ഇന്ത്യ സ്വാതന്ത്രിയം നേടിയിട്ട് 70 വർഷങ്ങളും പരമാധികാര റിപ്പബ്ലിക്കായി തീർന്നിട്ട് 66 വർഷവും പിന്നിടുന്ന ഈ കാലത്തും സാധാരണക്കാരന് രോഗ ചികിൽസ അപ്രാപ്യമായി തന്നെ അനുഭവപ്പെടുന്നു. ചിത്രത്തിൽ കാണുന്ന ഞങ്ങളുടെ സിനാൻ ഫെയ്സ് ബുക്കിലും ബ്ലോഗിലും സുപരിചിതനാണ്. പ്രസവ സമയത്ത് കുഞ്ഞിനെ ഇങ്ക്വിബേറ്ററിൽ വെച്ചേ തീരൂ എന്ന് സ്വകാര്യ ആശുപത്രി ഡോക്ടറുറ്റെ നിർബന്ധ ബുദ്ധി അവന്റെ രക്തത്തിലെ ഗ്ലൂക്കോസ് നില താഴാനും തലച്ചോറിലെ സിരകൾ തകരാനും അത് വഴി ഇപ്പോൾ 5 വയസായ അവൻ ഇത് വരെ നടക്കാതിരിക്കാനും സംസാര ശേഷി ഇല്ലാതാകാനും ഇടയാക്കി. എങ്കിലും ധാരാളം പണ ചെലവുള്ളതും നിരന്തരമായതുമായ ചികിൽസ അവനിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നതിനാൽ ഞങ്ങൾ സന്തോഷത്തിലായിരുന്നു. എന്നാൽ ഞങ്ങളെ പരിഭ്രമിപ്പിച്ച് കൊണ്ട് ബുധനാഴ്ച അവന് ജന്നി (ഫിറ്റ്സ്) ഉണ്ടായി. നീണ്ട 35 മിനിട്ടുകൾ അവൻ വെട്ടി വെട്ടി കണ്ണ് മിഴിച്ച് കിടന്നു. ഉടൻ സർക്കാർ വക താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും അവിടെ ഐ .സി. സൗകര്യം ഇല്ലെന്നും ആ സൗകര്യമുള്ള ആതുരാലയത്തെ തേടി പോകാനും സർക്കാർ ഭിഷഗ്വരന്മാർ നിർദ്ദേശിച്ചു. പിന്നെ ഈ സ്ഥാപനം തുറന്ന് വെച്ചോണ്ടിരിക്കുന്നത് എന്തിനാണെന്ന ചോദ്യം അവരുടെ മുഖത്തേക്ക് എറീഞ്ഞ് കൊടുത്തിട്ട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെയും കൊണ്ട് പാച്ചിൽ തുടർന്നു. 1 മണിക്കൂർ സമയത്തെ കുത്തലും കിഴിക്കലും കഴിഞ്ഞ് 1800 രൂപയുടെ ബില്ലും കയ്യിൽ തന്നിട്ട് തിരുവനന്തപുരം മേഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ അവർ ഉത്തരവായി. പിന്നെന്തിനാടോ 1800 രൂപാ എന്നെ പിടിച്ച് പറിച്ചതെന്ന് ചോദിക്കാൻ സമയമില്ലാത്തതിനാൽ കുഞ്ഞിനെ ആംബുലൻസിൽ കയറ്റി തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ സിനാനെ ഇത് വരെ ചികിൽസിച്ചിരുന്ന ന്യൂറോ സർജൻ മാർത്താണ്ഡൻ പിള്ള ചീഫ് ഓഫീസറായി പ്രവർത്തനം നടത്തുന്ന അനന്തപുരി ആശുപത്രിയിൽ പോകുന്നതാണ് നല്ലതെന്ന് കുടുംബം മൊത്തം പറഞ്ഞതിനാൽ ആംബുലൻസ് കൂ കൂ കൂ എന്ന് ഉച്ചതിൽ സൈറൺ മുഴക്കി എയർ പോർട്ടിന് സമീപമുള്ള അനന്തപുരി ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനക്ക് ശേഷം അവനെ ഐ.സിയിൽ കിടത്തി ഞങ്ങൾ പുറത്ത് കാവലുമായി നിന്നു. ആംബുലൻസ്കാരൻ 3500 രൂപാ കൊള്ളയടിച്ചു. മൂന്നാം ദിവസമായ ഇന്ന് കുഞ്ഞിനെ ഐ.സിയിൽ നിന്നും പുറത്തിറക്കി 2500 രൂപാ പ്രതിദിനം വാടക നൽകേണ്ട മുറിയിലാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാടക1200 രൂപയുടെ മുറി ഒഴിയുമ്പോൾ തരാമെന്ന ഒരു മോഹന വാഗ്ദാനവും കൂടെ നൽകിയിരിക്കുന്നു റിസ്പ്ഷ്യനിൽ ഇരിക്കുന്ന ലലനാമണി . ഒരു ഫൈവ് സ്റ്റാർ ആശുപത്രിയിലെ ചികിൽസാ ബിൽ വരുമ്പോൾ അതെത്രയെന്നും എന്തിനെല്ലാം ബിൽ ചെയ്തിരിക്കുന്നതെന്നും ഞാൻ അടുത്ത പോസ്റ്റിടാം. ഇവിടെ എന്റെ മുമ്പിൽ ഉയർന്ന ചോദ്യങ്ങൾ ഇവയാണ്. (1) ഇത്രയും കാലമായിട്ടും സർക്കാർ ആശുപത്രിയിൽ ഒരു പൗരന് ആവശ്യമായ ചികിൽസാ സൗകര്യം ലഭിക്കാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിവില്ലേ? പിന്നെന്ത് പുരോഗതിയാണ് ഈ സമത്വ സുന്ദര ദേശത്ത് നടപ്പിൽ വന്നിട്ടുള്ളത്. (2) ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ അവന്റെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യും?.(3) എന്റെ സിനാനെ രക്ഷിക്കാൻ എങ്ങിനെയെങ്കിലും പൈസാ ഉണ്ടാക്കാം എന്ന് കരുതിയാലും ഈ സ്വകാര്യ ആശുപത്രിയിൽ കൊടുവാളാണോ ബ്ലെയിഡ് ആണോ ഉപയോഗിക്കുന്നതെന്ന വിവരം ആരെങ്കിലും പറഞ്ഞ് തരാമോ?
No comments:
Post a Comment