Saturday, October 17, 2009

മെഡി.കോളേജു ഡയറി (ഭാഗം-എട്ടു)

( "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന എന്റെ പുസ്തകത്തിൽ നിന്നും ബ്ലോഗിൽ പോസ്റ്റു ചെയ്യുന്ന എട്ടാം ഭാഗം. പൂർണ്ണമായി മനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക)
7-11-1997
സൈഫുവിനു രാവിലെ മുതൽ ശക്തിയായ പനി തുടരുന്നു.9 മണിക്കു ന്യൂറോ സർജറി ഡിപ്പാർട്ട്മന്റിൽ അവനെ ട്രോളിയിൽ കൊണ്ടു പോയി വരാന്തയിൽ കിടത്തി. ഡോക്റ്റർ മാർത്താണ്ഡൻ പിള്ള പരിശോധിച്ചതിനു ശേഷം നീഡിൽ ആസ്പറേഷൻ (പഴുപ്പു കുത്തി എടുപ്പു) നടത്തുമെന്നറിഞ്ഞു. അപ്പോൾ അവിടെ എത്തിച്ചേർന്ന എഞ്ചിനീയർമാരുമായി ആശുപത്രി കെട്ടിടത്തിന്റെ മരാമത്തു പണികൾ ചൂണ്ടിക്കാണിച്ചു അദ്ദേഹം അവിടെ ചുറ്റി നടന്നു. എന്റെ മകൻ ഒരു അനാഥനെ പോലെ വരാന്തയിൽ ട്രോളിയിൽ കിടന്നിരുന്നു. കൂടി നിന്നവരെല്ലാം അവന്റെ മൊട്ടത്തലയിലും ട്രോളിയിലും മാറി മാറി നോക്കി. 12 മണിവരെ ശക്തിയായ പനിയുമായി അവൻ അങ്ങിനെ കിടന്നു. സലി വീണ്ടും മാർത്താണ്ഡൻ പിള്ളയെ പോയി കണ്ടു വിവരം ധരിപ്പിച്ചപ്പോൾ അദ്ദേഹം നീഡിൽ ആസ്പറേഷനു അനുവാദം തന്നു.ഡോക്റ്റർ ജേക്കബാണു അതു നടത്തിയതു. ഇടതു നെറ്റിയിൽ ഡ്രിൽ ചെയ്തു സൂചി കയറ്റി പഴുപ്പു വലിച്ചെടുത്തു. 10 സി.സി. പഴുപ്പു ഉണ്ടായിരുന്നു. നെറ്റിഭാഗം മരവിപ്പിച്ചിരുന്നെങ്കിലും അവന്റെ നിലവിളി ഓപ്പറേഷൻ തീയേറ്ററിന്റെ ഭിത്തിയും കടന്നു ഞങ്ങളുടെ ചെവിയിലെത്തി.
കൈകളിലെ ഞരമ്പുകൾ നിറയെ സൂചികയറ്റി കഴിഞ്ഞിരുന്നതിനാൽ ക്യാനിലാ സ്ഥാപിക്കാൻ ഇടമില്ലാത്തതു കൊണ്ടു നെഞ്ചിൽ പ്രധാന രക്ത കുഴലിലേക്കു കുത്തിവെയ്ക്കാനുള്ള സൗകര്യത്തിൽ ഒരു .വി.നീഡിൽ സ്ഥാപിച്ചു. അതു അടഞ്ഞു പോകതിരിക്കാൻ എപ്പോഴും ലായനി കടത്തി വിടുന്നതിനു ട്രിപ്പ്‌ സെറ്റും തയാറാക്കി. ഇനി അവൻ കക്കൂസ്സിൽ പോകുമ്പോഴും ഒരാൾ ഗ്ലുക്കോസ്സ്‌ കുപ്പി സഹിതം ട്രിപ്പു സെറ്റും കയ്യിലെടുത്തു കൂടെ പോകണം.
പഴുപ്പു കുത്തി എടുത്തു പരിശോധനക്കു അയച്ചതിനു ശേഷം അവനെ തിരികെ ഒന്നാം വാർഡിൽ കൊണ്ടു വന്നു. ഉച്ച തിരിഞ്ഞു ശക്തിയായ പനിയും ഛർദ്ദിയും ഉണ്ടായി. കഴുത്തിനു മുമ്പത്തേക്കാളും മുറുക്കം കാണിക്കുന്നു. ഛർദ്ദിലിനു ശേഷം അവൻ മയങ്ങി. ഇപ്പോള്‍ എന്റെ മകന്റെ സ്ഥിതി ഗുരുതരവും ദയനീയവുമാണു. തല മുണ്ഡനം ചെയ്തു ശരീരം മെലിഞ്ഞു ഉണങ്ങി കട്ടിലിന്റെ നടുക്ക് കിടക്കുന്ന രൂപം എന്നിലുണ്ടാക്കുന്ന വേദന എത്രമാത്രമാണെന്നു കുറിപ്പിലൂടെ പ്രകടിപ്പിക്കാനവില്ല. ഞാൻ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. മുകളിൽ ഇരിക്കുന്ന ഏറ്റവും വലിയ ഭിഷഗ്വരൻ ആണു അവനെ ഇനി ചികിൽസിക്കേണ്ടതു. അദ്ദേഹത്തിന്റെ കയ്യിൽ അവനെ സമർപ്പിക്കുന്നു.
08-11-1997.
പുറത്തു മഴ ശക്തിയായി പെയ്യുന്നു. ഇന്നു പകൽ മുഴുവനും പനിയും ഛർദ്ദിയും തുടർന്നു. ഹൗസ്സ്‌ സർജന്മാർ സൈഫുവിനെ നോക്കി അടക്കം പറഞ്ഞു.നീഡിൽ ആസ്പറേഷനിൽ അൽപ്പം പിശകു പറ്റിയാൽ തലച്ചോറിലെ മറ്റു കോശങ്ങൾക്കു കേടു പറ്റി ഇങ്ങിനെ ഛർദ്ദിയും മയക്കവും ഉണ്ടാകാം എന്നു ഒരു നഴ്സ്സു എന്നോടു രഹസ്യമായി പറഞ്ഞു. മരവിപ്പിക്കാൻ കുത്തിവെച്ച മരുന്നിന്റെ പ്രതിപ്രവർത്തനത്താൽ ഛർദ്ദിക്കാം എന്നും മറ്റൊരാൾ പറഞ്ഞു. ഉച്ചയോടെ ഡോക്റ്റർ അന്നാമ്മ ചാക്കോ വന്നു സൈഫുവിനെ പരിശോധിച്ചു. അവരും ആത്മ വിശ്വാസം കൈ വിട്ടതു പോലെ കാണപ്പെട്ടു. വളരെ നേരം ആലോചിച്ചതിനു ശേഷം അവർ പറഞ്ഞു. കൂടുതൽ വിദഗ്ദ്ധ പരിശോധനക്കായി ശ്രീ ചിത്രയിലേക്കു റഫർ ചെയ്യാം. ഉടനെ വിശദമായ കത്തു തന്നു, അവർ എന്നെ ശ്രീചിത്രയിലേക്കയച്ചു. ഡിസ്‌ ചാർജു ചെയ്യാതെ കത്തു തന്നതിനാൽ സൈഫുവിനെ കൊണ്ടു പോകേണ്ടി വന്നില്ല. സലിയുമായി ശ്രീ ചിത്രയിലെത്തി ബന്ധപ്പെട്ട വിദഗ്ദ്ധ ഡോക്റ്ററെ കണ്ടു കത്തു നൽകി. സലിയും ഡോക്റ്ററുമായി മുറിയിൽ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ പുറത്തു വരാന്തയിലെ ബെഞ്ചിൽ ഞാൻ തളർന്നിരുന്നു. നീണ്ട നിമിഷങ്ങൾ. എങ്ങിനെയോ എന്റെ മനസ്സിനു ഒരു മരവിപ്പു അനുഭവപ്പെട്ടു. എന്തു വന്നാലും നേരിടുന്നതിനു മനസ്സിനെ പരുവപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ഇത്രയും പ്രായം വരെ അവനെ വളർത്തി. അറിഞ്ഞു കൊണ്ടു ഒരു തെറ്റും ആരോടും ഞാൻ ചെയ്തിട്ടില്ല. അഹങ്കരിച്ചിട്ടില്ല. അതിനാൽ എന്റെ മകനെ ദൈവത്തിനു സമർപ്പിക്കുന്നു. എന്തു വേണമെന്നു അദ്ദേഹം തീരുമാനിക്കട്ടെ.
എന്റെ കണ്ണുകൾ തുറന്നു കിടന്ന ജനലിലൂടെ ആകാശത്തേക്കു തിരിഞ്ഞു. കട്ടിപിടിച്ച കരിമേഘങ്ങൾക്കിടയിൽ അൽപ്പ ഭാഗത്തു നീലാകാശത്തിന്റെ ഒരു തുണ്ടു കാണപ്പെട്ടു. ആകാശത്തിന്റെ ബാക്കി ഭാഗം കൂടി നീല നിറത്തിൽ ആയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.( സൈഫുവിന്റെ സ്കാൻ ഫിലിമിൽ തലയിൽ രോഗം ബാധിച്ച ഭാഗം കരിമേഘ നിറത്തിലാണു കാണിച്ചിരുന്നതു എന്ന വസ്തുത അപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നല്ലോ)
അൽപ്പ സമയത്തിനു ശേഷം സലി ഡോക്റ്ററുമായി എന്റെ അരികിലെത്തി. അവിടെ വെന്റിലേറ്റർ ഒഴിവില്ലെന്ന പഴയ പല്ലവി തന്നെ ഡോക്റ്ററിൽ നിന്നും വന്നു. മെഡിക്കൽ കോളേജു ആശുപത്രിയിലെ ന്യൂറോ സർജനു അറ്റന്റു ചെയ്യാൻ കഴിയുന്ന കേസ്സാണിതെന്നും അദ്ദേഹത്തെ കാണിച്ചാൽ മതിയെന്നും ഉപദേശിച്ചു.
തിരികെ ശ്രീചിത്രായുടെ വരാന്തയിൽ കൂടി നടന്നപ്പോൾ സലി പറഞ്ഞു മെഡിക്കൽ കോളേജിൽ പഴുപ്പു കുത്തിയെടുത്തതിൽ അപാകത ഉണ്ടെങ്കിൽ ശ്രീചിത്രക്കാർ എന്തിനു അതു തലയിൽ വലിച്ചു വെയ്ക്കണം എന്ന ചിന്തയിലാണു ഇവിടെ ഇങ്ങിനെ ഒരു തീരുമാനമെടുത്തതു.
എല്ലവരും അവരുടെ തടിക്കു കേടു പറ്റാതെ സൂക്ഷിക്കുന്നു. എന്റെ മകന്റെ രോഗ കാഠിന്യം അവർ കണക്കിലെടുക്കുന്നില്ല.
വൈകുന്നേരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി ഡിപ്പാർറ്റ്മന്റിൽ പോയി വിവരങ്ങൾ പറഞ്ഞു.ശ്രീ ചിത്രായിൽ പോയതിനെ സംബന്ധിച്ചു ശകാരം കേൾകേണ്ടി വന്നെങ്കിലും ഉടനെ വീണ്ടും സ്കാൻ ചെയ്യാൻ സ്ലിപ്പു തന്നു. പലരിൽ നിന്നു കിട്ടിയ തുകയുമായി ഞാൻ സ്കാൻ സെന്ററിലേക്കു പാഞ്ഞു. എമെർജെൻസി സ്ലിപ്പു ആയതിനാൽ വൈകുന്നേരം തന്നെ സ്കാൻ ചെയ്തു കിട്ടി. സൈഫു ഏറെ മണിക്കൂറുകളായി ജലപാനം പോലും നടത്താത്ത അവസ്ഥയിലായതിനാൽ ഡൈ കുത്തിവെച്ചപ്പോൾ ഛർദ്ദി ഉണ്ടായില്ല. മുമ്പു പഴുപ്പു ഉണ്ടായിരുന്ന സ്ഥലത്തു വീണ്ടും പഴുപ്പു ഊറികൂടിയിരിക്കുന്നു എന്നു സ്കാനിൽ തെളിഞ്ഞെങ്കിലും ആദ്യത്തെ അളവിൽ പഴുപ്പു കാണപ്പെട്ടില്ല. മറ്റു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലാ എന്നറിഞ്ഞപ്പോൾ ദൈവത്തിനെ സ്തുതിച്ചു. പനി തുടരുന്നു എങ്കിലും ഛർദ്ദി ഇല്ല. മയങ്ങി കിടക്കുകയാണെങ്കിലും സൈഫു ഇടക്കിടെ ഉണർന്നു വെള്ളം ചോദിക്കുന്നുണ്ടു.
( മെഡി.കോളേജു ഡയറി അടുത്ത പോസ്റ്റുകളിലൂടെ തുടരുന്നു.)

3 comments:

  1. Reading each sentence with a shiver. What an experience you went through. How is Saifu now? hope he is fine. Your writing is heart touching. God bless you and your family.

    ReplyDelete
  2. ഓരോ ഭാഗവും വേദനയോടെയാണു വായിക്കുന്നതു സൈഫു ഇപ്പൊ സുഖമായിരിക്കുന്നുവല്ലൊ അല്ലെ

    ReplyDelete
  3. പാഴ്മരം,
    വിജിതാ,
    കമന്റുകൾക്കു നന്ദി. ഞാൻ മുമ്പൊരിക്കൽ പറഞ്ഞുവല്ലോ,വളരെ ഏറെ രചനകൾ എന്റെ പേനയിൽ നിന്നു വന്നു എങ്കിലും ഹ്രുദയത്തിൽ തൊട്ടു എഴുതിയ ഒരു പുസ്തകമായിരുന്നു ഇതു. കാരണം ഇതെന്റെ സ്വന്തം അനുഭവങ്ങളായിരുന്നല്ലോ! ഞാൻ അതിൽകൂടി കടന്നുവന്നു. 12 വർഷങ്ങൾക്കു ശേഷവും ഒക്റ്റോബർ നവംബർ മാസങ്ങൾ എന്റെ ഹ്രുദയമിടിപ്പു കൂട്ടുന്നു. സൈഫു യാതനകളിൽ കൂടി യാത്ര ചെയ്തു, രേഖക്കു അപ്പുറവും ഇപ്പുറവുമായുള്ള യാത്ര. പൂർണ്ണ സൗഖ്യം എന്നു എനിക്കു പറയാനാവില്ല. അതെന്തു കൊണ്ടാണെന്നു തുടർ പോസ്റ്റുകളിലൂടെ മനസ്സിലാകും. ഒരു വാക്കു കൊണ്ടു പറഞ്ഞാൽ വിശദമാക്കാൻ സാധിക്കാത്ത അവസ്ഥ. പൂർണമായും വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുമല്ലോ.ഒരിക്കൽ കൂടി നന്ദി.

    ReplyDelete