Tuesday, January 12, 2010

ഒരു സഹപാഠിയുടെ ഓര്‍മ്മയ്ക്ക്‌

സ്കൂൾ കാലഘട്ടത്തിലെ അനുഭവവും ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്തസംഭവവും ചേർന്ന കുറിപ്പാണിതു. ദ്യത്തേതു രണ്ടാമത്തേതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണുരണ്ടും കൂടി ചേർന്നുള്ളതു എന്നു ഞാൻ പറഞ്ഞതു.
ആലപ്പുഴ ഗവ:മുഹമ്മദൻ സ്കൂളിൽ ഞാൻ തേഡ്‌ ഫാമിൽ (ഇന്നത്തെ എട്ടാം സ്റ്റാൻഡാർഡ്‌) പഠിക്കുകയാണു. അന്നുണ്ടായിരുന്ന കൂട്ടുകാരിൽ ഏറ്റവും വലിയ കുസൃതിക്കാരൻഅബൂബേക്കറായിരുന്നു.
അവന്റെ പ്രധാന പരിപാടി അദ്ധ്യാപകരെ പരിഹസിക്കുക എന്നതാണു.ഞങ്ങളെ ചിരിപ്പിക്കുകഎന്നതു മാത്രമായിരുന്നു അവന്റെ ഉദ്ദേശം.
കാലം കേരളത്തിന്റെ പട്ടിണിക്കാലമാണു. ആലപ്പുഴയിൽ മുഴു പട്ടിണിയും.
പ്രൈമറിസ്കൂൾ
തലംവരെ അന്നു ഉച്ചക്കഞ്ഞി ഉണ്ടു.
മുഹമ്മദൻ സ്കൂളിൽ ഒരു കാമ്പൗണ്ടിൽ തന്നെയാണു പ്രൈമറിയും സെക്കന്ററിയും.പക്ഷേ പ്രൈമറിസ്കൂൾ ഉച്ചക്കു 12.30നു ബെല്ലടിക്കും.തുടർന്നു കഞ്ഞി വിതരണവും നടത്തും.ഞങ്ങളുടെ ക്ലാസ്സുകൾ 1 മണിക്കാണു അവസാനിക്കുന്നതു; അതു കൊണ്ടു പട്ടിണിക്കാരായ ഞങ്ങൾ കഞ്ഞി കുടിക്കാൻഅവസാന പീരീഡിൽ ഒളിച്ചു കടക്കും.പ്രൈമറി സ്കൂൾ കുട്ടികളോടൊപ്പം ഞങ്ങളും പാത്രം നിരത്തികഞ്ഞിക്കു വേണ്ടി ഇരിക്കുമായിരുന്നു.
അവസാന പീരീഡ്‌ മിക്കവാറും മാമാ സാർ എന്നറിയപ്പെട്ടിരുന്ന കേശവൻ നായർസാറിന്റേതായിരുന്നു.ഭൂരിപക്ഷം അദ്ധ്യാപകരെയും വിദ്യാർത്ഥികൾ ഇപ്രകാരം കളിപ്പേരു ഇട്ടു അന്നുംഇന്നും വിളിക്കുന്നു. കേശവൻ നായർ സാറിന്റെ പ്രായവും വേഷവും നടപ്പും ആണു അദ്ദേഹത്തിനുഅമ്മാവൻ" എന്നതിനു പകരം "മാമാ" എന്ന പേരിനു അർഹനാക്കിയതു.
സാറിനെ പ്രീണിപ്പിക്കാൻ ഞങ്ങൾ ഗേറ്റിനു സമീപം അദ്ദേഹം വരുന്നതും പ്രതീക്ഷിച്ചു നിൽക്കും.
അബൂബക്കറാണു
നേതാവു.
സാറിന്റെ സ്കൂളിലേക്കുള്ള വരവു ഇപ്രകാരമാണു; വെയിലായാലും മഴ ആയാലും കാലൻ കുട തുറന്നുതോളിൽ വെച്ചു ഇടതു കയ്യിനാൽ കുടക്കാലിൽ പിടിക്കും. വലതു കയ്യിൽ ചോറു പാത്രം. ഉടുത്തിരിക്കുന്നമുണ്ടിന്റെ രണ്ടു തുമ്പും പൊക്കി ചോറു പാത്രത്തിനും കുടക്കാലിനുമൊപ്പം ഫിറ്റ്‌ ചെയ്യും.
പരിപാടി തുടങ്ങുന്നതു അബൂബക്കറാണു.അവൻ സാറിന്റെ മുമ്പിൽ വന്നു തല കുനിഞ്ഞു കൈ കൂപ്പിപറയും."നമസ്കാരം സാർ"
സാറും പ്രത്യഭിവാദനം ചെയ്യാൻ രണ്ടു കൈകളും പൊക്കും. മുണ്ടിന്റെ തുമ്പു വിടുകയുമില്ല.അന്നു ഷഡ്ഡിയുംനിക്കറും പ്രാബല്യത്തിൽ വന്നിട്ടില്ല.പ്രായമായവർ കൗപീനമാണു മുണ്ടിനു കീഴിൽ ധരിക്കുന്നതു.സാർരണ്ടു കയ്യും പൊക്കുന്നതോടെ സ്വാഭാവികമായി മുണ്ടും പൊങ്ങും.ഇൻഡ്യൻ ടൈയുടെ പുശ്ചംപ്രത്യക്ഷമാകുന്നതോടെ ഞങ്ങൾ ചിരി അമർത്തും.
" എന്താടാ കാര്യം" സാർ ഗൗരവത്തോടെ അന്വേഷിക്കും.
"സാറിനെ പോലെ ചോറു കൊണ്ടു വരാൻ പാങ്ങില്ല. പ്രൈമറി സ്കൂളിൽ പോയി കഞ്ഞി കുടിക്കണം" അബൂബക്കർ വിനയത്തോടെ അറിയിക്കുമ്പോൾ "കഞ്ഞി കട്ടു കുടിക്കാൻ പോകണം എന്നു പറയെടാ" എന്നും പറഞ്ഞു സാർ കുലുങ്ങി ചിരിക്കുമായിരുന്നു.അടുത്ത ദിവസം മറ്റൊരാളായിരിക്കും സാറിനോടുഅനുവാദത്തിനായി അപേക്ഷിക്കുന്നതു.
പക്ഷേ പരിപാടി തുടർന്നു കൊണ്ടു പോകാൻ ഇടയായില്ല.എന്തു കൊണ്ടോ ഒരു ദിവസം സാർഞങ്ങൾക്കു അനുവാദം തന്നില്ല.അന്നു പ്രൈമറിയിൽ ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾപുറകിലെ ബെഞ്ചിലിരുന്ന അബൂബേക്കർ എഴുന്നേറ്റു നിന്നു നീട്ടി വിളിച്ചു.
"സാ‍ാ........"
"എന്താടാ" സാർ ദേഷ്യത്തിൽ ചോദിച്ചു.
അബൂബക്കർ ചെറു വിരൽ ഉയർത്തി കാട്ടി.സ്കൂൾ കാലഘട്ടത്തിലെ സിഗ്നൽ. ഒന്നിനുപോകണം(മൂത്രം ഒഴിക്കാൻ) ചെറു വിരലും മോതിര വിരലും ഒരുമിച്ചു ഉയർത്തി കാട്ടിയാൽ മൂത്രത്തിന്റെഅടുത്ത പരിപാടി രണ്ടിനു പോകണം എന്നർത്ഥം.
സാറിനു അവന്റെ സൂത്രം മനസ്സിലായി. കഞ്ഞി കുടിക്കാനാണു ഒന്നിനു പോക്കു.
"വേണ്ടാ....നീ അവിടിരി...." സാർ കർശനമായി പറഞ്ഞു.
"ഞാൻ ഇപ്പോൾ മുള്ളി പോകും...." അബൂബക്കർ ദയനീയമായി പറഞ്ഞു.
"....ശരി നീ അവിടെ മുള്ളിക്കോ എന്നാലും നീ പുറത്തു പോകണ്ടാ..."
സാർ ബോർഡിൽ എഴുതാനായി തിരിഞ്ഞു. അൽപ്പം കഴിഞ്ഞു ക്ലാസ്സിലെ ചിരി കേട്ടു അദ്ദേഹം തിരിഞ്ഞുനോക്കി.വെള്ളം ചെറിയ ചാലായി സാർ നിൽക്കുന്ന സ്ഥലത്തേക്കു ബെഞ്ചിനു കീഴിലൂടെ ഒലിച്ചുവരുന്നു.ചാൽ നിരീക്ഷിച്ചു അദ്ദേഹം പതുക്കെ ക്ലാസിന്റെ പുറകിലേക്കു നടന്നു. ചാൽ അബൂബക്കർഇരിക്കുന്നിടത്തു അവസാനിച്ചു.
"എന്താഡാ കഴുതേ ഇതു...." സാർ അലറി
"സാറു പറഞ്ഞില്ലേ ഇവിടെ മുള്ളിക്കോളാൻ....." അബൂബക്കറിന്റെ മറുപടി ഉടൻ തന്നെ വന്നു.ക്ലാസിൽഭയങ്കര ചിരി ആയി.
"ഇറങ്ങി പോടാ പുറത്തു...." അദ്ദേഹം ഗർജ്ജിച്ചു. കേൾക്കേണ്ട താമസം അബൂബക്കർ ഇറങ്ങി ഓടി.
പുറത്തേക്കുള്ള അവന്റെ പാച്ചിൽ ജനലിലൂടെ ശ്രദ്ധിച്ച സാർ പറഞ്ഞു" എടാ അവൻ പോകുന്നതുപ്രൈമറി സ്കൂളിലോട്ടാ..."
എന്നിട്ടു അദ്ദേഹം പതുക്കെ പറയുന്നതു ഞാൻ കേട്ടു"ശ്ശോ അവനു വിശന്നിട്ടായിരിക്കും...."
സാറിന്റെ സ്വരത്തിൽ വേദന കലർന്നിരുന്നു എന്നു ഇന്നും എനിക്കു ഉറപ്പുണ്ടു.
"വേറെ ആരെങ്കിലും കഞ്ഞി കട്ടു കുടിക്കുവാൻ പോകുന്നോടാ..."അദ്ദേഹം ചിരിച്ചു കൊണ്ടുചോദിച്ചു."വിശക്കുന്നവർ ആരെങ്കിലുമുണ്ടോ" എന്നായിരിക്കും ചോദ്യത്തിന്റെ ആന്തരാർത്ഥം.
ഞങ്ങൾ ചിലർ കൈ പൊക്കി.
"ഹും...പോ,.... പോടാ...." അദ്ദേഹം അനുവാദം തന്നപ്പോൾ ഞങ്ങൾ ഇറങ്ങി ഓടി.
പ്രൈമറിയിൽ എത്തിയ നേരത്തു അവിടെ കഞ്ഞി തീർന്നിരുന്നു.പലരും നിരാശരായി തിരിച്ചു പോയി.
" എടാ നിനക്കു കഞ്ഞി വേണോ" എന്റെ പുറകിൽ ഒരു ശബ്ദം .അബൂബക്കർ പുറകിൽനിൽക്കുന്നു.അവന്റെ കയ്യിൽ പാത്രത്തിൽ കഞ്ഞിയും ഇലപ്പൊതിയിൽ പയറും ഉണ്ടു.
" അപ്പോൾ നിനക്കോ..." ഞാൻ ചോദിച്ചു.
"നമുക്കു പങ്കു വെച്ചു കഴിക്കാം, ഞാൻ നിന്നെ നോക്കി ഇരിക്കുകയായിരുന്നു"
അവനു എന്നോടുള്ള സ്നേഹത്തിന്റെ ആഴം അപ്പോഴാണു എനിക്കു മനസ്സിലായതു.
മറ്റൊരു ദിവസം യൻസ്സ്‌ പീരീഡിൽ ലാബിലായിരുന്നു ഞങ്ങളുടെ ക്ലാസ്‌. യൻസ്‌ സാറിനെകരടി" എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു.അദ്ദേഹത്തിന്റെ യഥാർത്ഥ പേരു ചാക്കോ എന്നായിരുന്നു. സാധു മനുഷ്യൻ എന്തു കൊണ്ടു ഇങ്ങിനെ ഒരു കളീ പേരിനാൽ അറിയപ്പെട്ടു എന്നു ഇന്നുമെനിക്കുഅറിയില്ല.
"ദ്രാവക രൂപത്തിലുള്ള ലോഹമാണു മെർക്കുറി" എന്നു പറഞ്ഞു കരടി സാർ കുപ്പിയിൽ സൂക്ഷിച്ചിരുന്നമെർക്കുറി ഞങ്ങൾക്കു കാണിച്ചു തന്നു.
"സാറേ, അതു കുടിച്ചൽ ചാകുമോ" അബൂബക്കറിന്റേതാണു ചോദ്യം.
ലാബിലെ ഒരു മീറ്റർ നീളമുള്ള സ്കൈലും ഓങ്ങി സാർ അബൂബക്കറിനു സമീപം വന്നു.
"വേണോടാ നിനക്കു മെർക്കുറി..."
അവൻ എന്നെ നോക്കി കണ്ണിറുക്കിയതിനു ശേഷം തലയും കുനിച്ചിരുന്നു.
മര്യാദക്കു ക്ലാസ്സിൽ ഇരിക്കണം ഇല്ലെങ്കിൽ ഞാൻ ഗെറ്റൗട്ട്‌ അടിക്കും" താക്കീതു ചെയ്തിട്ടു സാർ ക്ലാസ്സ്‌തുടങ്ങി.
സാർ പൊടി വലിക്കുന്ന ശീലക്കാരനാണു. മൂക്കിൽ രണ്ടു ദ്വാരത്തിലും ആദ്യം പൊടി തള്ളികയറ്റും.എന്നിട്ടു തല ആട്ടി അമറിയ സ്വരത്തിൽ ചീറ്റും.( അമറലും ചീറ്റലും കൊണ്ടാണോ കരടിഎന്ന പേരു കിട്ടിയതെന്നു അറിയില്ല)
അന്നു സാർ പൊടി വലിച്ചു കൊണ്ടിരുന്ന സമയം ആരോ പുറത്തു വന്നു സാറിനെ വിളിച്ചു.അദ്ദേഹംപുറത്തേക്കു പോയ നേരം അബൂബക്കർ മേശക്കരുകിൽ ചെന്നു പൊടി കുപ്പി എടുത്തു ഒരു നുള്ളുമൂക്കിലേക്കു കയറ്റി.അവന്റെ കണ്ണും മുഖവും ചുവന്നു. അവന്റെ പരിപാടി കണ്ടു ക്ലാസ്സിൽ കൂട്ട ചിരിഉയർന്നു.ശബ്ദം കേട്ടു സാർ വാതിൽക്കൽ വന്നു എത്തി നോക്കിയപ്പോൾ അവൻ ഡെസ്കിനുകീഴിലേക്കു വലിഞ്ഞു.ബഹളം എന്തെന്നു അറിയാൻ സാർ അകത്തേക്കു കയറിവന്നതിനാൽ ക്ലാസ്‌നിശ്ശബ്ദമായി.
എന്റെ സമീപം ഡെസ്കിനു താഴെ തറയിൽ അബൂബക്കർ മൂക്ക്‌ അമർത്തി പൊത്തി പിടിച്ചുഇരിക്കുകയാണു.
അടുത്ത നിമിഷം അവൻ ആഞ്ഞു തുമ്മിയപ്പോൾ ക്ലാസ്സിൽ കൂട്ട ചിരി ഉയർന്നു.
സാർ തുമ്മൽ ശബ്ദം കേട്ട സ്ഥലത്തു എത്തിയ നേരം അബൂബക്കർ തറയിൽ നിന്നുഎഴുന്നേൽക്കുന്നതാണു കണ്ടതു.അവന്റെ മുഖത്തു മൂക്കു പൊടിയും മൂക്കളയും ചേർന്നു ല്ലൊരു മേക്കപ്പുകാണപ്പെട്ടു.
സാറിനു കാര്യം മനസ്സിലായി.അദ്ദേഹം അടുത്തിരുന്ന മീറ്റർ സ്കൈലുമായി അവന്റെ നേരെ പാഞ്ഞു.
"ഗറ്റ്‌ ഔട്ട്‌....ഫൂൾ ....നിന്നെ ഇതിനകത്തു കണ്ടു പോകരുതു......" സാർ ഗർജ്ജിച്ചു.
"ഹെന്റള്ളോ‍ാ‍ാ......" എന്നു വിളിച്ചാർത്തു അബൂബക്കർ പുറത്തേക്കു മണ്ടി
അന്നു സ്കൂൾ കാംപൌണ്ടിന്റെ മധ്യത്തിൽ ഒരു കാട്ടു മുന്തിരി വൃക്ഷവും അതിനു സമീപം കിണറുംഉണ്ടായിരുന്നു.നിലം മുട്ടി കിടന്നിരുന്ന കാട്ടു മുന്തിരിയുടെ ശിഖിരങ്ങളിൽ ഞങ്ങൾ കസർത്തുകാണിക്കാറുണ്ടു.
ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ലാബിൽ നിന്നും ഇറങ്ങി ഓടിയ അബൂബക്കർ കിണറിനുഅരികിലൂടെ പോകുന്നകാട്ടു മുന്തിരി ശിഖിരത്തിൽ കയറി നിൽക്കുന്നു. അവൻ കിട്ടിയ സമയംകളിക്കാൻ ഉപയോഗിക്കുകയാണു എന്നു എനിക്കു മനസ്സിലായി.പക്ഷേ ഞാൻ വിളിച്ചു കൂകി:
"സാറേ....ദാ, അബൂബക്കർ കിണറ്റിൽ ചാടാൻ പോകുന്നേ...." അവനെ ക്ലാസ്സിൽ കയറ്റണമെന്നഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ.
സാർ ജനലിലൂടെ കാഴ്ച്ച കണ്ടതും"എന്റെ മോനേ.....ചാടല്ലേടാ.....എന്നു വിളിച്ചു പറഞ്ഞു കൊണ്ടുപുറത്തേക്കു പാഞ്ഞു.കുറച്ചു നേരം മുമ്പു അവൻ "മെർക്കുറി കുടിച്ചാൽ ചാകുമോ" എന്നു ചോദിച്ചതുഅദ്ദേഹം ഓർത്തിരിക്കണം.
വെപ്രാളത്തിനിടയിൽ കയ്യിലിരുന്ന മീറ്റർ സ്കൈൽ താഴെ വെക്കാൻ മറന്നു. അതും ഉയർത്തിപിടിച്ചാണു അദ്ദേഹം ഓടിയതു.സാറിന്റെ പുറകേ ഞങ്ങളും പാഞ്ഞു.
അബൂബക്കർ തിരിഞ്ഞു നോക്കിയപ്പോൾ കരടി സാർ നീളമുള്ള സ്കൈലുമായി പാഞ്ഞു വരുന്നു.പുറകേആർത്തു വിളിച്ചു ഞങ്ങളും.
അവനെ പിടിക്കാൻ വരുന്നു എന്ന ധാരണയിൽ അടുത്ത നിമിഷം അബൂബക്കർ വൃക്ഷ ശിഖിരത്തിൽനിന്നും താഴെ ചാടി വെടി കൊണ്ട പന്നിയെ പോലെ ഓടി മറഞ്ഞു.
സാർ വിഷണ്ണനായി ലാബിൽ തിരികെ വന്നു.
"അവൻ വല്ല കടും കൈ ചെയ്യുമോടാ..." സാർ അവന്റെ അടുത്ത ചങ്ങാതിയായ എന്നോടു ചോദിച്ചു.
"ഞാൻ അവനെ തിരക്കി കണ്ടു പിടിക്കാം,സാർ അവനെ ക്ലാസ്സിൽ കയറ്റിയാൽ മതി." ഞാൻ പറഞ്ഞു.
"നീ അവനെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടു വാ, ഞാൻ തിരക്കി പോയാൽ എന്നെ കാണൂമ്പോൾഅവൻ ഓടിക്കളയും." പാവം അദ്ധ്യാപകൻ പറഞ്ഞു.
വീവിങ്ങ്‌ ഷെഡിനു സമീപത്തു അബൂബക്കറിനെ ഞാൻ കണ്ടെത്തി. അവിടെ ഒരു മണൽ കൂനയിൽകിടന്നു സുഖമായി ഉറങ്ങുകയാണു.അവനോടു ഞാൻ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവന്റെ ചിരി കാണേണ്ടതായിരുന്നു.
അബൂബക്കറിനെ കരടി സാറിന്റെ മുമ്പിൽ ഞാൻ ഹാജരാക്കിയ നേരം അദ്ദേഹത്തിന്റെ മുഖത്തു കണ്ടസമാധാനവും "ഹാവൂ..." എന്ന നിശ്വാസവും ഇന്നും എന്റെ സ്മരണയിലുണ്ടു.
പിന്നെയും പലപ്പോഴും ധാരാളം കുസൃതികൾ അവൻ ഒപ്പിച്ചു.
കാലം കടന്നു പോയി.സ്കൂൾ ജീവിതം അവസാനിച്ചു. എല്ലാവരും പലവഴിക്കും പിരിഞ്ഞു. ഭാര്യയുംകുട്ടികളും മറ്റു കുടുംബാംഗങ്ങളും .......അങ്ങിനെയൊരു ലോകത്തിലെ പല സംഘർഷങ്ങളിലും ചെന്നുപെടുമ്പോൾ കഴിഞ്ഞു പോയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അനുഭവിച്ച സുഖവും സമാധാനവുംഎത്രമാത്രം വിലയുള്ളതായിരുന്നു എന്നു നാം തിരിച്ചറിയുന്നു.
വിദ്യാഭ്യാസ കാലത്തിനു ശേഷം പലർക്കും പല വേഷങ്ങളും ആടേണ്ടി വന്നപ്പോൾ എനിക്കു നീതിന്യായ ലോകത്തിലെ വേഷമാണു വിധിച്ചിരുന്നതു.
റെയിൽ വേ കേസുകൾ കൈകാര്യം ചെയ്യുന്ന കൊല്ലം കോടതിയുടെ ക്യാമ്പു സിറ്റിംഗ്‌ അന്നു ആലപ്പുഴ നടക്കുകയാണു.ധാരാളം കേസുകൾ കൈകാര്യം ചെയ്യാനുണ്ട് .കോടതി നടപടികൾ തുടരവേ "ഇപ്പോൾ കയ്യോടെ പിടിച്ചതാണു" എന്നും പറഞ്ഞു ഒരാളെ ഒരു പെറ്റി കേസിന്റെ ചാർജു ഷീറ്റുമായി എന്റെ മുമ്പിൽ ഹാജരാക്കി.കേസുകളുടെ ബാഹുല്യത്തിനിടയിൽ ഇങ്ങിനെ പ്രതികളെ കൊണ്ടു വരുന്നതിന്റെ അസഹിഷ്ണത എന്റെ മുഖത്തു കാണാൻ കഴിഞ്ഞതിനാൽ "പിന്നീടു ഹാജരാകാൻ നോട്ടീസു കൊടുത്തു ഇയാളെ ഇപ്പോൾ വിട്ടാൽ പിന്നീടു ഇവരെയൊന്നും കിട്ടില്ല, വാറണ്ടും കൊണ്ടു പോയാലും ആളെ കണ്ടെത്താൻ പ്രയാസമാണു അതു കൊണ്ടാണു കയ്യോടെ കൊണ്ടു വന്നതു " എന്നു ഒഴിവുകഴിവു പറഞ്ഞു ആർ.പി.എഫ്‌.കാർ തടി ഊരി.
ഞാൻ ചാർജു ഷീറ്റ്‌ നോക്കി.
ട്രെയിനിൽ യാത്രക്കാരനായ പ്രതി സീറ്റിന്റെ അങ്ങേ അറ്റത്തു ഇരുന്ന ഒരു പെൺകുട്ടിയുടെ മുതുകിൽ തോണ്ടി പെൺകുട്ടിയെ ശല്യപ്പെടുത്താൻ നോക്കി.തോണ്ടലിനിരയായ പെൺകുട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ്‌.കാരോടു പരാതി പറഞ്ഞു പ്രതിയെ കയ്യോടെ പൊക്കി കൊണ്ടു വന്നിരിക്കുകയാണു.
ഞാൻ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിനു ശേഷം ആ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചു.
"അങ്ങിനത്തെ വേണ്ടാതീനമൊന്നും ഞാൻ കാണിക്കില്ലെന്നറിയില്ലേ" എന്നായിരുന്നു പ്രതിയുടെ മറുപടി.
ഞാൻ പ്രതിയെ തല ഉയർത്തി നോക്കി. വെയിൽ കൊണ്ടു കരുവാളിച്ച നിറമുള്ള മെലിഞ്ഞ ഒരു മദ്ധ്യവയസ്കൻ.വെളുപ്പും കറുപ്പും കലർന്ന കുറ്റി താടി.കഷണ്ടി കയറിയ നെറ്റി.
ഞാൻ തല ഉയർത്തിയപ്പോൾ അയാൾ ചിരിച്ചു. മുൻ വശം രണ്ടു പല്ലുകളില്ല.
കേസുകളുടെ ബഹളവും ഉച്ചനേരവും പ്രതിയുടെ മറുപടിയും അയാളുടെ നിസാര മട്ടിലുള്ള നിൽപ്പും ഇതെല്ലം കൂടി എന്നെ രോഷം കൊള്ളിച്ചെങ്കിലും ഞാൻ സംയമനം പാലിച്ചു കേസ്‌ ഷീറ്റിലേക്കു തല താഴ്ത്തി സ്വരത്തിൽ കർക്കശത വരുത്തി പറഞ്ഞു."നിങ്ങൾ കോടതിയിലാണു നിൽക്കുന്നതു, ചോദിക്കുന്നതിനു ഉത്തരം തന്നാൽ മതി, ഇങ്ങോട്ടു ചോദ്യങ്ങൾ വേണ്ട"
തുടർന്നു ഞാൻ വീണ്ടും ചോദിച്ചു"കുറ്റം ചെയ്തിട്ടുണ്ടോ?"
"തോണ്ടിയതു ശരിയാണു, പക്ഷേ അൽപ്പം മുമ്പു ആ സീറ്റിലിരുന്നതു എന്റെ കൂട്ടുകാരൻ ആയിരുന്നു. അവൻ അവിടെ നിന്നും എഴുന്നേറ്റതു ഞാൻ അറിഞ്ഞില്ല;അവനാണെന്നും കരുതി ഞാൻ ചെയ്തു പോയതാണു; അബദ്ധം സംഭവിച്ചു പോയി മന:പൂർവ്വമല്ല."
"നിങ്ങൾ നെഴ്സറി സ്കൂൾ കുട്ടികളാണോ തോണ്ടാനും നുള്ളാനും ....പ്രായം ഇത്ര ആയില്ലേ...നാണമില്ലേ...?ഞാൻ തല ഉയർത്താതെ ശാസിച്ചു.
"അയാൾ പറയുന്നതു ശരിയാണു സർ, അയാളുടെ കൂട്ടുകരൻ വന്നു എന്നോടു കാര്യങ്ങൾ എല്ലാം പറഞ്ഞു" ആർ.പീ.എഫ്‌. ആഫീസ്സർ എന്നോടു പതുക്കെ റിപ്പോർട്ടു ചെയ്തു.
"എന്നാൽ നിങ്ങള്‍ക്ക് അയാളെ വിട്ടയച്ചു കൂടായിരുന്നോ ഇവിടെ കൊണ്ടു വന്നതു എന്തിനാണു.../"
കർക്കശതയിൽ ഞാൻ അയവു വരുത്തിയില്ല.
" ഒരു പെൺകുട്ടി പരാതി തന്നതു കൊണ്ടാണു .....സാർ...."ആർ.പീ.എഫ്‌. പരുങ്ങി.
മേലിൽ ഇങ്ങീനെ ചെയ്യരുതെന്നു പ്രതിയെ താക്കീതു ചെയ്തും പിഴ ആയി നൂറു രൂപ കെട്ടാനും പിഴ ഒടുക്കിയില്ലെങ്കിൽ പത്തു ദിവസം തടവു ശിക്ഷ വിധിച്ചും ഞാൻ ഉത്തരവു ചെയ്തതിനു ശേഷം പ്രതിയോടു ചോദിച്ചു" പിഴ ഒടുക്കുന്നോ?
'ഉണ്ടു" എന്ന അർത്ഥത്തിൽ തലകുലുക്കിയതിനു ശേഷം പിഴ കെട്ടാൻ പോകുമ്പോൾ അയാളെന്നെ തിരിഞ്ഞു നോക്കി വീണ്ടും ചിരിച്ചു. ആ ചിരി എന്റെ ഉള്ളിൽ എവിടെയോ ഒരു മണി നാദം മുഴക്കിയെങ്കിലും അടുത്ത കേസ്‌ വിളിച്ചതിനാൽ എന്റെ ശ്രദ്ധ അതിലേക്കു തിരിഞ്ഞു.
കേസുകൾ തീർന്നു കോടതി പിരിഞ്ഞ്‌ കഴിഞ്ഞു ഫൈൻ അടച്ച രസീതുകൾ ഒപ്പിടാൻ ബെഞ്ച്‌ ക്ലാർക്ക്‌ എന്റെ മുമ്പിൽ കൊണ്ടു വന്നു. ഓരോ പേരും വായിച്ചു ഒപ്പിടവേ 100 രൂപയുടെ രസീതു പേജിലെത്തിയപ്പോൾ "ബക്കർ " എന്നു ക്ലാർക്ക്‌ പേരു വായിച്ചു. അപ്പോൾ ആ പ്രതി വീണ്ടും എന്റെ ഓർമ്മയിൽ വന്നു.ഇത്രയും പ്രായം ആയിട്ടും വിദ്വാൻ കുസൃതികളും കൊണ്ടു നടക്കുന്നു. ഞാൻ ആ ചാർജു ഷീറ്റെടുത്തു പേരും മേൽ വിലാസവും ഒന്നു കൂടി നോക്കി."ബക്കർ, തളപ്പിൽ വീടു, ആലപ്പുഴ. വിശദമായ മേൽ വിലാസമില്ല.
പെട്ടെന്നു എന്റെ ഉള്ളിൽ മണി നാദം ശക്തിയായി മുഴങ്ങി...ബക്കർ.....അബൂബക്കർ...കുസൃതികളുടെ രാജാവു.....
ഞാൻ ചാടി എഴുന്നേറ്റ്‌ ബഞ്ചു ക്ലാർക്കിനോടു പറഞ്ഞു,"അയാൾ പുറത്തു നിൽപ്പുണ്ടോ എന്നു നോക്കുക, ഒരു പക്ഷേ രസീതിനു നോക്കി നിൽക്കുന്നുണ്ടാവാം...."
എന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ബെഞ്ചു ക്ലാർക്കു പെട്ടെന്നു പുറത്തേക്കു പോയി.
മനസ്സ്‌ വല്ലാതെ തേങ്ങി.
എന്നെ അവൻ തിരിച്ചറിഞ്ഞു. അതു കൊണ്ടാണു അവൻ കുറ്റം ചെയ്തിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിനു "അങ്ങിനത്തെ വേണ്ടതീനമൊന്നും ഞാൻ കാണിക്കുകയില്ല എന്നറിയില്ലേ" എന്നു മറുപടി തന്നതു. ദൈവമേ! അവന്റെ രൂപം എത്ര മാറിയിരിക്കുന്നു....എനിക്കു അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ അവൻ എന്നെ പറ്റി എന്തു കരുതി കാണും...അവനെ ഞാൻ തിരിച്ചറിഞ്ഞില്ല എന്നു അവൻ മനസ്സിലാക്കിയിരുന്നോ...
കുറേ കഴിഞ്ഞു ക്ലാർക്കു തിരികെ വന്നു അറിയിച്ചു,അവിടെയെങ്ങും അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്റെ മുഖത്തെ അസ്വസ്ഥത കണ്ടതു കൊണ്ടാവാം ക്ലാർക്ക്‌ ചോദിച്ചു " സാർ എന്തെങ്കിലും കുഴപ്പം.....?"
" ഇല്ല ...ഒന്നുമില്ല.....ഞാൻ മറുപടി പറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറിയിരുന്നോ?
ഞാൻ മൊബെയിലിൽ ആർ.പി.എഫ്‌. ആഫീസറെ വിളിച്ചു അബൂബക്കറിനെ കണ്ടെത്താൻ മാർഗം ഉണ്ടോ എന്നു ആരാഞ്ഞു.
"വാർഡ്‌ നമ്പറോ പ്രദേശത്തിന്റെ പേരോ ഇല്ലാത്ത അപൂർണ്ണമായ വിലാസമായതിനാൽ കണ്ടെത്താൻ പ്രയാസമാണു സാർ...എന്നാലും ശ്രമിക്കാം " എന്ന മറുപടിയാണു ലഭിച്ചതു.
തിരികെ പോരാൻ നേരം ആലപുഴ റെയിൽ വേ സ്റ്റേഷൻ മുഴുവൻ അവനെ കണ്ടെത്താൻ അരിച്ചു പെറുക്കിയെങ്കിലും അവനെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.
ഇന്നുവരെ അവനെ കണ്ടതുമില്ല.
ആലപ്പുഴയിലെ ജന സാന്ദ്രതയിൽ അവൻ എവിടെയോ മറഞ്ഞു....
ഇനി എന്നെങ്കിലു എനിക്കു അവനെ കാണാൻ കഴിയുമോ?


" "

9 comments:

 1. ...വായിച്ചു.മനസ്സില്‍ തട്ടുന്ന അനുഭവവിവരണം...

  (പഴയ കാലത്തെ അധ്യാപകര്‍ക്ക് കുട്ടികളോടുണ്ടായിരുന്ന സ്നേഹം ചെറുതായെങ്കിലും ഈ പോസ്റ്റ് പ്രതിഫലിപ്പിക്കുന്നു.)

  ReplyDelete
 2. നല്ലൊരു പോസ്റ്റ് മാഷേ.

  ഒരു നെടുവീര്‍പ്പോടെയാണ് വായിച്ചു തീര്‍ത്തത്.

  അബൂബക്കറിനെ വൈകാതെ കണ്ടെത്താനാകട്ടെ എന്നാശംസിയ്ക്കുന്നു

  ReplyDelete
 3. പഴയ സഹപാഠിയെ കണ്ടെത്താന്‍ കഴിയട്ടെ.

  ReplyDelete
 4. വളരെ നല്ല വിവരണം. സുഹൃത്തിനെ വൈകാതെ തന്നെ കണ്ടെത്താന്‍ കഴിയട്ടെ.

  ReplyDelete
 5. ഹൻലത്ത്‌, ശ്രീ, ടൈപിസ്റ്റ്‌/എഴുത്തുകാരീ നന്ദി. നിങ്ങളുടെ എല്ലാം പ്രാർത്ഥനകൾ ഫലിക്കുമാറാകട്ടെ!

  ReplyDelete
 6. കൊള്ളാം ..വെരി ടച്ചിംഗ്...

  ReplyDelete
 7. നല്ലയൊരു കുറിപ്പ്-
  ഉള്ളിൽ നിന്നും വലിച്ചെടുത്തത്-

  ReplyDelete
 8. താരകൻ, കാട്ടിപ്പരുത്തി, അബൂബക്കറിനെ സന്ദർശിച്ചതിനു നന്ദി.

  ReplyDelete