Friday, January 7, 2011

കായലില്‍ ബ്ലോഗ്‌ ചര്‍ച്ച

കായലില്‍ ഒരു സായാഹ്ന ദൃശ്യം.
ഇതില്‍ ഏത് ബോട്ടില്‍ കയറണം?

എവിടെ എത്തി? ഇങ്ങോട്ടു പോന്നോളൂ.....ജയന്‍ ഏവൂര്‍, രാഘവന്‍, മത്താപ്പ്(ദിലീപ്)
എന്തൂട്ടാ ഈ കാഴ്ച്ചകള്‍?!!! യൂസുഫ്പ്പാ.
ദാ! ഇങ്ങിനെ ഫോക്കസ് ശരിയാക്കണം. ജയന്‍ ഏവൂര്‍, പ്രസന്ന(മാവേലി കേരളം) രാഘവന്‍(ആവനാഴി) സോണി , സോണിയുടെ സഹോദരി.
എന്തിക്കാ വിശേഷങ്ങള്‍? എന്നോടു പ്രവീണ്‍ വട്ടപറമ്പത്ത്.കൂട്ടത്തില്‍ മനോജ്, മത്താപ് ,ജോ , ആളവന്താന്‍, ചന്ദ്രന്‍ എന്നിവരും.

കായലില്‍ നിന്നും കരയിലേക്ക് നോക്കുമ്പോള്‍

ഇതാ അസ്തമിക്കാറായി.
ബാഹ്യാകാ‍ശ ജീവികളല്ല. ബോട്ട് ജീവനക്കാരുടെ നിര്‍ദ്ദേശാനുസരണം ലൈഫ് ബെല്‍റ്റ് ധരിച്ചവര്‍
സന്ധ്യാവെട്ടത്തില്‍ ലീലാചന്ദ്രന്റെ കവിതാലാപാനം.
ചെറായി, ഇടപ്പള്ളി, എന്നിവിടങ്ങളിൽ നടന്ന മീറ്റുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു.പ്രവാസി ബ്ലോഗർമാരുടെ ഒത്തുചേരൽ വഴിയും ബൂലോഗത്തിൽ നിറസാന്നിദ്ധ്യമുള്ളവരും വിവിധ തുറകളിൽ ജോലി ചെയ്യുന്നവരുമായ മലയാള ബ്ലോഗേർസിന്റെ സാന്നിദ്ധ്യത്താലും, ക്രിയാത്മകമായ സഹകരണത്താലും സംഘാടനത്താലും സമീപനത്താലും മികവുറ്റതായ ചെറായി മീറ്റിനു ശേഷം പ്രതികൂല സാഹചര്യത്താൽ സ്ഥലം മാറ്റം ഉണ്ടായിട്ടു പോലും "പാവപ്പെട്ടവന്റെ" നിശ്ചയദാർഢ്യം മുഖേനെയും മുള്ളൂക്കാരൻ, ഹരീഷ്‌, പ്രവീൺ വട്ടപ്പറമ്പത്ത്‌ ജോ മനോരാജ്‌, ഡോക്റ്റർ ജയൻ ഏവൂർ,കാർട്ടൂണിസ്റ്റ്‌ യൂസുപാ, തുടങ്ങിയ പ്രമുഖർ സഹകരിച്ചും പങ്കെടുത്തും കവി മുരുകൻ കാട്ടാക്കടയുടെ നിറ സാന്നിദ്ധ്യത്താലും ഇടപ്പള്ളി മീറ്റും ശ്രദ്ധേയമായി. പലവിധ കലാപരിപാടികളാൽ ചെറായി ഉത്സവത്തിമിർപ്പിൽ അമർന്നപ്പോൾ പ്രമുഖ കവിയുടെ പ്രഭാഷണവും കവിതാലാപനവും വഴിയും ശുദ്ധ ലളിത സംഗീതാലാപനത്താലും കാർട്ടൂണിസ്റ്റിന്റെ തൂലികാ ചിത്രലേഖനം വഴിയും ഇടപ്പള്ളിയും ജ്വലിച്ചു നിന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുമയാർന്ന സംഘാടനം കാഴ്ചവെച്ചും സ്ഥല സമയ നിർണ്ണയ വൈദഗ്ദ്ധ്യത്താലും പ്രകൃതിയുടെ മനോഹാരിത കൊണ്ടും അതുല്യമായി മാറി എറുണാകുളം മറൈൻഡ്രൈവിൽ ഇരുപതോളം ബ്ലോഗറന്മാരുടെ സംഗമം. മാത്രമല്ല ഇപ്രകാരമുള്ള ഒരു കൂടി ചേരൽ വെറുതെയുള്ള ഒരു വെടി പറച്ചിൽ കൂട്ടത്തേക്കാളുപരി ബ്ലോഗിന്റെ ഭൂത വർത്തമാന ഭാവി കാലങ്ങളെപ്പറ്റിയുള്ള നിശിത ചർച്ചാ വേദിയുമായി. ചർച്ചാ വേദിക്കും ഒരു പുതുമ അവകാശപ്പെടാൻ അർഹതയുണ്ട്‌. കാരണം ധനുമസത്തിലെ മനോഹര സായാഹ്നാന്ത്യത്തിൽ തുടങ്ങി സന്ധ്യയുടെ ചെന്തുടിപ്പ്‌ മായുന്നതു വരെയുള്ള സമയത്ത്‌ കായലിന്റെ മദ്ധ്യത്തിൽ ബ്ലോഗറന്മാർ മാത്രം സഞ്ചരിച്ചിരുന്ന ഒരു നൗകയിൽ വെച്ചായിരുന്നു ചർച്ച എന്നത്‌ പുതുമ തന്നെ ആയിരുന്നു എന്നതിൽ സംശയമേതുമില്ല.

ചർച്ചയിൽ ഇളം തലമുറയിൽ പെട്ട ദിലീപ്‌(മത്താപ്പ്‌), സോണി എന്നിവരിൽ തുടങ്ങി മുതിർന്ന തലമുറയിൽപ്പെട്ട ഈയുള്ളവൻ വരെയുള്ള തലമുറകൾ ഭാഗഭാക്കായി. സംഗമ സംഘാടനം ചില ദിവസങ്ങൾ കൊണ്ട്‌ മാത്രം നടത്തി വിജയം കൈ വരിച്ച ഡോക്റ്റർ ജയൻ ഏവൂർ, പ്രമുഖ ബ്ലോഗറന്മാരായ മനോജ്‌, പ്രവീൺ, ആളവന്താൻ, മത്താപ്പ്‌ , സോണി എന്നിവർ ചർച്ചയിൽ കത്തിക്കയറിയപ്പോൾ ശ്രീമതി ലീലാ.എം.ചന്ദ്രൻ,ശ്രീ ചന്ദ്രൻ, ആഫ്രിക്കൻ പ്രവാസികളായ രാഘവൻ (ആവനാഴി) പ്രസന്ന(മാവേലി കേരളം) എന്നിവരും, സൗമ്യതയാലും മിതഭാഷണത്താലും അനുഗൃഹീതനായ യൂസുഫും (യൂസുഫ്പാ) ചർച്ച സജീവമായി നിലനിർത്തി. കായൽ പരപ്പിന്റെ അഗാധതയും വിശാലതയും ആവാഹിച്ച്‌ അതിന്റെ വിരിമാറിലൂടെ സഞ്ചരിച്ച ബ്ലോഗറന്മാരുടെ അവഗാഢ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആഴമേറിയ ചിന്തയിൽ നിന്നും ഉൽഭവിച്ചത്‌ തന്നെ ആയിരുന്നു.

ബൂലോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലായിരുന്നു ചർച്ച പുരോഗമിച്ചത്‌. നാളത്തെ മാധ്യമം ബ്ലോഗ്‌ തന്നെ എന്നതിൽ ആർക്കും സംശയമില്ലായിരുന്നു.ബസ്സ്‌, ഫൈസ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ പുതുമയാർന്ന വിഭവങ്ങൾ ബ്ലോഗിന്റെ മുന്നോട്ടുള്ള പ്രയാണത്തെ അൽപ്പം മന്ദീഭവിപ്പിച്ചു എന്നത്‌ വസ്തുത ആണെങ്കിലും ഇത്‌ താൽക്കാലിക പ്രതിഭാസമാണെന്നും ഇതിൽ ഒട്ടും ഭയപ്പെടെണ്ടതില്ലെന്നും ഉപരിപ്ലവമായ തമാശകളിലും സുഖാന്വേഷണത്തിലും ഹലോ വിളികളിലും ഒതുങ്ങി നിൽക്കുന്നതല്ല കലാകാരന്റെ മനസ്സെന്നും ഗഹനമായ ചിന്തകളും പ്രതികരണങ്ങളും ബ്ലോഗിൽ മാത്രമേ നില നിൽക്കുള്ളൂ എന്നും അതിനാൽ ബ്ലോഗ്‌ വിട്ട പ്രമുഖരായ ബ്ലോഗറന്മാർ യാഥാർത്ഥ്യം മനസിലാക്കി അൽപ്പകാലത്തിനു ശേഷം ബ്ലോഗിലേക്ക്‌ മടക്ക യാത്ര ആരംഭിച്ചിട്ടുണ്ടെന്നും പ്രവീൺ വട്ടപ്പറമ്പത്തും മത്താപ്പും മനോജും ഏകസ്വരത്തിൽ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുവർ അത്‌ ശരിവെച്ചു.

കലാലയങ്ങളിലെ യുവതലമുറയെ ബ്ലോഗിലേക്ക്‌ ആകർശിച്ച്‌ മലയാളത്തിൽ എഴുതാൻ അവർക്ക്‌ പ്രചോദനം കൊടുത്ത്‌ മലയാള ഭാഷയെ മരിക്കാൻ അനുവദിക്കാതെ അതിന്റെ പഴമ അതേപടി നില നിർത്താൻ ശ്രമിക്കണമെന്നും അതിനു ക്രിയാത്മകമായ നടപടികളെടുക്കണമെന്നും ജയൻ ഏവൂർ അഭിപ്രായപ്പെട്ടു.
വിദേശ ബ്ലോഗ്‌ ലോകവും മലയാള ബൂലോഗവും ആവനാഴിയും(രാഘവൻ) മാവേലി കേരളവും(പ്രസന്ന) താരതമ്യം ചെയ്തപ്പോൾ ലീലാ എം ചന്ദ്രൻ വിലയുറ്റ നിർദ്ദേശങ്ങളും സംഭാഷണത്താലും ചർച്ച കൊഴുപ്പിച്ചു.

സമയമെല്ലാം ജോയും നന്ദനും ചിത്രങ്ങൾ എടുക്കുകയും സംഭാഷണങ്ങൾ റിക്കാർഡ്‌ ചെയ്യുകയും ചെയ്യുന്നതിനിടയിൽ ചർച്ചയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച്‌ കൊണ്ടേയിരുന്നു.

കേവലം വർഷങ്ങളുടെ പഴക്കം മാത്രം അവകാശപ്പെടാവുന്ന മലയാളം ബ്ലോഗ്‌ ലോകത്തെ ഇപ്പോഴത്തെ ബ്ലോഗറന്മാർ പിന്നാലെ വരുന്നവർക്ക്‌ താവളം കണ്ടെത്താൻ ശ്രമിക്കുന്ന മുൻപേ പറക്കുന്ന പക്ഷികളാണെന്നും പുറകേ വരുന്നവർക്ക്‌ മാർഗദർശനം നടത്തേണ്ടത്‌ നമ്മുടെ ചുമതലയാണെന്നും അത്‌ കൊണ്ട്‌ തന്നെ നമുക്ക്‌ പാകപ്പിഴകൾ വരാതെ സൂക്ഷിക്കണമെന്നും ഈയുള്ളവൻ അഭിപ്രായപ്പെട്ടു.

പോസ്റ്റ്‌ വായിക്കാതെ വെറുതെ കമന്റിടുന്നവരിലേക്ക്‌ ചർച്ച നീണ്ടപ്പോൾ മരണത്തെ പറ്റി എഴുതുന്ന പോസ്റ്റിലും അത്‌ വായിക്കാതെ "കൊള്ളാം" എന്ന് കമന്റിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അഭിപ്രായം ഉയർന്നു. വക കാര്യങ്ങളെ പരാമർശിച്ച്‌ ബ്ലോഗറന്മാർ മാർഗദർശനം നൽകി പോസ്റ്റുകൾ രചിക്കേണ്ട ആവശ്യകതയും പലരും ചൂണ്ടിക്കാട്ടി.

അവിസ്മരണീയമായ സഞ്ചാരത്തിനൊടുവിൽ ബോട്ട്‌ മറൈൻഡ്രൈവിൽ തിരിച്ചെത്തിയപ്പോൽ സന്ധ്യ അവസാനിച്ച്‌ രാത്രി ആകാറായി.

തെരുവു വിളക്കിന്റെ മങ്ങിയ പ്രകാശത്തിൽ മരൈൻഡ്രൈവിൽ കായൽക്കരയിൽ ബ്ലോഗറന്മാർ വീണ്ടും ഒത്ത്കൂടി. ഇതിനിടയിൽ കിളിമാനൂരില്‍ നിന്നും ബസ്സില്‍ യാത്ര തിരിച്ചു സംഗമ സ്ഥലം ഫോണ്‍നമ്പറുകളുടെ അഭാവത്താല്‍ കണ്ട് പിടിക്കനാവാതെ വൈകിയെത്തിയ സജീം തട്ടത്തുമലയുംഎപ്പോഴും ഞാന്‍ കറുപ്പ് നിറം ഇഷ്ടപെടുന്നു എന്ന് പറയുന്ന യുവബ്ലോഗര്‍ സജീഷും കൂട്ടത്തില്‍ചേര്‍ന്നു. അവരോടും കായല്‍ പരപ്പിലെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കുകയും തുടര്‍ന്നുള്ളചര്‍ച്ചകളിലും മറ്റു പരിപാടികളിലും അവരും പങ്കെടുക്കുകയുണ്ടായി.

സംഗമ സമാപാനത്തില്‍ ലീലാ എം ചന്ദ്രന്‍ തെരുവു വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ ഈണത്തില്‍കവിത ചൊല്ലി. മറൈന്‍ഡ്രൈവിലെ സ്ഥിരം സായാഹ്ന സവാരിക്കാര്‍ സാകൂതം കൂട്ടത്തെ നോക്കിനില്‍ക്കുകയും അല്‍ഭുതാദരവോടെ കവിതാ പാരായണം സശ്രദ്ധം ശ്രവിക്കുകയും ചെയ്യുന്നത്കാണാമായിരുന്നു.

രാത്രി എട്ടു മണിയോടെ ഇനിയും നമ്മള്‍ ഇതു പോലെ കണ്ടു മുട്ടും എന്ന് പ്രത്യാശ പ്രകടിപ്പിച്ച്എല്ലാവരും അവരവരുടെ കൂടുകളിലേക്ക് തിരിയെ പോയി, ഒരു ചെറിയ കാപ്പി കുടിക്ക് ശേഷം.

എന്റെ മണ്ടന്‍ ക്യാമറാ കൊണ്ടെടുത്ത ചില ചിത്രങ്ങളാണ് മുകളില്‍ കാണിച്ചിരിക്കുന്നത്.

16 comments:

  1. 6-1-2011 വ്യാഴാഴ്ച്ച ഇരുപതോളം ബ്ലോഗറന്മാര്‍ എറുണാകുളം മറൈന്‍ഡ്രൈവില്‍ ഒരുമിച്ച് കൂടുകയുണ്ടായി. ഈ സംഗമം ബൂലോഗത്തെപ്പറ്റി അവഗാഢമായ ഒരു ചര്‍ച്ചക്ക് വേദി ആയി. അതില്‍ ഈയുള്ളവന്‍ പങ്കെടുത്തിരുന്നു.അവിടെ നടന്ന ചര്‍ച്ചയുടെ ഒരു സംക്ഷിപ്ത രൂപം ആണ് ഈ പോസ്റ്റ്.

    ReplyDelete
  2. it was a nice experience. Really loved the atmosphere and the tempo that each malayalam blogger carry . Thanks Sherriffkka for this post.

    ReplyDelete
  3. ജയന്‍ഡോക്റ്റരുടെ പോസ്റ്റില്‍ ഈ മീറ്റ് സംബന്ധമായ ഫോട്ടോകളും വിവരണങ്ങളും നന്നായിരുന്നു. ബ്ലോഗിനെ പറ്റി എന്താണ് ചര്‍ച്ചാവിഷയമായതെന്ന് പക്ഷെ അവിടെ ഒന്നും എഴുതിക്കണ്ടില്ല. താങ്കള്‍ ആ പോരായ്മ ഒരു പരിധി വരെ പരിഹരിച്ചു.

    ബ്ലോഗിന്റെ ഭാവിയെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയും എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെ പറ്റിയുമൊക്കെ വിശാലമായ ഒരു കണ്‍‌വന്‍ഷനില്‍ വെച്ചു ചര്‍ച്ച ചെയ്യുന്നത് നല്ലതായിരുന്നു. ആ രീതിയില്‍ ഒരു നിര്‍ദ്ദേശം ഇത് വരെയിലും ആരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നില്ല. എന്നാലും അവിടെ കൂടിയ നിങ്ങള്‍ കുറച്ചു പേര്‍ ബ്ലോഗിന്റെ ഭാവി സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി എന്നത് നല്ല കാര്യം തന്നെ.

    ഏതായാലും താങ്കള്‍ കണ്ണൂര്‍ വരുന്നുണ്ടല്ലോ അല്ലേ,അപ്പോള്‍ കാണാം.

    സസ്നേഹം,

    ReplyDelete
  4. ചോർന്നൂ ചോർന്നൂ... ബോട്ടിൽ വെച്ച് നടത്തിയ ചർച്ചകളുടെ രഹസ്യ വിവരങ്ങൾ ചോർന്നൂ.

    ജയൻ ഡോൿടർ ഒളിപ്പിച്ച് വെച്ചിരുന്ന ആ രഹസ്യം പുറത്തുവിട്ടതിന് നന്ദി ഷെരീഫ്‌ക്കാ... :)

    ReplyDelete
  5. thanks for the details..... i am a new comer ...malayala bhasha marickathirickan njanum ithil chernnutto......

    ReplyDelete
  6. Remyaa Mary George, തീര്‍ച്ച്യായും പ്രിയ രമ്യാ, അടുത്ത തവണ ബ്ലൊഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമാറാകട്ടെ!

    ReplyDelete
  7. പ്രിയ സോണീ, തിരക്കിനിടയില്‍ മീറ്റിനു ചേരാന്‍ സൌമനസ്യം കാട്ടിയതില്‍ ഏറെ നന്ദി. ഇനിയും ഇങ്ങിനെയുള്ള മീറ്റുകള്‍ കഴിവതും സന്ദര്‍ശിച്ച് കൂടുതല്‍ സൌഹൃദം ഉറപ്പിക്കുക. സിസ്റ്ററിനെ അന്വേഷിച്ചതായി പറയണേ!.

    ReplyDelete
  8. പ്രിയ കെ.പി.സുകുമാരന്‍ സര്‍,
    ബ്ലോഗിന്റെ ഭാവിയെ പറ്റിയും സാദ്ധ്യതകളെപ്പറ്റിയും നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനെപ്പറ്റിയും വിശാലമായ ഒരു വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന അഭിപ്രായക്കാരനാണ് ഞാനും. പക്ഷേ ഇവിടെ പലരും പല സംഘങ്ങളായി തിരിഞ്ഞിരിക്കുന്നു എന്നതാണ് പരമാര്‍ത്ഥം. എല്ലാവരും ഒന്നായി കൂടിയീരിക്കുന്ന ഒരു വേദി ഒരുക്കാന്‍ ആര്‍ക്കെങ്കിലും ഇവിടെ കഴിയുമെങ്കില്‍ അതിനു സര്‍വാത്മനാ എല്ലാ പിന്തുണയും സഹായവും ഈ ഉള്ളവനില്‍ നിന്നും ഉണ്ടാകും.
    കണ്ണൂര്‍ വന്നു താങ്കള്‍, ഹാറൂണ്‍ മുതലായവരെ കാണണമെന്ന് അതിയായി ആശിക്കുന്നു, ശ്രമിക്കുന്നു.
    ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  9. പ്രിയ നിരക്ഷരന്‍,
    ജയന്‍ ഡോക്റ്റര്‍ നിരക്ഷരന്റെ പ്രായത്തെപറ്റി ഒരു കൊട്ട് കൊട്ടിയത് അദ്ദേഹത്തിന്റെ പോസ്റ്റിലെ എന്റെ കമന്റിന്‍ മറുപടിയില്‍ കാണാം.തിരിച്ചൊന്നു തട്ടിയേക്കണേ!
    നിരക്ഷരനെക്കാളും എന്തിനു നമ്മുടെ മത്താപ്പ് (ദിലീപ് 17 വയസ്സ്) നേക്കാളും എനിക്ക് പ്രായം കുറവാണെന്ന് ആരുമറിയുന്നില്ലല്ലോ.
    എങ്കിലും ഏറുണാകുളത്തിന് സമീപം താങ്കള്‍ ഉണ്ടായിട്ടും മറൈന്‍ഡ്രൈവ് വരെ വരാതിരുന്നതില്‍ പരിഭവം ഉണ്ട് ട്ടാ....

    ReplyDelete
  10. പ്രിയ Suresh Alway ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.എല്ലാവരും ആദ്യം പുതിയതാണ്. പിന്നെ പയറ്റി തെളിയും.
    സജീവമായി ബ്ലൊഗില്‍ നില്‍ക്കുക, മലയാള ഭാഷയെ പരിപോഷിപ്പിക്കുക. നന്ദി

    ReplyDelete
  11. ഷെരീഫ്‌ക്കാ - ജയൻ ഡോൿടർക്ക് ഞാൻ വെച്ചിട്ടുണ്ട് :)

    ഞാൻ സ്ഥലത്തില്ലായിരുന്നു അന്നേദിവസം. അബുദാബിയിൽ ആയിരുന്നു. നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ വരാതിരിക്കാനോ ? നല്ല കഥ :) ഞാനില്ലാത്ത സമയം നോക്കി ആ മീറ്റ് സംഘടിപ്പിച്ചതിനും കൂടെ ചേർത്താണ് വൈദ്യരെ ഞാൻ ശരിയാക്കാൻ പോകുന്നത് :)

    ReplyDelete
  12. നല്ലരീതിയിലുള്ള ചർച്ചകൾ തന്നെയായിരുന്നു മീറ്റിന്റെ വിജയം. ഇക്ക ശരിക്കും തകർത്തു

    സിൽ‌മാനടനായേന്റെ ഒരു അഹംകാരവും ഇല്ലാതെ എന്തൊരു പെർഫോമൻസ് :)

    ReplyDelete
  13. പ്രിയ നിരക്ഷരന്‍, ബൂലോഗത്ത് ആകെ ഒരു ആയുര്‍വേദമേ ഉള്ളൂ, (നമ്മുടെ ജയന്‍ ഡോക്റ്റര്‍)എന്ന പരിഗണന കൊടുത്ത് ഈ തവണ നമുക്ക് വൈദേരെ വെറുതേ വെറുതേ വിടാം. അബൂദാബിയില്‍ ആണെന്ന വിവരം എനിക്കറിയില്ലായിരുന്നു. ചെറായിയെ പോലെ ഒരു മീറ്റു നാട്ടില്‍ വരുമ്പോള്‍ നമുക്ക് തട്ടിക്കൂട്ടണം. നന്ദി ആശംസകള്‍...

    ReplyDelete
  14. പ്രവീണേ! നമ്മളെ വാരാതെന്റെ പൊന്ന് മോനേ!
    അന്ന് ധൃതിയില്‍ എവിടെ ഓടി പോയി.
    ശരിയാണ്, അന്നത്തെ ചര്‍ച്ചകള്‍ മാത്രമാണ് നമ്മുടെ കൂടിച്ചേരലിന്റെ ബാക്കി പത്രമായി തീര്‍ന്നത്.
    പ്രവീണും മനോരാജും മത്താപ്പും ഒട്ടും മോശമില്ലായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

    ReplyDelete
  15. എറണാകുളം കായല്‍ മീറ്റിലെ ചര്‍ച്ചയുടെ ഒരു ഏകദേശ ചിത്രം എന്റെ ബ്ലോഗിലും കൊടുത്തിട്ടുണ്ട്. വരും മീറ്റുകള്‍ക്ക് പ്രചോദനമാവട്ടെ ഈ കായല്‍ മീറ്റ്


    http://manorajkr.blogspot.com/2011/01/blog-post_13.html

    ReplyDelete