Sunday, July 26, 2020

രക്ഷ കർത്താ ദിനം.

ഇന്ന് രക്ഷകർത്താ ദിനമാണ്. (പാരന്റ് ഡേ )
ജീവിതത്തിൽ കഴിഞ്ഞ് പോയ കാലഘട്ടത്തിലെ പല സംഭവങ്ങളും മനസ്സിൽ നിന്നും മറവിയുടെ പൊടി തട്ടി ഇറങ്ങി വരാറുണ്ട്.ഇന്നത്തെ രക്ഷകർത്താ ദിനത്തിൽ അതിലൊരെണ്ണം ഓർമ്മയിലെത്തിയത് കുറിച്ചിടുന്നു.
വളരെ  വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീ തന്റെ രണ്ട് കുഞ്ഞുങ്ങളുമായി കൊട്ടാരക്കരയിലെ തെരുവീഥിയിലൂടെ അലഞ്ഞ് നടന്നിരുന്നു. മൂത്തത് പെണ്ണും ഇളയത് ആണും. മഴയും വെയിലും മഞ്ഞും ഒന്നും അവർക്ക് പ്രശ്നമല്ലായിരുന്നു. സ്വബോധം എന്നോ മറഞ്ഞ് പോയ ആ സ്ത്രീ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതോ അതോ അവർ ഭർത്താവിനെ ഉപേക്ഷിച്ചതോ എന്തെന്ന് അറിയില്ല. കുഞ്ഞുങ്ങളെ അവർക്ക് ജീവനായിരുന്നു.ഇളയതിനെ ഒക്കത്ത് വെച്ച് മൂത്തതിനെ കയ്യിലും പിടിച്ച്
റോഡിന്റെ വശങ്ങളിലുള്ള വീട് വാതിൽക്കലോ ചായക്കടയുടെ മുമ്പിലോ കുഞ്ഞുങ്ങളുമായി വന്ന് നിൽക്കും കിട്ടുന്നത് കഴിക്കും, രാത്രി കടത്തിണ്ണകളിൽ കുട്ടികളെയും കെട്ടി പിടിച്ച് ഉറങ്ങും. ഇതൊരു സ്ഥിര കാഴ്ചയായതിനാൽ       അതിൽ പുതുമ ഇല്ലാതായി.
കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവർ ആൾക്കാരെ  പ്രത്യേകിച്ച് പുരുഷന്മാരെ നോക്കി വല്ലാതെ ചീത്ത വിളിക്കാൻ തുടങ്ങി ഭ്രാന്ത് ഇല്ലാത്ത. ആരോ രാത്രിയുടെ മറവിൽ ആ ഭ്രാന്തിയെ ഉപദ്രവിച്ചിരുന്നു എന്ന്  പിന്നീട് അവരുടെ ഉദരം  വളർന്ന് വരുന്നത് കണ്ടപ്പോൾ ജനങ്ങൾക്ക് മനസിലായി. അങ്ങിനെ കട തിണ്ണയിൽ തന്നെ മൂന്നാമതൊരു കുഞ്ഞിന് ജന്മമായി. പിഞ്ച് കുഞ്ഞിനെ അമ്മ തോളിലും രണ്ടാമത്തതിനെ മൂത്തത് നയിച്ചും റോഡിലൂടെ ആ കുടുംബം പിന്നീടും അലഞ്ഞ് നടന്നു.
  ഒരു ദിവസം രാവിലെ ആ അമ്മ  കട തിണ്ണയിൽ മരിച്ച് കിടക്കുന്നതായി കാണപ്പെട്ടു. മൂന്ന് നാല് ദിവസമായി അവർക്ക് സുഖമില്ലായിരുന്നു എന്ന് ആൾക്കാർ പറഞ്ഞു. ആ കുഞ്ഞുങ്ങൾ അമ്മയുടെ ശവത്തിനു ചുറ്റുമിരുന്നു കരഞ്ഞ് കൊണ്ടിരുന്നു.ആരോ  അവർക്ക്  ഭക്ഷണം    നൽകി.അമ്മയുടെ മൃതദേഹം പഞ്ചായത്ത്കാർ സംസ്കരിച്ചു.
പിറ്റേ ദിവസത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ “ ഭ്രാന്തില്ലാത്ത ലോകം ഈ കുഞ്ഞുങ്ങളെ  സംരക്ഷിക്കട്ടെ എന്നോ മറ്റോ തലക്കെട്ടോടെ  ഈ വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത കണ്ട് അടൂരുള്ള ഒരു അനാഥാലായം കുട്ടികളെ ഏറ്റെടുത്തു. കുട്ടികൾ അവിടെ വളർന്നു. പിന്നീട് അമേരിക്കയിലെ ഒരു ബിസ്സിനസ്സ്കാരൻ  ഈ കുഞ്ഞുങ്ങളെ മൂന്നു പേരെയും ഒരുമിച്ച് ദത്തെടുത്ത് അമേരിക്കയിൽ കൊണ്ട് പോയി എന്നും കാലം ചെന്നപ്പോൾ മൂത്ത രണ്ട് പേർ രക്ഷകർത്താവിന്റെ ബിസ്സിനസ്സിൽ സഹായികളായി എന്നും ഇളയ ആൾ വിദ്യാഭ്യാസം ചെയ്യുന്നു എന്നും മനോരമയിൽ തന്നെ വാർത്ത പിന്നീട് അച്ചടിച്ച് വന്നു.
വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു, ആ കുട്ടികൾ  ഇപ്പോൾ കുടുംബമായി കഴിയുക ആയിരിക്കാം.  പെറ്റമ്മയെയും റോഡിൽ അലഞ്ഞ് നടന്നിരുന്ന ആ കഷ്ടകാലത്തെയും അവർ ഇപ്പോൾ ഓർമ്മിക്കുന്നുണ്ടാകുമോ എന്ന് അറിയില്ല. ആ രക്ഷകർത്താക്കൾ സ്വന്തം കുഞ്ഞുങ്ങളെ പോലെ അവരെ വളർത്തുന്നു എന്നാണ് പത്രവാർത്തയിൽ ഉണ്ടായിരുന്നത്.
ഇവിടെ ചിന്തനീയ വിഷയം ആ അമ്മ മരിച്ചില്ലായിരുന്നു എങ്കിൽ ആ കുട്ടികളുടെ ഗതി എന്തായിരിക്കും എന്നതാണ്. തെരുവിലെ കാട്ട് പൂക്കളായി മാറ്റപ്പെട്ട് ഇരുളടഞ്ഞ ലോകത്തെവിടെയോ അവർ കൊഴിഞ്ഞ് വീഴും. സ്വന്തം മരണത്തിലൂടെ അമ്മ ആ കുഞ്ഞുങ്ങൾക്ക് ശോഭനമായ ഭാവി കൊടുക്കണമെന്ന്   മുകളിലിരിക്കുന്നവൻ വിധി എഴുതി വെച്ചിരുന്നോ ആവോ!
ഇന്ന് രക്ഷ കർത്താ ദിനത്തിൽ  കർക്കിടക മാസത്തിലെ ഇരുൾ മൂടിയ സന്ധ്യയിൽ  നീണ്ട വർഷങ്ങൾക്കപ്പുറത്ത് നിന്ന് ആ അമ്മ മൂത്ത മകളെ ഉച്ചത്തിൽ വിളിക്കുന്നതും “എന്താ അമ്മേ“ എന്ന് ആ കുഞ്ഞ് പെൺകുട്ടി  വിളി കേൾക്കുന്നതുമായ  ശബ്ദം ഓർമ്മകളിലേക്ക്  കടന്ന് വരുമ്പോൾ ഈ ദിനത്തിന് നിറയെ ആശംസകൾ നേരുന്നു.

No comments:

Post a Comment