Saturday, January 25, 2020

ഉമ്മ എന്നെ ഒന്ന് കുളിപ്പിച്ചിരുന്നു എങ്കിൽ

 
  ചിത്രത്തിലുള്ളത്  എന്റെ ഉമ്മയും ഭാഗികമായി മാത്രം കാഴ്ച ശക്തിയുള്ള   അനുജനുമാണ്.
ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് 16 വർഷം കഴിയുന്നു. ആ വേർപാട് ഇന്നലെ നടന്നത് പോലെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.
 മകര മാസത്തിലെ  ശോഭയാർന്ന ഏതോ ഒരു സായാഹ്നത്തിൽ ഏഴ്  വയസ്സുകാരനായ എന്നെ ഉമ്മ കുളിപ്പിക്കുകയാണ്. അടുത്തുള്ള “അക്കായുടെ കുളം“ എന്ന് ഞങ്ങൾ ആലപ്പുഴ വട്ടപ്പള്ളിക്കാർ വിളിക്കുന്ന കുളത്തിലെ  തെങ്ങും തടികൾ മുറിച്ച് പടി കെട്ടിയ പടവുകൾ ആയാസപ്പെട്ട് കയറി വെള്ളം കുടത്തിൽ ചുമന്ന് കൊണ്ട് വന്ന്  വലിയ ഒരു കൊന്നത്തെങ്ങിന്റെ തടത്തിൽ വെച്ചിരിക്കുന്ന അലൂമിനിയം ചരുവത്തിലൊഴിച്ചാണ് എന്നെ  ഉമ്മ കുളിപ്പിക്കുന്നത്.  ശരീരത്തിൽ വെള്ളമൊഴിക്കുമ്പോൾ  തുള്ളി ചാടുന്ന,  അടങ്ങി നിൽക്കാത്ത എന്നെ  വഴക്ക് പറയുകയും നഗ്നനായ എന്റെ ചന്തിയിൽ  ചിലപ്പോൾ രണ്ട് പെട തന്നുമാണ് ഉമ്മ ആ കർമ്മം ചെയ്ത് കൊണ്ടിരുന്നത്. ആദ്യമായി റെക്സോണ സോപ്പ്  ഉപയോഗിച്ചത് അന്നാണെന്നാണ് എന്റെ ഓർമ്മ. കാരണം  ഇപ്പോഴും റെക്സോണാ സോപ്പിന്റെ മണം അനുഭവിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ആ കുളി സീനാണല്ലോ.
 ചെറിയ കാറ്റ് അടിച്ച് കൊണ്ടിരുന്ന ആ സായാഹ്നത്തിൽ പോക്ക് വെയിലിന്റെ സ്വർണ ശോഭ  തെങ്ങോലകളെ  ചെമ്പ് നിറമാക്കിയിരുന്നു.
വളർന്ന് വലുതായതിന് ശേഷം പലപ്പോഴും  ആലപ്പുഴയിൽ വരുമ്പോൾ  ഞാൻ ആ സ്ഥലത്ത് പോകും, ആ തെങ്ങ് കാണാൻ, ആ കുളം കാണാൻ. ഇല്ലാ‍ാ...എല്ലാം കാലത്തിന്റെ കറക്കത്തിൽ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. 16 വർഷത്തിന് മുമ്പ് ഉമ്മായും ഈ ദിവസം  അക്കരക്ക് പോയി.  ഞാനെന്നെങ്കിലും അവിടെ ചെല്ലുമ്പോൾ എനിക്ക് ഇഷ്ടമുള്ള ആഹാരം തയാറാക്കി തരാൻ നേരത്തെ അവർ പോയതാവാം.
കൊല്ലം റെയിൽ വേ കോടതിയിൽ ജോലിയിലിരിക്കവേ പുനലൂർ ക്യാമ്പ് സിറ്റിംഗിന് പോയിരുന്ന  എനിക്ക് ഒരു ഉൾവിളി ഉണ്ടായി.  ഉമ്മായെ കാണണം. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലായിരുന്ന അവരെ കണ്ട്    തിരിച്ച് വന്നതായിരുന്നല്ലോ ഞാൻ. എങ്കിലും ആ ഉൾവിളി കേട്ടപ്പോൾ ഒട്ടും താമസിച്ചില്ല, എങ്ങിനെയോ കൊല്ലത്തെത്തി അവിടെ നിന്ന് ട്രൈനിൽ ആലപ്പുഴ ആശുപത്രിയിലെത്തിയപ്പോൾ ഉമ്മ ഊർദ്ധൻ  വലിക്കുന്നു, ആരോ പറഞ്ഞു, “ദേ ശരീഫ് വന്നു“  ശ്വാസം കിട്ടാനായി കഷ്ടപ്പെട്ട് പിടയുന്ന ആ സമയത്തും  ഞാൻ വന്നുവെന്ന് കേട്ടപ്പോൾ ആ മുഖത്തുണ്ടായ  പ്രകാശവും  സന്തോഷവും ഒരിക്കലും മറക്കാൻ കഴിയുന്നില്ല. എല്ലാം കഴിഞ്ഞു അൽപ്പ നിമിഷങ്ങൾക്ക് ശേഷം ആൾ പോയി. യാത്ര പോകുന്നതിന് മുമ്പ് എന്നെ കാണാനുള്ള ആഗ്രഹമായിരിക്കാം ഉൾ വിളിയായി എനിക്കനുഭവപ്പെട്ടത്. ആലപ്പുഴ പടിഞ്ഞാറേ ജമാത്ത് പള്ളിയുടെ പഞ്ചാര മണൽ പോലെ കിടക്കുന്ന പറമ്പിൽ അവരെ കബറടക്കി. കുറച്ച് മാറി വാപ്പായെ മറമാടിയ സ്ഥലമാണ്. രണ്ട് പേരും നിത്യ നിദ്രയിലാണെങ്കിലും  ആ ഉറക്കത്തിലും അവർ മക്കളുടെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവാം. ജീവിച്ചിരുന്നപ്പോൾ അവർ എപ്പോഴും  അതാണല്ലോ ചെയ്തു കൊണ്ടിരുന്നത്.
മകര മാസത്തിലെ  മഞ്ഞ വെയിലിൽ തെങ്ങോലകൾ കാറ്റിൽ തലയാട്ടി  നിൽക്കുമ്പോൾ ഏഴു വയസ്സിലെ ആ കുളിയും ഉമ്മായും മനസ്സിലേക്ക് ഓടിയെത്തുന്നു, എന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ  എന്നെ പിടിച്ച് നിർത്തി കുളിപ്പിച്ചിരുന്നെങ്കിൽ രണ്ട് വഴക്ക് പറഞ്ഞിരുന്നെങ്കിൽ. .ഇപ്പോൾ ഈ പ്രായത്തിലും അങ്ങിനെ .അതിയായി ആഗ്രഹിച്ച് പോകുന്നു.....കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ലല്ലോ....

Friday, January 24, 2020

കീഴാളൻ----പെരുമാൾ മുരുകൻ

തമിഴ് നാടിലൂടെ സഞ്ചരിക്കുമ്പോൾ  വിശാലമായ മൈതാനങ്ങളും അതിൽ സഞ്ചരിക്കുന്ന ആട്ടിൻ കൂട്ടങ്ങളും  അതിനെ മേയ്ക്കുന്ന കൗപീനധാരി കളായ അല്ലെങ്കിൽ തോർത്ത് മാതം  ധരിച്ച കാലി പിള്ളാരെയും പലപ്പോഴും കാണാറുണ്ട്. അവർ മനുഷ്യരാണെന്നും  അവർക്കും ഒരു ജീവിതമുണ്ടെന്നും  എല്ലാവിധ വിചാര വികാരങ്ങൾ നമ്മെ പോലെ അവർക്കുമുണ്ടെന്നും ഉള്ള തിരിച്ചറിവ് നമ്മളിലേക്ക്   ഒഴുക്കി തരുന്ന  നോവലാണ് തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകന്റെ കീഴാളൻ എന്ന  പുസ്തകം. അദ്ദേഹത്തിന്റെ കൃതികൾ തമിഴ് സാഹിത്യത്തിൽ ഉണ്ടാക്കിയ  വിപ്ളവങ്ങൾ  നമുക്ക് സുപരിചിതമാണ്. സവർണരുടെ പടയൊരുക്കത്തിൽ  വലിയ കലഹങ്ങളാണ്  തമിഴ് ലോകത്തിലുണ്ടായത്.
ഈ പുസ്തകത്തിൽ  ഗൗണ്ടർമാരുടെ കൃഷി ഇടങ്ങളിൽ  രാപകലെന്നില്ലാതെ മാടുകളെ പോലെ പണീ എടുക്കുകയും അവരുടെ  ആട് മാടുകളെ തീറ്റി പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ  ദുരിതം നിറഞ്ഞ ജീവിതം  വരച്ചിടുന്നു പെരുമാൾ മുരുകൻ.   കന്നുകാലികൾക്ക് മീതെ മനുഷ്യന് താഴെ അതാണ് നോവലിൽ ചക്കിലിയന്റെ  ജീവിതം. ഗൗണ്ടറുടെ ആട്ടും തുപ്പും തൊഴിയും ഏറ്റ് വാങ്ങി ചൂഷകരായ യജമാനന്മാരുടെ അടിമത്വം സാമ്പത്തിക ബാദ്ധ്യതയാൽ തലയിലേറ്റ് വാങ്ങി  കൊച്ച് കുട്ടികളെ പോലും  കന്ന് കാലികളെ    പോലെ വേലക്ക് വിടുന്ന ചക്കിലിയന്മാർ. അവരും ഈ ലോകത്തിൽ നമ്മോടൊപ്പം ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് നോവൽ നമുക്ക് തരുന്നുണ്ടല്ലോ.
നോവലിലെ നായകനായ കുലയ്യന്റെ ഓരോ ചിന്താ ധാരകളും യാതനകളും രണ്ട് തേങ്ങാ വിശപ്പിനാൽ കട്ടെടുത്തത് കണ്ട് പിടിക്കപ്പെട്ടപ്പോൾ ഗൗണ്ടർ കൊടുത്ത ശിക്ഷയും അവസാന പേജിലെ ദുരന്തവും  മനസ്സിനെ വല്ലാതെ ഉലച്ചു.
രംഗാവിഷ്കരണം  അപാരമെന്നേ   പറയേണ്ടൂ. ഓരോ ചെറിയ ജീവിയുടെ ചലനം പോലും എടുത്ത് കാട്ടി നമ്മെ ആ  ഭൂമിയിൽ നിരീക്ഷകനായി നിർത്താൻ തക്ക വിധം കഴിവുറ്റതാണ് പെരുമാൾ മുരുകന്റെ തൂലിക.
പ്രകൃതി ഭംഗി ആവിഷ്കരിക്കുന്നിടങ്ങളിൽ  രാത്രിയുടെ അതും നിലാവ് നിറഞ്ഞ രാത്രികളുടെ വർണന വായന കഴിഞ്ഞാലും ആ രാത്രികൾ നമ്മിൽ  നിറഞ്ഞ് നിൽക്കാൻ ഇടയാക്കും.
“അവൻ ആകാശത്തേക്ക് നോക്കി. ചന്ദ്രന്റെ പ്രകാശ വലയത്തോട് തൊട്ടുരുമ്മി കൊണ്ട് ഏതാനും മേഘങ്ങൾ  അവിടെയുണ്ട്. എല്ലാത്തിനെയും തൊടുന്ന ചന്ദ്രന്റെ തണുത്ത പ്രകാശത്തെ ശല്യപ്പെടുത്താൻ ധൈര്യമില്ലാതെ ആ മേഘങ്ങൾ ഗൂഡമായി നീങ്ങുകയാണ്. ഉയരമുള്ള  പനകളുടെ ഇലകൾ ലോഹ നിറത്തിൽ തിളങ്ങുന്നു.....“ പേജ് 128. ഇതേ പോലെ ധാരാളം രാത്രി വർണനകൾ   പുസ്തകത്തിൽ  ഉണ്ട്.
മലയാള തർജ്ജിമ  കുറച്ച് കൂടി  മെച്ചമാക്കാമായിരുന്നു. മലയാളത്തിൽ ചക്കിലിയന്മാരുടെ സംഭാഷണം ഭാഷാന്തരപ്പെടുത്തിയപ്പോൾ  അതിൽ പദാനുപദ തർജ്ജിമയെക്കാളും അൽപ്പം നീട്ടുകയും കുറുക്കുകയും  ചെയ്യുന്ന പ്രയോഗം അൽപ്പം കൂട്ടി ചേത്തിരുന്നുവെങ്കിൽ അത് അധികപറ്റാവില്ലായിരുന്നു. അതേ പോലെ ചില വാക്കുകൾ  അതേ പടി പ്രയോഗിച്ചിരുന്നുവെങ്കിൽ ഒന്നുകൂടെ ഫലവത്തായേനെ. ഉദാഹരണത്തിന് സിനിമയിലെ പാട്ട്. “ഉറങ്ങാതെ അനിയാ ഉറങ്ങാതെ“  എന്ന് തർജ്ജുമ. പകരം “തൂങ്കാതെ തമ്പി തൂങ്കാതെ എന്ന്  അസൽ പ്രയോഗമായിരുന്നെങ്കിൽ വായനക്കാരന്  ആ പാട്ടിന്റെ ശരിക്കുമുള്ള അനുഭൂതി ലഭ്യമായേനെ. കാരണം മിക്ക തമിഴ് പാട്ടുകളും മലയാളിക്ക് സുപരിചിതമാണല്ലോ.
287 പേജിൽ ഡിസി. പ്രസിദ്ധീകരണമായി കീഴാളൻ  നമുക്ക് 280 രൂപക്ക് ലഭ്യമാകുമ്പോൾ  കൊടുക്കുന്ന പൈസാ മുതലാകുന്ന പുസ്തകം തന്നെയാണിത് എന്ന് ധൈര്യമായി പറയാം.

Wednesday, January 22, 2020

ഓപ്പറേഷൻ കുബേരാ.....

കൊള്ള പലിശ വാങ്ങി ജനങ്ങളെ കഷ്ടത്തിലാക്കുന്ന  പണമിടപാടുകാർക്കെതിരെ നടപടികളെടുത്ത് അവരെ തകർക്കാൻ സർക്കാർ എടുത്ത ദ്രുത കർമ്മ പദ്ധതിയായിരുന്നു, ഓപ്പറേഷൻ കുബേര.
സംഗതി  കലക്കി. പലരും  അകത്തായി.  പലരും പലിശ വെട്ടിക്കുറച്ച് ഇടപാട്കൾ തീർക്കാൻ സന്നദ്ധരായി. ബ്ളാങ്ക് ചെക്കും പ്രോ നോട്ടും വാങ്ങി വെച്ച് ജനങ്ങളെ  ചൂഷണം ചെയ്തിരുന്ന പലരും വല്ലാതെ ഭയപ്പെട്ട് നെട്ടോട്ടം ഓടിയെന്നത് തികച്ചും സത്യം.
എന്നാൽ ഒരു നിയമത്തെയും ഭയക്കാതെ ഒരു കുലുക്കവും  ഇല്ലാതെ  കടക്കാരോട് ഒരു ദാക്ഷണ്യവും ഇല്ലാത്ത ഒരു സ്ഥാപനം  നില നിന്നു. അവർ കടക്കാരോട് ഒരു  ദാക്ഷണ്യവും കാണിച്ചില്ല, ഇപ്പോഴും കാണിക്കുന്നില്ല. തവണകൾക്ക് വീഴ്ച പറ്റിയാൽ  ഈട് വെച്ച വസ്തു   കൈ വിട്ട് പോകുമെന്നതാണ് അവരുമായുള്ള ഇടപാടിന്റെ  പ്രത്യേകത. ബാങ്ക്കാരെ പോലും സമരമോ ആത്മഹത്യാ ഭീഷണിയോ മുഴക്കി ജപ്തിയെയും കുടി ഇറക്കിനെയും  നേരിടാൻ കഴിയും.  പക്ഷേ ഈ സ്ഥാപനത്തിന് എതിരായി ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം അതിന്റെ ഉടമസ്തൻ സർക്കാർ തന്നെ. കേരളാ  ഫൈനാൻഷ്യൽ എന്റർ പ്രൈസ്.
കൈ പറ്റിയ ചിട്ടിയുടെ ഏതെങ്കിലും തവണ കുടിശിഖ വരുത്തിയാൽ  അറുത്ത് മുറിക്കുന്ന പലിശ സഹിതം അവർ ഈടാക്കും. മറ്റ് ചിട്ടി സ്ഥാപനങ്ങളോ  ബാങ്കോ  അൽപ്പസ്വൽപ്പം ഇളവുകൾ  തരും പലിശ കുറച്ച് തരും, പക്ഷേ സർക്കാർ  വക ചിട്ടികൾക്ക്  ആ കാര്യത്തിൽ ഒരു ദയവുമില്ല. ഇളവും വിട്ട് വീഴ്ചയും കാണീച്ചാൽ സ്ഥാപനം തകർന്ന് പോകും എന്നാണ്  ഭാഷ്യമെങ്കിൽ ഇത് തന്നെയല്ലേ സ്വകാര്യ സ്ഥാപനങ്ങൾക്കും സംഭവിക്കുന്നത് എന്ന ചോദ്യം നമുക്ക് ഉന്നയിക്കാം  അദാലത്തിലും ഒറ്റ തവണ തീർപ്പിലും സ്വകാര്യ പണമിടപാടുകാർ എത്രയോ വിട്ട് വീഴ്ചകൾ   കാണിച്ചിട്ടും അവർ തകരുന്നില്ലല്ലോ ഇപ്പോഴും നില നിൽക്കുന്നല്ലോ എന്നും ചൂണ്ടി കാണിക്കാം.
തൃപ്തികരമായി  അൻപത് വർഷം പൂർത്തിയാക്കിയ  സന്തോഷത്തിലാണ് സർക്കാർ വിലാസം ചിട്ടി. പക്ഷേ ഓപ്പറേഷൻ കുബേരാ, ഉപയോഗിക്കേണ്ടത് ആദ്യം അവർക്ക് നേരെയാണെന്നുള്ളതാണ് കൗതുകകരം.

Sunday, January 19, 2020

പ്രതി പൂവൻ കോഴി...ഒരു ആസ്വാദനം.

കെട്ടിഘോഷിക്കുന്ന  തരത്തിൽ ഒന്നുമില്ലാത്ത ഒരു ചെറു നോവൽ. ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു. നോവൽ അത്രത്തോളം ആസ്വാദ്യകരമായത് കൊണ്ടല്ല, ആകെ കൂടി 85 പേജേ ഉള്ളൂ. പിന്നത്തേക്ക് വെക്കാതെ അതങ്ങ് വായിച്ചു തീർത്തേക്കാമെന്ന് കരുതി.
ഒരു ചെറുകഥ എഴുത്ത്കാരൻ ആദ്യമായി നോവൽ എഴുതുമ്പോഴുള്ള എല്ലാ അസ്കിതകളും   ഉണ്ണി. ആർ. ന്റെ ഈ ചെറു നോവലിൽ ഉണ്ട്. പല ഇടങ്ങളിലും ആശയം അവ്യക്തതയിൽ കലാശിക്കുന്നു, അഥവാ വായനക്കാരൻ അവന്റെ ഹിതാനുസരണം   അർത്ഥം പൂർണമാക്കി കൊള്ളണമെന്ന  ചെറുകഥാ എഴുത്തുകാരന്റെ രീതി.
“മതവും ജാതിയും രാഷ്ട്രീയവും മാധ്യമങ്ങളും  മനുഷ്യ സ്വാതന്ത്രിയങ്ങളെ  ചവിട്ടി താഴ്ത്തുമ്പോൾ ഉണ്ണിയുടെ പൂവൻ കോഴി നമ്മെ പിടിച്ചിരുത്തി വായിച്ച് കൊണ്ട്  നമുക്കെല്ലാം വേണ്ടി  ഒരു പുതിയ സ്വാതന്ത്രിയം പ്രഖ്യാപിക്കുന്നു“ എന്ന് സക്കരിയായുടെ അഭിപ്രായവും ഇതിലുണ്ട്. സാഹിത്യ കുലപതിയുടെ പട്ടം കിട്ടിയ അദ്ദേഹത്തിന്റെ അഭിപ്രായം നമ്മൾ അങ്ങ് വിഴുങ്ങുക, എന്നിട്ട് ഈ നോവലിൽ അതെല്ലാം ഉണ്ടെന്ന് അങ്ങ് കരുതിയേക്കുക, ഒരു വായനക്കാരന് മറ്റെന്താണ് ചെയ്യാൻ കഴിയുക.
ഒരു ചെറുകഥാകൃത്തിന്റെ എല്ലാ രചനാ വൈഭവവും ഈ പുസ്തകത്തിലുണ്ട്. പാത്ര നിർമ്മിതിയും രംഗസജ്ജീകരണവുമെല്ലാമെല്ലാം. പക്ഷേ അത് ഒരു നോവലിലേക്ക് മാറ്റപ്പെടുമ്പോൾ  ശീലിച്ച് വന്ന ചില  രുചികളുണ്ട്. അത് ഈ യുള്ളവന്റെ നാക്കിന് പിടിക്കാത്തത് കൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ തോന്നുന്നത്. വായിച്ച് കഴിഞ്ഞ നിങ്ങൾക്ക് എന്ത് തോന്നിയോ ആവോ?

Saturday, January 18, 2020

കോൺഗ്രസ്സിന്റെ അപചയം

സ്വാതന്ത്രിയാനന്തരം  1976 വരെ  ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. അതിന് ശേഷം  അൽപ്പ കാലമൊഴികെ 2014 വരെ പല അവസരത്തിലും  അധികാരത്തിൽ കോൺഗ്രസ്സിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 1947 മുതൽ 1976 വരെയുള്ള കാലഘട്ടത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം  പാക്കിസ്ഥാന്റെ  കൈവശം കിട്ടിയ സ്ഥലത്ത് നിന്ന് ലക്ഷങ്ങൾ  ഭാരതത്തിലേക്ക് ഒഴുകി. ഇവിടെ നിന്നും അങ്ങോട്ടും  ലക്ഷങ്ങൾ പലായനം ചെയ്തു. ഭാരതത്തിലേക്ക് ഒഴുകിയെത്തിയ ജന ലക്ഷങ്ങൾ ഭൂരിപക്ഷവും  ഉത്തരേന്ത്യയിൽ വ്യാപിച്ചു താമസമുറപ്പിക്കാൻ തുടങ്ങി. ഇന്ത്യ റിപ്പബ്ളിക്കായതിന് ശേഷമുണ്ടായ പൊതു തെരഞ്ഞെടുപ്പുകളിൽ ഈ ജനം വോട്ട് ചെയ്തു. പലായനം ചെയ്തു ഒടിയെത്തിയ ഈ ജനം അനുഭവിച്ച  കൊടിയ ദുരിതങ്ങൾ  വിവരണാതീതമാണ്. എല്ലാം ഇട്ടെറിയാൻ ഇട വരുകയും അതിയായ ദുരന്തങ്ങൾക്ക് സാക്ഷിയാവുകയും ചെയ്തിട്ടും ദുരന്തങ്ങൾ മനസ്സിൽ  മായാതെ കിടന്നിട്ടും   തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലെ ജനം കോൺഗ്രസ്സിനെയാണ്  അധികാരത്തിലെത്തിച്ചത് എന്നത് ചരിത്ര സത്യമാണ്. അവർ ഗാന്ധിജിയെ ഇഷ്ടപ്പെട്ടു. ജവഹർലാൽ നെഹുറുവിനെ ഇഷ്ടപ്പെട്ടു. മൗലാനാ അബ്ദുൽ കലാം ആസാദിനെ ഇഷ്ടപ്പെട്ടു. സർദാർ വല്ലഭഭായി പട്ടേലിനെയും ഇഷ്ടപ്പെട്ടു. അത് പോലെ അനേകം അനേകം കോൺഗ്രസ്സ് നേതാക്കളെയും.  കാരണം അവരുടെയെല്ലാം ജീവിതം  തുറന്ന പുസ്തകമായിരുന്നു. രാജേന്ദ്ര പ്രസാദ്, സർവേപ്പള്ളി രാധാക്രിഷ്ണൻ, സക്കീർ ഹുസ്സൈൻ, തുടങ്ങിയവർ  ഇന്ത്യൻ രാഷ്ട്രപതികളാവുകയും ചെയ്തു. അപ്പോഴൊന്നും എത്രത്തോളം അനുകൂല സാഹചര്യമുണ്ടായിട്ടും ഹിന്ദുത്വ  കക്ഷികൾ  അധികാരത്തിന്റെ അയലത്തൊന്നും എത്തിചേർന്നില്ല. കാരണം ജനം കോൺഗ്രസ്സിനെയും അതിനെ നയിക്കുന്നവരെയും  അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു, വിശ്വസിച്ചിരുന്നു. കോൺഗ്രസ്സിന്റെ നേതാക്കൾ  അധികാരം കൊതിക്കാത്തവരും നിസ്വാർത്ഥരും  ജനസേവകരും ആയിരുന്നല്ലോ. പിൽ കാലത്ത് കാമരാജ് നാടാർ  നേതാക്കൾ  സ്ഥാനങ്ങൾ രാജിവെച്ച് ജന സേവനത്തിന് ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ  ഒരു മടിയും കൂടാതെ സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞവർ ആയിരുന്നു കോൺഗ്രസ്സ് നേതാക്കൾ
.
ഇപ്പോൾ 2020ൽ എടുത്താൽ പൊങ്ങാത്ത ജംബോ ലിസ്റ്റുമായി  മൂത്ത നേതാക്കൾ പോയിരിക്കുന്നു ഹൈക്കമാന്റിനെ തേടി. തമ്മിലടിക്കാതിരിക്കാൻ  എല്ലാത്തിനെയും നേതാവാക്കണം. എല്ലാവരും ദിവാസ്വപ്നത്തിലാണല്ലോ അടുത്ത അഞ്ച് വർഷം നമുക്കാണല്ലോ ഭരണം. അപ്പോൾ ഒരു മുഴം നീട്ടിയെറിഞ്ഞ് നേതാവായേ പറ്റൂ. അവർക്ക് നാടിനെ ഭീഷണിയിലാക്കുന്ന ഒരു പ്രശ്നത്തിലും താല്പര്യമില്ല. ജംബോ ലിസ്റ്റ് !!അത് പാസ്സാക്കി കഴിഞ്ഞേ എന്തിനുമുള്ളൂ.
വിഭജന കാലത്തെ ജനത്തിന്റെ വോട്ടു പോലും കിട്ടാത്തവർക്ക് ആ ദുരന്ത സ്മരണകൾ കഴിഞ്ഞ് രണ്ട് മൂന്ന് തലമുറ കഴിഞ്ഞതിന് ശേഷം അധികാരത്തിൽ എത്താൻ കഴിഞ്ഞെങ്കിൽ അതിന് കാരണം നിങ്ങൾ തന്നെ കോൺഗ്രസ്സേ!

Wednesday, January 15, 2020

കിത്നാ ബദൽ ഗയാ ഇൻസാൻ...വിഭജനത്തിന്റെ കാഴ്ചകൾ

പഴയ സിനിമാ ഗാനങ്ങൾ കാണുന്നതും  കേൾക്കുന്നതും   ഏറെ ഇഷ്ടമുള്ള  കാര്യമാണ്. അതിൽ രണ്ടുണ്ട് കാര്യം. (ഒന്ന്)  പഴയ സിനിമാ ഗാനത്തിന്റെ  ആസ്വാദ്യത. (രണ്ട് ) ആ ഗാന പശ്ചാത്തലം  കഴിഞ്ഞ് പോയ കാലത്തിന്റെ ദൃശ്യാവിഷ്കാരം  നമ്മുടെ മുമ്പിലെത്തിക്കുന്നു. അന്നത്തെ വേഷ ഭൂഷാദികൾ , പരിസരങ്ങൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ കുടിലുകൾ, നിരത്തുകൾ സംഭവങ്ങൾ  തുടങ്ങിയവയിലൂടെ നാം  കടന്ന് പോകുമ്പോൾ ഇങ്ങിനെയും ഒരു കാലം  ഉണ്ടായിരുന്നു എന്ന ചിന്ത  നമ്മിലുണ്ടാകുന്നു.
അങ്ങിനെയാണ് ഞാൻ ആ പഴയ ഹിന്ദി ഗാനം കാണാനും കേൾക്കാനും ഇടയായത്. 1954 ലെ  നാസ്തിക്ക്  എന്ന ചിത്രം. ഗാനം “ദേക് കോ തേരേ സൻസാർ കി ഹാലത്ത്  ക്യാ ഹോയ് ഹേയ് ഭഗവാൻ! കിത്നാ ബദൽ ഗയാ ഇൻസാൻ“ (ഭഗവാൻ!  അങ്ങയുടെ ലോകത്തിന്റെ സ്ഥിതി  എന്തായി തീർന്നെന്ന്  നോക്കുക, മനുഷ്യൻ  എത്ര മാറിയിരിക്കുന്നു) രംഗം  വിഭജന കാലത്ത്  വർഗീയ  ലഹളയിൽ നിന്നും രക്ഷപെട്ട്  ട്രൈനിൽ പാലായനം ചെയ്യുന്ന ഒരു കുടുംബത്തിന്റെ കാഴ്ചയാണ്. ഭാര്യ ഭർത്താവ്,  തലയിൽ മുറിവ് ചുറ്റിക്കെട്ടിയ കുഞ്ഞു മകൻ, ശോകാകുലമാണ് ഭർത്താവിന്റെ മുഖം. ഭയന്നതാണ് കുട്ടിയുടെ മുഖം. ഭാര്യ ഭർത്താവിന്റെ തോളിൽ അവശയായി  ചാഞ്ഞുറങ്ങുന്നു. ട്രൈൻ നിറഞ്ഞ് കവിഞ്ഞ് മുകളിലും ധാരാളം യാത്രക്കാരുമായി  ഓടിക്കൊണ്ടിരിക്കുന്നു. കാൽ നടയായി യാത്ര ചെയ്യുന്ന ആയിരങ്ങളെയും പതിനായിരങ്ങളയും ഗാന രംഗത്ത് കാണിക്കുന്നു. എല്ലാവരു കയ്യിൽ കിട്ടിയതുമായി  പലായനം ചെയ്യുകയാണ്. അവർ വസിച്ചിരുന്ന വീടും നാടുംഅത് വരെ ഉണ്ടായിരുന്ന സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞ് പ്രാണ ഭയത്താൽ അവർ  അഭയ സ്ഥാനം നോക്കി പായുകയാണ്. 1947--48 കാലത്തെ  അവസ്ഥയാണത്.
 പിൽക്കാലത്ത് നിതാന്ത ശത്രുക്കളായി  ജീവിക്കുവാൻ ഒരു ജനതക്ക് രാജ്യത്തെ രണ്ടായി  പകുത്ത് നൽകി ബ്രിട്ടീഷ്കാർ രാജ്യം വിട്ടു. അന്ന് തുടങ്ങിയതാണ് ഈ പക. അതിന്നും തുടരുന്നു. ഈ പങ്ക് വെക്കലിന് ആരെല്ലാം ചരട് വലിച്ചുവോ അവർ അപ്പുറത്തായാലും ഇപ്പുറത്തായാലും  ശരി ,  അവരുടെ മേൽ വിഭജനത്താൽ ദുരന്തം അനുഭവിച്ചവന്റെ കണ്ണ് നീർ ശാപം  എത്ര തലമുറകൾ കഴിഞ്ഞാലും  പെയ്തു തീരില്ല.

Friday, January 10, 2020

പ്രതി ഹാജരുണ്ട്...ഒരു ആസ്വാദനം

പ്രസിദ്ധ ബംഗാളി സാഹിത്യകാരൻ ബിമൽ മിത്രയുടെ  പ്രതി ഹാജരുണ്ട് എന്ന നോവലിന്റെ  കെ.രവി വർമ്മയുടെ മലയാള വിവർത്തനം വായിച്ച് തീർന്നപ്പോൾ  എന്റെ ഓർമ്മകൾ  ദൂരദർശന്റെ  ആദ്യ കാലഘട്ടത്തിലേക്ക് പോയി. അന്ന് ഈ നോവലിന്റെ  ദൃശ്യാവിഷ്കാരം  ദൂര ദർശൻ ചാനലിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ  സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കിയ ഈ  മലയാള  പരിഭാഷ  വർഷങ്ങൾക്ക് മുമ്പ് ഈയുള്ളവൻ  വാങ്ങി വെച്ച് ആദ്യ അദ്ധ്യായങ്ങൾ  വായിച്ച് കഴിഞ്ഞപ്പോൾ  എന്ത് കൊണ്ടൊ തുടർ വായന അവസാനിപ്പിച്ച് അലമാരിയിൽ  കയറ്റി വെച്ചു.
 കാലം കടന്ന് പോയി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്    ഏകാന്തതയുടെ  തുരുത്തിലകപ്പെട്ട്    ശൂന്യ മനസ്സുമായി  കഴിഞ്ഞ് വരവേ പെട്ടെന്ന് ഞാൻ ദീപുവിനെ കുറിച്ച് ആലോചിച്ചു.
ദീപുവിനെ അറിയില്ലെ, ബിമൽ മിത്രയുടെ തന്നെ മറ്റൊരു നോവലായ  വിലക്ക് വാങ്ങാം എന്ന നോവലിലെ നായകൻ  ദീപാങ്കുര സെൻ. പണ്ട് ആ നോവൽ  ജനയുഗം വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു1960 കളിൽ. പിന്നീട്  പ്രഭാത് ബുക്ക് ഹൗസ്  ആ നോവൽ പുസ്തകമായി  പുറത്തിറക്കി. രണ്ട് ഭാഗമായാണ് അന്ന്  പ്രസിദ്ധീകരിച്ചത്. പിൽ കാലത്ത് അത് ഡി.സിയുടേതായി. ദീപുവിനോടൊപ്പം  ആ നോവലിലെ അഘോരനപ്പൂപ്പൻ, സതി, ലക്ഷ്മി ഏട്ടത്തി, സനാതൻ ബാബു, കിരണൻ എല്ലാവരും അന്നത്തെ കാലത്ത് മലയാളികളുടെ  മനസ്സിൽ ചിര പ്രതിഷ്ഠ നേടി.  പ്രസിദ്ധ കഥാപ്രാസംഗികൻ  സാംബശിവൻ  ദീപുവിന്റെ കഥ  കഥാ പ്രസംഗവുമാക്കിയപ്പോൾ  മലയാളി ആൺ കുട്ടികൾ പലരും ദീപു എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
പിന്നീട് ഞാൻ ദീപുവിനെ  ബിമൽ മിത്രയുടെ തന്നെ  പ്രഭുക്കളും ഭൃത്യരും , ഇരുപതാം നൂറ്റാണ്ട്, ബീഗം മേരി ബിശ്വാസ് തുടങ്ങിയ നോവലിൽ കണ്ടെത്തി. പേർ വ്യത്യസ്തമായിരുന്നു എന്ന് മാത്രം.
ഏകാന്തയുടെ നിമിഷങ്ങളിൽ ഈ കഥാ പാത്രങ്ങൾ മനസ്സിൽ വട്ടം കൂടി നിന്നപ്പോൾ ഞാൻ വായന പൂർണമാക്കാത്ത പ്രതി ഹാജരുണ്ട് എന്ന   നോവലിന്റെ  ഓർമ്മയിലെത്തുകയും അലമാരയിൽ നിന്നും ആ പുസ്തകം പുറത്തെടുത്ത്  ആദ്യം മുതൽ തന്നെ വായന ആരംഭിക്കുകയും ചെയ്തു. വായന പൂർത്തീകരിച്ചപ്പോൾ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങി ഞാനെന്ത് കൊണ്ടാണ് ഈ പുസ്തകം വായിക്കാതെ മാറ്റി വെച്ചതെന്ന്  പരിതപിച്ചു.  കാരണം എന്റെ ദീപാങ്കുര സെൻ  ഇതാ  ആ നോവലിൽ  സദാനന്ദൻ  എന്ന പേരിൽ  രംഗത്ത് വന്നിരിക്കുന്നു. ദീപുവിന്റെ അതേ സ്വഭാവത്തിൽ....
പുസ്തകത്തിന്റെ പ്രസാധക കുറിപ്പിൽ ഇങ്ങനെ പറയുന്നു:-
ഒരേ കാലം ബംഗാളിന്റെ കുടുംബ സാമൂഹ്യ ജീവിതങ്ങൾക്ക് നേർക്ക് പിടിച്ച  കണ്ണാടിയാണ് ബിമൽ മിത്രയുടെ  കൃതികൾ.......“
അതേ! ശരിയായ നിരീക്ഷണം. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കിട്ടാവുന്നിടത്തോളം മലയാളം വിവർത്തനം ഞാൻ വായിച്ചിട്ടുണ്ട്. അതിലെല്ലാം മേൽപ്പറഞ്ഞ നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിയാണ്. അത് കൊണ്ട് തന്നെയാണ്, അദ്ദേഹത്തിന്റെ  കണ്ണ് ചികിൽസിച്ച ഡോക്ടർ, ഫീസിന് പകരം അദ്ദേഹത്തിന്റെ നോവൽ തന്നാൽ മതിയെന്ന് പറഞ്ഞത്. അത് കൊണ്ട് തന്നെ ഈ പുസ്തകം വായിക്കാൻ ശുപാർശ ചെയ്യുന്നു.
 പ്രതി ഹാജരുണ്ട്. പേജ് 650.  വില 490.   നാഷണൽ ബുക്ക് സ്റ്റാളിൽ നിന്നും പുസ്തകം ലഭിക്കും. 

Wednesday, January 8, 2020

ഉയർന്ന ബിരുദവും ശിപായി ജോലിയും

അന്ന് ഞാൻ മുൻസിഫ് കോടതിയിൽ  സൂപ്രണ്ടായി ജോലി നോക്കി വരുകയായിരുന്നു. കോടതിയിൽ  ലാസ്റ്റ് ഗ്രേഡ്  ജോലിക്കായി നിയമനം ലഭിച്ച ഒരു യുവതി നിയമന ഉത്തരവുമായി എന്റെ മുമ്പിലെത്തി.
നിയമന ഉത്തരവും സർട്ടിഫിക്കറ്റുകളും  മേശപ്പുറത്ത് വെച്ച് അവർ എന്നോട് പറഞ്ഞു  “സർ, ഞാൻ  ഉയർന്ന ബിരുദം ഉള്ള ആളാണ്, സെക്ഷനിൽ എവിടെയെങ്കിലും  ഇരുത്തിയാൽ ഞാൻ ഓഫീസ് ജോലികൾ  ചെയ്തു കൊള്ളാം.“
ഞാൻ പറഞ്ഞു, കോടതിയിൽ നിയമനം  ലഭിക്കുന്ന  ലാസ്റ്റ് ഗ്രേഡ്കാർ  ഓഫീസറുടെ (മുൻസിഫിന്റെ) പേഴ്സണൽ  ജോലി ചെയ്യാൻ  നിയമിക്കപ്പെട്ടവരാണ്. നീതി ന്യായ വകുപ്പിൽ  അതിന് വേണ്ടിയാണ്  ശിപായിമാരെ നിയമിക്കുന്നത്, എട്ട് പത്ത് മാസത്തിനുള്ളീൽ  ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് പ്രോസ്സസ് സർവറായി ഉദ്യോഗ കയറ്റം ലഭിക്കും, അപ്പോൾ ഓഫീസ് ജോലികൾ മാത്രം ചെയ്താൽ മതിയാകും...“ ഇപ്പോൾ എന്താണ് ജോലി സർ, അവർ എന്നോട് ചോദിച്ചു.
“ഞാൻ പറഞ്ഞുവല്ലോ,  നിങ്ങളെ  അദ്ദേഹത്തിന്റെ പേഴ്സണൽ  സ്റ്റാഫായാണ് നിയമിച്ചിരിക്കുന്നത്, അതായത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോൾ ചായ വാങ്ങി കൊണ്ട് വരണം,   ഉച്ചക്ക്  ആഹാരം  ക്വാർട്ടേഴ്സിൽ നിന്നും കൊണ്ട് വരണം തുടങ്ങിയ ജോലികൾ. ജുഡീഷ്യറിയിൽ അതാണ്  പതിവ്, നിങ്ങൾ ജോലിയിൽ കയറുന്നതിന് മുമ്പേ  കാര്യങ്ങൾ പറഞ്ഞിരിക്കണമല്ലോ, അതാണ് മുൻ കൂറായി തന്നെ  തുറന്ന് പറയുന്നത്...“
“സർ, ഞാൻ എം.എ. കാരിയാണ്, എന്റെ യോഗ്യത കണക്കിലെടുത്ത്.....“
“ ലാസ്റ്റ് ഗ്രേഡിന് എം.എ. ബിരുദം വേണ്ടല്ലോ..പെങ്ങളേ.  “ ഞാൻ ഇടക്ക് കയറി പറഞ്ഞു.
“ഞാൻ ഓഫീസറോട് പറഞ്ഞോളാം“...യുവതി പിണങ്ങിയ മട്ടിലാണ്. ഞാൻ നിസ്സഹായനായി. കാരണം 1957ലെ  ഇ.എം.എസ്. മന്ത്രി സഭ  സർക്കാർ ആഫീസിലെ ദാസ്യ ജോലി നിർത്തലാക്കി ഉത്തരവ് ഇറക്കിയതിന്റെ  മഷി ഉണങ്ങുന്നതിന് മുമ്പ്  ആ ഉത്തരവ് കോടതികളെ ബാധിക്കില്ല എന്ന് ഹൈ കോടതി  ഉത്തരവിട്ടതായാണ് എന്റെ അറിവ്.
പുറമേ നോക്കുമ്പോൾ  അൽപ്പം മൂരാച്ചി ഉത്തരവായി നമുക്ക് തോന്നുമെങ്കിലും, ആലോചിച്ച് നോക്കുമ്പോൾ  ജൂഡീഷ്യൽ ആഫീസറന്മാരുടെ  ജോലി കണക്കിലെടുത്താൽ  എല്ലാ സാമൂഹ്യ ബന്ധങ്ങളിൽ നിന്നും  അകലം  പാലിക്കാൻ അവർ നിർബന്ധിതരാണല്ലോ, അവർക്ക് പേഴ്സണൽ സ്റ്റാഫ് അത്യാവശ്യവുമാണ് (അതിനെ പറ്റി പിന്നീടൊരിക്കൽ  വിവരിക്കാം നമുക്ക്പ  വിഷയത്തിലേക്ക് വരാം) യുവതിയുമായി ഞാൻ മുൻസിഫിന്റെ  ചേമ്പറിൽ പോയി.  രണ്ട് പേഴ്സണൽ പ്യൂണാണ്  അവിടെ ജോലി ചെയ്യുന്നത്.
 പുതിയതായി വന്ന പ്യൂണാണ് എന്ന്  ഞാൻ അവരെ പരിചയപ്പെടുത്തിയപ്പോൾ  അദ്ദേഹം എന്നോട് ചോദിച്ചു, ജോലിയുടെ  രീതി അവരെ പറഞ്ഞ് മനസിലാക്കിയോ?
മറുപടി പറയുന്നതിന് മുമ്പ്  അവർ ഇടക്ക് കയറി പറഞ്ഞു സർ ഞാൻ എം.എ. കാരിയാണ്., ആഫീസ് വർക്ക് കിട്ടിയാൽ കൊള്ളാമായിരുന്നു....“
അദ്ദേഹം  ഒന്നും പറഞ്ഞില്ല.  അന്നത്തെ മുൻസിഫ്  സരസനും  എന്നാൽ ജോലി കാര്യത്തിൽ കർക്കശനുമാണ്. തമാശ ആസ്വദിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടവുമാണ്.
അദ്ദേഹം എന്നോട് പറഞ്ഞു, “മറ്റേ പ്യൂണിനെ വിളിക്കുക, ‘
മറ്റേ പ്യൂണും യുവതിയായ സ്ത്രീയാണ്. അവർ  ചേമ്പറിൽ ഹാജരായി.
“ എന്താണ് നിങ്ങളുടെ വിദ്യാഭ്യാസ  യോഗ്യത...?  മുൻസിഫ് അവരോട് ആരാഞ്ഞു.
“സർ, ഡബിൾ എം.എ., തുടർന്ന് “ മഹാ ഭാരതത്തിൽ കുന്തിയുടെ പങ്ക്“ എന്ന വിഷയത്തിൽ പി.എച്. ഡി. ചെയ്യുമ്പോഴാണ് പ്യൂൺ ജോലി  കിട്ടി  ഇവിടെ വന്നത്. “
ജോലി എന്താണെന്ന് അറിഞ്ഞല്ലേ  നിങ്ങൾ ജോയിൻ ചെയ്തത്... “
“അതേ സർ,...“ കാര്യം അറിയാതെ അവർ പരുങ്ങി എന്നെ നോക്കി. കുഴപ്പമൊന്നുമില്ല എന്ന് ഭാവത്തിൽ ഞാൻ കണ്ണ്  അടച്ച് കാണിച്ചു.
“ ജോലിയിൽ കയറുന്നോ...“ പുതിയ ആളോട് അദ്ദേഹം ചോദിച്ചു.
ഒരക്ഷരം സംസാരിക്കാതെ  അവർ തല കുനിച്ച് നിന്നു.
ആ രംഗം അവിടെ അവസാനിച്ചു. കുറേ നാൾ കഴിഞ്ഞ് പുതിയ പ്യൂൺ മറ്റേതോ വകുപ്പിലേക്ക് സ്ഥലം മാറ്റം വാങ്ങി  മാറി പോയി എന്നാണെന്റെ ഓർമ്മ.         പിന്നീട് അവരെ ഞാൻ കണ്ടിട്ടില്ല.“കുന്തീ ദേവിയുടെ പങ്ക്“ വിഷയക്കാരിക്ക്, കോടതിയിൽ ഉടനുടനെ പല ഉദ്യോഗ കയറ്റം കിട്ടി ഇപ്പോഴും നല്ല നിലയിൽ കോടതിയിൽ അവർ ജോലി നോക്കി വരുന്നു. ഈ അടുത്ത ദിവസം ആ കുട്ടിയെ ഞാൻ കാണുകയുണ്ടായി. അപ്പോൾ  ഈ പഴയ സംഭവം ഓർത്ത് പോയി.
അവനവൻ ചെയ്യുന്ന ജോലിയിൽ (അതെന്ത് ജോലി ആയാലും)  ആത്മാർത്ഥത  കാണിക്കുമ്പോഴേ ആ ജോലി  സംതൃപ്തിയോടെ ചെയ്ത് തീർക്കാൻ കഴിയൂ എന്ന് എന്റെ ജീവിതാനുഭവത്താൽ  എനിക്ക് പറയാൻ സാധിക്കും.
അന്നത്തെ മുൻസിഫ് സ്തുത്യർഹമായ  വിധം ഡിസ്ട്രിക്റ്റ് ആൻട് സെഷൻസ് ജ  ഡ്ജായി   ഉദ്യോഗം പൂർത്തിയാക്കി  സർവീസിൽ നിന്നും വിരമിച്ചു. കേരളത്തിലെ പ്രഖ്യാതമായ പല കേസുകളിലും  അദ്ദേഹം വിധി പറയുകയുമുണ്ടായി. ഇപ്പോൾ  നമ്മോടൊപ്പം ഫെയ്സ് ബുക്കിൽ സജീവമായി രംഗത്ത് വന്ന് ഗഹനമായതും ചരിത്ര പ്രധാനമായതുമായ പല വിഷയങ്ങളിലും പോസ്റ്റിടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഉണ്ടായിട്ടുള്ള പല സംഭവങ്ങളും സന്തോഷത്തോടെ ഇന്നും  ഓർമ്മിക്കാൻ കഴിയുന്നുണ്ട്.

Thursday, January 2, 2020

കളിച്ച് വളർന്ന വീടു അന്യരുടേതാകുമ്പോൾ

പ്രിയപ്പെട്ട ഭാര്യ  വിവാഹ ബന്ധം  ദൗർഭാഗ്യവശാൽ  വേർ പെടുത്തി  പുതിയ ഭർത്താവിനൊപ്പം  കഴിയുന്നത് കാണുമ്പോൾ  ആദ്യ   ഭർത്താവിന് ഉണ്ടാകുന്ന ദു:ഖമാണ് ഞാൻ കളിച്ച് വളർന്ന വീട്  അന്യ കൈവശമായതിന് ശേഷം  ആ വീട് കാണുമ്പോളെല്ലാം  എന്റെ മനസ്സിലുണ്ടാകുന്നത്.
ആലപ്പുഴയിൽ  പോകുമ്പോൾ പലപ്പോഴും ഞാൻ ആ വീടിന്റെ മുമ്പിലൂടെ  അവിടേക്ക് നോക്കി രണ്ട് മൂന്ന്  തവണ നടക്കും. എല്ലായ്പ്പോഴും അതിരാവിലെയായിരിക്കും  അതിനായി സമയം കണ്ടെത്തുന്നത്. വീട്ടിലെയും  പരിസരത്തിലെയും ആളുകൾ അപ്പോൾ ഉറക്കം എഴുന്നേറ്റ് കാണുകയില്ല. അവിടെ കളിച്ച് വളർന്ന എന്നോട് “ ആരാ? മനസ്സിലായില്ലല്ലോ“ എന്ന് ഇപ്പോൾ അവിടെയുള്ള ആൾക്കാർ ചോദിക്കുന്നത് എനിക്ക് സഹിക്കാനാവില്ലല്ലോ. അത് കൊണ്ടാണ് ആൾ സഞ്ചാരം കുറഞ്ഞ പുലർകാലത്ത് അവിടെ സന്ദർശിക്കുന്നത്.
 ഞാൻ വളർന്ന ആ വീടിന്റെ സ്ഥാനത്ത്   ഇപ്പോൾ  രണ്ട് നില വീടാണ് എങ്കിലും ആ മണ്ണ് മാറിയിട്ടില്ല. ആ മണ്ണിലാണ് എന്റെ ബാല്യ കൗമാരങ്ങൾ കഴിച്ച് കൂട്ടിയത്. കൗമാര പ്രണയത്തിന്റെ അവശേഷിപ്പായി അയല്പക്ക വീടും ഇപ്പോഴും അവിടുണ്ട്. ആ വേലിക്കെട്ടിന് മുകളിലൂടെ ഇപ്പോഴും മുല്ലപ്പൂക്കൾ  അടങ്ങിയ പൊതികൾ എറിയപ്പെടാറുണ്ടോ? വിശന്ന് വലഞ്ഞിരിക്കുമ്പോൾ  ചിലപ്പോൾ ആഹാരത്തിന്റെ പൊതിയും  എത്തി ചേരാറുണ്ടായിരുന്നല്ലോ. ആ വീടിലെ ആൾക്കാർ ലോകത്തിന്റെ ഏതോ മൂലയിൽ ഈ ഭ്രാന്തൊന്നും അറിയാതെ ജീവിക്കുന്നുണ്ടായിരിക്കാം.
 ആ കാലം ഓടി മറഞ്ഞു. എല്ലാവരും  പലയിടത്തായി. എങ്കിലും മനസ്സിലെ ഓർമ്മകൾക്ക് മരണമില്ലല്ലോ. സന്തോഷവും ദു:ഖവും  ഇട കലർന്ന ജീവിതം മാതാപിതാക്കൾക്കൊപ്പവും സഹോദരങ്ങൾക്കൊപ്പവും കഴിച്ച് കൂട്ടിയ മണ്ണ്... ആ വീട്ടിൽ വെച്ചായിരുന്നു പ്രിയപ്പെട്ട  വാപ്പ  അന്യ ലോകത്തേക്ക് യാത്ര ആയത്. ആ വീട്  തിരികെ കൈവശമാക്കാൻ  ആഗ്രഹമുണ്ടായാലും സാധിക്കുന്ന വിധം ഞാൻ സമ്പന്നനുമല്ല . എങ്കിലും വല്ലപ്പോഴുമെങ്കിലും ആ മണ്ണൊന്ന് കാണണം. ഓർമ്മകളിലേക്ക്  കടന്ന് ചെല്ലണം. ആ ഓർമ്മകളിൽ നിന്നും കിട്ടുന്ന മധുരം നുണഞ്ഞ് അടുത്ത സന്ദർശനം വരെ കഴിയണം.
     അത് മാത്രമല്ലേ എനിക്ക് കഴിയൂ.