Thursday, January 28, 2010

മറൊരു ചൂഷണം

ഏതു വിധത്തിലും പണം സമ്പാദിക്കുക എന്നതു ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണു. അതു വ്യക്തി ആയാലും സംഘടന ആയാലും സ്ഥാപനം ആയാലും ഈ കാര്യത്തിൽ വകഭേദമില്ല. ലക്ഷ്യം ഒന്നു തന്നെ. ലക്ഷ്യ പൂർത്തീകരണത്തിനായി ഓരോ മേഖലയിലും വിവിധ തരം ചൂഷണങ്ങളും തട്ടിപ്പുകളും അരങ്ങേറുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഒരു തട്ടിപ്പിനെ സംബന്ധിച്ചു ഞാൻ മുമ്പു ഒരു പോസ്റ്റ്‌ ഇട്ടിരുന്നതു നിങ്ങൾ ഇവിടെ വായിച്ചുവോ?
ഇപ്പോൾ മറ്റൊരു ചൂഷണം ശ്രദ്ധയിൽ വന്നതു നിങ്ങളുടെ അറിവിലേക്കായി പോസ്റ്റ്‌ ചെയ്യുന്നു. സ്കൂൾ യൂണിഫോമാണു വിഷയം.
എന്നാണു കേരളത്തിൽ യൂണിഫോം നിലവിൽ വന്നതു എന്നുള്ള പഠനത്തിൽ ആണു ഞാൻ.
വിവിധ തൊഴിൽ രംഗത്തുള്ളവരെ തിരിച്ചറിയാനായിരിക്കാം ആദ്യം യൂണിഫോം പ്രാവർത്തികമാക്കിയതു. പോലീസുകാരനു കാക്കി, നഴ്സിനു വെള്ള നിറം, അഭിഭാഷകനു കറുത്ത കോട്ടു, അങ്ങിനെ പല ഉദാഹരണങ്ങൾ.
വിദ്യർത്ഥികൾ ഏതേതു സ്കൂളുകളിലേതെന്നു തിരിച്ചറിയാനും അച്ചടക്കത്തിനും ഏകതക്കും മറ്റുമായി യൂണിഫോം പലസ്കൂളുകളിലും പണ്ടു നിർബന്ധമാക്കി.സായിപ്പിൽ നിന്നും ആഗതമായതായിരുന്നു ഈ യൂണിഫോം പരിപാടി.സായിപ്പിന്റെ നടപടിക്രമങ്ങളെന്നു പറഞ്ഞാൽ മലയാളിക്കു ദേവ പ്രസാദം പോലെയാണു. സായിപ്പു വലിച്ചെറിഞ്ഞ ഗള കൗപീനം നമ്മിൽ പലരും കഴുത്തിൽ കെട്ടി നടക്കുന്നതു അത്യാദരവോടെയണല്ലോ വീക്ഷിക്കപ്പെടുന്നതു.
വിഷയത്തിലേക്കു വരാം.
പാഠശാലകളിൽ യൂണിഫോം നിലവിൽ വന്നപ്പോൾ നാട്ടുകാർക്കു കുട്ടി ഏതു സ്കൂളിലെ വിദ്യാർത്ഥി എന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.ഞങ്ങളുടെ നാട്ടിലെ മാർ തോമ്മാ ഗേൾസ്‌ സ്കൂളിലേയും ഗവ.ഗേൾസ്‌ സ്കൂളിലേയും കുട്ടികൾ അങ്ങിനെ അവരുടെ യൂണിഫോമിന്റെ നിറത്താൽ തിരിച്ചറിയപ്പെട്ടിരുന്നു.
പിന്നീടു നഴ്സറികൾ വന്നു; പ്രീ ഡിഗ്രീ പോയി പ്ലസ്‌ ഒന്നും പ്ലസ്സ്‌ രണ്ടും വന്നു; എയിഡ്സും നോണെയിഡ്സും പിന്നെ പലതും വന്നു. ആകെ യൂണിഫോം ബഹളം. ഒന്നിനെയും തിരിച്ചറിയാതെ ആയി.
ഒരു പദ്ധതി നിലവിൽ വരുമ്പോൾ അവിടെ ചൂഷണവും തട്ടിപ്പും കൂട്ടത്തിൽ എത്തിച്ചേരും.
ഗൾഫ്‌ പ്രവാസത്തിന്റെ ആരംഭ കാലത്തു വിസാ എന്ന വാക്കു ബഹുമാനജനകമായിരുന്നു.പിന്നീടു കള്ള വിസാ രംഗത്തെത്തി.ബാങ്ക്‌ കറൻസി നോട്ടുകൾ പ്രാബല്യത്തിൽ വന്നപ്പോൾ കള്ള നോട്ടും പാത്തു പതുങ്ങി വന്നു. പി.എസ്‌.സി; മിലിറ്ററി റിക്രൂട്ട്മന്റ്‌ തുടങ്ങിയ തൊഴിൽ പ്രദാന പ്രസ്ഥാനങ്ങളോടൊപ്പം വ്യാജ നിയമന തട്ടിപ്പുകളും തിരനോട്ടം നടത്തി തുടങ്ങി.
ഈ ദുനിയാവിലെ ചൂഷകന്മാരും തട്ടിപ്പുകാരും എപ്പോഴും രംഗ നിരീക്ഷണം നടത്തുന്നവരാണു എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. എങ്ങിനെയാണു എളുപ്പ മാർഗത്തിൽ പൈസ്സാ ഉണ്ടാക്കുക...ഈ ചിന്താഗതിക്കാരാണു തട്ടിപ്പും ചൂഷണവുമായി വരുന്നതു.
ആദ്യ കാല സ്കൂൾ അധികൃതർ വിദ്യാർത്ഥികളോടു യൂണിഫോമിന്റെ നിറം മാത്രം പറഞ്ഞു കൊടുത്തിരുന്നു. രക്ഷിതാക്കൾ അവരുടെ ഹിതാനുസരണം വില കൂടിയതോ കുറഞ്ഞതോ ഇഷ്ടമുള്ള കടയിൽ നിന്നും വാങ്ങി അവരുടെ കുട്ടികളെ അണിയിച്ചു സ്കൂളിലേക്കു അയച്ചു.
പിന്നീടു ഏതോ ധനമോഹി അദ്ധ്യാപകൻ കടകൾ ചൂണ്ടി കാണിച്ചു നിർദ്ദേശം കൊടുത്തു തുടങ്ങി.
"......തുണി പീടികയിൽ ചെന്നാൽ ഞങ്ങളുടെ യൂണിഫോമിന്റെ തുണി ലഭ്യമാണു."
കടകൾ തിരക്കി നടക്കേണ്ട ബുദ്ധിമുട്ടിൽ നിന്നും ഒഴിവാകുന്ന നാം ടി പീടികയിൽ പോയി '.....സ്കൂളിലെ യൂണിഫോം"എന്നു പറഞ്ഞാൽ മാത്രം മതി; അവിടെ നിന്നും തുണി ലഭിക്കും.
പക്ഷേ തുണി പീടികക്കാരനിൽ നിന്നും നിശ്ചിത തുക സ്കൂൾ സീസണിൽ മാഷിനു കമ്മീഷൻ ലഭിക്കുന്നതും ഈ കമ്മീഷൻ കൂടി ചേർത്താണു തുണി വില നമ്മിൽ നിന്നും ഈടാക്കുന്നതെന്നും നാം അറിഞ്ഞില്ലെന്നു മാത്രം.
ഈ പരിപാടി അറിഞ്ഞ പല സ്കൂൾ മാഷന്മാരും ഈ വിദ്യ തങ്ങളുടെ സ്കൂളുകളിലും പ്രാവർത്തികമാക്കി.
കാലം കടന്നു പോയപ്പോൾ ധനമോഹിയായ മറ്റൊരു അദ്ധ്യാപകനു വേറിട്ടൊരു വെളിപാടുണ്ടായി. ഈ കമ്മീഷൻ വാങ്ങൽ പരിപാടി അവസാനിപ്പിക്കുക. യൂണിഫോം തുണി സ്കൂളിൽ നിന്നും വിദ്യാർത്ഥിക്കു നേരിട്ടു കൊടുക്കുക.ഈ പദ്ധതി സ്കൂൾ അധികൃതരുമായി അയാൾ ചർച്ച ചെയ്യുന്നു, ഏതു വിധത്തിലും പൈസ്സാ ലഭ്യമാക്കുക എന്ന ചിന്താഗതി ഉള്ള മാനേജുമന്റ്‌ ഉടൻ തന്നെ ഇതു നടപ്പിൽ വരുത്തുന്നു. മറ്റുള്ളവരും ഇതു അനുകരിക്കുന്നു.തുടർന്നു സ്കൂൾ അധികൃതർ നേരിട്ടു തന്നെ മൊത്തമായി തുണി ബെയിൽസ്‌ കണക്കിനു കോയമ്പത്തൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുത്തി വിദ്യാർത്ഥികൾക്കു കച്ചവടം നടത്തി.അങ്ങിനെ വർഷാരംഭത്തിൽ സ്കൂൾ പ്രവേശന സമയത്തു നാം അടക്കേണ്ട്‌ തുക കാണിക്കുന്ന ബില്ലിൽ
ട്യൂഷൻ ഫീസ്‌ ..................രൂപാ
പി.ടി.എ. ഫണ്ടു.................രൂപാ
കെട്ടിട നിർമാണ ഫണ്ടു..........രൂപാ
എന്നിങ്ങനെ വിവിധ കലാപരിപാടികൾക്കൊപ്പം ഒരു ഇനം കൂടി ചേർക്കപെട്ടു. യൂണിഫോം വില.........രൂപാ.
ഇതിലെന്തു ചൂഷണം എന്നു നിങ്ങൾ ചോദിച്ചേക്കാം ഉത്തരം ഇതാണു.
(1) അതേ തരം ക്വാളിറ്റി തുണിക്കു കമ്പോളത്തിൽ വില നേർ പകുതിയാണു. സ്കൂൾ അധികൃതർ നമ്മിൽ നിന്നും അമിത വില ഈടാക്കുന്നു.
(2) ഏതു വിലക്കുള്ള തുണി നമ്മൾ ധരിക്കണമെന്നു സ്കൂൾ അധികൃതർ തീരുമാനിക്കുന്നു. നമ്മുടെ അഭിപ്രായം സ്വീകര്യമല്ല. അതായതു നമ്മുടെ കൊടുക്കൽ വാങ്ങൽ സ്വാതന്ത്ര്യം ഹനിക്കപെടുന്നു.
(3)യൂണിഫോമിനോടൊപ്പം തരുന്ന ഷൂസ്‌, സോക്സ്‌, ടൈ,ബാഗ്‌, തുടങ്ങിയവക്കും മേൽപ്പറഞ്ഞ വിധത്തിൽ അമിത വില (കമ്പോളത്തിന്റെ നേരെ ഇരട്ടി) വില നമ്മിൽ നിന്നും ഈടാക്കുന്നു. വില കുറഞ്ഞ സാധനങ്ങൾ നമ്മെ കെട്ടി ഏൽപ്പിക്കുന്നു.
ഈ ചൂഷണം വ്യാപകമായി കാണപ്പെടുന്നതു പ്രൈവെറ്റ്സ്കൂളുകളിലാണു.കൂടുതലും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ.സ്കൂൾ അധികൃതർക്കു ന്യായം പറയാൻ ഒരു പിടി വള്ളി ഉണ്ടു. ഇതു പി.ടി. എ. തീരുമാനിച്ചതാണു.പൗരന്റെ മൗലികാവകാശത്തിൽ(ഏതുസ്ഥലത്തു നിന്നു വാങ്ങണമെന്ന അവകാശ സ്വാതന്ത്രിയം) പി.ടി.എ.ക്കു എന്തു കാര്യം?.
ഈ നിസ്സാര കാര്യങ്ങൾ ഇത്രക്കു ഗൗരവപ്പെടുത്തുന്നതു എന്തിനു എന്നാണു നിങ്ങളുടെ ചോദ്യമെങ്കിൽ അടുത്തകാലത്തു എനിക്കു ലഭിച്ച ഒരു വിവരമാണു ഈ കുറിപ്പുകൾക്കു കാരണമായതു.
മുകളിൽ പറഞ്ഞ വിധം നമ്മളെ ചൂഷണം ചെയ്തതു കൊണ്ടു മാത്രം പ്രൈവറ്റ്‌ മേഖലയിലെ സ്കൂൾ അധികൃതർക്കു മതിയാകുന്നില്ലെന്നു തോന്നുനു.
ഇതാ ചൂഷണത്തിന്റെ പുതിയ മുഖം പല സ്കൂളുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
യൂണിഫോം തുണിയുടെ നിറവും ഡിസൈനും എല്ല വർഷവും മാറ്റുക.അതാണു പുതിയ അടവു നയം.അതായതു ഈ വർഷം നടപ്പിലാക്കുന്ന ഡിസൈനും നിറവും മാറ്റി അടുത്ത വർഷം മറ്റൊന്നു കൊണ്ടു വരുന്നു.
അതു നമ്മളെ ഏതു വിധത്തിൽ ബാധിക്കുമെന്നു നോക്കാം.ഈ വർഷം വങ്ങിയനമ്മുടെ കുട്ടിയുടെ യൂണിഫോം അടുത്ത വർഷവും ഉപയോഗിക്കാമെന്നു കരുതേണ്ടാ.ഒന്നിലധികം വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതു കളഞ്ഞേക്കുക.അഥവാ മൂത്തകുട്ടിയുടെ യൂണിഫോം കീറാതെ പഴകാതെ ഇരിക്കുന്നല്ലോ ചിലവു ചുരുക്കലിന്റെ ഭാഗമായി ഇളയവനു അതു കൊടുക്കാം എന്നു ആഗ്രഹിക്കുന്നു എങ്കിൽ ആ പൂതി മനസ്സിൽ വെച്ചേരു.പുതിയ തുണി തരം വാങ്ങിയേ പറ്റൂ.സ്കൂൾ അധികൃതർക്കു കച്ചവടം എല്ലാ വർഷവും പൊടിപൊടിക്കണം. എങ്ങിനെയുണ്ടു ബിസ്നസ്സ്‌ !!!
നമുക്കു അധിക ചിലവു ഉണ്ടാകുന്നു എന്നതിലല്ല പ്രതിഷേധിക്കേണ്ടതു; എങ്ങിനെയും നമ്മെ ചൂഷണം ചെയ്യാം..ഇവർ വിഡ്ഡികളാണു എന്ന ആ ചിന്താ ഗതിക്കെതിരായാണു ശബ്ദം ഉയർത്തേണ്ടതു.അഞ്ഞൂറു രൂപാ നല്ല മനസ്സോടെ കൊടുക്കാൻ നാം തയാറാണ് . പക്ഷേ അഞ്ചു രൂപാ പറ്റിച്ചെടുക്കുന്നതു നമ്മൾ സഹിക്കണമോ?
"ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണു എന്റെ മോൻ പഠിക്കുന്നതെന്നു" പൊങ്ങച്ച പറച്ചിലിനു വേണ്ടി ഏതു ചൂഷണത്തിനും നിന്നു കൊടുക്കാൻ നാം മലയാളികൾക്കു ഒരു മടിയുമില്ലല്ലോ!!!

7 comments:

 1. വളരെ സത്യസന്ധമായ കാര്യങ്ങള്‍

  ReplyDelete
 2. ചൂരണത്തിണ്റ്റെ അലകടലില്‍ മലയാളിയുടെ പോക്കറ്റിനു ഇതോ ചൂഷണം??.... പറ്റീരിണ്റ്റെ ചാകരകളല്ലോ ഒാരോ പത്രദിനങ്ങളും....

  ReplyDelete
 3. പ്രസക്തമായ വിഷയം. ഇത്തരം കാരയാങ്ങളില്‍ കോടതിക്ക് ഇടപെട്ടു തടയിടാന്‍ കഴിയില്ലേ? എന്നുവച്ചാല്‍ പോതുതാല്‍പ്പരിയ ഹര്ജ്ജികളിലൂടെ.

  ReplyDelete
 4. ശെരീഫ്‌ മാഷെ,
  ഇവിടം കൊണ്ടും തീരുന്നില്ലല്ലൊ....
  ആഴ്ചയിലെ ഏതെങ്കിലും ദിവസം സാധാരണ യൂണിഫോമിൽ നിന്നും വ്യത്യസ്തമായ ഒന്ന് ധരിക്കണം എന്ന നിയമം പല സ്കൂളുകളിലും ഉണ്ട്‌. എന്റെ മകന്റെ സ്കൂളിൽ ബുധനാഴ്ച ധരിക്കേണ്ടത്‌ മറ്റൊരു യൂണിഫോം ആണ്‌. എന്നുവെച്ചാൽ ഒരേ വർഷം തന്നെ രണ്ടുതരം യൂണിഫോം വേണം.
  കുട്ടികളുടെ കളി പരിപാടികൾ അറിയുന്ന മാതാപിതാക്കൾ രണ്ടുജോഡി വീതം യൂണിഫോമെങ്കിലും വാങ്ങിവെയ്ക്കും. അതും ലാഭം തന്നെ.
  പുസ്തകങ്ങളുടെ കാര്യം പറയാനില്ല. നാലുപടം മാത്രമുള്ള പുസ്തകം വില 100 രൂപ. പബ്ലിഷ്‌ ചെയ്യുന്നവർ ഇടുന്ന വില തന്നെ യഥാർത്ഥ വിലയുമായി യാതൊരു ബന്ധവുമുണ്ടാവില്ല. എന്നാലും പോട്ടെ എന്നുവെയ്ക്കാം. 500 രൂപ പുസ്തകങ്ങളുടെ ഫീസ്‌ ആയി വാങ്ങിയാൽ എല്ലാ പുസ്തകങ്ങളുടെ വിലയും കൂട്ടിനോക്കിയാൽ പലപ്പോഴും 500 രൂപ വരില്ല. സ്കൂളിനുള്ള ലാഭം എത്ര?
  ഇതുമായി ബന്ധമുള്ളതല്ലെങ്കിലും ഒരുകാര്യം കൂടി ചേർക്കട്ടെ.
  ഇതിനെല്ലാം പുറമെ ബാംഗ്ലൂരിലെ സ്കൂളുകളിൽ പ്രൈമറി ക്ലാസുകളിൽ തന്നെ പ്രോജക്റ്റ്‌ എന്ന ഓമനപ്പേരിൽ ചില ആവശ്യങ്ങൾ കാണാം. ലിസ്റ്റിലുള്ള ഏഴു പഴങ്ങൾ കൊണ്ടുവരണം, ഇന്നുതന്നെ വേണമെന്നില്ല, മറ്റന്നാൾ മതി എന്നമട്ടിലാണ്‌ ഈ പ്രൊജക്റ്റുകൾ. ശ്രീമതിയുടെ പഴയ ഒരു സഹപ്രവർത്തക ഇതിന്റെ ബുദ്ധിമുട്ടുകൾ പറയാറുണ്ടായിരുന്നു. വൈകുന്നേരം വരെയുള്ള ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ ഇരിക്കാൻ സമയമില്ല, സ്ട്രോബെറി അന്വേഷിച്ച്‌ ഓടണം. എളുപ്പം കിട്ടാവുന്ന പഴങ്ങൾ ദഹിക്കില്ല ഇവർക്ക്‌.

  ReplyDelete
 5. അരുൺ കായം കുളം, കമന്റിനു നന്ദി.
  കാർക്കൂൻ, പറ്റിപ്പിനു ഇരയാകാൻ മലയാളിക്കു വലിയ തിടുക്കമാണു.
  ബൈജു എലികാട്ടൂർ, നിയമത്തിന്റെ ചില പഴുതുകൾ ഇവർക്കു രക്ഷയായുണ്ടു.ആ പഴുതു ഉപയോഗിച്ചാണു ഇവർ ഈ ചൂഷണങ്ങൾ നടത്തുന്നതു.ജനകീയ മുന്നേറ്റവും നിയമനിർമ്മാണവും മാത്രമാണു പോംവഴി. അതിനു ആർക്കുണ്ടൂ സമയം.
  അപ്പൂട്ടാ, ഈ മേഖലയിൽ ഇനിയും പല ചൂഷണങ്ങളുണ്ടു. ബാംഗ്ലൂരിലെ പഴ പ്രയോഗം ആദ്യമായാണു കേക്കുന്നതു; ഇതുപോലുള്ള ഓരോ കാര്യങ്ങൾ എവിടെയെല്ലാമോ വേറെ രൂപത്തിൽ നടക്കുന്നുണ്ടായിരിക്കും.ചൂഷണത്തിനു ഇരയാകാനാണു നമുക്കു വിധി,കാരണം നമ്മുടെ കുട്ടികൾക്കു പഠിക്കണമല്ലോ.കമന്റിനു നന്ദി.

  ReplyDelete
 6. ഈ അടുത്തകാലത്ത് വായിച്ചവയിൽ ഏറ്റവും അർത്ഥവത്തായ പ്രതികരണം. കരണം നോക്കി മറ്റവന്മാർക്കിട്ട് രണ്ട് പൊട്ടിക്കാൻ തോന്നുന്ന പ്രതികരണം. പണ്ടൊക്കെ സർക്കാർ സ്കൂളുകളിൽ സമരമുണ്ടായിരുന്നു. അത്യാവശ്യമെങ്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമായിരുന്നു. കുറേ തെണ്ടികൾ അതും നിർത്തലാക്കി. വിദ്യാർത്ഥികൾക്ക് പ്രതികരിക്കാനുള്ള അവസരം ഇല്ലാതായി. രക്ഷിതാക്കളാകട്ടെ അദ്ധ്യാപഹയന്മാർക്ക് പൂർണ്ണ വിധേയരായി മാറുന്നു പലപ്പോഴും. ഈ ഒരു ലേഖനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്താവുന്നതാണ്. നാട്ടിലുള്ളവരേ സംഘടിക്കുവിൻ... എനിക്ക് കേട്ടിട്ട് സഹിക്കുന്നില്ലാ ...

  ReplyDelete
 7. പള്ളിക്കുളം, നന്ദി.

  ReplyDelete