Saturday, January 15, 2011

കുക്കുട ഭോഗം

( വർഷങ്ങൾക്കു മുമ്പു ആധുനികതയും അത്യന്താധുനികതയും മലയാള ചെറുകഥാ രംഗത്ത്‌ അരങ്ങു വാഴുന്ന കാലഘട്ടത്തിൽ ഞാൻ എഴുതിയതാണു കഥ.
ഞങ്ങളുടെ വീടിനു കുറച്ചകലെ താമസിച്ചിരുന്ന അവിവാഹിതനായ മദ്ധ്യവയസ്കൻ കോഴികൾക്കും കന്നുകാലികൾക്കും ഓരോ പേരു നൽകി അവർ ഇണ ചേരുന്നത്‌ കണ്ട്‌ ആസ്വദിച്ചിരുന്നു. അതു മാത്രമായിരുന്നു അയാളുടെ ഏക വിനോദം. അയാളെ മനസ്സിൽ ഉൾക്കൊണ്ടായിരുന്നു അന്നു കഥ എഴുതിയത്‌. എന്തുകൊണ്ടോ കഥ ഞാൻ തിരുത്തി എഴുതുകയോ പ്രസിദ്ധീകരിക്കാൻ അയക്കുകയോ ചെയ്തില്ല. കാലമേറെയും പഴയ ഫയലിൽ ഉറങ്ങിയ കഥ ഈയിടെ കണ്ണിൽപെട്ടു. കഥാനായകൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.ഇത്‌ പോസ്റ്റ്‌ ചെയ്യാമെന്ന്‌ കരുതുന്നു.)

കുക്കുടഭോഗം

കോഴിക്കൂടിന്റെ ഇരുമ്പ്‌ വലയിൽ മുഖം അമർത്തി കൂടിനകത്തേക്ക്‌ ദൃഷ്ടി പതിപ്പിച്ച്‌ മുട്ടുകാലിൽ താൻ ഇരിക്കാൻ തുടങ്ങിയിട്ടു ഏറെ മണിക്കൂറുകൾ കഴിഞ്ഞു എന്ന് ജോണിക്കുട്ടിക്ക്‌ തോന്നി.

തന്റെ കുട്ടൻ സൂസിയുടെ ചിന്നുവിനെ കീഴ്പ്പെടുത്തി ഇപ്പോൾ ഒരു പരുവമാക്കുമെന്ന് ജോണിക്കുട്ടിക്ക്‌ തീർച്ചയാണു.

എത്രയോ ദിവസങ്ങളായി മനസ്സിൽ കൊണ്ട്‌ നടക്കുന്ന അഭിലാഷമാണത്‌.

ചിന്നു അവളുടെ ഉടമസ്ഥയായ സൂസിയെപ്പോലെ തന്ത്രക്കാരി ആയതിനാൽ അരി വിതറി ചിന്നുവിനെ കൂട്ടിലേക്ക്‌ ആകർഷിക്കുവാൻ ജോണിക്കുട്ടി ഏറെ പാടുപെട്ടുവല്ലോ.

ജവഹർ തീയേറ്ററിൽ സെക്കന്റ്‌ ഷോ സിനിമക്ക് കയറിയപ്പോൾ മുൻ സീറ്റിലിരുന്ന സൂസിയുടെ സമൃദ്ധമായ പിൻ ഭാഗം കസേരയുടെ സീറ്റിനും ചാരിനും ഇടയിലൂടെ തള്ളി നിന്നതിൽ ഒന്ന് ഞോണ്ടി നോക്കാൻ തനിക്ക്‌ ഉണ്ടായ ആഗ്രഹം തടഞ്ഞു നിർത്താൻ കഴിയാതെ വന്നത്‌ തന്റെ കുഴപ്പമല്ലെന്നും അതിനു ഉത്തരവാദി സൂസിയുടെ പിൻ ഭാഗക്കാഴ്ച്ചയാണെന്നും ജോണീക്കുട്ടി വിശ്വസിച്ചു.

പക്ഷേ താനൊന്നു ഞോണ്ടിയതിനു അവൾ തൊട്ടടുത്ത സീറ്റിലിരുന്നു സിനിമാ കണ്ടിരുന്ന ഭർത്താവ്‌ ചാക്കോച്ചനോടു പതുക്കെ കുണൂ കുണാന്ന് പറയുമെന്നും ഇന്റർ വെൽ സമയം വിളക്കെല്ലാം തെളിഞ്ഞപ്പോൾ ചാക്കോച്ചൻ എഴുന്നേറ്റ്‌ തന്റെ നേരെ തിരിഞ്ഞ്‌
"
ഡേയ്‌ ജോണിക്കുട്ടിയേയ്‌, അവളെന്റെ പെമ്പ്രന്നോത്തിയാണടോ, ഞങ്ങൾക്കിന്ന് വീട്ടിൽ പോയി വേറെ പരിപാടിയുണ്ട്‌ മോനേ, അതോണ്ട്‌ തന്റെ കൂടെ വരാൻ സൂസിക്കിന്ന് സമയമില്ലെടാ ചക്കരേ...." എന്ന് സിനിമാ മോഡൽ സംഭാഷണം ഉച്ചത്തിൽ തട്ടി വിടുമെന്നും ജോണികുട്ടി പ്രതീക്ഷിച്ചില്ലല്ലോ.

താൻ പ്രതീക്ഷിച്ചത്‌ ചാക്കോച്ചൻ എഴുന്നേറ്റ്‌ തന്റ്‌ കരണത്ത്‌ കൈ വീശി ഒന്ന് പറ്റിക്കുമെന്നാണു.

അങ്ങിനെ നാലാളു കാണെ തന്നെ അടിച്ചാൽ തന്നെയും ഡയലോഗിനേക്കാളും എത്രയോ ഭേദമായിരുന്നു.

തുടർന്നുണ്ടായ സൂസിയുടെ ഒരു മാതിരി ആക്കിയ ചിരിയാണു ജോണിക്കുട്ടിയുടെ മർമ്മത്തിൽ തറച്ച്‌ കയറിയത്‌.

അതിനു ശേഷം പറമ്പിൽ നിൽക്കുമ്പോഴും കോഴികൾക്ക്‌ താൻ തീറ്റ കൊടുക്കുമ്പോഴും അവളുടെ പറമ്പിൽ ചികയുന്ന അവളുടെ പുന്നാര ചിന്നു കോഴിയെ നോക്കി അവൾ വിളിച്ച്‌ പറയും:-

"
ചിന്നൂ മോളേ! ഓരോ എമ്പോക്കികൾ ഇറങ്ങിയിട്ടുണ്ട്‌, ഞോണ്ടാൻ....സൂക്ഷിച്ചോളണേ ചിന്നൂ....."
അന്ന് തൊട്ടാണല്ലോ ജോണിക്കുട്ടിയുടെ ഉള്ളിൽ അവളെ കീഴ്പ്പെടുത്തണമെന്ന് അടക്കാനാവാത്ത ആഗ്രഹം ഉടലെടുത്തത്‌.

"
എവളെ ഒന്ന് തളക്കണം..."

തനിക്ക്‌ അതിനു കഴിയില്ലെന്നും താൻ അവളുടെ മുമ്പിൽ വെറും "ശൂ" ആണെന്നും തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ നിരാശയും വൈരാഗ്യവും ജോണിക്കുട്ടിയുടെ മനസിന്റെ സമനില തെറ്റിച്ചു.

അവളെ തളക്കാൻ പറ്റിയില്ലെങ്കിൽ അവളുടെ ചിന്നുവിനെ തറ പറ്റിക്കണം.

ചിന്നുവിനെ
കീഴ്പ്പെടുത്തുന്നതോടെ സൂസിയെ കീഴ്പ്പെടുത്തുന്ന സംതൃപ്തി തനിക്ക്‌ ലഭിക്കുമെന്ന് ജോണിക്കുട്ടി കണ്ടെത്തിയതിനാലാണല്ലോ ജോണിക്കുട്ടിയുടെ കരുത്തനായ പൂവൻ കോഴി കുട്ടനെ ഉശാറാക്കി ഏത്‌ നേരവും കൂട്ടിൽ നിന്ന്തുറന്ന് വിട്ടത്‌.

ജോണിക്കുട്ടി=കുട്ടൻ .

സൂസി
= ചിന്നു.

ഇങ്ങിനെയൊരു
സങ്കൽപ്പം മനസിൽ ഉടലെടുത്തതോടെയാണു കുട്ടൻ ഏത്‌ നേരവും ജോണികുട്ടിയുടെ വാൽസല്യ പാത്രവുമായത്.

പറമ്പിൽ അതിക്രമിച്ച്‌ കയറി അവിടെ മേഞ്ഞിരുന്ന ചിന്നുവിന്റെ പുറകെ കുട്ടൻ പലതവണ പാഞ്ഞുഎങ്കിലും ഓടി മാറുന്ന ചിന്നുവിന്റെ തല്ലിക്കൊല്ലുന്നത്‌ പോലുള്ള നിലവിളി കേട്ട്‌ വീട്ടിനു പുറത്ത്‌ വന്ന്‌കുട്ടനെ എറിയുന്ന സൂസി "പോടാ എമ്പോക്കീ പട്ടിക്കോഴീ...."എന്ന്‌വിളിക്കുന്നത് തന്നെ ഉദ്ദേശിച്ചാണെന്ന്‌ ജോണിക്കുട്ടിക്ക്‌ സംശയമേതുമില്ല.

അവസാനം ചിന്നുവിനെ തന്ത്രപൂർവ്വം അരി വിതറി ആകർഷിച്ച്‌ കൂട്ടിലാക്കുകയും കുട്ടനെ മാത്രംകൂട്ടിലേക്ക്‌ കടത്തി വിടുകയും ചെയ്തപ്പോൾ ബോക്സിംഗ്‌ മൽസരത്തിൽ ആദ്യ റൗണ്ടിൽ താൻജയിച്ചെന്ന്‌ ജോണിക്കുട്ടി കരുതി.

പക്ഷേ കുട്ടനെന്ന തെണ്ടി യാതൊരു അനക്കവുമില്ലതെ ഇങ്ങേ അറ്റത്ത്‌ചടഞ്ഞിരിക്കുന്നതെന്താണാവോ?

ചിന്നു അങ്ങേ അറ്റത്ത്‌ വിരണ്ട കണ്ണുകളോടെ ക്വാക്ക്‌ ക്വാക്ക്‌ എന്ന്‌ ശബ്ദിച്ചു കൊണ്ട്‌ കുട്ടനെ നോക്കിനിൽപ്പാണു.

"എടാ കുട്ടൻ കഴുവേറീ....തെണ്ടീ...." ജോണിക്കുട്ടി അമറുകയും കമ്പി വലയുടെ ഇടയിലൂടെ ഈർക്കിൽകടത്തി കുട്ടനെകുത്തുകയും ചെയ്തു.

"കൊക്കക്കോ" കുട്ടൻ പറഞ്ഞു.

"താൻ പോടോ" എന്ന്‌ പരിഭാഷ.

"തെണ്ടീ നിന്നെ ഞാൻ കണ്ടിച്ച്‌ മസാല പെരട്ടി ചുട്ടു തിന്നും...എഴുന്നേറ്റ്‌ ചവിട്ടെടാ അവളെ...."

"കാ...കൊക്കൊ....."

"പിന്നേയ്‌ ഇയാളു എന്നെ ഞൊട്ടും " എന്നാണു അതിന്റെ അർത്ഥമെന്ന്‌ കോഴിഭാഷ അറിയാവുന്ന ജോണിക്കുട്ടി തിരിച്ചറിഞ്ഞു.

"ഹും..ക്രും...കോ.." ചിന്നു പ്രതിവചിച്ചു.

"രണ്ട്‌ തെണ്ടികളും കൂടി എന്താ പറയുന്നേ...?" എന്നാണ്അവളുടെ ചോദ്യം.

സമയം സൂസി ഒരു കയ്യിൽ ബക്കറ്റും വെള്ളവുമായും മറു കൈ ബാലൻസ്‌ ഒപ്പിക്കാൻ എതിർവശത്തേക്ക്‌ വടി പോലെ നീട്ടിയും തന്റെ പറമ്പിന്റെ അതിരിലുള്ള അവളുടെ കക്കൂസിലേക്ക്‌ഓടിക്കയറി കതകടക്കുന്നത്‌ ജോണിക്കുട്ടി കണ്ടു.

"എടീ ചിന്നൂ മിണ്ടാതെടീ....നിന്റെ മറ്റോളു കക്കൂസിലുണ്ട്‌.“ ജോണിക്കുട്ടി കേണു.

കാര്യം പന്തിയല്ലെന്ന്‌ കണ്ടത്‌ കൊണ്ടാവാം കുട്ടൻ തലപൊക്കി ചിന്നുവിന്റെ നേരെ പ്രതിവചിച്ചു.

"ക്രോക്ക്‌ ക്കോ..." അതിന്റെ അർത്ഥം ജോണിക്കുട്ടിക്ക്‌ പിടി കിട്ടിയില്ല.

"തയാറായിക്കോടീ...ഞാനിതാ വരുന്നൂന്നോ മറ്റോ ആണോ....?"

ഹദ്‌ തന്നെ! ദാ....കുട്ടന്‍ ചിന്നുവിന്റെ നേരെ പായുന്നു.

'അപ്‌...അപ്പ്‌...ആപ്പ്‌....തകർക്കെടാ അവളെ......സൂസിചിന്നൂ, പട്ടിച്ചി കോഴീ... ഇന്ന്‌ നിന്നെ എന്റെകുട്ടൻ പൊരിക്കും.."

ജോണിക്കുട്ടി കയ്യടിച്ച്‌ പ്രോൽസാഹിപ്പിച്ചു.

ചിന്നു കൂട്ടിൽ അലമുറയിട്ടു ഓടുന്നതും കുട്ടൻ ഒപ്പമെത്തി അവളുടെ വാലിൽ കൊത്തി പിടിക്കാൻആയുന്നതും ജോണിക്കുട്ടി ഉന്മാദ ലഹരിയോടെ നോക്കി നിന്നു.

അതേ നിമിഷത്തിൽ വാലിൽ കൊത്തി പിടിക്കാൻ ശ്രമിച്ച കുട്ടന്റെ മുഖത്തേക്ക്‌ ചിന്നു ശക്തിയായിവിസർജിച്ചു.

കുട്ടന്റെ തലയിലും ചുണ്ടിനു കീഴിലുമായി മനോഹരമായി വിരിഞ്ഞ്‌ നിന്ന ചുവന്ന പൂവിലൂടെ ചിന്നുവിന്റെ വിസര്‍ജ്ജനീയം ഒഴുകിയപ്പോൾ അത്‌ തന്റെ മുഖത്ത്‌ വന്ന്‌ വീണത്‌ പോലെ ജോണിക്കുട്ടിഅസഹ്യതയോടെ മുഖം തുടച്ചു.

കുട്ടൻ പാച്ചിൽ നിർത്തി പഴയ സ്ഥാനത്ത്‌ വന്നു നിന്നു. അവനും അസഹ്യത തോന്നിക്കാണണം.

ജോണിക്കുട്ടി കോഴിക്കൂടിന്റെ വാതിൽ തുറന്ന്‌ ചിന്നുവിനെ പുറത്തേക്ക്‌ ചാടിച്ചു.

കൂടിനു വെളിയിൽ വന്നഅവൾഉടനെ അകത്ത്‌ നില്‍ക്കുന്ന കുട്ടനെ ക്ഷണിക്കുന്നതാണ് ജോണിക്കുട്ടി കണ്ടത്.

"കൊക്ക്‌...കൊക്ക്‌..കോ...."

വാടോ ഞാന്‍ അനുവദിക്കാം..” എന്നാണ് ക്ഷണം.

അവളുടെ ക്ഷണവും കീഴടങ്ങാനുള്ള തയാറെടുപ്പും കണ്ടപ്പോള്‍ ജോണിക്കുട്ടിക്ക് കാലില്‍ നിന്നും ഒരു വിറ കയറി വരുന്നതായി തോന്നി.

അവന്‍ കുനിഞ്ഞ് കല്ലെടുത്ത് ചിന്നുവിനെ ആഞ്ഞെറിഞ്ഞു.

പോടീ, പട്ടിച്ചി കോഴീ....എന്റെ കുട്ടനെ നിനക്ക് കിട്ടില്ല...കടന്നോ കൂത്തിച്ചീ അവിടന്ന്...” ജോണിക്കുട്ടി പിന്നെയും പിന്നെയുംകല്ല് എറിഞ്ഞു കൊണ്ടേയിരുന്നു.

ചിന്നു കൊക്കൊക്കോ എന്ന് നിലവിളിച്ച് അടുത്ത പറമ്പിലേക്ക് ഓടിയപ്പോള്‍ കക്കൂസിന്റെ വാതില്‍ക്കല്‍ നിന്ന് വെള്ളം നനഞ്ഞ കൈ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് , ചിന്നുവിന്റെ പാച്ചില്‍ നിരീക്ഷിച്ച് , സൂസി തന്നെ രൂക്ഷമായി നോക്കുന്നത് ജോണിക്കുട്ടി നിസ്സംഗതയോടെ അവഗണിച്ചു.

സൂസിയുടെ രൂക്ഷത നിറഞ്ഞ നോട്ടത്തെ അവജ്ഞയോടെ നേരിടാന്‍ തനിക്ക് സാധിക്കുന്നത് ഇപ്പോള്‍ തന്റെ ഉള്ളില്‍ യാതൊരു കുറ്റബോധവും ഇല്ലാത്തത് കൊണ്ടാണെന്ന് ജോണിക്കുട്ടി തിരിച്ചറിഞ്ഞല്ലോ!!!.


6 comments:

 1. പുതിയ പ്രമേയം..നന്നായിട്ടുണ്ട് .ആശംസകള്‍..!

  ReplyDelete
 2. എഴുത്ത് നന്നായിട്ടുണ്ട്

  ReplyDelete
 3. നന്നായിട്ടുണ്ട്,ആശംസകള്‍...

  ReplyDelete
 4. എഴുത്ത് പഴയതായതാവും ഇതിലെ പുതുമ. വി.ഡി. രാജപ്പന്റെ ചില കഥകള്‍ ഓര്‍ത്തുപോയി. ഇഷ്ട്ടപ്പെട്ടു ഇക്കാ...

  ReplyDelete
 5. ഷെരീഫിക്കാ..സുഖല്ലേ?
  എഴുത്ത് നന്നായിട്ടുണ്ട്.

  ReplyDelete
 6. പ്രഭന്‍ കൃഷ്ണന്‍,

  Naushu,

  Jishad Cronic,

  ഇവിടെ സന്ദര്‍ശിച്ചതില്‍ നിങ്ങള്‍ ഏവര്‍ക്കും നന്ദി.

  ആളവന്‍ താന്‍, ഈ കഥ പണ്ട് എഴുതിയത് അതേപോലെ പകര്‍ത്തി ഇട്ടു.
  വി.ഡി.രാജപ്പന്റെ കഥകള്‍ ഇങ്ങിനെ ആയിരുന്നോ എന്നറിയില്ല. പക്ഷേ ഈ കഥയിലെ നായകന്‍ ഭൂമുഖത്ത് ജീവിച്ചിരുന്നു.
  പിന്നെന്തെല്ലാമുണ്ട് വിശേഷങ്ങള്‍? സുഖം നേരുന്നു.

  പ്രിയപ്പെട്ട എന്റെ വാഴേ! എത്ര നാളായി ഒന്ന് കണ്ടിട്ട്. ഇപ്പോള്‍ നാട്ടിലുണ്ടോ? വാഴക്കന്നുകള്‍ക്കും പെണ്‍ വാഴക്കും സുഖം തന്നെയല്ലേ? കൊട്ടോടി ബ്ലോഗ് മീറ്റ് പാകപ്പെടുത്തുന്നുണ്ട്. അവിടെ വരാന്‍ കഴിയുമോ?

  വാഴക്കുടുംബത്തിന് എല്ലാവിധ സുഖവും സമാധാനവും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete