Wednesday, July 31, 2019

നഷ്ട പ്രണയ സ്മരണ

മുഗ്ദ രാഗമെൻ ജീവനേകിയ മുത്തുമാലയുമായിതാ,  എത്രമാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടി ഒട്ടി പിടിക്കുവാൻ..
പ്രാണനായകാ! താവക  പ്രേമ പ്രാർത്ഥിനി ആയിരിപ്പൂ ഞാൻ.......
 കഴിഞ്ഞ  ദിവസം തിരുവനന്തപുരത്ത്  തമ്പാനൂർ ബസ് സ്റ്റാന്റിന്റെ മുൻ വശം നിൽക്കുമ്പോൾ  മുകളിൽ കാണിച്ച വരികൾ  മനസിലേക്ക് ശക്തിയായി ഇടിച്ച് കയറി വന്നു. അതിന് കാരണക്കാരി  എന്റെ തൊട്ട് മുമ്പിൽ നിൽക്കുന്നു. അവളെ ഞാൻ തിരിച്ചറിഞ്ഞു, അസാധാരണമായ നീളമുള്ള മുടിയായിരുന്നു അടയാളം. അതിലിപ്പോൾ അങ്ങിങ്ങ് നര കയറി പറ്റിയിരിക്കുന്നു.
ഞാൻ അടുത്ത് ചെന്ന് പേര് വിളിച്ചു.  ആളെ തിരിച്ചറിയാതെ  പകച്ച കണ്ണൂകൾ കൊണ്ട് അവൾ എന്നെ ഒന്നുഴിഞ്ഞു.   തിരിച്ചറിയാതിരിക്കാൻ തക്കവിധം  കുന്നു പോലെ  എന്റെ തലയുടെ മുൻ വശമുണ്ടായിരുന്ന മുടി മുഴുവൻ പോയിരുന്നല്ലോ. അടുത്ത നിമിഷം  ഗതകാലത്തിൽ നിന്നും അവൾ എന്നെ കണ്ടെത്തി.
മെട്രിക്കുലേഷൻ സെപ്റ്റമ്പർ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അവളുമായുള്ള അൽപ്പ കാല പരിചയപ്പെടൽ. ആലപ്പുഴ തുമ്പോളി സ്വദേശിനിയാണ്. കൂടെയുണ്ടായിരുന്ന കൂട്ടുകാർ എന്റെ  സാഹിത്യവാസനയെ പറ്റി അവളോടും സഖികളോടും കഥിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് ഒരു കലാ കൊലപാതകി എന്ന് അവരെല്ലാം കൂടി  അവളെ കാണീച്ചു  പരിചയപ്പെടുത്തി. അന്ന് സ്കൂൾ കയ്യെഴുത്ത് മാസികകളുടെ പുഷ്കര കാലമായിരുന്നല്ലോ.
അൽപ്പകാല സൗഹൃദത്തിന്റെ  ബലത്തിൽ അവസാന പരീക്ഷയുടെ  അന്ന് രാവിലെ ചങ്ങമ്പുഴയുടെ രമണൻ  എനിക്ക് തന്ന് വായിച്ചിട്ട് തിരികെ തരണേ എന്ന്  സാഹിത്യകാരി  പറഞ്ഞു, കൂട്ടത്തിൽ “അതിൽ ചുവന്ന വരി അടയാളപ്പെടുത്തിയതിന്റെ മറുപടിയും തരണേ!“ എന്നു പതുക്കെയും  മൊഴിഞ്ഞു. അന്ന് മനസിലുള്ളത് മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നത് ഈ മാതൃകയിലായിരുന്നു ചിലപ്പോൾ സിനിമാ ഗാനത്തിന്റെ ഈരടികൾ ഉച്ചത്തിൽ മൂളും,അതായത് “അന്ന് നിന്നെ കണ്ടതിൽ പിന്നെ...എന്ന മട്ടിൽ. അവസാനത്തെ പ്രയോഗമായിരുന്നു കത്തെഴുത്ത്.

ഞാൻ പുസ്തകം തുറന്ന് നോക്കിയപ്പോൾ കണ്ട ചുവന്ന മഷി കൊണ്ട് അടിവരയിട്ട  വരികളാണ് ഈ കുറിപ്പിന്റെ ആദ്യം കാണിച്ചിരിക്കുന്നത്.
ഒട്ടും മടിച്ചില്ല, ചങ്ങമ്പുഴയുടെ തന്നെ രണ്ട് വരികൾ ചുവന്ന അടിവരയിട്ട് ഞാൻ  വൈകുന്നേരം  കൊടുത്തു.
“ചപല വ്യാമോഹങ്ങൾ ആനയിക്കും ചതിയിൽ പെടാൻ ഞാൻ ഒരുക്കമല്ല...“
പുസ്തകം തുറന്ന് വായിച്ച പെണ്ണിന്റെ മുഖം കറുത്തു. സൈക്കിളിൽ നിന്നും വീണിട്ട് എഴുന്നേറ്റ് വരുന്നവന്റെ ഇളിഞ്ഞ ചിരിയുമായി ഞാൻ നിന്നു.

പരീക്ഷ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. പലപ്പോഴായി പലയിടങ്ങളിലായി  അവളെ ഞാൻ വീണ്ടും കണ്ടു. കാണുമ്പോൾ ശോകാകുലയായി ദുഖപുത്രിയുടെ നോട്ടവുമെറിഞ്ഞ് അവൾ മാറി പോകും. ജീവിതത്തിൽ ഏതെങ്കിലും കരയിലെത്തിച്ചേരാനുള്ള തത്രപ്പാടിൽ  എനിക്കിതൊന്നും ശ്രദ്ധിക്കാൻ സമയവുമില്ലായിരുന്നല്ലോ. മാത്രമല്ല മനസ്സിൽ ഒഴിവുമില്ലായിരുന്നു.

ഇപ്പോൾ ഈ സന്ധ്യാ നേരത്ത്  എന്നെ കണ്ടപ്പോൾ കഴിഞ്ഞ് പോയ കാലത്തിലെ  ആ നിമിഷങ്ങൾ ഓർമ്മിച്ചത് കൊണ്ടായിരിക്കാം ആ കണ്ണൂകൾ അൽപ്പം കൂമ്പിയത്. ഞാനും നിശ്ശബ്ദനായി നിന്നു.
പടിഞ്ഞാറൻ മാനം ചുവന്ന് തുടുത്തിരുന്നു. സന്ധ്യാരാഗം  ഞങ്ങളെ ചൂഴ്ന്ന് നിന്നു. നിരത്തിൽ വാഹനങ്ങളുടെ കുത്തൊഴുക്ക്.
 റോഡിൽ ഒരു ഇന്നോവാ കാർ കൊണ്ട് നിർത്തിയിട്ട് ഒരു യുവതി ഓടി വന്ന് “വാ! അമ്മേ, ഞങ്ങൾ ബ്ളോക്കിൽ പെട്ട് പോയി, അതാ തമസിച്ചത് എന്ന് പറഞ്ഞു. അവൾ പറഞ്ഞു, “ മകളാണ്“ എന്നിട്ട് ആ കുട്ടിയുടെ കൂടെ നടന്ന് പോയി. കാറിൽ കയറുന്നത് വരെ അവൾ എന്നെ തിരിഞ്ഞ് നോക്കിയില്ല.

നഗരത്തിന്റെ കുത്തൊഴുക്കിലേക്ക് അവളും കാറും പോയി മറഞ്ഞപ്പോൾ ഞാൻ കൊട്ടാരക്കര ബസ്സ് പിടിക്കാൻ സ്റ്റാന്റിനുള്ളിലേക്ക്  തത്രപ്പെട്ട് നടന്നു, വീട്ടിൽ എത്തിച്ചേരണം.  അവിടെ എന്നെ നോക്കി ഇരിക്കുന്നവർ ഉണ്ടല്ലോ. ഇപ്പോൾ മനസ്സിൽ  ആരാണ് മൂളിയത്.
ചലനം ചലനം ചലനം
 മാനവ ജീവിത പരിണാമത്തിൻ
മയൂര സന്ദേശം, ചലനം ചലനം ചലനം.

Tuesday, July 30, 2019

കവിയുടെ കാൽപ്പാടുകൾ.....

കവിയുടെ കാൽപ്പാടുകൾ. പി. കുഞ്ഞു രാമൻ നായരുടെ ആത്മകഥ.
1972ൽ പ്രസിദ്ധപ്പെടുത്തിയ  ഈ ആത്മകഥ തേടി  കേരളത്തിന്റെ  വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ വർഷങ്ങളോളം അലഞ്ഞതും  പിന്നീട് തിരുവനന്തപുരം പാളയത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു വഴിയോരക്കടയിൽ നിന്നും അമൂല്യമായ ഈ പുസ്തകം കൈ വന്നതും മുമ്പ് ഞാനിവിടെ കുറിച്ചിരുന്നു.
വർഷങ്ങളോളം എങ്ങും കിട്ടാതിരുന്ന ഈ പുസ്തകം പിന്നീട്  ഡീസി. പ്രസിദ്ധീകരിച്ചു എന്നറിഞ്ഞ് ഉടൻ തന്നെ അത് വാങ്ങി വീണ്ടും വായന തുടങ്ങി. കവിയുടെ കാൽപ്പാടുകളോടൊപ്പം  “എന്നെ തിരയുന്ന ഞാനും“  “നിത്യ കന്യകയെ തേടി“ എന്നീ രണ്ട് പുസ്തകങ്ങളും കൂടി  ചേർത്ത് പി. കുഞ്ഞിരാമൻ നായരുടെ  മൂന്ന് ആത്മകഥകളും ഒറ്റ പുസ്തകമാക്കിയാണ് ഡീ.സി. ഈ തവണ പ്രസിദ്ധീകരിച്ചത്. പേജ് 710. വില 650 രൂപാ.
മുന്തിരിപ്പഴം  വായിലിട്ടാൽ  പെട്ടെന്ന് അലിഞ്ഞ് അതിന്റെ രുചി ആസ്വദിക്കാൻ കഴിയുമെങ്കിലും കൽക്കണ്ടം ആസ്വദിക്കണമെങ്കിൽ അത് വായിലിട്ട് കടിച്ച് പൊട്ടിച്ച്  കുറേ ശ്രമം നടത്തണം; പക്ഷേ ആ രുചി, ആ മധുരം  അത് വിവരണാതീതമാണ്. “കവിയുടെ കാൽപ്പാടുകൾ“ കൽക്കണ്ടമാണ്.

അയഞ്ഞ് തൂങ്ങിയ  ജൂബായുടെ  ഒരു കീശയിൽ കപ്പലണ്ടിയും മറ്റേ കീശയിൽ കൽക്കണ്ട തുണ്ടുകളും പേറി  മലയാള നാട്ടിൽ  ഒരു അവധൂതനെ പോലെ അലഞ്ഞ് തിരിഞ്ഞ ഈ മനുഷ്യന്റെ  ആത്മകഥ ഒരു നോവൽ വായിക്കുന്നത് പോലെ  ആസ്വദിക്കാൻ കഴിയും. കവിത എഴുതുന്ന ആൾ ഗദ്യം എഴുതിയാൽ എങ്ങിനെ ഇരിക്കുമോ  അതാണ് ഈ പുസ്തകം. എന്തൊരു സൗന്ദര്യം വാക്കുകൾക്ക്.
സ്വന്തം അനുഭവങ്ങളാണ് വിഷയം.  അതിത്രക്ക് സത്യസന്ധമായി എഴുതിയ വേറൊരാൾ  ഉണ്ടാകുമോ എന്ന് സംശയം തോന്നി പോകുന്നു.
ആത്മ കഥ എന്നതിലുപരി ആത്മ വിമർശം എന്ന് പറയുന്നതാണ് ശരി.
തന്റെ  സ്വകാര്യതയെ പച്ചക്ക് വിവരിക്കുക, സുന്ദരമായ ഭാഷയിൽ.

സംബന്ധം ചെയ്തിട്ടില്ല എല്ലാം അസംബന്ധങ്ങളായിരുന്നു എന്ന് കവി പറയുന്നു, അതിന്റെ എണ്ണവും പറയുന്നു  .അങ്ങിനെഉള്ള ഒരാൾക്ക് പറ്റുന്ന അമളി എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കൂ....

” രാത്രി വണ്ടിയിറങ്ങി മുല്ലക്കലെത്തി....
ടീച്ചർ മണത്തറിഞ്ഞു, അചു എഴുത്തഛനെ തുണ കൂട്ടി  മുല്ലക്കലെത്തി..അകലെ നിന്ന് ആ വരവ് കണ്ട  രാജലക്ഷ്മി പറഞ്ഞു, ...ടീച്ചർ വരുന്നു.
ഓടിയിറങ്ങി  പടിക്കൽ പാടത്തെ പഴം പിടിച്ച നെല്ലിൽ  ഒളിച്ചിരുന്നു.മണ്ണട്ടകൾ കൂവി. കവി  നെല്ലറയിൽ....കവി നെല്ലറയിൽ...
ടീച്ചർ വീട്ടിൽക്കയറിയതക്കം നോക്കി  ...മംഗലത്ത് വീട്ടിലെത്തി  തിണ്ണയിൽ വേഷ്ടി മൂടി പുതച്ച്  കിടന്ന് കൂർക്കം വലിച്ചു.....
എട്ട് മാസം വയറ്റിലുള്ള ടീച്ചർ.....മഞ്ഞക്കിളിയായി പാറിക്കളിക്കുന്ന രാജലക്ഷ്മി...
അവർ കീരിയും പാമ്പുമായി ഒരുച്ച നേരത്ത്  പാടത്ത് വെച്ച് കടുത്ത വാക്സമരം  നടന്നു.
ടീച്ചർ താക്കീത് ചെയ്തു.ഇനി മുല്ലക്കൽ പടി കയറുന്ന  ദിവസം..ഇവിടെക്കേറി വരുമ്പോൾ  അമ്മുക്കുട്ടി ടീച്ചറുടെ ശവം  കാണാം.
പിന്നീട് മുല്ലക്കൽ  പടി കണ്ടില്ല....“

ആളറിയാതെ കവിയെ പോലീസ്  പിടിച്ച് സ്റ്റേഷനിൽ കൊണ്ട് പോയ അനുഭവം എത്ര രസകരമായി വർണിച്ച്  അവസാനം സബ് ഇൻസ്പക്ടർ  ആളെ മനസിലായി കഴിഞ്ഞപ്പോൾ  കവി എഴുതിയ പുസ്തകം പാഠ പുസ്തകമായി  പഠിച്ചാണ് താൻ ജയിച്ചത് എന്ന് പറഞ്ഞത് കേട്ട്  കവിയുടെ സ്വഗതം ഇങ്ങിനെ

”ഈ നാട്ടിലെ എഴുത്ത്കാരന്റെ നഗ്ന ചിത്രം കണ്ടില്ലേ..പുസ്തകം പഠിച്ച് ഉദ്യോഗത്തിൽ കയറിയവൻ  അധികാരക്കസേരയിൽ ഞെളിഞ്ഞിരിക്കുന്നു, ആ പുസ്തകം എഴുതിയവൻ  പുറത്ത് പൊട്ടിയ വെട്ടു കല്ലില്പറ്റിയിരിക്കുന്നു....“

പുസ്തകത്തിലുടനീളം പ്രകൃതി വർണന തന്നെയാണ്,  അതാണല്ലോ കവിയുടെ സവിശേഷതയും. ഒരു ചെറിയ ഉദാഹരണം.
“ദൂരെ  മരങ്ങൾക്കിടയിൽ അമിട്ട് പൊട്ടിത്തെറിച്ച വൃശ്ചിക മാസ സന്ധ്യ, പറക്കുന്ന വെള്ള കൊറ്റികൾ..വെണ്മേഘങ്ങൾ....താഴെ പച്ച വയൽ...തുരുത്തിൽ പഴയന്നൂർ അന്നപൂർണേശ്വരീ ക്ഷേത്രദീപം.....“

വായിച്ച് കഴിയുമ്പോൾ  മനസ്സ് നിറയെ വിവരിക്കാനാവാത്ത വികാര വിചാരങ്ങൾ....
ഈ പുസ്തകം  അമൂല്യമാണ് തീർച്ച.....

Sunday, July 28, 2019

ഒരു രാത്രി യാത്ര

കൊട്ടാരക്കരയിൽ നിന്നും ആറ്റിങ്ങൽ പോകുന്നതിനായി  കഴിഞ്ഞ ദിവസം  ഓയൂർ, നാവായിക്കുളം  റോഡ് തെരഞ്ഞെടുത്ത്  കാറിൽ യാത്ര ചെയ്യുകയായിരുന്നു.  നാഷണൽ ഹൈ വേയിലെ നാവായിക്കുളത്ത് എത്തുന്നതിന് മുമ്പ്  നിരത്തിന്റെ ഇരു വശങ്ങളും ഞാൻ  കൗതുകത്തോടെ ശ്രദ്ധിച്ചു. ബഹു നില കെട്ടിടങ്ങൾ, കടകൾ എപ്പോഴും വാഹനം കടന്ന് പോകുന്ന നിരത്ത് തുടങ്ങിയവ ആ ഗ്രാമ പ്രദേശത്തെ  നഗരത്തിന്റെ രൂപത്തിലാക്കി തീർത്തിരിക്കുന്നു.  ഒരു കാലത്ത് ആ നിരത്തും അതിന്റെ ഇരുവശങ്ങളും  വൃക്ഷങ്ങളാലും ചെറിയ കാട്ട് പൊന്തകളാലും പടർന്ന് പന്തലിച്ച് നിന്നിരുന്ന   പറങ്കിമാവിൻ കൂട്ടങ്ങളാലും  തീർത്തും വിജനമായിരുന്നു.  കടന്ന് പോയ കാലത്തിന്റെ  ഒരു രാത്രിയിൽ      ആ സ്ഥലത്ത് വെച്ച് എനിക്കുണ്ടായ അമളിയുടെ സ്മരണ എന്നിലേക്ക് ഒഴുകിയെത്തി.
ഉപജീവനത്തിനായി  അന്ന് ഞാൻ ആ പ്രദേശത്തുള്ള ഞാറയിൽക്കോണം എന്ന  ഭാഗത്ത്  ഒരു ഡിസ്പൻസറിയിൽ ജോചെയ്യുകയായിരുന്നുവല്ലോ.കുടവൂരിൽ ബന്ധു വീട്ടിൽ താമസവും.
 ഏതോ ആവശ്യത്തിനായി  കൊല്ലത്ത് പോയി തിരികെ വരുമ്പോൾ രാത്രി ഏറെ ആയി. പാരിപ്പള്ളിയും നാവായിക്കുളവും മറ്റും അന്ന്  അക്രമങ്ങൾക്കും  പിടിച്ച് പറിക്കും കുപ്രസിദ്ധി  നേടിയിരുന്ന കാലമായിരുന്നത്. രാത്രി നാഷണൽ ഹൈ വേയിൽ ബസ്സിറങ്ങി ഇട റോഡിലേക്ക് തിരിഞ്ഞ്, ഞാറയിൽ കോണം, പള്ളീക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടന്ന് തന്നെ പോകണം, ബസ്സ് ഉൾപ്പടെ വാഹനങ്ങളൊന്നുമില്ല. രാത്രിയിൽ അന്ധകാരത്തിന്റെ മറവിൽ പലപ്പോഴും പലരും ആക്രമണങ്ങൾക്ക് ഇരയായി എന്ന കഥകൾ ധാരാളം കേട്ടിരുന്നു.
കൊല്ലത്ത് നിന്നും ഞാൻ ഒരു എവറഡി  രണ്ട് ബാറ്ററിയുടെ  ടോർച്ച് വാങ്ങിയിരുന്നു.കനത്ത ഇരുട്ടിൽ വെട്ടമില്ലാതെ ഒരടി മുന്നിലേക്ക് പോകാൻ ആവില്ലാ എന്ന് എനിക്കറിയാം.
നാവായിക്കുളത്ത് ബസ്സിറങ്ങി ടോർച്ചും മിന്നിച്ച് ഇട റോഡിലേക്ക് തിരിഞ്ഞ് നടപ്പ് തുടങ്ങി. ഇന്ന് മണിമാളികകൾ നിൽക്കുന്ന സ്ഥലങ്ങളിൽ  അന്ന് തഴച്ച് വളർന്ന് നിന്നിരുന്ന  പറങ്കിമാവിന്റെ നിഴലുകൾ  ഇരുട്ടിൽ  വല്ലാതെ ഭയം ജനിപ്പിച്ചു. അന്തരീക്ഷത്തിലെ മൂകത  ഈ രാത്രിയിൽ  വരേണ്ടിയിരുന്നില്ല എന്ന് വരെ എന്റെ ഉള്ളിൽ തോന്നിച്ചു. പരിസരം എങ്ങും നിശ്ശബ്ദത! ദൂരെ    വിദൂരതയിൽ നായ്ക്കളുടെ ഓരിയിടൽ. എന്റെ കാലടികളുടെ ശബ്ദം വരെ എന്നെ  ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ നടപ്പിന് വേഗമേറി. അപ്പോൾ എനിക്ക് തോന്നി എന്റെ പുറകിൽ ആരോ നടന്ന് വരുന്നു എന്ന്. ടോർച്ച് മിന്നിക്കാതെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  ദൂരെ ഇരുട്ടത്ത് ഒരു കറുത്ത രൂപം  എന്റെ സമീപത്തേക്ക് വരുന്നു. ഞാൻ വേഗം കൂട്ടിയപ്പോൾ രൂപവും വേഗം കൂട്ടി. ഞാൻ ഓടിയപ്പോൾ രൂപവും ഓടി. ഞാൻ  പതുക്കെ ആയപ്പോൾ രൂപവും പതുക്കെ ആയി. എന്നെ കൊന്ന് കയ്യിലുള്ളത് തട്ടി എടുക്കാൻ വരുന്ന അക്രമിയാണ് അതെന്ന സംശയം ബലപ്പെട്ടപ്പോൾ ആ  സംശയം യഥാർത്ഥമായി തന്നെ അനുഭവപ്പെട്ട് തുടങ്ങി. ഭയം അധികരിക്കുമ്പോൾ മനുഷ്യൻ രണ്ടും കൽപ്പിച്ച്  പെരുമാറും. ഞാനും അത് തന്നെ ചെയ്തു. രൂപത്തിന്റെ നേരെ പാഞ്ഞ് ചെന്ന് ടോർച്ച് മിന്നിച്ചു അലറി.
“അ..ഹാരെടാ...അദ്ദ്....“
   മുഷിഞ്ഞ വേഷം ധരിച്ച കറുത്ത് മദ്ധ്യവയസ്കനായ ഒരാൾ. അയാൾ  ഭവ്യതയോടെ പറഞ്ഞു.
“ഒരു പാവം കുറവനാണേ സാറേ...കല്ലമ്പലത്ത് ജോലിക്ക് പോയി മടങ്ങിയപ്പോൾ നേരമിരുട്ടി...അപ്പോളാ സാറ് ടോർച്ചും മിന്നിച്ച് ഇരുട്ടത്തൂടെ വരുന്നത് കണ്ടത്.. കൂട്ടത്തിൽ പുറകേ നടന്നാൽ വെട്ടം കണ്ട് ഇഴജന്തുക്കളെ പേടിക്കാതെ കൂരയിൽ പോയിപറ്റാമെന്ന് കരുതി..സാറ് ഞാറയിൽക്കോണം ആശുപത്രിയിലെ സാറല്ലിയോ.....എനിക്കറിയാം സാറിനെ....“
ഞാൻ അയ്യടാ എന്നായി. ചളിപ്പ് മാറാനായി  ഞാൻ ചോദിച്ചു, “എന്നാൽ  പിന്നെ എന്റെ ഒപ്പം നടന്നൂ ടായിരുന്നോ “
“അയ്യോ! അത് വേണ്ടേ...ഞാൻ പുറകേ നടന്നോളാമേ......“ അയാളുടെ ശബ്ദത്തിൽ ബഹുമാനം നിറഞ്ഞ് നിന്നു.
ഏറെ വർഷങ്ങൾക്ക് ശേഷം അന്നത്തേതിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ച   ഈ വഴിയിലൂടെ കാറിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ   ആ രാത്രിയിലെ ഇരുട്ടിലെ യാത്രയും ഭയം കൊണ്ട് വിറച്ച ഞാൻ  ആ പാവം മനുഷ്യന്റെ നേരെ പാഞ്ഞ് ചെന്ന് അയാളെ വിരട്ടിയതും ഓർത്തപ്പോൾ  ഇപ്പോഴും എന്റെ ഉള്ളിൽ  ചിരി  പതഞ്ഞ് പൊന്തി.

Wednesday, July 24, 2019

സത്യസന്ധത

ഭാരതീയ സംസ്കാരം സത്യത്തിന്  അതി മഹനീയമായ സ്ഥാനമാണ് നൽകിയിരിക്കുന്നതെന്ന് ചരിത്രങ്ങളും പുരാണങ്ങളും പറയുന്നു.
ഭീഷ്മർ തന്റെ പിതാവിനോട് ചെയ്ത സത്യം പാലിക്കാൻ ജീവിതകാലം മുഴുവൻ വിഭാര്യനായി കഴിഞ്ഞ് കൂടി.
ഹരിഛന്ദ്ര മഹാരാജാവ്  സത്യപാലനത്തിനായി അവസാനം  ചുടുകാട് കാവൽക്കാരൻ വരെ ആയി.
സത്യപാലനം ജീവിത വൃതമായി കണക്കാക്കുന്നവരായിരുന്നു ഭരണാധിപന്മാർ. അതായിരുന്നു ഭാരത സംസ്കാരം. സത്യം ചെയ്താൽ അത് പാലിക്കുക എന്നത്  അവരുടെ കടമ ആയിരുന്നു.
രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി  ജീവിതം തന്നെ സത്യാന്വേഷണമായി കണക്കിലെടുത്ത് ജീവിച്ചു.
ആധുനിക കാലത്ത് കോടതിയിൽ സാക്ഷി മൊഴികൾ  ആരംഭിക്കുന്നത്, സാക്ഷിയെ കൊണ്ട് സത്യം ചെയ്യിച്ചതിന് ശേഷം മാത്രമാണ്
കൂട്ടിൽ നിൽക്കുന്ന സാക്ഷിയെ  “ ദൈവം സാക്ഷിയായി കോടതി മുമ്പാകെ സത്യം ബോധിപ്പിച്ച് കൊള്ളാം സത്യമല്ലാതെ മറ്റൊന്നും ബോധിപ്പിക്കില്ല. സത്യം സത്യ സത്യം“ എന്നിങ്ങനെ സത്യം ചെയ്യിപ്പിക്കുന്നു.
അധികാര സ്ഥാപനങ്ങളിൽ  സത്യവാങ്മൂലം(അഫിഡവിറ്റ്)  തയാറാക്കി  നൽകുമ്പോൾ അതിന്റെ അവസാനഭാഗം മുകളിലെഴുതിയതെല്ലാം എന്റെ അറിവിലും വിശ്വാസത്തിലും സത്യമെന്ന് ഉറപ്പ് വരുത്തുന്നു, സത്യം സത്യം സത്യം എന്ന്  രേഖപ്പെടുത്തുകയും ആ സത്യം അധികാരപ്പെട്ടവർ സാക്ഷ്യപ്പെടുത്തുകയും വേണം.
സത്യപാലനത്തിന്റെയും സത്യം ചെയ്യലിന്റെയും പ്രാമുഖ്യവും  ആദരവും      ഭാരതീയ സംസ്കാരത്തിൽ എത്രത്തോളം ഉയർന്ന് നിൽക്കുന്നു എന്ന് കാണീക്കാനാണ് ഈ ഉദാഹരണങ്ങൾ  എടുത്ത് പറഞ്ഞത്.
നാട് പരിപാലിക്കാനായി  ഭരണത്തിലേറുന്ന  മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്താണ്  അവരുടെ  ചുമതല ഏൽക്കുന്നത്. പ്രജകളെ  സമന്മാരായി കണ്ട്  സ്വജനപക്ഷം കാണിക്കാതെ അഴിമതി കാട്ടാതെ ഇന്ത്യൻ ഭരണഘടന അനുസരിച്ച്  ഭരണം നടത്തിക്കൊള്ളാമെന്ന് അവർ സത്യം ചെയ്യുന്നു.
ജനപ്രതിനിധികളും സത്യം ചെയ്യുന്നു.
ആ സത്യത്തിന് എന്തെങ്കിലും വില കൽപ്പിക്കുന്നെങ്കിൽ  തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുടെ  അഭീഷ്ടത്തിനെതിരായി കോടികൾ വാങ്ങി  എതിർഭാഗത്തേക്ക് കാല് മാറുന്നത്  ഏത് സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അവരെ ചാക്കിട്ട് പിടിച്ച് ഭരണത്തിലേറാൻ ശ്രമിക്കുന്നവർ ഏത് സംസ്കാരത്തെപറ്റി ഉദ്ഘോഷിച്ചാണ് തങ്ങളുടെ രാഷ്ട്രീയ പാർട്ടിയെ പറ്റി മാലോകരെ  പരിചയപ്പെടുത്തുന്നത്.
 അസത്യത്തിന്റെ കൂരിരുട്ട് ഭാരതത്തിൽ നിറഞ്ഞിരിക്കുന്ന ഈ ദിവസങ്ങളിൽ സത്യത്തെ കൊന്ന് കുഴിച്ച് മൂടിക്കഴിഞ്ഞിരിക്കുന്നു.

Saturday, July 20, 2019

അസുമാ താത്തായുടെ പറമ്പിലെ കുളം

 
ആ വർഷകാലത്തെ ദിവസങ്ങളിലെല്ലാം  കനത്ത മഴയായിരുന്നു. കർക്കിടകം തകർത്ത് പെയ്തു. കരിമേഘം കൊണ്ട്  പകൽ കറുത്തിരുണ്ടപ്പോൾ  രാത്രി കുറ്റാകുറ്റിരുട്ടായി.
ഗതകാലത്തിലെ  ആ കറുത്ത രാത്രിയിൽ ഞങ്ങളുടെ വീടിന് സമീപം നിന്ന് അസുമാ താത്തായുടെ വിളി ഉയർന്നു.. 
“സുഹറായേ!  എടീ സുഹറായേ.....“
 രാത്രിയിലെ ആ വിളി കേട്ട് എന്റെ ഉമ്മാ സുഹറാ പുറത്തിറങ്ങി. മൂന്ന്  നാല് വീട് അപ്പുറത്ത് താമസിക്കുന്ന  അസുമാ താത്താ ഞങ്ങളുടെ ബന്ധുവും കൂടിയാണ്.
“നിന്റെ മോന് എന്തിന്റെ സൂക്കേടാ,  അവനെ പിടിച്ച് നീ പെണ്ണ് കെട്ടിക്ക് “
അസുമാ താത്താ  ഉറക്കെ പറഞ്ഞു.
“എന്താ താത്താ  അവൻ എന്ത് ചെയ്തു...?“
പന്ത്രണ്ട് വയസ്സ്കാരനായ എന്നെ പിടിച്ച്   പെണ്ണ് കെട്ടിക്കാൻ ഈ രാത്രിയിൽ ശുപാർശ ചെയ്യുന്നതിന്റെ ഗുട്ടൻസ് അറിയാതെ ഉമ്മ പരുങ്ങിയപ്പോൾ അസുമാ താത്താ പറഞ്ഞു.
“ ഈ രാത്രിയിൽ  മനുഷേര് ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടിക്കിടന്ന്  ഉറങ്ങാൻ തരം നോക്കുന്ന നേരം  അവനും കൂട്ടുകാരും കൂടി കുളത്തിൽ ചാടി കുളിക്കുന്നത് എന്ത് സൂക്കേടാടീ.. വെള്ളത്തിലെ ബഹളം കേട്ട് ഞങ്ങളെല്ലാം പേടിച്ച് ഹലാക്കായി ചെന്ന് നോക്കിയപ്പോൾ എല്ലാവനും കൂടി കുളത്തിൽ തകർത്ത് വാരുന്നു....“
ഇതെല്ലാം കേട്ട്  ഞാൻ  വീടിനടുത്ത പൂവരശ് മരത്തിന്റെ ചുവട്ടിൽ ഒളിച്ച് നിൽക്കുകയായിരുന്നു. അസുമാ താത്താ  പോയതിന് ശേഷം വീട്ടിൽ കടന്ന് ചെന്ന എനിക്ക് വാപ്പായുടെ വക   അടി ശരിക്ക് കിട്ടിയത് ബാക്കി ചരിത്രം.
എന്തിനാണ് ഞങ്ങൾ കുളത്തിൽ ചാടിയത്.
പകൽ ആ കുളത്തിൽ ചാടാനോ  തകർത്ത് വാരാനോ അസുമാ താത്താ സമ്മതിക്കില്ല. കുളം കാണുമ്പോൾ ആവേശം പൊന്തി വരും, ചാടാൻ, നീന്തി തുടിക്കാൻ പക്ഷേ ആ സ്ത്രീ സമ്മതിക്കില്ല. എങ്കിൽ രാത്രി ആരുമറിയാതെ  കുളത്തിൽ ഇറങ്ങി തകർത്ത് വാരാമെന്ന് കരുതി. കൂട്ടുകാരും ബന്ധുക്കളുമായ റഷീദും ഗഫൂറും അബ്ദുൽ സലാമും കൂടി ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു ഈ രാത്രി കുളി. പക്ഷേ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ  ആവേശം  അതിര് വിട്ടു. പിന്നെ ബഹളമായി. കുളത്തിന്റെ നാല് പക്കത്തുള്ളവർ വിരണ്ടു. കുളത്തിൽ രാത്രി കുട്ടിച്ചാത്തൻ ഇറങ്ങിയോ?!
അസുമാ താത്താ മണ്ണെണ്ണ വിളക്കും കത്തിച്ച് കുളത്തിലേക്ക് വന്നപ്പോൾ ഞങ്ങൾ പാഞ്ഞൊളിച്ചു. എന്നെ അവർ തിരിച്ചറിഞ്ഞിരുന്നു, അതാണ് രാത്രിയിൽ തന്നെ ഉമ്മായെ വിളിച്ച്പരാതി പറഞ്ഞതിന്റെയും ഈ പന്ത്രണ്ട് വയസ്സുകാരനെ  പെണ്ണ് കെട്ടിക്കാൻ ശുപാർശ ചെയ്തതിന്റെയും കാരണം.
മഴക്കാലം അത്രക്ക്  സന്തോഷമാണ് ഞങ്ങൾക്ക് തന്നിരുന്നത്. ആലപ്പുഴയിൽ  വട്ടപ്പള്ളി ഭാഗത്ത് ഓരോ പറമ്പിലും അന്ന്  ഓരോ കുളമുണ്ടായിരുന്നു. ആ കുളങ്ങളെല്ലാം  പറമ്പിന്റെ ഉടമസ്ഥരുടെ പേരിൽ അറിയപ്പെട്ടു. അസുമാത്തായുടെ കുളം, മീരാമ്മാത്തായുടെ കുളം, അക്കായുടെ കുളം, ചൊന്നാര് മാമായുടെ കുളം, കാർത്യായിനിയുടെ കുളം..അങ്ങിനെ പോകുന്നു, കുളങ്ങളുടെ പേരുകൾ.  മഴ വരുമ്പോൾ ഈ കുളങ്ങൾ നിറയും . ഉടമസ്ഥർ കാണാതെ അതിൽ ഇറങ്ങി  പതച്ച് നീന്തുക, ചൂണ്ട ഇട്ട് മീൻ പിടിക്കുക, ഉടമസ്ഥർ  പാഞ്ഞ് വരുമ്പോൾ അവരെ കളിയാക്കി ഓടുക, ഇതെല്ലാം വർഷകാലത്തെ ഞങ്ങളുടെ സ്പഷ്യൽ പരിപാടികളായിരുന്നല്ലോ. മഴക്കാർ  മാനത്ത് കാണുമ്പോൾ  മയിലുകൾ മാത്രമല്ല ഞങ്ങളും ആനന്ദ നൃത്തം ചെയ്തിരുന്നു.
കാലം ചെന്നപ്പോൾ കുളങ്ങളെല്ലാം മണ്ണിട്ട് നികത്തി  വീടുകളായി. വർഷങ്ങൾക്ക് മുമ്പ്  ഒരിക്കൽ വട്ടപ്പള്ളിയിൽ പോയപ്പോൾ  അന്നത്തെ രാത്രിയുടെ ഓർമ്മക്ക്  അസുമാ താത്തായുടെ കുളം കാണാൻ ഞാൻ പോയി. അവിടെ ഒരു പുതിയ കെട്ടിടം നിൽക്കുന്നു. പണ്ടവിടെ  ഒരു കുളം ഉണ്ടായിരുന്നെന്നും ഈയുള്ളവനും കൂട്ടുകാരും കൂടി രാത്രി സമയത്ത് കുളത്തിലിറങ്ങി ആൾക്കാരെ വിരട്ടിയെന്നും ഉള്ള കഥകൾ   ഒന്നുമറിയാതെ ആ വീട്ടിൽ അടുത്ത തലമുറ സുഖമായി കഴിയുന്നു. എല്ലാ കുളങ്ങളും  മണ്ണിട്ട് നികത്തി വീടുകളായി  പരിണമിച്ചിരിക്കുന്നു.
 ഇന്ന് അസുമാ താത്തയുമില്ല, അന്നത്തെ  ബാല്യകാല സുഹൃത്തുക്കൾ ആരുമില്ല., ഇന്നത്തെ തലമുറക്ക്  ചൂണ്ടയുമില്ല, ബാല്യകാല സൗഹൃദങ്ങളും കുസൃതികളും ഇല്ല, എല്ലാം മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈലിൽ തലകുനിച്ചിരുന്നു തോണ്ടുന്ന ഇന്നത്തെ കുട്ടിക്ക് എന്ത് കർക്കിടകം എന്ത് ഇടവപ്പാതി.
പകൽ വെളിച്ചം അൽപ്പം പോലുമില്ലാതെ കറുത്തിരുണ്ട ഇന്നത്തെ ഈ കർക്കിടക സായാഹ്നത്തിൽ ദൂരെ കുന്നുകൾക്ക് മീതെ മഴ ആർത്ത് പെയ്തു കൊണ്ടിരിക്കുന്നത് നോക്കി ഇരുന്നപ്പോൾ ഒരു ചൂണ്ട കിട്ടിയിരുന്നെങ്കിൽ  ഏതെങ്കിലും കുളത്തിലോ തോടിലോ ചാടി പതച്ച് നീന്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.

Wednesday, July 17, 2019

സിനാനും പാട്ടും

ഞങ്ങളുടെ സിനാൻ (എന്റെ ചിന്നൻ) അവന് എട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു. സംസാരിക്കാനും സ്വയം നടക്കാനും കഴിയാത്ത  ഈ കുഞ്ഞ്  കഴിഞ്ഞ ദിവസം  എന്നെ അതിശയപ്പെടുത്തിക്കൊണ്ട് “ പ്രിയമുള്ളവനേ..പ്രിയമുള്ളവനേ...“(എന്ന് സ്വന്തം മൊയ്തീൻ) എന്ന പാട്ടിനൊപ്പം  മൂളിക്കൊണ്ടിരുന്നു. ആദ്യമായാണ് അങ്ങിനെ ഒരു പ്രതികരണം അവനിൽ നിന്നും ഞാൻ കാണുന്നത്.
ഒരു കൊതുക് കടിച്ച് ചോര ഊറ്റിക്കൊണ്ടിരുന്നാൽ പോലും അത് പ്രതികരണത്തിലൂടെ പ്രകടിപ്പിക്കാൻ സാധിക്കാത്ത കുഞ്ഞ്  പാട്ട് കേട്ട്  അതിനോടൊപ്പം മൂളിക്കൊണ്ട്       ആ പാട്ടിനോട്  അഭിനിവേശം കാണിച്ചപ്പോൾ മനസ്സിൽ ആഹ്ളാദം ഉണ്ടായത് അത് കൊണ്ടാണ്.
  അവന് പ്രിയതരമായ ഗാനങ്ങൾ അവന്റെ മാതാപിതാക്കൾ ഒരു മൊബൈലിൽ ഉള്ളടക്കം  ചെയ്ത് വെച്ചിരിക്കുമായിരുന്നല്ലോ.
 പാട്ടുകൾ വളരെ ചെറുപ്പം മുതലേ അവന് പ്രാണനാണ്. പക്ഷേ എല്ലാ പാട്ടുകളുമില്ല.  അതിലും ഞങ്ങളെ അതിശയിപ്പിക്കുന്ന ഒരു വസ്തുത ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് റ്റിവിയിൽ റഫിയുടെ പഴയ പാട്ട് “ദുനിയാ കേ രഘ് വാലേ“ പാടിക്കൊണ്ടിരുന്നപ്പോൾ  കരഞ്ഞ് കൊണ്ടിരുന്ന അവൻ ശാന്തനായി.  തുടർന്ന് പലപ്പോഴും  അവൻ കരയുമ്പോൾ ഈ പാട്ട് കേൾപ്പിക്കും, അവൻ കരച്ചിൽ നിർത്തുകയും ചെയ്യും.വീണ്ടും  റഫിയുടെ തന്നെ പഴയ പാട്ടുകൾ  കേൾപ്പിക്കാൻ തുടങ്ങി, അതിനെല്ലാം അവന്റെ പ്രതികരണം ആശാവഹമായിരുന്നു. പിന്നീട് പല പാട്ടുകളും പരീക്ഷിച്ചതിൽ  മലയാള സിനിമയിലെ ശാസ്ത്രീയ ഗാനങ്ങൾ  അവനെ വല്ലാതെ സ്വാധീനിക്കുന്നതായി ഞങ്ങൾ തിരിച്ചറിഞ്ഞു. അങ്ങിനെ അവന് വേണ്ടിയുള്ള മൊബൈലിൽ  “നഗുമോ“, “സംഗീതമേ അമര സല്ലാപമേ“ , പ്രവാഹമേ, ഗംഗാ പ്രവാഹമേ“, ദേവസഭാതലം രാഗിലമാകുവാൻ “ ഭരതത്തിലെ ഗാനങ്ങൾ തുടങ്ങിയവ  സ്ഥാനം പിടിച്ചു.  ഇപ്പോൾ അവന്  ഈ ഇനത്തിലുള്ള ഗാനങ്ങൾ പ്രാണവായു പോലെയാണ്. അവൻ ആ ഗാനങ്ങൾ കേട്ട്  സമയം ചെലവഴിക്കുന്നു. എന്നാൽ ഈ വർഗത്തിൽ പെടാത്തതും മോഡേൺ അടിപൊളി പാട്ടുകളും അവന് ഇഷ്ടമില്ലാ എന്ന് മാത്രമല്ല,  അത് കേൾക്കുമ്പോൾ തലചൊറിയുകയും തല തിരിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.പക്ഷേ അവന് ഹിതകരമായ പാട്ട് കേൾക്കുമ്പോൾ തലയാട്ടുകയും കൈ കൊട്ടുകയും ചെയ്യുമായിരുന്നു. പാട്ടിനൊപ്പം കൂടെ പാടാൻ അവൻ കഠിനമായി ശ്രമിക്കുമ്പോഴും അവന് അത് സാധ്യമല്ലാതെ വരുമായിരുന്നല്ലോ. ആ അവസ്തയിലാണ്  പാട്ടിനോട് ഒപ്പത്തിനുള്ള അവന്റെ  ഈ “മൂളൽ പ്രതികരണം“ ആഹ്ളാദകരമാകുന്നത്.
പ്രസവ ശേഷം  മെഡിക്കൽ നെഗ്ളിജൻസ് മൂലം ഇങ്ക്വിബേറ്ററിൽ വെച്ച്  തലച്ചോറിലെ രക്തക്കുഴലുകൾക്ക് ഡാമേജ് ഉണ്ടായി തുടർന്ന് ഫിറ്റ്സ് ഉണ്ടാവുകയും ചെയ്ത അവൻ  അന്നു മുതൽ ചികിൽസയിലാണ്. സുപ്രസിദ്ധ ന്യൂറോളജിസ്റ്റ്  മാർത്താണ്ഡൻ പിള്ളയാണ് അന്നു മുതൽ അവനെ ചികിൽസിക്കുന്നത്. അവൻ ഓട്ടിസം, സെറിബൽ പൾസി തുടങ്ങിയ ഒരു രോഗവുമില്ല, തലച്ചോറിന് ഹാനി വന്നിടത്തുള്ള  ഭാഗം പ്രവർത്തനം ശരിയാകുന്നില്ല. അതാണ് അവൻ സംസാരിക്കാത്തത്.ഫിസിയോ തെറാപ്പിയും നടക്കുന്നു.
സിനാന് പാട്ട് കേൾക്കുക മാത്രമാണ് ഹോബി, മറ്റൊന്നും അവനറിയില്ല.
സംഗീത ചികിൽസയെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ചില രാഗങ്ങൾ മനുഷ്യ മനസ്സിനെ സ്വാധീനിക്കും എന്നും വായിച്ചിട്ടുണ്ട്. പക്ഷേ അതിനെ പറ്റി കൂടുതൽ അറിവ് എനിക്കില്ല.  ഈ കാര്യത്തിൽ അറിവുള്ളവരിൽ നിന്നും കൂടുതൽ വിവരം ലഭിക്കാനും  മറ്റുള്ളവരുടെ പ്രാർത്ഥനകൾക്കും വേണ്ടിയാണ് ഈ കുറിപ്പുകൾ.

Friday, July 12, 2019

മുസ്ലിം പാനി ഹിന്ദു പാനി

ആലപ്പുഴ കറുത്തകാളി  പാലത്തിന് വടക്ക് വശമുള്ള മലയാ ബെയിൽസ്  ആൻട് പ്രസ്സിംഗ് ഫാക്ടറിയിൽ  കോണ്ട്രാക്ടറുടെ സഹായി  ആയി ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന കാലം.
 വിദേശത്തേക്ക് കയറ്റി അയക്കാനുള്ള കയർ  ഹൈഡ്രോളിക്ക്  പ്രസ്സിലൂടെ  ഇരുമ്പ് പട്ട ഉപയോഗിച്ച്  വരിഞ്ഞ് കെട്ടി ബെയിൽ ആക്കി മാറ്റുന്ന ജോലിയാണ്  ആ ഫാക്ടറിയിൽ നടന്ന് വന്നത്.
ഉത്തരേന്ത്യക്കാരായ ജീവനക്കാരായിരുന്നു  ഹൈഡ്രോളിക്ക്  പ്രസ്സിന്റെ മോട്ടോറും മറ്റും കൈകാര്യം ചെയ്തിരുന്നത്. മറ്റ് ജോലികൾ നാട്ടുകാരായ തൊഴിലാളികളും.
മീനമാസത്തിലെ ഒരു മദ്ധ്യാഹ്നം. ദാഹിച്ച് വലഞ്ഞ ഞാൻ  പ്രസ്സിൽ മുകൾ നില ഭാഗത്ത് മൂലയിൽ തൊഴിലാളികൾക്ക് കുടിക്കാനായി സൂക്ഷിച്ചിരുന്ന മൺ കലത്തിലെ തണുത്ത വെള്ളം ഒരു ഗ്ളാസ്സ്   എടുക്കാനായി  കുനിഞ്ഞതും ലത്തീഫ് ഖാൻ  പാഞ്ഞ് വന്ന്  എന്റെ കയ്യിൽ പിടിച്ചു.
“ആപ് ക്യാ കർതേ ഹോ“!!! ഞാൻ എന്ത് ചെയ്യാൻ പോകുന്നെന്ന്  അയാൾ തിടുക്കപ്പെട്ട് ചോദിച്ചു.
ലത്തീഫ് ഖാൻ വൃദ്ധനായ ബീഹാറിയാണ്. 1948 ലെ വിഭജന കാലത്ത് കിഴക്കൻ പാക്കിസ്ഥാനിലേക്ക് പോകാതെ  നാട്ടിൽ തന്നെ  വാസമുറപ്പിച്ച  ധാരാളം മുസ്ലിംകളിൽ ഒരാൾ. ഇവിടെ പ്രസ്സിന്റെ  മെഷീൻ പ്രവർത്തനത്തിന് മേൽ നോട്ടം വഹിക്കാനായി  കൽക്കട്ടാ സ്വദേശിയായ മുതലാളി പ്രത്യേക താൽപ്പര്യമെടുത്ത്  വൃദ്ധനെ അവിടെ നില നിർത്തിയിരിക്കുകയാണ്. എല്ലാവരും  ചാച്ചാ  എന്നാണ് മൂപ്പിലാനെ വിളിച്ചിരുന്നത്. ലഹളക്കാലത്ത് അയാൾ  പല സംഘർഷത്തിലും പെട്ടിട്ടുണ്ടെന്നും  പലപ്പോഴും വധോദ്യമത്തിൽ നിന്നും രക്ഷ പെട്ടിട്ടുണ്ടെന്നും  സഹപ്രവർത്തകർ  പറഞ്ഞ് ഞാൻ അറിഞ്ഞിട്ടുണ്ട്.
വെള്ളം കുടിക്കാൻ പോയ എന്നെ മൂപ്പിലാൻ എന്തിനാണ് തടഞ്ഞതെന്ന് മനസ്സിലാകാതെ നിന്നപ്പോൾ   അയാൾ എന്നെ കൈക്ക് പിടിച്ച് വലിച്ച് മെഷീൻ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെയിരുന്ന മൺകലത്തിലെ വെള്ളം ചൂണ്ടിക്കാണിച്ചിട്ട് ഹിന്ദിയിൽ  പറഞ്ഞു. “ഇത് കുടിക്ക്, ഇത് നമ്മുടെ വെള്ളമാണ്, അത് അവരുടെ വെള്ളമാണ്“ ഞാൻ അത് കേട്ടപ്പോൾ ചിരിച്ച് പോയി. ആ ഫാക്ടറിയിലെ  വാസുവും ദിവാകരനും പൈലിയും  തങ്കച്ചനും  മറ്റും എന്നെ കുഞ്ഞനിയനെ പോലെ കരുതിയാണ് അവിടെ പെരുമാറുന്നത്. അവർ കൊണ്ട് വരുന്ന ആഹാരം എനിക്ക് തരും, എന്റേത് അവർക്കും കൊടുക്കും. യാതൊരു ജാതി വ്യത്യാസവുമില്ലാതെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞ് പോരുന്നത്.
ചാച്ചായോട് ഇതെല്ലാം പറഞ്ഞിട്ടും  ഈ നാട്ടിലെ  സൗഹാർദ്ദം  ഓരോന്നും എടുത്ത് ചൂണ്ടി  കാണിച്ചിട്ടും കിഴവന്  അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചാച്ചാ അപ്പോഴും പറഞ്ഞത് അവരെല്ലാം ഹറാമികളാണെന്നാണ്. അവരുടെ  വെള്ളം എന്നെ പോലുള്ളവർ കുടിക്കരുത്. അവർക്ക് അവരുടെ വെള്ളം നമുക്ക് നമ്മുടെ വെള്ളം. ബീഹാറിൽ ഇങ്ങിനെയാണോ പതിവ് എന്ന് ചോദിച്ചപ്പോൾ  യൂ.പി.യിലും  മദ്ധ്യപ്രദേശിലും  ഉത്തരേന്ത്യയിൽ എല്ലായിടത്തും ഇത് തന്നെ അവസ്ഥ എന്ന് ഞങ്ങളുടെ സംഭാഷണം കേട്ട് കൊണ്ടിരുന്ന കരീം ഭായി പറഞ്ഞു.
ഈ നാട്ടിലെ  ഓരോ മനുഷ്യരുമായി  സ്വന്തമെന്ന വണ്ണം ഇടപഴകിയിരുന്ന      17 വയസ്സുകാരനായ ഞാൻ  അത് കേട്ട് കണ്ണ് മിഴിച്ച് നിന്നു.
വിഭജനത്തിന്റെ മുറിവ്കൾ ഏറ്റ് വാങ്ങിയിരുന്ന  ഉത്തരേന്ത്യൻ ജനതക്ക് ഒരിക്കലും ആ മുറിവ് പരിപൂർണമായി മറക്കാൻ സാധിച്ചിരുന്നില്ല. മനസ്സിൽ പരസ്പരം ശത്രുക്കളായി അവർ ജീവിച്ച് വന്നു. ഇതിൽ നിന്നും വിഭജനത്തിന്റെ അലയൊലികൾ വലിയ രീതിയിൽ ബാധിക്കാത്ത നമ്മുടെ നാട്  സ്വർഗം തന്നെയാണല്ലോ എന്ന് ഞാൻ  വിചാരിക്കുകയും ചെയ്തു.
കാലം കടന്ന് പോയപ്പോൾ  മലയാ ബെയിൽസ് അടച്ച് പൂട്ടിയെന്നും ഉത്തരേന്ത്യക്കാർ അവരുടെ നാട്ടിലേക്ക് തിരികെ പോയി എന്നും ഞാനറിഞ്ഞു. ഇന്ന് കറുത്തകാളി പാലത്തിന്റെ വടക്ക് വശം ആ പ്രസ്സ് നിന്ന സ്ഥലം കാട് പിടിച്ച്  കിടക്കുന്നുണ്ട്.
അടുത്ത കാലത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ പത്രങ്ങളിൽ വായിക്കുമ്പോൾ അൽപ്പം പോലും അതിശയം എനിക്കതിൽ തോന്നിയില്ല. വിഭജനകാലത്ത് സർവതും നഷ്ടപ്പെട്ട് പാക്കിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ഇവിടെയെത്തിയ ജനത തങ്ങൾ അനുഭവിച്ച ദുരിതത്തിനെ തുടർന്നുണ്ടായ  കലാപ വെറി തലമുറകളിലേക്ക് പകർന്ന് വെച്ചു.
പലപ്പോഴും അപവാദങ്ങൾ ഉണ്ടായെങ്കിലും  ആ തീ ആളിക്കത്താതെ അന്നത്തെ ഭരണകൂടം  അണച്ച് കൊണ്ടിരുന്നു.
 മനസ്സിൽ പകയുമായി നടക്കുന്നവർക്ക് ഇപ്പോൾ അനുകൂലമായ ഭരണം വന്നപ്പോൾ ആ അഗ്നി യാതൊരു തടസ്സവുമില്ലാതെ ആളിക്കത്തുന്നു എന്ന് മാത്രം. അതിന്റെ പ്രതിഫലനമാണ് നാമിപ്പോൾ കാണുന്നത്.

Tuesday, July 9, 2019

ഇന്ദ്രൻസിന്റെ അഭിമുഖം

സിനിമാ നടൻ ഇന്ദ്രൻസുമായുള്ള ഒരു അഭിമുഖം  കഴിഞ്ഞ ദിവസം കാണാനിടയായി. അദ്ദേഹത്തിന്റെ സംസാരത്തിലും   ശരീര ഭാഷയിലും കണ്ട വിനയവും എളിമയും  വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ   ആദ്യമായി കണ്ട ഓർമ്മയിലേക്ക് എന്നെ നയിച്ചു.
 ആ സംഭവത്തിലേക്ക് എത്തിചേരുന്നതിന് മുമ്പ്  സിനിമാ ലോകത്തെ ധാർഷ്ഠ്യതയെ കുറിച്ച്  അൽപ്പം പറയാതെ വയ്യ. ഈ ലോകം മുഴുവൻ സിനിമാ  ലോകത്തെ  അനുസരിക്കണമെന്നും  അവരെ കഴിഞ്ഞിട്ടേ ഈ ലോകത്ത് മറ്റെല്ലാമുള്ളൂ എന്നാണ് ചില സിനിമാ ജീവികളുടെ ഭാവവും പെരുമാറ്റവും.
സിനിമയിൽ അഭിനയിച്ചു എന്ന ഒരൊറ്റ കാരണത്താൽ  വീട് നശിപ്പിക്കപ്പെടുകയും  രാത്രിയുടെ ഇരുളിൽ  ജീവരക്ഷാർത്ഥം പരക്കം പാഞ്ഞ് ഒരു ലോറി ഡ്രൈവറുടെ കാരുണ്യത്താൽ  നാഗർകോവിലിലേക്ക് രക്ഷപെടുകയും ശിഷ്ട ജീവിതം  അവിടെ തന്നെ കഴിച്ച് കൂട്ടി  ആദ്യ മലയാള സിനിമാ നടിയെന്ന നിലയിൽ പിൽക്കാലത്ത്താൻ ആ‍ദരിക്കപ്പെട്ടു എന്ന സത്യം അറിയാതെ  കാലയവനികക്കപ്പുറം മറഞ്ഞ റോസിയുടെ  ചരിത്രം മുമ്പ് ഞാൻ ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു എന്നത് മാത്രമായിരുന്നു റോസിയുടെ കുറ്റം.
ആ കാലവും ആ സമൂഹവും കടന്ന് പോയി ഇന്നത്തെ കാലത്ത് ജനങ്ങളാൽ ഏറ്റവും ആദരിക്കപ്പെടുന്നത് തങ്ങളാണെന്ന തിരിച്ചറിവ് റോസിയുടെ പിൻ ഗാമികളായ ഇന്നത്തെ സിനിമാ താരങ്ങളിൽ ഭൂരിഭാഗം പേരെയും ധാർഷ്ഠ്യത്തിന്റെ ആൾരൂപമാക്കി മാറ്റിയിരിക്കുന്നു.
താൻ കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിൽക്കണമെന്ന്  നിർബന്ധമുള്ള ഒരു മെഗാ സ്റ്റാർ ഇപ്പോഴും  ഫീൽഡിലുണ്ട്. ആരോടും അഹങ്കാരത്തോടെ പെരുമാറുക എന്ന ധാർഷ്ഠ്യതയാണ് അയാളുടെ മുഖമുദ്ര.
മുമ്പും ഈ മാതിരി  പെരുമാറ്റം  സിനിമാ ലോകത്ത് പലർക്കുമുണ്ടായിരുന്നു. പുന്നപ്ര-വയലാർ കാലഘട്ടത്തിന് മുമ്പ് നടന്ന  സമരങ്ങളിൽ  പിടിക്കപ്പെട്ട് പോലീസ് സ്റ്റേഷനിൽ വരുന്ന പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി  തല്ലി ചതക്കുന്ന ഒരു ഇൻസ്പക്ടർ  പിൽക്കാലത്ത് സിനിമാ നടനായി  മലയാള വെള്ളീത്തിരയിൽ വന്നു. അന്നു അയാളുടെ  ധാർഷ്ഠ്യത കുപ്രസിദ്ധമായിരുന്നു. പാലാട്ട് കോമൻ എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ  ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് കാണാൻ ചെന്ന വിദ്യാർത്ഥികളായ ഈയുള്ളവൻ ഉൾപ്പടെയുള്ള കുട്ടികളെ പച്ചത്തെറി വിളിച്ച് ഓടിച്ച  ഓർമ്മ ഇന്നും മനസിലുണ്ട്.
കൗമാരത്തിന്റെ  എടുത്ത് ചാട്ടത്തിൽ സിനിമയിൽ അഭിനയിക്കാൻ  പോയ എനിക്ക് കിട്ടിയ  ക്യാമറാ കെട്ടിവലി ജോലിയും “ബോയ് “ ഡ്യൂട്ടിയും  അന്നത്തെ ഏറ്റവും വലിയ ധാർഷ്ഠ്യക്കാരനായ  സിനിമാ നടനായ വില്ലന്റെ വില്ലത്തരം നേരിൽ അനുഭവിക്കാൻ യോഗമുണ്ടാക്കി.
അന്നും വിനയത്തിന്റെ ആൾരൂപമായ അപൂർവം ചില നടന്മാർ  രംഗത്തുണ്ടായിരുന്നു. ബഹദൂർ, പി.ജെ.ആന്റണി, തുടങ്ങിയ മഹാരഥന്മാർ. പ്രേം നസീർ സാർ, മാന്യതയുടെയും സ്നേഹത്തിന്റെയും  തനിപ്പകർപ്പായിരുന്നു.
ഇന്ദ്രൻസിലേക്ക് തിരിച്ച് വരാം. കൊല്ലം റെയിൽ വേ കോടതിയിൽ  ജോലി നോക്കി വരവേ  ക്യാമ്പ് സിറ്റിംഗിനായി പാറശ്ശാല മുതൽ എറുണാകുളം വരെ  ട്രൈനിൽ സഞ്ചരിക്കേണ്ടി വന്നപ്പോൾ  പലപ്പോഴും ഉയർന്ന ക്ളാസുകളിൽ  സഞ്ചരിക്കുന്ന മെഗാ സ്റ്റാർ അല്ലാത്ത  നടീ നടന്മാരെ കാണാനിടവന്നിട്ടുണ്ട്. കൂടുതലും എറുണാകുളത്തേക്കുള്ള ജനശതാബ്ധിയിലെ ഏ.സി. കോച്ചുകളിലായിരുന്നു അവരുടെ യാത്ര. സീറ്റിൽ ഉറങ്ങുന്ന അവസ്തയിലായിരിക്കും ഭൂരിഭാഗം പേരും. അവർ ഉറക്കത്തിലല്ല, കണ്ണടച്ച് ഉറക്കം നടിച്ചിരിക്കുകയാണെന്ന് പലപ്പോഴും അടുത്തിരുന്ന് യാത്ര ചെയ്യുന്ന എനിക്ക് മനസിലായിട്ടുണ്ട്. ആരും ചെന്ന് പരിചയപ്പെ ടാതിരിക്കാനും സംസാരിക്കാതിരിക്കാനുമുള്ള .ഒരു അടവ് അത്രയേ ഉള്ളു. മണിയൻ പിള്ള രാജു, കൊച്ച് പ്രേമൻ, ഇന്ദ്രൻസ്  തുടങ്ങിയവരാണ് പലപ്പോഴും എറുണാകുളം യാത്രയിൽ കാണപ്പെട്ടത്, കൂട്ടത്തിൽ അപ്രധാന നടികളിൽ ചിലരും.
മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു ഇന്ദ്രൻസ്. ആര് ചെന്ന് പരിചയപ്പെടാൻ മുതിർന്നാലും അദ്ദേഹം തുറന്ന മനസ്സോടെ പെരുമാറും. ഉറക്കം നടിക്കൽ സ്വഭാവം തീരെയില്ല.
ഒരു ദിവസം  എറുണാകുളം സ്റ്റേഷൻ അടുക്കാറാകവേ  മുഖം കഴുകാൻ എഴുന്നേറ്റ് ചെന്ന ഞാൻ വാതിലിൽ മാർഗ തടസ്സമായി പുറം തിരിഞ്ഞ് നിൽക്കുന്ന ഇന്ദ്രൻസിനെ കണ്ടു. അന്ന് മെഗാസ്റ്റാർ, തന്നെക്കാളും തിരക്കുള്ള നടൻ ഇന്ദ്രൻസാണെന്ന്  തമാശ രൂപേണ പറഞ്ഞ കാലമാണ്. അതായത് അന്ന് ഇന്ദ്രൻസ് അത്രയും  ഉയർന്ന നിലയിലാണ്. അത് കൊണ്ട് തന്നെ മാറി നിൽക്ക് എന്ന് പറയാൻ ഒരു മടി എന്റെ ഉള്ളിൽ ഉണ്ടായി. രണ്ട് മിനിട്ട് അങ്ങിനെ  കടന്ന് പോയപ്പോൾ ഞാൻ മുരടനക്കി. പെട്ടെന്ന് അദ്ദേഹം തിരിഞ്ഞ് നോക്കി, താൻ വാതിൽ തടഞ്ഞ് നിൽക്കുകയാണെന്ന് തിരിച്ചറിഞ്ഞ ആ മനുഷ്യന്റെ മുഖത്തെ കുറ്റബോധവും പ്രയാസവും  വിവരിക്കാനാവില്ല.  ആ കൊച്ച് കണ്ണുകളിൽ  നിറഞ്ഞ വിനയത്തോടെ ശരീരം വളച്ച് “ക്ഷമിക്കണം ഞാൻ കണ്ടില്ല“ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സിനിമാ ഫീൽഡിലെ എല്ലാ  ഭാവങ്ങളും നന്നായറിയാവുന്ന എനിക്ക്  മറ്റൊരു നടൻ ആയിരുന്നെങ്കിൽ അപ്പോൾ എങ്ങിനെ പെരുമാറുമെന്നും ഗൗരവത്തോടെ “വേണമെങ്കിൽ കടന്ന് പോടാ“ എന്ന മട്ടിൽ നടിച്ച് കാണിക്കുമെന്നും തീർച്ചയുണ്ട്. പക്ഷേ വിനയത്തിന്റെ ആൾരൂപമാണ് ഞാൻ അവിടെ കണ്ടത്.
പിന്നീട് പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കാണുമ്പോൾ അദ്ദേഹം ചിരിക്കും ഞാനും ചിരിക്കും.
ഉയർന്ന നിലയിലെത്തിയിട്ടും  എല്ലാവരോടും ചിരിച്ച് തന്നെ ഇപ്പോഴും ആ മനുഷ്യൻ പെരുമാറുന്നു.
സൗന്ദര്യവും ധാർഷ്ഠ്യതയുമല്ല ഒരു മനുഷ്യന് വില നൽകുന്നത്. വിനയവും പെരുമാറ്റ മര്യാദയുമാണ് ഒരാളുടെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നത്.

Wednesday, July 3, 2019

ഉസ്താദും ഫോട്ടോ പിടിക്കലും.

ഉസ്താദ് ക്രുദ്ധനായി  ചാടി എഴുന്നേറ്റു.
“നിന്നോട് പറഞ്ഞില്ലേ, പോട്ടം പിടിക്കരുതെന്ന്...“
സദസ്സിന്റെ ശ്രദ്ധ  സ്റ്റേജിലേക്ക് മാത്രമായി.
വർഷങ്ങൾക്ക് മുമ്പ് നടന്ന  ഒരു കല്യാണ  സദസ്സിൽ നിക്കാഹ് രംഗത്തെ ഫോട്ടോ എടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ നടന്ന സംഭവമാണ് മുകളിൽ കുറിച്ചത്.
വരന്റെ കൂടെ വന്ന പള്ളി ഭാരവാഹി എന്നോട് പറഞ്ഞു,  ഞങ്ങൾ കൊടുത്ത് വിട്ട  വിവാഹ അനുവാദ കത്തിൽ അടി ഭാഗത്ത് എഴുതിയിരുന്നല്ലോ ഫോട്ടോയും വീഡിയോയും  സ്റ്റേജിൽ ഉപയോഗിക്കരുതെന്ന്....ഉസ്താദിന്  അത് ഇഷ്ടമല്ലാ....“
“മനുഷ്യൻ ചന്ദ്രനിൽ പോയി കൗപീനം അഴിച്ചിട്ട് നിരങ്ങി തിരിച്ച് വന്ന കാലമാണിത്, ഈ കാലത്തും ഇങ്ങിനത്തെ ചരക്ക് നിങ്ങളുടെ പള്ളിയുടെ കീഴിലുണ്ടോ സ്നേഹിതാ...‘ ഞാൻ പതുക്കെ പള്ളി ഭാരവാഹിയുടെ കാതിൽ മന്ത്രിച്ചു. എന്നിട്ട് ഉച്ചത്തിൽ “  നിർബന്ധ കർമ്മമായ ഹജ്ജ് ചെയ്യലിന്  മക്കത്ത് പോകാൻ  പാസ്പോർട്ട് എടുക്കാൻ  ഈ ഉസ്താദ്  ഫോട്ടോ  എടുക്കില്ലേ?...“ എന്ന് ചോദിച്ചു.
“അത്യാവശ്യ അവസ്തയിൽ പന്നി ഇറച്ചി തിന്നാൽ കുഴപ്പമില്ലാ എന്ന്  നിയമം ഉണ്ട്“ ഉടൻ വന്നു ഉസ്താദിന്റെ മറുപടി.
ഏതായാലും നിക്കാഹ് കഴിയുന്നത് വരെ  ക്യാമറാ പ്രവർത്തിപ്പിക്കാൻ ആ മനുഷ്യൻ സമ്മതിച്ചില്ലാ എന്നത് ബാക്കി ചരിത്രം.
ഇപ്പോൾ ഇത് ഇവിടെ എഴുതാൻ  കാരണം, ഫെയ്സ് ബുക്ക് തുറന്നാൽ  തലയിൽക്കെട്ടും താടിയുമുള്ള ഉസ്താദുമാരുടെ  വീഡിയോ ക്ളിപ്പുകളെ മുട്ടിയിട്ട്  നടക്കാൻ സാധിക്കാത്ത അവസ്തയാണിപ്പോൾ. ഫോട്ടോ എടുക്കുന്നതിനും ക്യാമറാ അഭിമുഖീകരിച്ച് വീഡിയോ എടുക്കുന്നതിനും ഒരു ഉസ്താദിനും യാതൊരു തടസ്സവുമില്ല, പരാതിയുമില്ല.

കാലം  കടന്ന്  പോയപ്പോൾ  ഓരോ കാഴ്ചപ്പാടിനും വന്ന മാറ്റങ്ങൾ  കണ്ട് മൂക്കത്ത് വിരൽ വെച്ച് പോകുന്നു.