Tuesday, September 27, 2016

മൂന്ന് ചക്കകളും സിഗ്നൽ തെറ്റിച്ച് ഓടിച്ച കാറും

രാവിലെ നടക്കാനിറങ്ങിയപ്പോൾ  നിരത്തിൽ കണ്ട ഒരു കാഴ്ച.
വലത് വശത്തേക്ക് സിഗ്നൽ ലൈറ്റ് കത്തിച്ച് കാണിച്ച് വരുന്ന ഒരു കാർ വലത് വശത്തേക്ക് തിരിയാതെ നേരെ  മുമ്പോട്ട് വന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വലത് വശത്തേക്ക് തിരിയാനായി അയാൾ ഇട്ട സിഗ്നൽ ലൈറ്റ്   ഓഫാക്കാൻ കാറ്കാരൻ മറന്നതായിരിക്കാം. കാറ് വലതേക്ക് തിരിയുമെന്ന് കരുതി  ഒരു ബൈക്ക്  യാത്രികർ നേരെ എതിർ വശത്തേക്ക് അതായത്  കാറിന്റെ നേരെ മുമ്പിലേക്ക് ബൈക്ക് ഓടിച്ച് പോയി.ബൈക്കിൽ 3 പേരുണ്ട്. മൂന്നെണ്ണവും ഹാർമോൺ കുത്തി വെച്ച കോഴി ഇറച്ചി കഴിക്കുന്നവരാണെന്ന് വ്യക്തമാക്കുന്ന വിധം ശരീര പുഷ്ടി ഉള്ളവർ, മൂന്ന് ഗുണ്ട് മണികൾ. ഏറ്റവും പുറകിൽ ഇരിക്കുന്നവന്റെ ചന്തി പകുതി പുറത്ത് കിടക്കുകയാണ്. നേർക്ക് നേർ വന്ന രണ്ട് ശകടങ്ങളും  കൂട്ടിമുട്ടി. തക്ക സമയത്ത് ബ്രേക്കിൽ കാറ്കാരന്റെ കാൽ അമർന്നതിനാൽ മൂന്ന് ചക്കകളും  റോഡിൽ മലർന്ന് വീണതൊഴിച്ചാൽ  വലിയ കുഴപ്പമില്ലാതെ കാര്യം കഴിച്ച് കൂട്ടി. തറയിൽ നിന്നും എഴുന്നേറ്റ് വന്ന  മൂന്ന് ന്യൂജന്മാരോടും കാറിൽ വന്ന മാന്യൻ ശ്രേഷ്ട ഭാഷ  സംസാരിച്ചു. ഗുണ്ട്കൾ അതേ ഭാഷയിൽ ഉത്തരവും നൽകി.വലത്തോട്ട്  സിഗ്നൽ കാട്ടി ഇടത്തോട്ട് വണ്ടി വിടുന്നത് എവിടത്തെ  നിയമമാണെടാ....പുത്രാ.....എന്ന് ബൈക്ക്കാരും , ഇനിയും 10 ചക്കകളെ കൂടി കയറ്റി യാത്രചെയ്യെടാ  എന്നാലേ തക്ക സമയത്ത് ബ്രേക്ക് ചവിട്ടാൻ കഴിയൂ....ആവശ്യമില്ലാത്ത രോമമേ .എന്ന്  കാറുകാരനും മൊഴിഞ്ഞു..കുറേ നേരം വാഗ്വാദം നടന്നപ്പോൾ കൂടിയിരുന്നവർ ഇരുകൂട്ടരേയും സമാധാനപ്പെടുത്തി വിട്ടു.
ആവശ്യത്തിന് ഉപയോഗിച്ച സിഗ്നൽ ലൈറ്റ് ഓഫാക്കാൻ മറന്ന കാറുകാരനും അനുവദിച്ചതിലും കൂടുതൽ ആൾക്കാരെ കയറ്റി യാത്ര ചെയ്ത ന്യൂ ജനറേഷൻ കുട്ടികളും  ഈ കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരാണ്. സിഗ്നൽ തെറ്റിച്ച് ഓടിച്ച കാറ്കാരനിൽ നിന്നും ബൈക്ക് വെട്ടിച്ച് ഒഴിഞ്ഞ് മാറാനോ ബ്രേകിടാനോ  രണ്ട് തടിയന്മാരെയും വെച്ച്  ബൈക്ക് ഓടിച്ച മൂന്നാമത്തെ തടിയന്  പറ്റാതെ വന്നു
റോഡ് അപകടങ്ങളിൽ ഒട്ടും പുറകിലല്ലാത്ത നമ്മുടെ കൊച്ച് സംസ്ഥാനത്ത് അത്തരം അപകടങ്ങൾക്ക് കാരണം പ്രധാനമായത് അശ്രദ്ധയും നിയമ ലംഘനവും മാത്രമാണ്.

2 comments: