Sunday, July 19, 2020

കോവിഡും മൽസ്യ വ്യാപാരവും

ഏത് പരിശോധനയും കർശന നിയമവും ആവർത്തന വിരസത കൊണ്ട് വെള്ളം ചേർക്കപ്പെടും അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചത്. കോവിഡിന്റെ ആരംഭ കാലത്ത് തമിഴ് നാട്ടിൽ നിന്നും ആര്യൻ കാവ് വഴി വരുന്ന ചെക് പോസ്റ്റുകളിൽ കർശന പരിശോധനകളും അതീവ ജാഗ്രതയുമായിരുന്നു. അതേ പോലെ കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വഴിയിലും.
കാലം കടന്ന് പോയപ്പോൾ ചെക്കിംഗ് എല്ലാം വഴിപാട് പോലെയായി. തൂത്തുക്കുടിയിൽ നിന്നുള്ള മീൻ വണ്ടികൾ സുഖമായി ആര്യങ്കാവ് വഴി കടന്ന് വന്നു. കന്യാകുമാരിയിൽ നിന്നുള്ള മീനും തഥൈവ.
തമിഴ് നാട്ടിൽ തീവ്ര കോവിഡ് ബാധയാണ്.മനപൂർവമല്ലെങ്കിലും അയൽ പക്കത്ത് അത് വ്യാപിക്കുന്നതിൽ അവർക്ക് കുണ്ഠിതമൊന്നുമില്ല. പക്ഷേ സൂക്ഷിക്കേണ്ടത് ഇവിടെ വ്യാപാരം ചെയ്യുന്നവർ ആയിരുന്നു. ഞാനും എന്റെ കുടുംബവും എന്ന ചിന്ത കുറേ കാലത്തേക്കെങ്കിലും മാറ്റി വെച്ചിരുന്നെങ്കിൽ അവിടെ നിന്നുള്ള മൽസ്യ ഇറക്ക് മതിയിലും അതുമായി ബന്ധപ്പെട്ട ഇടപഴകിലും നിയന്ത്രണം പാലിച്ചേനെ, അങ്ങിനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഈ പൂർണ നിരോധനത്തിൽ നിന്നും രക്ഷപെട്ടേനെ.
ഓ! ഒന്നും സംഭവിക്കില്ല, എന്ന മൂഡമായ വിശ്വാസം എല്ലാം തകർത്തു. ആ അന്ധ വിശ്വാസം കാരണം ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ മൊത്ത വ്യാപാരികൾ മൽസ്യ വ്യാപാരികളായി മാറുന്ന കാഴ്ചയാണ് ഈ നാട്ടിൽ കാണുന്നത്. മൽസ്യ വ്യാപാരത്തിലെ അന്നന്ന് ജോലി ചെയ്ത് ഉപജീവനം കഴിച്ച് കൂട്ടുന്ന സാധു തൊഴിലാളികളും കോവിഡിന് ഇരയായി തീരുന്ന പരിതാപകരമായ കാഴ്ചയും കാണേണ്ടി വരുന്നു.
വ്യാപാരത്തിലെ എന്ത് ചെയ്തും ലാഭം കൊയ്യുക എന്ന പ്രവണത പൊതുജനങ്ങൾക്കുള്ള ജലസംഭരണിയിൽ വിഷം കലക്കുന്നതിന് തുല്യമാണെന്ന് ഇതിന് കാരണക്കാരായവർ തിരിച്ചറിയുക. .
Shamim Khalid

No comments:

Post a Comment