Thursday, July 23, 2020

ഒരു കോവിഡ് ടെസ്റ്റ് അനുഭവം

ഉൽക്കണ്ഠ നിറഞ്ഞ മണിക്കൂറുകളാണ് കഴിഞ്ഞ് പോയത്.
ഇന്നലെ നടന്ന  കോവിഡ് ടെസ്റ്റിൽ പോസറ്റീവായ എന്റെ ആത്മ സ്നേഹിതന്റെ വീട്ടിൽ  കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു; അത് കൊണ്ട് തന്നെ  അദ്ദേഹത്തിന്റെ സമ്പർക്ക ലിസ്റ്റിൽ ഞാൻ പെട്ടു. ഈ കോവിഡ് കാലത്ത് ഏറ്റവും സൂക്ഷ്മത പാലിച്ചാണ് ദിവസങ്ങൾ കഴിച്ച് കൂട്ടിയത്. ഇപ്പോൾ പോസറ്റീവ് ആയ സ്നേഹിതൻ എന്നെക്കാളും സൂക്ഷ്മത പാലിക്കുന്ന ആളായത് കൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിൽ ഒരാഴ്ച മുമ്പ് പോയി അഞ്ച് മിനിട്ട് ആ വീട്ടിന്റെ വരാന്തയിൽ സംസാരിച്ചിരുന്നത്. ഏതോ സംശയത്താൽ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റിൽ അദ്ദേഹവും  കൊച്ച് മകനും പോസറ്റീവായി കാണപ്പെട്ടു.
ഞങ്ങൾ താമസിക്കുന്ന മുസ്ലിം സ്ട്രീറ്റെന്ന ഈ ഭാഗത്ത് താമസിക്കുന്ന ചിലർ ചടയമംഗലമെന്ന സ്ഥലത്ത് മൽസ്യ മൊത്ത വ്യാപാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പോയിരുന്നുവെന്നും  വ്യാപാരത്തോടൊപ്പം അവർ അറിയാതെ  കൊറോണായും കൊണ്ട് വന്നുവെന്നും പലരും ആശുപത്രിയിലായെന്നും കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞിരുന്നു. ഈ ചെറിയ സ്ഥലത്ത് നിന്നു മാത്രം മൂന്നു ദിവസത്തിനുള്ളിൽ നാൽപ്പതിനു മുകളിൽ ആൾക്കാർ പോസറ്റീവ് ആയി ആശുപത്രിയിലായി. ആംബുലൻസുകൾ മനസ്സിൽ ഭീതി പരത്തി  സ്ട്രീറ്റിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. വഴികളെല്ലാം അടച്ചു, കടകൾ പൂട്ടിക്കിടന്നു, നിരത്തുകൾ ശ്മശാന ഭീതി വളർത്തി ജന ശൂന്യമായി.
ഈ സന്ദർഭത്തിലാണ് ടെസ്റ്റിൽ പോസറ്റീവായ സ്നേഹിതന്റെ സമ്പർക്ക ലിസ്റ്റിൽ പെട്ട  ഞാൻ കോവിഡ് ടെസ്റ്റ് നടത്താൻ നിർബന്ധിതനായത്.
ഉൽക്കണ്ഠയാൽ ആകെ വിറച്ചു. രക്ത സമ്മർദ്ദം ഉച്ചസ്ഥായിയിലായി. രോഗ ഭീതിയല്ല, എന്നെ ഭയപ്പെടുത്തിയത്, ഞാൻ പോസറ്റീവായാൽ ദിവസവും സമ്പർക്കം പുലർത്തിയിരുന്ന, ഇനിയും നടക്കാൻ കഴിയാത്ത വർത്തമാനം പറയാത്ത എന്റെ സിനാൻ, മറ്റ് കുഞ്ഞുങ്ങളായ സഫാ, സൽമാൻ, സ അദ്,  അപ്പു, പൊന്നു, അയിഷു, ബാക്കി കുടുംബാംഗങ്ങൾ എല്ലാവരെയും ടെസ്റ്റ് നടത്താൻ ആശുപത്രിയിൽ കൊണ്ട് പോകണം. പോസറ്റീവായാൽ ഏതെങ്കിലും കോവിഡ് സെന്ററിൽ ഒറ്റപ്പെട്ട് കഴിയണം. തുടർന്നുള്ള ബുദ്ധിമുട്ടുകൾ സഹിച്ചേ പറ്റൂ. അപ്പോൾ മനസ്സിൽ ചിന്ത വന്നു, ഇതല്ലേ ഇപ്പോൾ ആശുപത്രിയിലായ എന്റെ സ്നേഹിതനും മറ്റ്  എല്ലാ കുടുംബാംഗങ്ങളും ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആലോചിച്ചു. “ദൈവമേ! നാളെ ഈ സമയം ഞാൻ എവിടെയായിരിക്കും കിടക്കുന്നത്?“
ക്ളോക്കിന്റെ സൂചി പോലെ കൃത്യമായി നീങ്ങുന്ന എല്ലാ ജീവിത ചര്യകളും മാറ്റി മറിക്കപ്പെടും എല്ലാം സഹിച്ചല്ലേ പറ്റൂ എന്ന് ഉള്ളിൽ ആരോ പറഞ്ഞു. ശരിയാണ് എല്ലാവരെയും ഒപ്പം ഞാനും, വരുന്നിടത്ത് വെച്ച് കാണാം.
 രോഗികളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന  എല്ലാവർക്കും ഭേദമാകാനും അവർക്ക് സമാധാനം ലഭിക്കാനും മനസ്സുരുകി പ്രാർത്ഥിച്ചു. ശാന്തമായി ഉറങ്ങി.
രാവിലെ കൗൺസിലർ ഷാജുവിന്റെ സഹായത്തോടെ ആശുപത്രിയിൽ ചെന്നു ടോക്കണെടുത്തു. നെടും നീളത്തിൽ ക്യൂ.
  ജനം പ്രബുദ്ധമാണ് അവർ കോവിഡ് പരിശോധനക്കായി പാഞ്ഞെത്തിയിരിക്കുകയാണ്  എല്ലാവരുടെയും മുഖത്ത് ഉൽക്കണ്ഠ.
ഷാജുവിന്റെ സഹായത്താൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.
 ചെറുപ്പം മുതലേ കണ്ട് വരുന്ന പരിചയക്കാരി ഒരു പെൺകുട്ടിയെ അവിടെ കണ്ടു . അതും സഹായകരമായി.
 ടെസ്റ്റിനായി അകത്ത് കയറി.ഘനം കുറഞ്ഞ ഈർക്കിൽ പോലെ ഒരു സാധനം മൂക്കിന്റെ ദ്വാരത്തിൽ കൂടി അകത്ത് കയറ്റി തിരിച്ചു.ഒരു ഇക്കിളി പോലെ തോന്നി. തുമ്മാൻ വന്ന പ്രവണത അടക്കി. ടെസ്റ്റ് കഴിഞ്ഞു. പുറത്തിറങ്ങി.
പിന്നെയാണ് ഉൽക്കണ്ഠയുടെ നിമിഷങ്ങൾ. റിസൽറ്റ് ഫോണിൽ കൂടി മണിക്കൂറിനുള്ളിൽ വരും. കാത്തിരുന്നു. ഓരോ ഫോൺ ബെല്ലും ഉൽക്കണ്ഠ വളർത്തി; സ്നേഹമുള്ളവരുടെ കാൾ വന്നപ്പോഴും ഈർഷ്യ തോന്നിയ സമയം!. അവസാനം ഷാജു വിളിച്ചു. “റിസൽറ്റ് നെഗറ്റീവ്“ ഹോ! ഷാജുവിനോട് ഇത്രയും സ്നേഹം തോന്നിയ സന്ദർഭം ഉണ്ടായിട്ടില്ല.
കുറേ കഴിഞ്ഞപ്പോൾ മകൻ സൈലുവിന്റെ റിസൽറ്റും വന്നു, അതും നെഗറ്റീവ്.
പക്ഷേ അപ്പോഴും സ്റ്റ്രീറ്റിലൂടെ ആംബുലസ്സിന്റെ സൈറൺ മുഴങ്ങി കേട്ടു കൊണ്ടിരുന്നു. ആർക്കോ എല്ലാം രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അവർക്കെല്ലാം സമാധനം കിട്ടാൻ മനസ്സുരുകി പ്രാർത്ഥിച്ചു. അവരും എന്നെ പോലെ ഉള്ളവരാണല്ലോ.
എന്നാണ് മനുഷ്യ രാശി ഈ മഹാ മാരിയുടെ ഭീതിയിൽ നിന്നും രക്ഷപെടുക. പ്രാർത്ഥന! നിരന്തരം പ്രാർത്ഥന!അതല്ലേ വഴിയുള്ളൂ.

No comments:

Post a Comment