Monday, July 20, 2020

ചാകരയും മൽസ്യ ലഭ്യതയും

പണ്ട് മദ്ധ്യ തിരുവിതാംകൂറിൽ മൽസ്യത്തിന്റെ ലഭ്യത ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞ് കൂടുന്ന പ്രകൃതിയുടെ അൽഭുത പ്രതിഭാസമായ ചാകര എന്ന ഭാഗങ്ങളായിരുന്നു. അത് ഒരിടം എന്ന് കൃത്യമില്ല. ചേർത്തല മുതൽ തോട്ടപ്പള്ളി വരെയുള്ള കടൽ ഭാഗത്ത്
പുന്നപ്ര, അമ്പലപ്പുഴ, വളഞ്ഞ വഴി, കാക്കാഴം തുടങ്ങി എവിടെയെങ്കിലും ഏകദേശം ഇടവപ്പാതിയോടെയും തുടർന്നും കടലിൽ ഒരു പ്രത്യേക ഭാഗത്ത് ചെളി അടിഞ്ഞ് കൂടി അത്രയും ഭാഗം കടൽ ശാന്തമാകും. നാല് ചുറ്റും തിരകൾ ഉയർന്ന് പൊങ്ങുമ്പോൾ ഈ ഭാഗം വലിയ തിരകളില്ലാതെ അവസ്ഥയിലായിരിക്കും. വള്ളങ്ങൾ ഉന്ത് വണ്ടിയിലും ചെറിയ ലോറിയിലും വെച്ച് ചാകരപ്പാട് നോക്കി പോകുന്ന കാഴ്ച ഇന്നും മനസിലുണ്ട്. തുടർന്ന് കുറേ നാളുകളിൽ അവിടം ഉൽസവ സ്ഥലമാകും. ഓരോ വള്ളങ്ങളും കടലിൽ നിന്നും മീനുമായി വരുമ്പോഴുള്ള തിരക്കും, മീൻ വാങ്ങാനും വണ്ടിയിൽ കയറ്റാനുള്ള ബഹളവും, ചെറിയ തട്ട് കടകളും സർബത്ത്, നാരങ്ങാ വെള്ള കച്ചവടവും കൂടക്കാരുടെ ( കടപ്പുറത്ത് മീൻ വാങ്ങി ശേഖരിക്കാനുള്ള താൽക്കാലിക ഷേഡുകൾ) വില പേശലും എല്ലാം മറന്ന് നോക്കി നിന്നു പോകും.
പിടിക്കുന്ന മൽസ്യം മദ്ധ്യ തിരുവിതാംകൂറിന് ആവശ്യത്തിന് മിതമായ വിലക്ക് കിട്ടുമായിരുന്നു. ഐസില്ല, കേടാകാതിരിക്കാനുള്ള മരുന്നടി ഇല്ല, നല്ല പച്ച മീൻ. ദാ! പിടക്കുന്ന അയല, പിടക്കുന്ന പച്ച മത്തി എന്നൊക്കെയുള്ള വിളിച്ച് കൂവൽ എപ്പോഴും കേൾക്കാം.
കാലം കടന്ന് പോയപ്പോൽ ചാകരക്കും ഒരു മാറ്റമായി, പിന്നീട് ബോട്ടുകൾ വന്നു, കൂടങ്ങളും പരീക്കുട്ടിമാരും, ചെമ്പൻ കുഞ്ഞും, പ്ഴനിയുമെല്ലാം കടന്ന് പോയി. ഇപ്പോൾ ബോട്ട് അടുക്കുന്നു, ഇടയാളുകൾ കച്ചവടം ചെയ്യുന്നു, ഐസ് അടുക്കുന്നു ദൂരം കുറേ ഉണ്ടെങ്കിൽ കേടാകാതിരിക്കാൻ മരുന്നടിക്കുന്നു.
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കി. ഈ ഭാഗത്തെ മീൻ എല്ലാം എവിടെ പോയി? നീണ്ടകര ഭാഗത്തെ മീൻ പിടിക്കുന്നതു ആ ഭാഗത്തും പരിസരങ്ങളിലും പൂന്തുറയും വിഴിഞ്ഞവും തിരുവനന്ത പുരം ജില്ലയിലും മീന്റെ ആവശ്യകത നിറവേറ്റിയിരുന്നു. അന്ന് ആന്ധ്രാ മീനില്ല, തൂത്തുക്കുടി മീനില്ല, നമുക്കാവശ്യമുള്ള മൽസ്യം ഇവിടെ കിട്ടിയിരുന്നത് ജനസംഖ്യ കൂടിയാലും മതിയായ തോതിയിൽ കിട്ടിയിരുന്നല്ലോ, ആ മൽസ്യമെല്ലാം എവിടെ പോയി.
ഇപ്പോൾ ചാകരയുമില്ല, വള്ളങ്ങളുമില്ല, സത്യസന്ധരായ കച്ചവടക്കാരുമില്ല, ജനം ചത്ത് മലച്ചാലും രോഗം വന്ന് നശിച്ചാലും എനിക്ക് പൈസാ കിട്ടണമെന്ന ചിന്തയുള്ള ആർത്തി പണ്ടാരങ്ങളാണ് ഇപ്പോൾ ഉള്ളത്. അതിന്റെ പ്രതിഫലനങ്ങളാണ് കൊറോണായിലും തെളിഞ്ഞത്.
mments

Tam Sheriff
 shared a memory.

2h 
Shared with Public
Public

No comments:

Post a Comment