Monday, February 27, 2012

കുറ്റാരോപിതന്റെ ഭാഗവുംകേള്‍ക്കണം

നീതി ന്യായം നടപ്പില്‍ വന്ന കാലം മുതല്‍ ലോകമാസകലം നിലവില്‍ വന്ന നടപടി ക്രമമാണ് എതിര്‍ ഭാഗത്തിനു അഥവാ കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കാനുള്ള സന്നദ്ധത. ദൃക്‌ സാക്ഷികളുള്ള കേസുകളില്‍ പോലും സ്വാര്‍ത്ഥ ലാഭത്തിനായി നേരില്‍ കണ്ടവനെന്ന വ്യാജേനെ കൂട്ടില്‍ കയറി കള്ളം തട്ടി വിടുന്ന കാലത്ത് കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കേണ്ടത് നീതി ന്യായ വ്യവസ്തയുടെ ഭാഗം തന്നെയാണ്.

അടുത്ത കാലത്തായി അതായത് ചാനലുകളുടെ അതിപ്രസരം നിലവില്‍ വന്നത് മുതല്‍ നീതിന്യായ കോടതികളില്‍ കുറ്റം ആരോപിക്കപെടുന്നവന്‍ ഹാജരാക്കപ്പെട്ട് വിചാരണ തുടങ്ങുന്നതിനു മുമ്പ് തന്നെ മറ്റൊരു വിചാരണ അതേ കുറ്റത്തിനു കോടതിക്ക് പുറത്ത്, കുറ്റം ആരോപിക്കപ്പെടുന്നവനെതിരെ നടന്ന് വരുന്നു. “ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍എന്ന തിടുക്കത്തോട് കൂടി ചാനലുകള്‍ വഴിയും അച്ചടി മാധ്യമങ്ങള്‍ വഴിയും സമൂഹത്തിലെ ബുദ്ധി ജീവികളും സംഘടനകളും പാര്‍ട്ടികളും തരത്തില്‍ ഒരു വിചാരണ ഇപ്പോള്‍ നടത്തി വരുകയാണ്. അവനെ ക്രൂശിക്കുക എന്ന് പറഞ്ഞില്ലെങ്കില്‍ തങ്ങളുടെ സംഘടനക്ക് അല്ലെങ്കില്‍ പാര്‍ട്ടിക്ക് എന്തോ സംഭവിച്ചു പോകും എന്ന മട്ടിലാണ് ഇവരുടെ പ്രതികരണം. ഒന്നു തുറിച്ച് നോക്കി എന്ന് ആരോപിക്കപ്പെട്ട കുറ്റത്തിനു പോലും തൂക്ക് ദണ്ഡന ഇവര്‍ വിധിച്ച് കഴിയും. പത്രക്കാരുടെ വാഗ്വിലാസം കസറിക്കയറുമ്പോള്‍ കോടതിയില്‍ ആ കേസ് കൈകാര്യം ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല, കുറ്റാരോപിതനെ ഇപ്പോള്‍ തന്നെ തൂക്കി കൊല്ലാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ . കുറ്റം കണ്ടാല്‍ പ്രതികരിക്കരുത് എന്ന് അഭിപ്രായമില്ല.സമാനമായ കേസുകളില്‍പ്രതി കുറ്റം ചെയ്തിരിക്കാം. അത് കൊണ്ട് അതേ പോലുള്ള കേസുകളില്‍ കുറ്റാരോപിതന്‍ കുറ്റംചെയ്തിട്ടുണ്ട് എന്ന് മുന്‍പിനാലേ സമൂഹം വിധിക്കുകയാണെങ്കില്‍ പിന്നെ നീതി ന്യായ വ്യവസ്ഥയുടെആവശ്യം തന്നെ ഇല്ലാതാകുന്നു. പക്ഷേ അവന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വെറുതെ എങ്കിലും ഒന്ന് അന്വേഷിച്ചതിനു ശേഷമാണ് പ്രതികരണങ്ങളെങ്കില്‍ അത് ന്യായീകരിക്കാമായിരുന്നു.അവിടെയാണ് കുറ്റം ആരോപീക്കപ്പെടുന്നവനു എന്താണ് കാര്യത്തില്‍ പറയാനുള്ളതെന്നുള്ള നിരീക്ഷണം അവശ്യം ആവശ്യമായി വരുന്നത്. പത്രങ്ങളിലും ചാനലുകളിലും തങ്ങള്‍ പറയുന്നത് പ്രസിദ്ധീകരിച്ച്/പ്രക്ഷേപണം ചെയ്ത് വരുമെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ പ്രതിഷേധങ്ങളുടെ പെരുമഴയായിരിക്കും ഉണ്ടാകുന്നത്. മഹാ മാരിയുടെ സാന്നിദ്ധ്യത്തില്‍ കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ആര്‍ക്കുണ്ട് സമയം. ഇര സ്ത്രീ ആണെങ്കില്‍ കാര്യം കുശാലായി.

സമൂഹ വിചാരണയും തുടര്‍ന്നുള്ള വിധിയും പത്രങ്ങളിലൂടെയും ചാനലുകളില്‍ കൂടിയും വന്ന് കഴിഞ്ഞ് കോടതിയില്‍ വിചാരണക്കെത്തുന്ന ഭൂരിഭാഗം കേസുകളിലും വിധി പത്രക്കാര്‍ മുന്‍പിനാലെ വിധിച്ചതിനു എതിരാകാന്‍ തരമില്ല. അതിനു കാരണം നീതിന്യായ വ്യവസ്ഥയെയും നിയമങ്ങളെയും ബഹുമാനിക്കുന്ന ഈയുള്ളവനു വെളിപ്പെടുത്തുവാന്‍ തടസ്സങ്ങളുണ്ട്. പ്രതി ചിലപ്പോള്‍ അപ്പീലില്‍ രക്ഷപെട്ടാലായി. അങ്ങിനെ അപ്പീലില്‍ ചില പ്രതികളെ വിട്ട് അയച്ച ഒരു കേസില്‍ ഉയര്‍ന്ന കോടതിയിലെ ബഹുമാന്യനും സത്യസന്ധനുമായ ഒരു ന്യായാധിപനെ പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി ഇവിടെ ചില സ്ത്രീ സംഘടനകള്‍. സംഘടനകള്‍ തീരുമാനിക്കുന്നു എന്താണ് വിധിയെന്ന്. അത് കോടതി ചെയ്തു കൊള്ളണം. സമൂഹ വിധിക്കെതിരാണ് കോടതി വിധിയെങ്കില്‍ ന്യായാധിപനെ സംശയത്തിന്റെ മുനയിലാണ് ബൂജികള്‍ കാണുക. പ്രവണത മാറണമെങ്കില്‍ കുറ്റത്തിനു ഇരയാക്കപ്പെടുന്നവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ മാധ്യമങ്ങളില്‍ ലഭിക്കുന്നതിനു സമാനമായ അവസരം കുറ്റം ആരോപിക്കപ്പെടുന്നവനും നല്‍കണം. അവനു പറയാനുള്ളത് എന്തെന്നും ജനം കേള്‍ക്കട്ടെ. ഇരു ഭാഗവും കേട്ടിട്ട് അഭിപ്രായങ്ങള്‍ പറയട്ടെ. അതല്ലേ ശരി .
ഒരു കാര്യം ഓര്‍മ്മിക്കുക. കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നത് വരെ വ്യക്തി കുറ്റം ആരോപിക്കപ്പെടുന്നവന്‍ മാത്രമാണ്. പക്ഷേ പത്രങ്ങളും ചാനലുകളും അയാളെ കുറ്റക്കാരന്‍ എന്ന നിലയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.

പത്രങ്ങളില്‍ വരുന്ന ഇപ്രകാരമുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കുക. "പോലീസിന്റെ ഭാഷ്യം ഇങ്ങിനെയാണെന്നോ" അല്ലെങ്കില്‍ ഇന്നയാള്‍ ആ "കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നു" എന്നോ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയില്ല. പകരം അയാള്‍ ആ കുറ്റം ചെയ്തു എന്ന് ഉറപ്പിച്ച് തന്നെയുള്ള വാര്‍ത്തകളായിരിക്കും നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുക.
കെട്ടിച്ചമച്ചതും വ്യാജ തെളിവുകളാല്‍ സമ്പുഷ്ടമാക്കപ്പെട്ടതുമായ കേസുകളാല്‍ നിരപരാധികള്‍ കുരുക്കില്‍ പെടുന്ന കാലത്ത് നമ്മുടെ നിയമ പാലകരില്‍ ഒരു ചെറിയ ഭാഗം, കള്ളകേസുകളില്‍ നിരപരാധികളെ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമല്ലല്ലോ. ആയിരം അപരാധികള്‍ വിട്ടയക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ലാ എന്നതാണ് നമ്മുടെ ആപ്ത വാക്യം എന്ന് നിരീക്ഷിക്കുക. കുറ്റം ചെയ്തവനെ തീര്‍ച്ചയായും ശിക്ഷിക്കണം. പക്ഷേ അതിനു മുമ്പ് മറ്റൊരു വിചാരണയും വിധിയും സമൂഹം നടത്തുകയും അത് കൊട്ടി ഘോഷിച്ച് പരസ്യപ്പെടുത്തുകയും ചെയ്താല്‍ അതിലെന്ത് നീതി.

അല്‍പ്പം ദിവസങ്ങള്‍ക്ക് മുമ്പ് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രസിദ്ധി ലഭിച്ച ട്രെയിനിലെ ടിക്കറ്റ് പരിശോധകരുടെ കേസ് നമുക്ക് ഉദാഹരണത്തിനു എടുക്കാം.അതില്‍ യാത്രക്കാരിക്ക്പറയാനുള്ളത് ചാനലുകളും പത്രങ്ങളും (അതില്‍ എഡിറ്റോറിയല്‍ വരെ എഴുതിയവരുണ്ട്) പ്രസിദ്ധപ്പെടുത്തിയെങ്കിലും കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് കാര്യത്തില്‍ എന്ത് പറയാനുണ്ടെന്ന്എവിടെയും വായിച്ചില്ല. യാത്രക്കാരിയുടെ ഭാഗം വാദിച്ച് വാദിച്ച് അവസാനമെത്തിയപ്പോള്‍ആരോപിക്കപ്പെട്ട കുറ്റം പോലും നിറം മാറി വന്നു. സീസണ്‍ ടിക്കറ്റ്കാര്‍ക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ട്രൈനില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ടോ എന്ന് ടിക്കറ്റ് പരിശോധകരും യാത്രക്കാരിയും തമ്മിലുള്ള വാക് പയറ്റ് ഏതോ ഗുരുതരമായ ഭീകരമായ പീഡനം നടന്നു എന്ന മട്ടിലാണ് പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നത്. സൌമ്യ കേസുമായി താരതമ്യപ്പെടുത്തി കേസിനെബൂജികളും മഹിളാ സംഘടനകളും അവതരിപ്പിച്ചതും പത്രങ്ങളില്‍ അച്ചടിച്ചു വന്നു. വെറുതെ ഇരുന്നഒരു പെണ്‍കുട്ടിയെ കശ്മലന്മാരായ ടിക്കറ്റ് പരിശോധകര്‍ ഉപദ്രവിച്ചു എന്ന വിധത്തിലാണ് ആരോപണങ്ങള്‍ വളര്‍ന്നു വന്നത് എന്നാണ് പിന്നീടുള്ള ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത് . യാത്രക്കാരുടെ ധാര്‍ഷ്ട്യതയും റെയില്‍ വേ നിയമങ്ങളുടെ കര്‍ക്കശതയും അത് നടപ്പില്‍ വരുത്തുന്ന ഉദ്യോഗസ്ഥന്മാരുടെ മനോഭാവവും കാരണത്താല്‍ പ്രതിദിനം സമാനമായ പത്ത് കേസെങ്കിലും ഉണ്ടാകുന്ന കേരളത്തിലെ റെയില്‍ വേ ഡിവിഷനുകളില്‍ കേസ്ഇത്രത്തോളം എലൈറ്റ് ചെയ്തത് യാത്രക്കാരി റിസര്‍ച്ച് ഓഫീസറും എഴുത്തുകാരിയും മഹിളാ സംഘടന പ്രവര്‍ത്തകയും മറ്റുമായതിനാലാണ്. സാധാരണക്കാരനും സെക്കന്റ് ക്ലാസ് യാത്രക്കാരനുമാണ് ഇരയെങ്കില്‍ ഇത് പുറം ലോകം അറിയുകയേ ഇല്ല.

വക സംഭവങ്ങളില്‍ യാത്രക്കാരും ടിക്കറ്റ്പരിശോധകരും എപ്പോഴും കീരിയും പാമ്പും സ്തിതിയിലാണെന്നുള്ളത് നിരീക്ഷിക്കുക. സീസണ്‍ടിക്കറ്റ്കാരായ യാത്രക്കാരും ടി.ടി. മാരുമായി പലപ്പോഴും കലഹം പതിവുമാണ്. വല്ലപ്പോഴും യാത്രചെയ്യുന്നവന്‍ കഴിയുന്നതും വഴക്കുകളില്‍ നിന്നും മാറി നില്‍ക്കും. സീസണ്‍ ടിക്കറ്റ്കാര്‍ ദിനേനെ യാത്രചെയ്യുന്നതിനാല്‍ പലവിധ ബുദ്ധിമുട്ടുകളാല്‍ എപ്പോഴും കലുഷിത മനസുമായാണ് യാത്ര. അവര്‍ ടി.ടി.മാരുമായി കൊമ്പു കോര്‍ക്കാന്‍ തല്‍പ്പരാകുമ്പോള്‍ ടി.ടി. മാരില്‍ പലരും വഴക്ക് വിലക്ക് വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സീസണ്‍ യാത്രക്കാരും ടിക്കറ്റ് പരിശോധകരുമായി എറുണാകുളത്ത് വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവ് യുദ്ധം പോലും നടന്നിട്ടുണ്ട്. സീസണ്‍കാര്‍ ട്രെയിനില്‍ നിന്നും ടിക്കറ്റ്പരിശോധകരെ തുരത്തി . അവര്‍ റെയില്‍ വേ സ്റ്റേഷനിലെ ആഫീസില്‍ അഭയം തേടി. വിവരമറിഞ്ഞെത്തിയ റെയില്‍ വേ സംരക്ഷണ സേന യുദ്ധം കണ്ട് നിന്ന നിരപരാധികളെപ്രതിയാക്കി കേസുമെടുത്തു എന്നത് ബാക്കി പത്രം. റിസര്‍വ് കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതും സൂപ്പര്‍എക്സ്പ്രസില്‍ സീസണ്‍ യാത്രക്കാര്‍ കയറുന്നതുമാണ് പലപ്പോഴും കലഹം ഉണ്ടാക്കുന്നത്. അതില്‍ തന്നെ ഫസ്റ്റ് ക്ലാസ്സ് സീസണ്‍കാരില്‍ പലരും അവര്‍ “ഫസ്റ്റ് ക്ലാസ്സുകരാണെന്നും” അതിനാല്‍ ആരെയും വക വെക്കേണ്ടവരല്ല എന്ന മനോഭാവക്കാരുമായിരിക്കും. ചില ടിക്കറ്റ് പരിശോധകര്‍ നിയമ വിരുദ്ധം കണ്ടില്ലാ എന്ന് നടിക്കും. ചിലര്‍ക്ക് യാതൊരു ദാക്ഷണ്യവും കാണില്ല. ചിലര്‍സഹായികളെയും കൂട്ടി വന്ന് വിരട്ടും.

സാന്ദര്‍ഭികമായി ഉദാഹരിച്ച മേല്‍പ്പറഞ്ഞ കേസില്‍ സത്യസന്ധമായി എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ കുറ്റാരോപിതരുടെ പ്രസ്താവനഉണ്ടാകണം. അത് ഉണ്ടായില്ല. ഒരു പത്രക്കാരനും അത് തിരക്കിയുമില്ല. ഇന്ത്യന്‍ റെയില്‍ വേയുടെജീവനക്കാരോടുള്ള കര്‍ശനത അറിയാവുന്നവര്‍ക്ക് ജീവനക്കാരന്റെ സസ്പന്‍ഷന്‍ രണ്ട്ദിവസത്തിനുള്ളില്‍ പിന്‍ വലിക്കാന്‍ ഹേതുവാക്കത്തക്ക വിധത്തില്‍ മേലധികാരികള്‍ക്ക് തൃപ്തികരമായവിധം സമാധാനം ജീവനക്കാരില്‍ നിന്നും ലഭിച്ചു എന്ന് അനുമാനിക്കാനേ തരമുള്ളൂ. കാരണംസൌമ്യാ കേസിന്റെ തീക്ഷണത അല്‍പ്പം പോലും കെട്ടടങ്ങാത്ത അവസ്ഥയില്‍ ഒരു റെയില്‍ വേ ജീവനക്കാരനു റെയില്‍ വേ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദയാ ദാക്ഷണ്യം ലഭിച്ചു എങ്കില്‍ അതിലെന്തോ കാമ്പ് ഉണ്ടെന്ന് തന്നെ കരുതേണ്ടി വരുന്നു. യൂണിയന്‍ ഇടപെട്ടതിനാലാണ് എന്നാണ് മറുപടിയെങ്കില്‍ ഈ ആണ്ടിലെ ഏറ്റവും വലിയ തമാശ എന്നായിരിക്കും റെയില്‍ വേ ജീവനക്കാരുടെ കേസുകളും യൂണിയന്‍ ഇടപെട്ടാല്‍ തന്നെയും അതില്‍ ഡിപ്പാര്‍ട്ട്മെന്റ് മനോഭാവവും അറിയാവുന്നവര്‍ കരുതുക. നടപടി എടുക്കുക എന്നതില്‍ ഒരു ദാക്ഷണ്യവും ഇല്ലാത്തവരാണ് റെയില്‍ വേ അധികാരികളെന്ന് നിരീക്ഷിക്കുക. ഈ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിശദീകരണം യാത്രക്കാരിയുടെ പ്രസ്താവനക്ക് തുല്യമായ നിലയില്‍ തന്നെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണമായിരുന്നു. എങ്കില്‍ മാത്രമല്ലേ സമൂഹ നീതി നടപ്പില്‍ വരൂ.

ദിനം പ്രതി ഇങ്ങിനെ എത്രയോ വിചാരണകള്‍ ഏകപക്ഷീയമായി ചാനല്‍--പത്രങ്ങള്‍ മുഖേനെ നടത്തപ്പെടുന്നു. അവര്‍ വിചാരണ ചെയ്യുന്നു. അവര്‍ വിധിക്കുന്നു. സ്ത്രീ വിഷയമാണെങ്കില്‍ കുറ്റം ആരോപിക്കപ്പെടുന്നവന്റെ ഗതി അധോഗതി തന്നെ. കുറ്റം ചെയ്യാത്തവനായാലും അവന്റെയും അവന്റെ കുടുംബത്തിന്റെയും ഗതി പോക്ക് കേസാണെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്തകള്‍ അല്ലാതെ ഒരു പുരുഷനെ പീഡിപ്പിച്ചു എന്ന വാര്‍ത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ മാനസികമായി തളര്‍ന്ന എത്രയോ ഭര്‍ത്താക്കന്മാര്‍ ഈ നാട്ടിലുണ്ട്. എന്നിട്ടും ആ ഭര്‍ത്താക്കന്മാരെ കുരുക്കില്‍ വീഴ്ത്താന്‍ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് കേസ് ഫയല്‍ ചെയ്തു തുടര്‍ന്ന് പത്രത്തില്‍ വാര്‍ത്തകളും കൊടുക്കുമ്പോള്‍ ആ പാവം ഭര്‍ത്താവിനു എന്താണ് പറയാനുണ്ടെന്ന് പത്രക്കാര്‍ അന്വേഷിക്കാതിരിക്കുന്നത് നീതി വിരുദ്ധമല്ലേ?! ഒരു കാലഘട്ടത്തില്‍ സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് സമൂഹം ആ ഉപദ്രവത്തില്‍ നിന്നും അവളെ രക്ഷിക്കാന്‍ ഉണ്ടാക്കിയ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കുറ്റക്കാരനായ പുരുഷനെ മാത്രമല്ല നിരപരാധികളായ പുരുഷനെയും ഉപദ്രവിക്കാന്‍ ഉപയോഗിച്ചു വരുന്നതിനെ സംബന്ധിച്ച് സ്ത്രീ പക്ഷത്ത് നിന്നു തന്നെ നിരീക്ഷണങ്ങള്‍ വന്നതും മുന്‍പറഞ്ഞ വസ്തുതകളെ ന്യായീകരിക്കുന്നു.

ഈ അവസ്ഥയില്‍ കുറ്റാരോപിതനും പറയാനുള്ളത് സമൂഹം കേള്‍ക്കേണ്ടത് സാമാന്യ മര്യാദ മാത്രമാണ്.

7 comments:

  1. നല്ല ലേഖനം , ഷെരീഫിക്ക!
    അഭിനന്ദനങ്ങൾ!

    ReplyDelete
  2. വളരെ നല്ല ലേഖനം. പക്ഷെ ഒരു സംശയം. ഇത്തരത്തിൽ കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ചാനലിലെ ചർച്ചയിലും മറ്റും പങ്കെടുത്ത് തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ? പലപ്പോഴും അവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സാധിക്കാത്തത് ഇത്തരം വിലക്കുകൾ മൂലമാണെന്ന് തോന്നിയിട്ടുണ്ട്.
    മറ്റുള്ളവർ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇറങ്ങുന്നവർ സ്വയം നിയമം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണെന്ന് ഞാൻ കരുതുന്നു. ട്രെയിൻ യാത്ര കഴിവതും ഒഴിവാക്കുന്ന ആളാണ്‌ ഞാൻ. കാരണം അതിലെ ഈ തരം തിരിവുകളും, കുഴപ്പം പിടിച്ച നിയമങ്ങളും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതു തന്നെ. മിക്കവാറും എറണാകുളം തിരുവനന്തപുരം യാത്രയെല്ലാം കെ എസ് ആർ ടി സി യിൽ തന്നെ. പറഞ്ഞുവന്നത് സാർ നേരത്തെ പറഞ്ഞ ടി ടി ഇയുടെ കാര്യം. അദ്ദേഹം യൂണിഫോം ധരിക്കാറില്ല എന്നൊരു ആക്ഷേപം കേട്ടിരുന്നു. ഇത് പലപ്പോഴു കെ എസ് ആർ ടി സി യിലും കണ്ടിട്ടുണ്ട്. ടിക്കറ്റ് പരിശോധകർക്ക് കെ എസ് ആർ ടി സി യൂണിഫോമും, നെയിം‌പ്ലേറ്റും നിഷ്കർഷിച്ചിട്ടുണ്ട്. വർഷങ്ങളായി ഇതു രണ്ടും ഈ ഉദ്യോഗസ്ഥർ ധരിച്ചു കാണാറില്ല. നമ്മൾ നിയമം അനുസരിക്കുന്നുണ്ടോ എന്ന് നോക്കാൻ വരുന്നവർക്കും ഈ നിയമങ്ങൾ അനുസരിക്കേണ്ട ബാദ്ധ്യത ഉണ്ടല്ലൊ.
    സ്ത്രീകളെ അവരുടെ ഭാഗത്തുള്ള തെറ്റുകൾക്ക് പോലും പിന്തുണയ്ക്കുക എന്നത് പൊതുവിൽ സമൂഹത്തിൽ മാന്യതലഭിക്കാൻ പലരും ചെയ്യുന്ന കാര്യമാണ്. ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവരെ പിന്തുണയ്ക്കും. ബസ്സുകളിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ടല്ലൊ. സ്ത്രീകളായ യാത്രക്കാർ ആരും നിൽക്കുന്നില്ലെങ്കിൽ ആ സീറ്റുകളിൽ ഒന്നിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുപോലെ സംവരണം ചെയ്യപ്പെടാത്ത സീറ്റുകളിലും സ്ത്രീ ഇരിക്കുന്നുണ്ടെങ്കിലും അടുത്ത സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാവുന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പലപ്പോഴും ഇങ്ങനെ ഇരിക്കുന്നവരോട് കയർക്കുന്ന സ്ത്രീകളെ പിന്തുണയ്ക്കാനാണ് പുരുഷന്മാരിൽ പലരും തയ്യാറാവുക. എന്തിന് ഇങ്ങനെ ഇരിക്കുന്നതു പോലും ഇന്ന് പീഢനം ആകുന്നു. സ്ത്രീകൾക്ക് നിയമം നൽകുന്ന പല പ്രത്യേക പരിരക്ഷകളും ഇവിടെ പുരുഷന്മാരെ മനഃപൂർവ്വം ദ്രോഹിക്കാൻ ഉപയോഗിക്കപ്പെടുന്നു.
    ഒന്നു കൂടെ പറഞ്ഞിട്ട് നിറുത്താം രണ്ടാമത്തെ കേസിൽ (അത് സാർ പരാമർശിച്ചു കണ്ടില്ല) പിടിയിലായ ടി ടി ഇയെ പോലീസ് ശ്വാസപരിശോധന നടത്തുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ സം‌പ്രേക്ഷണം ചെയ്തു കണ്ടു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നുമില്ല, ഇനി കേസ് അവസാനിക്കുമ്പോൾ അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ ഇങ്ങനെയെല്ലാം അദ്ദേഹത്തെ അപമാനിച്ചതിനു പകരമായി എന്താണ് നൽകാൻ സാധിക്കുക. അതുകൊണ്ട് ഇത്തരം ദൃശ്യങ്ങൾ സം‌പ്രേക്ഷണം ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കുന്ന നടപടികളും ആവശ്യമാണ്.

    ReplyDelete
  3. വളരെ നല്ല്ലൊരു ലേഖനം ..

    ReplyDelete
  4. അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയ ഡോക്റ്റര്‍, മണികണ്ഠന്‍ , കൊച്ചുമോള്‍.

    ReplyDelete
  5. ശരിയാണ്, പ്രതിഭാഗത്തുള്ളവർക്ക് പറയാനുള്ളതും നാം കേൾക്കണം എന്നാൽ തന്നെ കോടതികളിൽ നിന്നും വിധിവരുന്നത് വരെ ഒരാളെ കുറിച്ചും തെറ്റുകാരനെന്നു പറയാൻ പാടില്ല. ഇക്കണക്കിനു പോയാൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റ് നിരീക്ഷിക്കാൻ വനിതാ ടി.ടി.മാരെ വെക്കേണ്ടിവരുമല്ലൊ...

    ReplyDelete
  6. ഈ വഴി ആദ്യം...എനിയും വരാം...

    ReplyDelete
  7. പ്രിയ ബെഞ്ചാലി, പടന്നക്കാരന്‍ ഷബീര്‍, സന്ദര്‍ശനങ്ങള്‍ക്ക് നന്ദി ചങ്ങാതിമാരേ!

    ReplyDelete