Saturday, September 10, 2016

വായനക്ക് പാര പണിയുന്നവർ

"മായാവിയുടെ അൽഭുത പരാക്രമങ്ങൾ" കേരള ഭൂഷണത്തിൽ, "മാന്ത്രികനായ മാൻഡ്രേക്" മനോരമയിൽ.  "ആരം" ദീപികയിൽ  "പെട്രോൾ സംഘം " ദേശബന്ധുവിൽ  എന്നിങ്ങനെ ചിത്ര കഥകൾ ഞങ്ങളുടെ ബാല്യത്തിൽ പത്രങ്ങളിൽ അടിച്ച്  വന്നിരുന്നതിലാണ്  ഞങ്ങളുടെ വായനയുടെ തുടക്കം. ആലപ്പുഴ  സക്കര്യാ ബസാറിലെ ലജനത്തുൽ മുഹമ്മദിയാ വായന ശാലയിൽ ഈ ചിത്രകഥകൾ വായിക്കാൻ ഞങ്ങൾ തിടുക്കപ്പെട്ട്  പോകുമായിരുന്നു. കാലം ചെന്നപ്പോൾ ഇവയിൽ പലതും ഇല്ലാതായെങ്കിലും അപ്പോഴേക്കും വായന  ഡിറ്റക്റ്റീവ് നോവലുകളിലേക്ക് പടർന്നിരുന്നു. കോവിലകത്തെ കൊലപാതകം, വൈദുതി പ്രതിമ, അൽഭുത വിക്രമൻ, വീര കേസിരി, കൊല്ലുന്നകുരിശ്, അംഗനാ ചുംബനം, എന്നിങ്ങനെ അന്ന് വായിച്ച് തള്ളിയ അപസർപ്പക നോവലുകൾക്ക് എണ്ണമില്ല. പിന്നീട്, തകഴി, ഉറൂബ്, ബഷീർ, കേശവ ദേവ് തുടങ്ങിയവരായി വായനയിൽ വന്നത്.  ആ വായന ഇന്നും നില നിൽക്കുന്നു. അന്ന് വല്യപ്പന്മാർ, വെറ്റയിലയിലെ   ഞരമ്പ് മാന്തിക്കളഞ്ഞ് ചുണ്ണാമ്പ് പുരട്ടി  മുറുക്കി രസിക്കുമ്പോൾ ഞങ്ങൾ പുസ്തകങ്ങളിൽ അഭയം തേടിയിരുന്നു. കാലം ചെന്നപ്പോൾ ഇന്നത്തെ യുവ തലമുറ റ്റാബിലും  മൊബൈലിലും ചുരണ്ടി സമയം നീക്കുമ്പോൾ അവർ   വായനയിൽ നിന്നും അകന്നകന്ന് പോകുന്നു എന്നത് തികച്ചും സത്യം തന്നെയാണ് . അവർക്ക് വായനക്ക്  നേരമില്ല. ഇത് മനസിലാക്കിയാണ് ബ്ലോഗിൽ  നീളൻ പോസ്റ്റുകളിട്ടിരുന്ന ഞങ്ങളെ പോലുള്ളവർ കാച്ചിക്കുറുക്കിയ മുണ്ടൻ  പോസുകളിൽ ഒതുങ്ങി കൂടുന്നത്. നീളൻ പോസ്റ്റ് വായിക്കാൻ ആർക്കും സമയമില്ല. വായന ബോറായി അനുഭവപ്പെടുമ്പ്ഓൾ നീളൻ പോസ്റ്റ് വായിക്കാൻ ആർക്ക് സമയം.  വായന മരിക്കുന്നു, അതൊരു പരമാർത്ഥം തന്നെയാണ് . സങ്കീർത്തനം പോലെയും ആട് ജീവിതവും, ആരാച്ചാരും എടുത്ത് കാട്ടി  ഈ പരമാർത്ഥം നിഷേധിച്ചിട്ട്  കാര്യമില്ല. ബാക്കി ഉള്ളവയ്ക്ക് എത്രമാത്രം വായനക്കാരെ കിട്ടി എന്ന് അന്വേഷിക്കുക. അപ്പോഴാണ്  റ്റാബും മൊബൈലും വായനക്ക് എത്രമാത്രം പാര പണിയുന്നു എന്ന് തിരിച്ചറിവിൽ നമ്മൾ എത്തി ചേരുന്നത്. 

1 comment:

  1. വായനയെ,കുറഞ്ഞ പക്ഷം ബ്ലോഗ്‌ വായനയെ എങ്കിലും നമുക്ക് പുര്‍ജ്ജീവിപ്പിക്കണം ഇക്കാ....

    ReplyDelete