ചിത്രത്തിലുള്ളത് എന്റെ ഉമ്മയും ഭാഗികമായി മാത്രം കാഴ്ച ശക്തിയുള്ള അനുജനുമാണ്.
ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് 16 വർഷം കഴിയുന്നു. ആ വേർപാട് ഇന്നലെ നടന്നത് പോലെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.
മകര മാസത്തിലെ ശോഭയാർന്ന ഏതോ ഒരു സായാഹ്നത്തിൽ ഏഴ് വയസ്സുകാരനായ എന്നെ ഉമ്മ കുളിപ്പിക്കുകയാണ്. അടുത്തുള്ള “അക്കായുടെ കുളം“ എന്ന് ഞങ്ങൾ ആലപ്പുഴ വട്ടപ്പള്ളിക്കാർ വിളിക്കുന്ന കുളത്തിലെ തെങ്ങും തടികൾ മുറിച്ച് പടി കെട്ടിയ പടവുകൾ ആയാസപ്പെട്ട് കയറി വെള്ളം കുടത്തിൽ ചുമന്ന് കൊണ്ട് വന്ന് വലിയ ഒരു കൊന്നത്തെങ്ങിന്റെ തടത്തിൽ വെച്ചിരിക്കുന്ന അലൂമിനിയം ചരുവത്തിലൊഴിച്ചാണ് എന്നെ ഉമ്മ കുളിപ്പിക്കുന്നത്. ശരീരത്തിൽ വെള്ളമൊഴിക്കുമ്പോൾ തുള്ളി ചാടുന്ന, അടങ്ങി നിൽക്കാത്ത എന്നെ വഴക്ക് പറയുകയും നഗ്നനായ എന്റെ ചന്തിയിൽ ചിലപ്പോൾ രണ്ട് പെട തന്നുമാണ് ഉമ്മ ആ കർമ്മം ചെയ്ത് കൊണ്ടിരുന്നത്. ആദ്യമായി റെക്സോണ സോപ്പ് ഉപയോഗിച്ചത് അന്നാണെന്നാണ് എന്റെ ഓർമ്മ. കാരണം ഇപ്പോഴും റെക്സോണാ സോപ്പിന്റെ മണം അനുഭവിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ആ കുളി സീനാണല്ലോ.
ചെറിയ കാറ്റ് അടിച്ച് കൊണ്ടിരുന്ന ആ സായാഹ്നത്തിൽ പോക്ക് വെയിലിന്റെ സ്വർണ ശോഭ തെങ്ങോലകളെ ചെമ്പ് നിറമാക്കിയിരുന്നു.
വളർന്ന് വലുതായതിന് ശേഷം പലപ്പോഴും ആലപ്പുഴയിൽ വരുമ്പോൾ ഞാൻ ആ സ്ഥലത്ത് പോകും, ആ തെങ്ങ് കാണാൻ, ആ കുളം കാണാൻ. ഇല്ലാാ...എല്ലാം കാലത്തിന്റെ കറക്കത്തിൽ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. 16 വർഷത്തിന് മുമ്പ് ഉമ്മായും ഈ ദിവസം അക്കരക്ക് പോയി. ഞാനെന്നെങ്കിലും അവിടെ ചെല്ലുമ്പോൾ എനിക്ക് ഇഷ്ടമുള്ള ആഹാരം തയാറാക്കി തരാൻ നേരത്തെ അവർ പോയതാവാം.
കൊല്ലം റെയിൽ വേ കോടതിയിൽ ജോലിയിലിരിക്കവേ പുനലൂർ ക്യാമ്പ് സിറ്റിംഗിന് പോയിരുന്ന എനിക്ക് ഒരു ഉൾവിളി ഉണ്ടായി. ഉമ്മായെ കാണണം. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലായിരുന്ന അവരെ കണ്ട് തിരിച്ച് വന്നതായിരുന്നല്ലോ ഞാൻ. എങ്കിലും ആ ഉൾവിളി കേട്ടപ്പോൾ ഒട്ടും താമസിച്ചില്ല, എങ്ങിനെയോ കൊല്ലത്തെത്തി അവിടെ നിന്ന് ട്രൈനിൽ ആലപ്പുഴ ആശുപത്രിയിലെത്തിയപ്പോൾ ഉമ്മ ഊർദ്ധൻ വലിക്കുന്നു, ആരോ പറഞ്ഞു, “ദേ ശരീഫ് വന്നു“ ശ്വാസം കിട്ടാനായി കഷ്ടപ്പെട്ട് പിടയുന്ന ആ സമയത്തും ഞാൻ വന്നുവെന്ന് കേട്ടപ്പോൾ ആ മുഖത്തുണ്ടായ പ്രകാശവും സന്തോഷവും ഒരിക്കലും മറക്കാൻ കഴിയുന്നില്ല. എല്ലാം കഴിഞ്ഞു അൽപ്പ നിമിഷങ്ങൾക്ക് ശേഷം ആൾ പോയി. യാത്ര പോകുന്നതിന് മുമ്പ് എന്നെ കാണാനുള്ള ആഗ്രഹമായിരിക്കാം ഉൾ വിളിയായി എനിക്കനുഭവപ്പെട്ടത്. ആലപ്പുഴ പടിഞ്ഞാറേ ജമാത്ത് പള്ളിയുടെ പഞ്ചാര മണൽ പോലെ കിടക്കുന്ന പറമ്പിൽ അവരെ കബറടക്കി. കുറച്ച് മാറി വാപ്പായെ മറമാടിയ സ്ഥലമാണ്. രണ്ട് പേരും നിത്യ നിദ്രയിലാണെങ്കിലും ആ ഉറക്കത്തിലും അവർ മക്കളുടെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവാം. ജീവിച്ചിരുന്നപ്പോൾ അവർ എപ്പോഴും അതാണല്ലോ ചെയ്തു കൊണ്ടിരുന്നത്.
മകര മാസത്തിലെ മഞ്ഞ വെയിലിൽ തെങ്ങോലകൾ കാറ്റിൽ തലയാട്ടി നിൽക്കുമ്പോൾ ഏഴു വയസ്സിലെ ആ കുളിയും ഉമ്മായും മനസ്സിലേക്ക് ഓടിയെത്തുന്നു, എന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്നെ പിടിച്ച് നിർത്തി കുളിപ്പിച്ചിരുന്നെങ്കിൽ രണ്ട് വഴക്ക് പറഞ്ഞിരുന്നെങ്കിൽ. .ഇപ്പോൾ ഈ പ്രായത്തിലും അങ്ങിനെ .അതിയായി ആഗ്രഹിച്ച് പോകുന്നു.....കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ലല്ലോ....
നിർലോഭമായ േസേന്ഹത്തിന്റെ വറ്റാത്ത ഉറവയാണ് അമ്മ. ആ വികാരെത്തെ സ്നേഹെത്തെ എത്ര വർണിച്ചാലും മതിയാവില്ല.
ReplyDeleteനന്ദി ഉദയപ്രഭൻ
ReplyDelete