി നഴ്സ്സു (ഓരോ ഫ്ലാറ്റിലും ഓരോ നഴ്സ്സു മാത്രം).ബന്ധപ്പെട്ട വാർഡിൽ ഫോൺ ചെയ്തു അറിയിക്കും. അവിടെ നിന്നു ആരെങ്കിലും വന്നെങ്കിലായി. അപ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. ചുമതലാ ബോധത്തോടെ എന്റെ മകനെ ചികിൽസിക്കാൻ ആരുമില്ലാ എന്ന ബോധം എന്നിൽ നിരാശ ഉളവാക്കുന്നു; ഞാൻ നിരാശ്രയൻ ആണെന്ന തോന്നൽ ബലപ്പെടുകയും ചെയ്യുന്നു.
16-11-1997
രാവിലെ നല്ല പനി ഉണ്ട്‌. ചൊറിച്ചിൽ അസഹ്യം. ഇന്നു രാവിലെ ഒരു ഡോക്റ്റർ വന്നപ്പോൾ ചൊറിച്ചിലിന്റെ കാര്യം പറഞ്ഞു. ഇന്നലെ കൊടുത്ത ആഹാരം ഏതെന്നു അന്വേഷിച്ചു. ജാം പുരട്ടിയ റൊട്ടി കഴിച്ച വിവരം പറഞ്ഞപ്പോൾ ജാം അലർജിക്കു കാരണമാകാം എന്നു അദ്ദേഹം പറഞ്ഞു.(അതു അദ്ദേഹത്തിന്റെ നിഗമനം മാത്രമാണു.) ശരീരത്തിൽ പുരട്ടാൻ കുഴമ്പിനു കുറിച്ചു തന്നതു വാങ്ങി ലേപനം ചെയ്തു. അവിൽ എന്ന മരുന്നു കുത്തി വൈപ്പു നടത്തി.
16-11-1997 രാത്രി 11.45
സൈഫു ഉറക്കത്തിലാണു. സുഖമായ ഉറക്കമല്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ഇതൊരു മയക്കം മാത്രമാണു. ഇടക്കു ഉണർന്നപ്പോൾ ഇരു ചെന്നിയിലും വേദന ഉണ്ടെന്നു പറഞ്ഞു. ഇപോൾ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണു മോൻ. അവന്റെ രോഗം വീണ്ടും ഗുരുതരമാകുന്നു. വാർഡിൽ കിടന്നാൽ മതിയായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. ഈ സന്ദർഭത്തിൽ എന്തു ചെയ്യണമെന്നു എനിക്കു അറിയില്ല. പതിവു മരുന്നു നഴ്സ്സു ഇപ്പോൾ കുത്തിവെച്ചു. യാന്ത്രികമായി അവർ അവരുടെ ജോലി ചെയ്യുന്നു. അവർ എന്നോടു എന്തെങ്കിലും പറഞ്ഞിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു. അൽപ്പം മുമ്പു വരെ ഞാനും ഭാര്യയും മകന്റെ കട്ടിലിനു ഇരുവശങ്ങളിലുമായി അവനെയും നോക്കി ഇരുന്നു. തല മുണ്ഡനം ചെയ്തു അസ്ഥി മാത്ര ശേഷനായി അവൻ ചുരുണ്ടു കൂടി കിടക്കുന്നു.വിളിച്ചാൽ ദുർബല ശബ്ദത്തിൽ വിളി കേൾക്കും. ആഹാരം ആവശ്യപ്പെടുന്നില്ല. ഞങ്ങൾ ഇരുവരും അവനെ കണ്ണിമക്കാതെ നോക്കി ഇരുന്നു. ഇപ്പോൾ ഭാര്യ കിടക്കുകയാണു. ഉറങ്ങുകയല്ല എന്നു വ്യക്തം. ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണിൽ ജലം വെട്ടിത്തിളങ്ങുന്നതു കണ്ടതിനാൽ ഞാൻ ഈ കുറിപ്പുകൾ നിർത്തുന്നു. ഞങ്ങൾക്കിരുവർക്കും ധൈര്യം ഉണ്ടായേ തീരൂ. എന്തും നേരിടണമല്ലോ. മനസ്സേ! പതറാതിരിക്കൂ.

4 comments:

  1. ആകാംഷയോടെ കാത്തിരിക്കുന്നു......

    ReplyDelete
  2. നിങ്ങളുടെ എഴുത്ത് വളരെ ടച്ചിംഗ് ആണ്.ഒരു സ്ഥാപനത്തിനോടുള്ള വെറുപ്പുമൂലമാവാം അതിനല്പം അമ്ലസ്വഭാവവുമുണ്ട്.ഇഞ്ചക്ഷന്, ദുർമുഖിയായ സിസ്റ്റർ “കമ്പിയെടുത്തുകുത്തി“ എന്ന് വരെ നിങ്ങൾ എഴുതികളയുമോ എന്ന് ഞാൻ ശങ്കിക്കുന്നു..നന്മതിന്മകളുള്ള ലോകത്തിന്റെ ഒരു പരിഛദം മാത്രമാണ് മെഡിക്കൽ കോളേജ് പോലെയുള്ള അതുരാലയങ്ങൾ..എല്ലാരാഷ്ട്രീയകാരും ഗാന്ധിയോ മാർക്സോ അല്ലാത്തതു പോലെ..എല്ലാ നഴ്സുമാരും ഫ്ലോറൻസ് നൈറ്റിംഗേയിൽ ആണെന്ന് നമ്മൾ കരുതരുത് ..അതുപോലെ എല്ലാ ഭിഷഗ്വരന്മാരും ചരകശുശ്രുതന്മാരും ആണെന്ന് വിചാരിക്കരുത്.. അവിശ്വാസത്തിന്റെ ചില്ലിനെ മുൻ വിധികൊണ്ടു ഫ്രെയിമിട്ട കണ്ണട എടുത്തുമാറ്റുക..നമുക്ക് കുറേയൊക്കെ സ്വസ്ഥത ..കിട്ടും .എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട്...

    ReplyDelete
  3. പാവത്താൻ,
    'മുക്താർ,
    എൽദോ,
    കെ.കെ.എസ്സ്‌,
    ഡയറി സന്ദർശിച്ചതിനു നന്ദി.
    പ്രിയ കെ.കെ.എസ്സ്‌,
    ഈ കുറിപ്പുകൾ അവസാനിക്കുമ്പോൾ എന്റെ കാഴ്ച്ചപ്പാടിനെപ്പറ്റി താങ്കളുടെ അഭിപ്രായം മാറുമെന്നു ഞാൻ വിശ്വസിക്കുന്നു.കാരണം ഇനി ഉള്ള ദിവസങ്ങളിൽ കാരുണ്യത്തിന്റെ കുളിരുമായി ചില ഭിഷഗ്വരന്മാർ വരുന്നുണ്ടു.കോരിത്തരിപ്പിക്കുന്ന സ്നേഹവുമായി. അവരെപ്പറ്റി ഞാൻ നല്ലതു മാത്രം എഴുതും. അനുഭവിച്ചതും കണ്ടതും കഴിയുന്നതും സത്യസന്ധമായി എഴുതാൻ ശ്രമിച്ചിട്ടുണ്ടു.
    താങ്കൾ പറഞ്ഞ അഭിപ്രായം ശരിയായിരിക്കാം.കാരണം ഞാൻ അനുഭവിച്ചതു എന്റെ കാഴ്ചപ്പാടിലൂടെ ഞാൻ നിരീക്ഷിക്കുമ്പോൾ അതിലെ അമ്ല സ്വഭാവം തിരിച്ചറിയാൻ എനിക്കു സാധിക്കുന്നില്ല. തീർച്ചയായും ഇപ്രകാരമുള്ള വേറിട്ട നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നു.

    ReplyDelete