Thursday, November 28, 2024

കമ്പി അടി (റീ പോസ്റ്റ്)

  കൊല്ലം റെയിൽ വേ കോടതിയിലെ ആലപ്പുഴയിലെ  അന്നത്തെ ക്യാമ്പ് സിറ്റിംഗ് കഴിഞ്ഞ്  തിരികെ പോകാനുള്ള തിരക്കിൽ ഇനി വരുന്ന ട്രൈനിൽ കയറുവാനായി  പ്ളാറ്റ് ഫോമിലേക്ക് നടക്കുകയായിരുന്നു ഞാൻ. സഹപ്രവർത്തകർ  മുമ്പേ നടക്കുന്നുണ്ട്.

പ്ലാറ്റ് ഫോമിൽ  തണുത്ത വെള്ളം സൂക്ഷിക്കുന്ന  ഇടത്തിനടുത്ത് നിൽക്കുന്ന
  പ്രായമുള്ള സ്ത്രീ  എന്നെ കണ്ട് ഭവ്യതയോടെ ചിരിച്ച് ഒഴിഞ്ഞ് നിന്നു,
അനധികൃതമായി  പ്ലാറ്റ് ഫോമിൽ  പലഹാര കച്ചവടം ചെയ്തിരുന്ന അവരെ റെയിൽ വേ പോലീസ് പിടിച്ച് കൊണ്ട് വന്നതും കുറ്റം സമ്മതിച്ച അവർക്ക് പിഴ ശിക്ഷ കൊടുത്തതും ഞാൻ അപ്പോൾ ഓർമ്മിച്ചതിനാൽ അവരെ ശ്രദ്ധിക്കാതെ    മുമ്പോട്ട് പോയി.
ഞാൻ കടന്ന് മുമ്പോട്ട്  പോയപ്പോൾ അവർ പതുക്കെ വിളിച്ചു. “കൊച്ച് സായിപ്പേ.......“ വർഷങ്ങൾക്കപ്പുറത്തെ ഏതോ കാലത്ത് നിന്നുമുള്ള ആ വിളി എന്നെ  ഞെട്ടിച്ചു.
 ഇത് ആലപ്പുഴയാണ് ഞാൻ ജനിച്ച് വളർന്ന  നാട്. കഴിഞ്ഞ ഏതോ ഒരു ക്യാമ്പ് സിറ്റിംഗിൽ  എന്റെ ബാല്യകാല സുഹൃത്തിനെ ഞാൻ  തിരിച്ചറിയാതെ  കർശനമായി പെരുമാറിയതും അവൻ പ്രതികരിക്കാതെ ചിരിച്ച് കൊണ്ട് നിന്നതും അവൻ  പോയി കഴിഞ്ഞതിന് ശേഷം രസീത് ഒപ്പിടുമ്പോൾ  മേൽ വിലാസം  വായിച്ച് അവനെ ഞാൻ തിരിച്ചറിഞ്ഞ് അതിയായ വേദനയോടെ  അവനെ തിരക്കി ഓടിയതും  പക്ഷേ ആളെ കണ്ടെത്താനാവാത്തതും എന്റെ മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്നതിനാൽ അതേ പോലെ അബദ്ധം ഇനി സംഭവിക്കരുതെന്ന വിചാരത്താൽ കൊച്ച് സായിപ്പേ എന്ന  ഈ വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞ് നിന്നു.
“ഈ ജോലിയിൽ കമ്പി അടിക്കുമെന്ന് പേടിക്കേണ്ടല്ലോ....“ നിറഞ്ഞ ചിരിയോടെ അവർ പിന്നെയും പറഞ്ഞു. പെട്ടെന്ന് അങ്ങ് വിദൂരതയിലെവിടെയോ നിന്ന്  ഓർമ്മകൾ എന്റെ ഉള്ളിലേക്ക്  പാഞ്ഞെത്തി.ഞാൻ അവരെ തിരിച്ചറിഞ്ഞു.
“തങ്കമണി ചേച്ചി...“  ഞാൻ അറിയാതെ  വിളിച്ച് പോയി.
“അപ്പോൾ എന്നെ മറന്നില്ല  അല്ലേ...?  അവരെ ഞാൻ തിരിച്ചറിഞ്ഞ സന്തോഷത്തിലാവാം അവരുടെ കണ്ണുകൾ നിറഞ്ഞത്.
മുമ്പേ പോയ സഹപ്രവർത്തകർ തിരിഞ്ഞ് നിന്നപ്പോൾ അവർ പൊയ്ക്കൊള്ളാൻ ഞാൻ ആംഗ്യം കാണിച്ചിട്ട്  ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. “എനിക്ക് ആളെ മനസിലായില്ല ചേച്ചീ....“ എന്റെ സ്വരത്തിലെ കുറ്റബോധത്തിന്റെ നിഴൽ തിരിച്ചറിഞ്ഞതിനാൽ  അവർ എന്നെ സമാശ്വസിപ്പിച്ചു...
“ ഓ! അത് സാരമില്ല....ഉയർന്ന നിലയിലെത്തിയത് കാണാൻ എനിക്ക് ഭാഗ്യമുണ്ടായി...എന്തായാലും കഷ്ടപ്പെട്ട് പഠിച്ചതിന് ഫലമുണ്ടായല്ലോ...“ ആ വാക്കുകളിലെ സന്തോഷം ഞാൻ തിരിച്ചറിഞ്ഞു.
 എന്നെ വീണ്ടും വീണ്ടും നോക്കി നിന്നിട്ടും അവർക്ക് മതിയായില്ലെന്ന് തോന്നി. എന്റെ ഉള്ളിലും സന്തോഷം അലതല്ലുകയായിരുന്നു.

നീണ്ട വർഷങ്ങൾക്കപ്പുറത്ത്  ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപമുള്ള ആശാന്റെ കയർ മാടൽ ഫാക്ടറി  എന്റെ ഉള്ളിലേക്ക് പാഞ്ഞ് വന്നു.
അന്ന് മുഹമ്മദൻ  സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഉച്ചക്ക് മുമ്പോ ഉച്ചക്ക് ശേഷമോ ഏതെങ്കിലും  ഒരു നേരമായിരുന്നു ക്ളാസ്സുകൾ. ഒഴിവ് ലഭിച്ചിരുന്ന  സമയത്ത് ആശാന്റെ കയറ് ഫാക്ടറിയിൽ 15 വയസ്സ്കാരനായിരുന്ന ഞാൻ കയർ മാടാൻ പോയിരുന്നു. ആ കാലങ്ങൾ കേരളത്തിലെ പട്ടിണി കാലമാണ്. എന്ത് ജോലി ചെയ്തും വിശപ്പ് മാറ്റുക,കൂട്ടത്തിൽ പഠനം തുടരുക, ഇതായിരുന്നു അന്ന് ആലപ്പുഴയിലെ രീതി.
ഉച്ച കഴിഞ്ഞുള്ള  എസ്.എസ്.എൽ.സി.സി പരീക്ഷ  ദിവസങ്ങളിലും  ഉച്ചക്ക് മുമ്പ് ഞാൻ കയർ മാടാൻ പോയിട്ടുണ്ട്.
കയറ് മാടുമ്പോൾ സംഭവിക്കുന്ന ഒരു പണിക്കുറ്റമാണ് കമ്പി അടിക്കൽ. റാട്ട് കറക്കി കയറ് ചുറ്റി വരുമ്പോൾ  നിശ്ചിത  ഇടങ്ങളിൽ ചുറ്റാതെ തെറ്റി ചുറ്റുന്നതാണ്  കമ്പി അടി. ഇത് കണ്ടാൽ  കമ്പനി മൂപ്പനായ ആശാൻ പുളിച്ച തെറി വിളിക്കും. ആരും പ്രതികരിക്കില്ല, പ്രതികരിച്ചാൽ താൽക്കാലിക ജോലിക്കാരനായ തൊഴിലാളി കമ്പനിക്ക് പുറത്ത് ആകുമെന്ന് തീർച്ച. അതിനാൽ  ആശാൻ അടുത്തേക്ക് വരുമ്പോൾ  എന്റെ കൈ വിറക്കാൻ തുടങ്ങും അബദ്ധം സംഭവിക്കുകയും  തുടർന്ന് ആശാൻ തെറി വിളിക്കുകയും ചെയ്യും. ഒരു ദിവസം  അസഹനീയമായ രീതിയിൽ മൂപ്പൻ തെറി അഭിഷേകം നടത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. അടുത്ത് കയർ മാടിക്കൊണ്ടിരുന്ന  തങ്കമണി ചേച്ചി  ആശാന്റെ നേരെ  ചാടി വീണു.
“ എടോ മുതു കിളവാ!, മെട്രിക്കുലേഷന് പഠിക്കുന്ന ഒരു കുഞ്ഞാണത്,  നിവർത്തികേട് കൊണ്ട് തന്റെ കോപ്പിൽ വന്ന് ജോലി ചെയ്യാൻ വന്നെന്നും പറഞ്ഞ് താൻ  അങ്ങ് നാറ്റുന്നോ... നിർത്തെടോ തന്റെ   ചീത്ത വിളി.....
എന്നെ ഫാക്ടറിയിൽ കയറ് മാടാൻ പഠിപ്പിച്ചത് തങ്കമണി ചേച്ചിയാണ്. ചേച്ചി കുഞ്ഞായിരുന്നപ്പോൾ അഛൻ  പുന്നപ്രയിൽ വെടി കൊണ്ട് മരിച്ചു  വളരെ കഷ്ടപ്പെട്ടാണ് അവ്ർ കഴിഞ്ഞ് വന്നത്. എങ്കിലും ഞാൻ പഠിക്കുന്ന ആളാണെന്നറിഞ്ഞപ്പോൾ  അവർ  ചോറ്റ് പാത്രത്തിൽ  എനിക്ക് കൂടി ചോറ്  കൊണ്ട് വരും. എന്നെ കൊണ്ട് നിർബന്ധിച്ച് തീറ്റിക്കും. എന്നെ കൊച്ച് സായിപ്പേ! എന്നാണ് വിളിച്ചിരുന്നത്. അത് കേട്ട് കമ്പനിയിലെ ഞങ്ങളുടെ സെക്ഷനിലെ മറ്റ് തൊഴിലാളികളും ആ പേര് ചൊല്ലി എന്നെ വിളിച്ചു. പഠിക്കുവാൻ  താല്പര്യമുണ്ടായിരുന്ന എന്നെ അവർക്കെല്ലാം ഇഷ്ടമായിരുന്നു.
തങ്കമണി ചേച്ചിയുടെ  പ്രതിഷേധം  ആശാനെ ഞെട്ടിച്ചു.  ഞാൻ എസ്.എസ്.എൽ.സി.ക്ക് പഠിക്കുന്നവനാണെന്നു അറിഞ്ഞപ്പോൾ  ആശാൻ പിൻ വാങ്ങി.(അന്നത്തെ കാലം എസ്.എസ്.എൽ.സി മുസ്ലിം സമുദായത്തിൽ വിലയുള്ളതാണ്)കുറേ കഴിഞ്ഞ് എന്നെ ആഫീസിലേക്ക് വിളിപ്പിച്ചു അയാൾ കാര്യങ്ങൾ തിരക്കി. എന്റെ വാപ്പയുടെയും  ആശാന്റെ തലമുറക്ക് സുപരിചിതനായ എന്റെ ഉപ്പുപ്പായുടെയും പേര് കേട്ട്  ആശാൻ  ആശ്ചര്യപ്പെട്ടു.. ( ഒരു കാലത്ത് എന്റെ ഉപ്പുപ്പായുടെ കീഴിൽ അയാൾ ജോലി ചെയ്തിരുന്നു  എന്ന് ഞാൻ പിന്നീട് അറിഞ്ഞു.)
തിരിച്ച് ചെന്നപ്പോൾ തങ്കമണി ചേച്ചി തിരക്കി “ അയാൾ പിന്നെ തെറി പറഞ്ഞോ കൊച്ച് സായിപ്പേ!?“  ഞാൻ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവർ പറഞ്ഞു “ഇനി അയാൾ ചീത്ത വിളിക്കില്ല.“
  അവിടെ ജോലി നിർത്തി പോകുന്നത് വരെ പലപ്പോഴും കമ്പി അടിച്ചിട്ടും  ആശാൻ എന്നെ പിന്നീട്  ചീത്ത വിളിച്ചിട്ടില്ല.
എസ്.എസ്.എൽ.സി. പരീക്ഷ ഫലം  വന്ന് കഴിഞ്ഞ് എന്നോ എപ്പോഴോ ഞാൻ ആ കമ്പനിയെയും തങ്കമണി ചേച്ചിയെയും വിട്ട്  പിരിഞ്ഞു. പിന്നീട് ജീവിതത്തിലെ പല വേഷങ്ങളിൽ പല സ്ഥലങ്ങളിലായി നിറഞ്ഞാടാനായിരുന്നു എനിക്ക് യോഗം. ആ തിരക്കിനിടയിൽ ആശാന്റെ കയറാഫീസും തങ്കമണി ചേച്ചിയും അപ്രധാനമാകുകയും അവരെല്ലാം  ഓർമ്മയിൽ നിന്നും മറഞ്ഞ് പോവുകയും ചെയ്തു.
പിൽ കാലത്ത് ചേച്ചിയെ തിരക്കിയെങ്കിലും ആളെ എനിക്ക് കാണാൻ സാധിച്ചില്ല. ഇതാ ! ഇപ്പോൾ ചേച്ചി  എന്റെ മുമ്പിൽ നിൽക്കുന്നു, അവരെ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല, പക്ഷേ അവർ എന്നെ തിരിച്ചറിഞ്ഞു.
  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി   ഇപ്പോഴും അവർ ജോലി ചെയ്തു ജീവിക്കുന്നു.
ട്രൈൻ വരുന്നത് വരെ ഞങ്ങൾ സംസാരിച്ച് നിന്നു.പിന്നെയും പിന്നെയും സംസാരിക്കാനുള്ള കൊതിയോടെ.
കൊല്ലത്തേക്ക് പോകുന്ന വണ്ടിയുടെ വാതിലിൽ  നിന്ന് അവരെ നേരെ കൈ വീശി കാണിക്കുമ്പോൾ  എന്റെ മനസ്സ് ഇനിയും അവരെ കാണാൻ സാധിക്കണേ! എന്ന പ്രാർത്ഥനയിലായിരുന്നു.
ഇപ്പോൾ  ആ കയർ ഫാക്ടറി ഇല്ല. ആശാനും ഇല്ല. പലപ്പോഴും ഔദ്യോഗികാവശ്യത്തിനായി പിന്നീട് ആലപ്പുഴ വന്നെങ്കിലും  തങ്കമണി ചേച്ചി എന്റെ മുമ്പിൽ വന്നിട്ടില്ല. 
കുറച്ച് കാലത്തിന് ശേഷം  ഒരു റെയിൽ വേ പോലീസുകാരനിൽ നിന്നും  നാട്ടിൽ പടർന്ന് പിടിച്ച വൈറൽ ഫീവർ ബാധിച്ച് അവർ ഈ ലോകത്ത് നിന്നും കടന്ന് പോയി എന്ന ദുഖ വാർത്ത ഞാനറിഞ്ഞു.
തുലാ മാസത്തിലെ  ഈ  സായാഹ്നത്തിൽ മാനത്ത് നിറഞ്ഞ് നിന്ന ഇരുണ്ട കാർ മേഘങ്ങളെ നോക്കി ഈ വരാന്തയിൽ മൂകനായി ഇരുന്നപ്പോൾ എന്ത് കൊണ്ടോ ഈ ഓർമ്മകൾ എന്റെ മനസിലേക്ക് കടന്ന് വരുന്നല്ലോ!.

                               (റീ പോസ്റ്റ്---ഷരീഫ് കൊട്ടാരക്കര)

Saturday, November 23, 2024

മരിക്കാത്ത ഓർമ്മകൾ.


 നവംബർ 23....ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തീയതി. അന്നാണ് വാപ്പാ ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയത്.

വർഷങ്ങൾ എത്രയായി എന്നതല്ല, ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ വേർപാട് മനസ്സിൽ ഉണ്ടാക്കിയ വേദനക്ക് ശമനം ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ അദ്ദേഹം മറന്ന് പോയിരുന്നല്ലോ. ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം, അത് കൊണ്ട് തന്നെ ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ തത്രപ്പാടിനാൽ വെറും കാലി ചായയും ചാർമിനാർ സിഗററ്റുമായി ചുരുങ്ങിയപ്പോൾ മാരകമായ ക്ഷയ രോഗം ബാധിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. ആ കാലത്തെ പാവപ്പെട്ടവരുടെ കൂട്ടുകാരനായ ക്ഷയ രോഗം അദ്ദേഹത്തെ കാർന്ന് തിന്നുമ്പോഴും ആവശ്യമായ പരിരക്ഷ നൽകാൻ ആർക്കും കഴിഞ്ഞില്ല. ആ കാലഘട്ടവും അപ്രകാരമായിരുന്നല്ലോ 

ഒരു ഫോട്ടോ പോലും എടുക്കാൻ വാപ്പാ തുനിഞ്ഞില്ല, കാരണം ആ പൈസ്സാ മതിയായിരുന്നു അന്തിക്ക് കഞ്ഞി വെക്കാൻ അരി വാങ്ങുന്നതിന്. ഏതെങ്കിലും കല്യാണ  ആൽബത്തിൽ വാപ്പായുടെ ഫോട്ടോ ഉണ്ടാകുമോ എന്ന് ഞാൻ തിരക്കി അലഞ്ഞു. ആ അലച്ചിൽ നിഷ്ഫലമായി. ഒരു ഫോട്ടോയും കിട്ടിയില്ല.

നീണ്ട വർഷങ്ങൾക്കിപ്പുറത്ത് നുന്ന് നോക്കുമ്പോൾ  വേദനയോടെ മാത്രമേ വാപ്പായുടെ അവസാന   ദിവസ്ങ്ങളെ പറ്റി ചിന്തിക്കാൻ കഴിയൂ. നിസ്സഹായതയുടെ ദിവസങ്ങൾ. എല്ലാം ഇന്നും കണ്ണിനു മുമ്പിൽ തെളിഞ്ഞ് വരുന്നു. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ വെള്ള മണൽ പുത ച്ച ആ പറമ്പിൽ  ഒരു അടയാള  കല്ല് പോലും നാട്ടാനാവാതെ  എവിടെയോ വാപ്പാ ഉറങ്ങുന്നു.

എന്നെ വായനയിലേക്കും എഴുത്തിലേക്കും നയിച്ച വാപ്പാ.

 സമ്പത്തല്ല ആഡ്യത,   തറവാടിത്വം എന്നത് നമ്മുടെ പെരുമാറ്റമാണ്   എന്ന്  സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച  വാപ്പാ.  അത് കൊണ്ട് തന്നെ വാപ്പായുടെ ശീലങ്ങൾ ഇന്നും എന്നെ പിൻ തുടരുന്നു.

കൊടിയ ദാരിദൃയത്തിൽ ആയിട്ട് പോലും മരിക്കാൻ നേരം ആകെ   കടം 65 പൈസാ. അത് കൊടുത്ത് തീർക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. കൂട്ടത്തിൽ ആലപ്പുഴ  ലജനത്ത് ലൈബ്രറിയിൽ നിന്നും വായിക്കാൻ എടുത്ത  രണ്ട് പുസ്തകങ്ങൾ ലജനത്തിന്റെ ഉദ്യോഗസ്ഥനായ അമാനിക്കായെ ഏൽപ്പിക്കാനുള്ള നിർദ്ദേശവും. തീർന്നു, ഒരു ജീവിതത്തിലെ വരവ് ചെലവ് കണക്കുകൾ.

ഈ നീണ്ട വർഷങ്ങൾക്ക് ശേഷവും വാപ്പാക്ക് വേണ്ടി  പ്രാർത്ഥിക്കുന്നു.

Monday, November 18, 2024

മെഡിക്കൽ കോളേജ് ഡയറി. 18--11-1997


ഇന്ന്  പഴയ ഡയറിക്കുറിപ്പുകളിലൂടെ കടന്ന് പോയപ്പോൾ  കണ്ടത്. 

27 വർഷങ്ങൾക്ക് മുമ്പുള്ള ഈ കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

18--11--1997

ഇപ്പോൾ പുലർച്ച 2മണി. എനിക്കു ഉറക്കം വരുന്നില്ല. വെളിയിൽ നിരത്തു നിശ്ശബ്ദമാണു. പകൽ എന്തു തിരക്കായിരുന്നു. സമീപത്തുള്ള ക്യാഷ്വാലിറ്റിയിലേക്കു സൈറൺ മുഴക്കി ആംബുലൻസ്കൾ വന്നു കൊണ്ടേ ഇരിക്കും .ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രോഗിയേയും കൊണ്ടു അലറി വിളിച്ചു വരുന്ന ആംബുലൻസ്‌ എപ്പോഴും ഭയം മാത്രം കാഴ്ച്ച വെയ്ക്കുന്നു. 

ഇപ്പോൾ എവിടെയും അനക്കമില്ല. അടുത്ത മുറികളിൽ ഗുരുതരമായ രോഗം ബാധിച്ചവരാണു. പ്രമേഹത്താൽ കാൽ പഴുത്തവർ, രക്ത സമ്മർദ്ദത്താൽ തലച്ചോറിലെ സിരകൾ പൊട്ടി കൈകാലുകൾ തളർന്നവർ അങ്ങിനെ പലരും. നാട്ടിൽ ഇത്രയും രോഗികളുണ്ടോ?!എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽകോളേജാണു. ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നുഒന്നുകിൽ ജീവിതത്തിലേക്കു തിരികെ വരുന്നുഅല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നുഇവിടെ ഞങ്ങളും ഞങ്ങളുടെ വിധി കാത്തു കഴിയുകയാണു.

സൈഫുവും അവന്റെ അമ്മയും ഞാനും തിരുവനന്തപുരം മെഡിക്കൾ കോളേജ് ആശുപത്രിയിലാണ്. ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. പേരിനു ഏതെങ്കിലും ഹൗസ്സ്‌ സർജൻ വന്നു പരിശോധിച്ചു പോകും. ചിലപ്പോൾ പ്രധാന ഡോക്റ്ററും പരിവാരങ്ങളും വന്നെങ്കിലായി. ഈ യാന്ത്രികമായ പരിശോധനക്കു പകരം ആത്മാർത്ഥമായി അവർ എന്റെ മകൻ സൈഫുവിന്റെ രോഗവും നാളിതുവരെ ചെയ്ത ചികിൽസയും പഠിച്ചു ശുഷ്കാന്തിയോടെ ചികിൽസിച്ചിരുന്നെങ്കിൽ അവനു രോഗ ശമനം എളുപ്പമായേനെ. പലരും വന്നു പരിശോധിക്കുന്നതിനാൽ മുൻ ഗാമി ചെയ്ത ചികിൽസ്സാ നിർദ്ദേശം ഭേദഗതി ചെയ്യാതെ കുത്തിവെയ്പ്പു പഴയതു തന്നെ തുടരാൻ നിർദ്ദേശിച്ചു കേസ്‌ ഷീറ്റിൽ കുറിച്ചിടും. (ഞാനായി ഒരു ഭേദഗതി എന്തിനെന്നാണു ഓരോരുത്തരും ചിന്തിക്കുന്നതു.)യാന്ത്രികമായ ഈ ചികിൽസ കാരണമാണു രോഗശമനം വൈകുന്നതു. എന്റെ മകന്റെ കാര്യം ആയതു കൊണ്ടാവാം ചികിൽസ യാന്ത്രികമെന്നു എനിക്കു അനുഭവപ്പെടുന്നതു. ഒരു പക്ഷേ അവർക്കു ഇത്രമാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു വരാം. എന്റെ ഉത്ക്കണ്ഠയും സംഭ്രമവും കാരണം എനിക്കു ഈ രീതിയിൽ തോന്നുന്നതു ആകാം, എന്നൊക്കെ ഞാൻ സമാധനിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഒരു സത്യം എന്റെ മുമ്പിലുണ്ടു.13 വയസ്സ്കാരനായ എന്റെ മകൻ മെനൈഞ്ചിറ്റിസ്സും ബ്രൈൻ ആബ്സസ്സും ബാധിച്ചു ഗുരുതരാവസ്ഥയിലാണു. അവൻ രോഗ ബാധിതനായി മെഡിക്കൽ കോളേജിൽ വന്ന ആദ്യ ദിനങ്ങളെപ്പോലെ ഇപ്പോഴും തലവേദനയെപ്പറ്റി ആവലാതിപ്പെടുന്നു. ശക്തമായ പനി ബാധിച്ചു അവൻ ഇന്നു മയക്കത്തിലായിരുന്നു. ചൊറിച്ചിലും തിണർപ്പും കുറേശ്ശെയായി ഇപ്പോഴും ഉണ്ടു. തീർച്ചയായും അവനു വിദഗ്ദ്ധചികിൽസയുടെ അഭാവം അനുഭവപ്പെടുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.
ഏതെങ്കിലും ഡോക്റ്റർക്കു ഫീസ്സ്‌ കൊടുക്കാൻ ഞാൻ തയാറാണു. പക്ഷേ ആർക്കാണു കൊടുക്കേണ്ടതു? സ്ഥിരമായി ഒരു ഡോക്റ്റർ വരുന്നില്ല. മെഡിക്കൽ കോളേജു ആശുപത്രി പ്രവേശനത്തിനു മുമ്പു ഈ രോഗത്തിന്റെ ചികിൽസാ വിദഗ്ദ്ധനെ പോയികണ്ടു മതിയായ ഫീസ്‌ കൊടുക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. അഡ്മിറ്റ്‌ ചെയ്തു കഴിഞ്ഞ രോഗികളിൽ നിന്നും അപൂർവ്വം ചിലരൊഴികെ മറ്റു ഡോക്റ്ററന്മാർ ഫീസ്‌ വാങ്ങുകയില്ല.(പൊടി പുരട്ടിയ നോട്ടിനെ ഭയന്നാണു ഇപ്രകാരം വാങ്ങാതിരിക്കുന്നതു എന്നു അറിയൻ കഴിഞ്ഞു.)
ഈ അവസ്ഥയിൽ രോഗ ശുശ്രൂഷ ഒരു വഴിപാടു മാത്രമായി നടക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടും.
ഏതോ സിനിമാ താരം അടുത്ത റൂമിലെ രോഗിക്കു വേണ്ടി ശുപാർശ ചെയ്തപ്പോൾ ഡോക്റ്റർ രണ്ടു നേരവും വന്നു പരിശോധിക്കുന്നു എന്നു ഭാര്യ പറഞ്ഞു.
എന്റെ സഹപാഠിയായിരുന്ന സിനിമാ സംവിധായകൻ ഫാസ്സിൽ ഈ ആശുപത്രിയിൽ എന്തെങ്കിലും ആവശ്യത്തിനു വന്നിരുന്നെങ്കിലെന്നും എന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെ ശുഷ്കാന്തിയോടെ പരിശോധിക്കാൻ ഏർപ്പാടു ചെയ്തിരുനെങ്കിലെന്നും ഞാൻ വ്യാമോഹിച്ചു. മനസിലെ സംഘർഷം കുറക്കാൻ മനുഷ്യനു ഇപ്രകാരം ദിവാസ്വപ്നം കാണാൻ കഴിവു പ്രക്രുതി നൽകിയിരിക്കുന്നതു അനുഗ്രഹം തന്നെയെന്നു ഞാൻ തിരിച്ചറിഞ്ഞു. നടക്കാത്ത കാര്യത്തെപ്പറ്റി ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുക എന്നുള്ളതല്ലാതെ ഫലപ്രാപ്തി ഒന്നും ഉണ്ടാവില്ല എന്ന സത്യം മനസ്സിൽ കടന്നുവന്നപ്പോൾ ഞാൻ നിരാശനായി.ഫാസ്സിൽ എന്നെ ഓർമ്മിക്കുന്നു പോലുമില്ലെന്നും ഫാസ്സിലിനു ഈ ആശുപത്രിയിൽ വരേണ്ട കാര്യമില്ലെന്നും എനിക്കു അറിയമായിരുന്നിട്ടും നടക്കാത്ത കാര്യങ്ങളാണു ഭാവനയിൽ കാണുന്നതു. ഇത്രയും സംഘർഷം മനസ്സിൽ നിറഞ്ഞിരിക്കുമ്പോൾ എങ്ങിനെ ഉറക്കം വരാനാണു.-എങ്കിലും ഇന്നു ഈ കുറിപ്പുകൾ നിർത്തി ഞാൻ എന്റെ മകനു സമീപം കിടക്കാൻ പോകുന്നു. സമയം പുലർച്ച 3.15 മണി.

(മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ  എന്ന പേരിൽ ഞാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും എടുത്ത് ചേർത്തത്)  ......................................................................................................................................

 പിൻ കുറിപ്പ് :---53 ദിവസത്തെ ചികിൽസക്ക് ശേഷം ദൈവ കാരുണ്യത്താൽ സൈഫു രോഗം ഭേദമായി  വീട്ടിലെത്തി.

27 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
കരുണാമയന്റെ കൃപയാൽ 17 വർഷമായി സൈഫു അഭിഭാഷകനായി കൊട്ടാരക്കരയിൽ പ്രാക്റ്റീസ് ചെയ്യുന്നു.എന്നാലും ഒക്റ്റോബർ നവംബർ മാസങ്ങൾ വരുമ്പോൾ ഒരു ഉൾക്കിടത്തിലൂടെ മാത്രമേ 1997ലെ  ആ  മാസങ്ങളെ ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.