Thursday, September 29, 2016

ഇരു ചക്ര വാഹനങ്ങളും പെണ്ണുങ്ങളും.

കഴിഞ്ഞ ഓണക്കാലത്ത്  സ്റ്റാൻടിൽ  പതിവിന് വിപരീതമായി ആട്ടോ റിക്ഷാകൾ ഓട്ടമില്ലാതെ നിരന്ന് കിടക്കുന്നത് കണ്ട് പരിചയക്കാരനായ ഒരു ആട്ടോ ഡ്രൈവറോട്  കാരണം തിരക്കി. "പഴയ കാലമെല്ലാം പോയി സാറേ! ഗിയറില്ലാത്ത ആക്റ്റീവാ പോലുള്ള സ്കൂട്ടറുകൾ  സ്ത്രീകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആട്ടോയുടെ പ്രസക്തി ഇല്ലാതെ വരുകയാണ്. ഒരു വീട്ടിലെ രണ്ട് സ്ത്രീകൾ അതിൽ യാത്ര  ചെയ്യുമ്പോൾ  മാർക്കറ്റിൽ പോകാനും ഷോപ്പിംഗ് നടത്താനും കുട്ടിയെ സ്കൂളിൽ കൊണ്ട് വിടാനും  ആട്ടോ വിളിക്കേണ്ട  ആവശ്യം ഇല്ലാ . പുരുഷന്മാർ നേരത്തെ തന്നെ രണ്ട് വീലിന് മുകളിലായി കഴിഞ്ഞു. സ്ത്രീകളിൽ ഈ ജ്വരം പെട്ടെന്നാണ് പകരുന്നത്.അയലത്തെ പെണ്ണ് ആക്റ്റീവാ വാങ്ങിയാൽ  അടുത്ത ദിവസം തന്നെ ഈ വീട്ടിലെ പെണ്ണും കടമെടുത്തായാലും  ഒരെണ്ണം വാങ്ങിക്കൊള്ളും. ആർ.ടി.ഓ. ഓഫീസിൽ  ഡ്രൈവിംഗ്  ടെസ്റ്റിന് പുരുഷന്മാരേക്കാളും കൂടുതലാണ് സ്ത്രീകൾ ഇപ്പോൾ.പകൽ സമയത്തെ ആട്ടോ ഉപയോഗം കഴിഞ്ഞ കൊല്ലത്തേക്കാളും ഈ വർഷം പകുതി മാത്രമാണ്  ഉള്ളത്.
അയാൾ പറഞ്ഞതിൽ വാസ്തവമുണ്ടെന്ന് റോഡിലൂടെ  വനിതകളുമായി ചീറി പായുന്ന ഇരു ചക്ര വാഹനങ്ങൾ  തെളിയിക്കുന്നു.
  ആട്ടോ റിക്ഷാക്കാരന് വരവ് കുറഞ്ഞെങ്കിലും  മറ്റൊരു കൂട്ടർക്ക് കൊയ്ത്ത് കാലമായിരിക്കുമെന്ന്  തോന്നുന്നു. ഡോക്ടറന്മാർക്കും മരുന്ന് കമ്പനികൾക്കും സുവർണ കാലമാണ്  വരാനിരിക്കുന്നത്. അൽപ്പമായി നടക്കാനെങ്കിലും കിട്ടിക്കൊണ്ടിരുന്ന  സാദ്ധ്യത ഇരു ചക്ര വാഹനങ്ങൾ വഴി നഷ്ടമാകുന്നു എന്നത് ഒരു സത്യം മാത്രം.ഇരു  ചക്ര കുതിരയുടെ പുറത്ത് ചാടി കയറി കഴിഞ്ഞാൽ പിന്നെ ഇറങ്ങുന്നത് ഉദ്ദേശ സ്ഥലത്ത് മാത്രം മതി. ഒട്ടും വ്യായാമം ഇല്ലാത്ത അവസ്ഥ ആണ് സ്ത്രീകൾ നേരിടാൻ  പോകുന്നത്. അരി ഇടിയും നെല്ല് കുത്തും മുളക് അരപ്പും മുത്തശ്ശി കഥകളായി മാറി കഴിഞ്ഞ ഈ കാലത്ത് കിണറിൽ നിന്നും വെള്ളം പോലും വലിച്ച് കയറ്റേണ്ട അവസ്ത ഇല്ലാതായിരിക്കുന്നു. വിറക് കീറലും തീ ഊതലും എങ്ങോ പോയി മറഞ്ഞു. ഒരു തള്ള വിരലിന്റെ ആക്ഷൻ സ്വിച് ഇടാൻ മതിയാകുമ്പോൾ വീട്ട്  ജോലികൾ ശടേന്ന്  തീർന്ന് കിട്ടുന്നു. ബാക്കി സമയം  സീരിയലിന്റെ മുമ്പിലും. ദേഹമനങ്ങാൻ ഒരു സാദ്ധ്യതയുമില്ല എന്നത്  തികച്ചും സത്യം.  പ്രമേഹവും കൊളസ്ട്രോളും തുടർന്ന് രക്ത സമ്മർദ്ദവും ഹൃദയാഘാതവും  ചെറുപ്പക്കാരെ പോലും വേട്ടയാടാൻ കാരണം  വ്യായാമ കുറവ് മാത്രമാണ് എന്ന്  തിരിച്ചറിഞ്ഞ്  വ്യായാമത്തിനായി സമയം കണ്ടെത്തിയാൽ നന്ന്.

2 comments:

  1. അപ്പൊ ഇക്ക ഓട്ടോക്കാരുടെ സൈഡാ...?

    ReplyDelete
  2. ഊങ്ഹും...ഞാൻ കണ്ടത് എഴുതിയെന്നേയുള്ളൂ റോസാ പൂവേ!

    ReplyDelete