Wednesday, March 26, 2025

വേദനയൂറും സ്മരണകൾ.

 പരേതർ നിത്യ നിദ്രയിൽ  കഴിയുന്ന  ആ സ്ഥലത്തേക്ക് ഞാൻ  കണ്ണ് മിഴിച്ച് നോക്കിയിരുന്നു. കാരണം അവിടെ  നിന്ന് അവൻ എന്നെ നോക്കി ചിരിക്കുന്നത് പോലെയും സുഖമാണോ   വാപ്പാ  എന്ന് എന്നോട് ചോദിക്കുന്നത് പോലെയും എനിക്ക് തോന്നി. അതെന്റെ വെറും തോന്നലാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.  പക്ഷേ അവനെ അവിടെയാണ് അടക്കിയിരിക്കുന്നതെന്ന് എനിക്കറിയാം.

പതിവ് പോലെ  പള്ളിയിൽ നോമ്പ് തുറക്കായി ഞാൻ എത്തിയതാണ്. നോമ്പ് തുറക്കായി  പള്ളിയിൽ സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ ഇരുന്നാൽ അൽപ്പം ദൂരെയായി  കബറിടങ്ങൾ കാണാൻ കഴിയും.  എന്റെ മകനും അതിലൊന്നിൽ ഉറങ്ങുകയാണ്.

സായാഹ്നാ‍ന്ത്യവും  സന്ധ്യാരംഭവും  സമ്മേളിക്കുന്ന ഈ  മുഹൂർത്തം മനസ്സിനെ വല്ലാതെ സ്വാധീനിക്കും. പ്രഭാതം ഒരു ദിവസത്തിന്റെ പിറവിയാണ്. സന്ധ്യ ദിവസത്തിന്റെ അന്ത്യവും. അത് കൊണ്ട് തന്നെ സന്ധ്യാ സമയം ഒരു വിഷാദ രാഗം മനസ്സിലേക്ക് ഒഴുകിയെത്തുന്നതിൽ അതിശയമില്ല. അതിനോടൊപ്പം മകനെ അടക്കിയിരിക്കുന്ന ഇടത്തിന്റെ ദർശനവും കൂടി  ഉണ്ടായപ്പോൾ മനസ്സ് വല്ലാതെ തരളിതമാകുന്നുണ്ട്. അവൻ യാത്ര പറഞ്ഞ് പോയിട്ട് ഒരു വർഷവും ഒരു മാസവും പതിനൊന്ന് ദിവസവുമായി. എങ്കിലും  എനിക്കത് ഇന്നലെയായി അനുഭവപ്പെടുന്നുണ്ട്.

നീല ആകാശത്ത് പഞ്ഞിക്കെട്ട് പോലെ വെളുത്ത  മേഘം  ഒഴുകി നടക്കുന്നതിൽ    ഇപ്പോൾ ആരോ ചോര കലക്കി ഒഴിച്ചത് പോലെ അവിടവിടെ ചുവപ്പ് നിറം കാണുന്നുണ്ട്. ഈ അന്തരീക്ഷത്തിലാണ് എനിക്ക് തോന്നിയത് അവൻ അവിടെ നിന്ന് ചിരിക്കുന്നെന്നും സുഖമാണൊ എന്ന് ചോദിക്കുന്നതെന്നും.

എന്നെ വാപ്പാ എന്ന് ആദ്യം വിളിച്ച മകനാണ്. അവനെ തോളിലിട്ട് എത്രയോ കാലം ഞാൻ പാട്ട് പാടി ഉറക്കിയിരിക്കുന്നു. കാലം സൃഷ്ടിച്ച കാരണങ്ങൾ എന്നിൽ  നിന്നും അവനെ  അകറ്റാൻ ഇടയാക്കിയപ്പോളും അവൻ ഇളയ സഹോദരനോട്  പറഞ്ഞുവത്രേ ! “വാപ്പായുടെ  വഴക്ക് കേൾക്കാഞ്ഞിട്ട് ഒരു സുഖവുമില്ലെന്ന് “  ജീവിതമേ അവന് ഒരു തമാശയായിരുന്നല്ലോ. അത് കൊണ്ട് തന്നെയാണല്ലോ ഗുരുതരമായ വൃക്ക രോഗത്തെ അവൻ  തമാശയോടെ കണ്ടതും. അസഹനീയമായ  വേദന അനുഭവിക്കുമ്പോഴും  അവന് എല്ലാം നിസ്സാരമായിരുന്നു. സ്വന്തം മരണം പോലും അവന് ഗുരുതരമല്ലായിരുന്നു.. മരണ ശേഷം ചെയ്യേണ്ട നടപടി ക്രമങ്ങൾ  വരെ അവൻ വാട്ട്സ് അപ്പിൽ അയച്ചു തന്നു. 

 വല്ലാത്ത വേദന എനിക്ക് നൽകിയിട്ടാണ് അവൻ പിരിഞ്ഞ് പോയത്. 

 നോമ്പ് തുറയുടെ ഈ സമയം മനസ്സ് ഏകാഗ്രമാക്കി ഞാൻ പ്രാർത്ഥിക്കുന്നു. 

കരുണാമയനായ നാഥാ! അവന് സ്വർഗം നൾകേണമേ...

Thursday, March 13, 2025

പ്രേമത്തിന്റെ ബിരിയാണിപ്പൊതി

  ഓർമ്മകൾക്ക് മരണമില്ല.  അല്ലെങ്കിലും മരിക്കാത്ത ചില ഓർമ്മകളിലൂടെയാണല്ലോ ജീവിതം വല്ലപ്പോഴുമെങ്കിലും പൂക്കുന്നത്. അത് കൊണ്ട് തന്നെ ഈ അനുഭവം ഈ നോമ്പ് കാലത്ത്  ഒരിക്കൽ കൂടി ഞാൻ പങ്ക് വെക്കുന്നു.

  പട്ടിണിക്കാലത്തായിരുന്നു അന്ന് ആലപ്പുഴയിൽ  നോമ്പ്.
ചക്കര ചായയും  ഒരു വെള്ളയപ്പവും കൊണ്ട്  നോമ്പ് തുറന്നിട്ട്  രാത്രി  മൂന്ന് മണിക്ക് കിട്ടുന്ന റേഷനരി ചോറിന്റെ  ഇടയത്താഴവും പ്രതീക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന ഉറക്കം വരാത്ത രാവുകൾ.
ഞങ്ങൾ ആലപ്പുഴക്കാർക്ക് മാത്രമല്ല, നാടൊട്ടുക്ക്  പട്ടിണിയും പരിവട്ടവും തന്നെയായിരുന്നല്ലോ ആ കാലഘട്ടം നൽകിയിരുന്നത്.
അന്നത്തെ ദിവസം   നോമ്പ് തുറന്നത് ഒരു ചെറിയ പഴം കൊണ്ട് മാത്രം. പതിവ് ചക്കര ചായയുമില്ല വെള്ളയപ്പവുമില്ല. 
മണി ഒൻപത് കഴിഞ്ഞു. പുറത്ത് പൂ നിലാവ് പരന്നൊഴുകിയിരുന്നെങ്കിലും അതിലൊന്നും മനസ്സ് ചെല്ലാതെ  ഈ പതിനാറ്കാരൻ  വിശന്ന് പൊരിഞ്ഞ്  ചായ്പ്പിൽ കമഴ്ന്ന് കിടന്നപ്പോൾ പുറത്ത് വേലിക്കൽ നിന്നും “ശൂ“ എന്ന അടയാള ശബ്ദം കേട്ടു.
 അത് അവളാണ്.
പതിവില്ലാത്തവണ്ണം ദേഷ്യവും സങ്കടവും തോന്നി. വയറു പൊരിയുമ്പോഴാണ് അവളുടെ ഒരു “ ശൂ “. എങ്കിലും ഞാൻ എഴുന്നേറ്റ് വേലിക്കൽ ചെന്നപ്പോൾ  വേലിക്ക് മുകളിലൂടെ  അവൾ ഒരു പൊതി നീട്ടി.
 “ബാപ്പ, കല്ല് പാലത്തിനടുത്ത് ഏതോ പണ്ടകശാല മുതലാളിയുടെ  നോമ്പ് തുറക്ക് ബിരിയാണി വെക്കാൻ പോയി, അവിടെന്ന്  കൊണ്ട് വന്ന ബിരിയാണിയിൽ എനിക്ക് കിട്ടിയ പങ്കാണിത്.“ അവൾ പറഞ്ഞു.
എന്തെന്നില്ലാത്ത സന്തോഷത്താൽ അവളെ കെട്ടിപ്പിടിക്കണമെന്നൊക്കെ തോന്നിയെങ്കിലും  വിശപ്പിന്റെ ആധിക്യത്താൽ  പൊതിയും കൊണ്ട് ചായ്പ്പിന്റെ ഉള്ളിലേക്ക് ഞാൻ വലിഞ്ഞു. അൽപ്പ നേരം കൊണ്ട് പൊതി കാലി ആയി. അപ്പോൾ വേലിക്കൽ നിന്നും വീണ്ടും കേൾക്കാം “ശൂ“
ആൾ പോയില്ലേ? ഞാൻ അങ്ങോട്ട് ചെന്നു,
“എല്ലാം തിന്നോ? അവൾ തിരക്കി.
 “തിന്നു“ സന്തോഷത്തോടെയായിരുന്നു എന്റെ മറുപടി.
“ഇത്തിരി പോലും എനിക്ക് വേണ്ടി ബാക്കി വെച്ചില്ലേ?“ അവളുടെ ചോദ്യം.
“നീ, തിന്നില്ലായിരുന്നോ ..“ ഒരു ഞെട്ടലോടെയായിരുന്നു എന്റെ ചോദ്യം.
“ എനിക്ക് വേണ്ടി ഇത്തിരി ബാക്കി വെക്കൂന്ന്  കരുതി,  ആ ബാക്കി തിന്നാനൊരു കൊതി...“
“നോമ്പ് തുറന്നപ്പോൾ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഇല്ല, ഇന്നലെയും ഒന്നും ഇല്ലായിരുന്നു, ഇന്നലെ ഇടയത്താഴത്തിന് റേഷൻ അരി കഞ്ഞി ആയിരുന്നു“
“നീ  തിന്ന് കഴിഞ്ഞ് ബാക്കി കൊണ്ട് വന്നാൽ  പോരായിരുന്നോ“ എന്റെ സ്വരത്തിൽ പരിഭവവും  കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു
‘അതെങ്ങിനാ, ഇവിടെ ഒരാൾ ഒന്നും കഴിക്കാതിരിക്കുമ്പോൾ എനിക്കെങ്ങിനെ  തിന്നാൻ ഒക്കും“ ആ സ്വരത്തിൽ വിങ്ങൽ ഉണ്ടായിരുന്നോ
“ഛേ!!!“ എന്റെ ആർത്തിയോട്  സ്വയം എനിക്കുണ്ടായ അവജ്ഞയും പ്രതിഷേധവും  വിഷമവും   എന്നിൽ നിന്നും  ഞാൻ അറിയാതെ  ആ ഒരു വാക്കിലൂടെ പുറത്ത് വന്നു.
“അത് സാരമില്ല, അവിടെ വയറ് നെറഞ്ഞപ്പം  എന്റേം വയറ്  നെറഞ്ഞ്“ അവൾ പറഞ്ഞു
 കുഞ്ഞും നാൾ മുതൽ അവൾ അങ്ങിനെ ആയിരുന്നല്ലോ,അവൾക്ക് എന്ത് കിട്ടിയാലും  അത് എനിക്ക് കൊണ്ട് തരുമായിരുന്നു.
“ എന്നാലും വിശന്നിരുന്ന നിനക്ക് ഇത്തിരി പോലും തരാതെ  നിന്റെ ചോറ് ഞാൻ....ഛേ!!! ഞാൻ പിന്നെയും പറഞ്ഞു.  കഴിച്ചതെല്ലാം  അപ്പോൾ തന്നെ ദഹിച്ചത് പോലെ എനിക്ക് തോന്നി.
പിന്നെത്രയോ നോമ്പ് കാലം വന്ന് പോയി.
ഇന്ന് എന്റെ ആ വീടില്ല,അവളുടെ വീടുമില്ല,
കാലമെന്ന ചൂണ്ടലിൽ കൊരുത്ത്  ഞങ്ങൾ  ഇരുവരും പല തീരങ്ങളിലേക്ക് വലിച്ച് കയറ്റപ്പെട്ട്  പരസ്പരം പിരിഞ്ഞ് ജീവിക്കാനായിരുന്നു വിധിയെങ്കിലും  നോമ്പ് കാലമാകുമ്പോൾ  അന്നത്തെ ഓർമ്മ  ഉള്ളിലേക്ക് കടന്ന് വരും. ലോകത്തിന്റെ ഏതോ കോണിൽ എന്നെ പറ്റി  ഓർമ്മിച്ചോ ഓർമ്മിക്കാതെയോ കഴിയുന്ന അവളുടെ മനസ്സിൽ അന്നത്തെ പൂ നിലാവും ആ ബിരിയാണി പൊതിയും ഇപ്പോഴും ഉണ്ടാകുമോ എന്തോ? എന്നാലും  ഓരോ നോമ്പ് കാലം കടന്ന് വരുമ്പോഴും  എന്റെ  ഉള്ളിൽ ഇരുന്ന് ആരോ ഛേ! എന്ന് പറഞ്ഞ് പോകുന്നു.

Monday, February 24, 2025

വിവാഹാലോചന.....

 അങ്ങിനെ എന്റെ ഈ പ്രിയപ്പെട്ട ഭൂമി സാധാരണ പോലെ കറങ്ങി കൊണ്ടിരുന്ന കഴിഞ്ഞ ദിവസത്തെ പകൽ ദിവ്സത്തിൽ എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. നമ്പർ നോക്കിയതിൽ അപരിചിത നമ്പർ കണ്ടതിനാൽ ഈയുള്ളവൻ ചോദിച്ചു:

“ആരാണ്“

“ ഷരീഫ്   സർ  അല്ലേ ,ഞാൻ  കൊല്ലത്ത്   ............. മാട്രിമോണിയൽ  ആഫീസിൽ നിന്നാണ് വിളിക്കുന്നത്.

മധുര മനോഹരമായ ഒരു പെൺ സ്വരം മറുപടി പറഞ്ഞപ്പോൾ ഞാൻ തിരക്കി:-

“എന്താണാവോ കാര്യം...?

“ സർ, താങ്കളുടെ വീട്ടിൽ  ആർക്കെങ്കിലും വിവാഹാലോചന  നടത്തണമെങ്കിൽ ഞങ്ങൾ നടത്തി തരാം. ഞങ്ങളുടെ ആഫീസിൽ രജിസ്റ്റർ ചെയ്താൽ മതി. എല്ലാ തരത്തിലുള്ള യോജിക്കുന്ന ആലോചനകളുടെ വിവരങ്ങൾ ഞങ്ങളുടെ ആഫീസിൽ റെഡിയാണ് സർ.....“

വാതിൽ പടിയിൽ ചാരി എന്നെ നിരീക്ഷിച്ചും അല്ലാതെയും നിന്നിരുന്ന എന്റെ ഇണയെ ഇടം കണ്ണിട്ട് നോക്കി ഞാൻ പറഞ്ഞു:-

“എനിക്കൊരെണ്ണം  വേണം...കുംഭ മാസം ആണ് ഈ വേനൽ ചൂടിൽ  മുതുകിൽ പൊങ്ങുന്ന  കുഞ്ഞ് കുരുക്കൾ  ചൊറിയാൻ  ഒരാളെ വേണം. വിവാഹ ബന്ധത്തിലൂടെ കിട്ടിയാൽ  ശമ്പളം കൊടുക്കേണ്ടല്ലോ..ആഹാരം കൊടുത്താൽ മതിയല്ലോ..അതിവിടെ ഒരാൾക്ക്കൂടി കൊടുക്കാൻ എപ്പോഴും കാണും. .. പിന്നെ ഉള്ള കാര്യം തുറന്ന് പറയാം ഇപ്പോൾ നിലവിലുള്ളവരോട് മുതുക് ചൊറിയാൻ പറയുമ്പോൾ നമ്മുടെ നേരെ ഇതെന്തൊരു ശല്യം എന്ന മട്ടിലൊരു  നോട്ടമാണ്. അതിനാൽ വരുന്നവരോട് കാര്യം പറഞ്ഞ് നിയമിക്കുമ്പോൾ പിന്നെ കുഴപ്പമില്ലല്ലോ......“

അപ്പുറത്ത് അനക്കമില്ല. ഫോൺ കട്ട് ചെയ്ത് പോയോ..ഞാൻ നോക്കി ഇല്ല സജീവമായി ലൈനിൽ ഉണ്ട്. ഞാൻ മുരടനക്കി..“ഹലോ , നിങ്ങൾക്ക് എന്റെ നമ്പർ എങ്ങിനെ കിട്ടി.....?

“അത്...അത്... ഞങ്ങളുടെ ഹെഡ് ഓഫീസിൽ  നിന്നും അയച്ച് തന്നതാ...സാറേ.... സാറിനെ പിന്നെ വിളിക്കാം...ഫോൺ കട്ടായി. ഞാൻ കതകും ചാരി നിന്നവളെ  ഗർവോടെ നോക്കി.  അവൾ പുസ്കെന്ന മട്ടിൽ  എന്നെ വീക്ഷിച്ചു എന്നിട്ട് വിനയത്തോടെ ചോദിച്ചു “ സാറിന്  ഇപ്പോൾ തന്നെ മുതുക് ചൊറിയണോ......?“

പഴയ ഏതോ ഒരു മലയാള സിനിമയിൽ നടൻ  ഇൻസെന്റിന്റെ വക ഒരു ഡയലോഗ് ഉണ്ട്:

“സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം അത്യാവശ്യമായി ഒരു ഭർത്താവിനുണ്ടാകേണ്ടതാണ്.....“

അത് കൊണ്ട് ഞാൻ ഉടനെ മറുപടി പറഞ്ഞു “അയ്യോ വേണ്ടായേ..മുതുക് ചൊറിയണ്ടായേ...“

മുകളിൽ പറഞ്ഞ  ഫോൺ വിളിയും മറുപടിയും സത്യസന്ധമായ വസ്തുതയാണ്. ഇത് പോലെ മുമ്പും കേരളത്തിലെ ഒരു പ്രധാന പലിശ  അറുപ്പ് കമ്പനിയിൽ നിന്നും അവരുമായി പണമിടപാട് നടത്താനും  പ്രധാനപ്പെട്ട പ്രസിദ്ധീകരണ ശാലയിൽ നിന്നും പുസ്തക വാങ്ങാനായും എനിക്ക് ഫോൺ വിളികളും മെസ്സേജും  വന്നിട്ടുണ്ട്.ഇപ്പോൾ വിവാഹ നടത്തിപ്പ് കമ്പനിയിൽ നിന്നുമാണ് എന്റെ നമ്പരിലേക്ക് ഫോൺ വന്നത്.

 ഇനി എന്റെ ചോദ്യം നിങ്ങളോടാണ് ഞാനും.. നിങ്ങളും ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ ഫോൺ നമ്പറുകളും മറ്റും(ഡേറ്റാ കളക്ഷൻ) ആരാണ് ഈ വക കമ്പനികൾക്ക് നൽകുന്നത്..അല്ലെങ്കിൽ വിൽക്കുന്നത്

നമ്മൾ വിശ്വസിച്ച് സർക്കാർ ഉൾപ്പടെയുള്ള  വേദികളിൽ നൽകുന്ന ഈ ഡേറ്റാകൾ വിപണനം ചെയ്യപ്പെടുന്നു എന്നത് സത്യമാണോ?

Friday, February 14, 2025

കടന്ന് പോയി ഒരു വർഷം


 ഇന്നേക്ക് ഒരു വർഷം മുമ്പ് അതായത് 2024 ഫെബ്രുവരി പതിനാലാം തീയതി പുലർച്ച ഒന്നരമണിക്ക് ഒരു ഫോൺ കാൾ.

അസമയത്തെ ഫോൺ കാൾ പരിഭ്രാന്തി മനസ്സിൽ പടർത്തും. മകൻ ഷിബു ആശുപത്രിയിൽ ആയിരുന്നല്ലോ. അതിനാൽ ഭയം കൂടുതലായി. എന്തായാലും മനസ്സിന്  ദാർഡ്യം വരുത്തി ഫോൺ എടുത്തു.

ഷിബു മരിച്ചു. ഫോണിലൂടെ ആ വിവരം കിട്ടി. എന്റെ ജീവിതത്തിൽ എന്നെ ആദ്യം വാപ്പാ എന്ന് വിളിച്ചവൻ. അവൻ പോയിരിക്കുന്നു. വേദനകളുടെ ലോകത്ത് നിന്നും  എന്നെന്നേക്കുമായി സമാധാനത്തിന്റെ ലോകത്തേക്ക് പോയി.

മനസ്സിൽ തുളുമ്പി നിന്നിരുന്ന അത്യധികമായ ദു:ഖത്തെ  അമർത്തി ശബ്ദത്തിൽ കർശനതയും ദേഷ്യവും വരുത്തി  (എന്റെ സങ്കടത്തെ മറച്ച് വെക്കാനുള്ള ശ്രമമായിരുന്നത്) ഫോൺ വിളിച്ചയാളോട് അവ്ന്റെ  മയ്യത്ത് അടക്കുന്നതിനെ സംബന്ധിച്ചും മറ്റും സംസാരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അവന്റെ മയ്യത്ത് സംസ്കരണത്തെ പറ്റിയും പിന്നെ ഞാൻ ചെയ്യേണ്ട ചില വിഷയങ്ങളെ പറ്റിയും അവൻ എന്നോട് സംവദിച്ചിരുന്നിരുന്നു. വൃക്ക രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ എത്തിയ അവൻ മരണത്തെ മുമ്പിൽ കണ്ടിരുന്നതിനാൽ സാധാരണ കാര്യം ചർച്ച ചെയ്യുന്നത് പോലെയായിരുന്നത്.  അപ്പോഴും അവൻ പോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ എപ്പോഴും അങ്ങിനെ തന്നെയായിരുന്നു.  ഏത് ഗുരുതര വിഷയവും  തമാശ രൂപേണ അവതരിപ്പിക്കും. ഒരു വിഷയവും അവന് ഗുരുതരമല്ലായിരുന്നു  സ്വന്തം മരണം പോലും. എന്തെല്ലാം അനുഭവങ്ങളിലൂടെ അവൻ കടന്ന് പോയിരിക്കുന്നു.അവനെ എത്രമാത്രം ഞാൻ ശകാരിച്ചിരുന്നു. മറ്റൊരു തരത്തിൽ  എന്നിൽ നിന്നും അവന് കുറ്റപ്പെടുത്തലേ കിട്ടിയിരുന്നുള്ളൂ. അതിനെ പറ്റിയും അവൻ ആരോടോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:-

“വാപ്പായുടെ രണ്ട് വഴക്ക് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ലാ“ 

ഇപ്പോൾ ആരും വഴക്ക് പറയാത്തിടത്തേക്ക് എന്റെ മോൻ പോയിട്ട് ഒരു വർഷമായി. ഞാൻ എത്രമാത്രം  അവനെ സ്നേഹിച്ചിരുന്നെന്ന് എനിക്കല്ലേ അറിയൂ...നിന്റെ ഓർമ്മയിന്മേൽ രണ്ടിറ്റ് കണ്ണീർ.....

Friday, January 24, 2025

ഉമ്മാ ഇന്നും മനസ്സിൽ....

 ചെന്നിണം പടിഞ്ഞാറേ മാനത്ത് പരന്ന് തുടങ്ങിയതേ ഉള്ളൂ.

പക്ഷികൾ ചേക്കേറാൻ ബഹളമുണ്ടാക്കി പറന്ന് കൊണ്ടിരുന്ന  ആ നേരം സന്ധ്യയുടെ  മൗന  രാഗത്തിലൂടെ ഉമ്മായുടെ ശബ്ദം ഒഴുകി വന്ന് കൊണ്ടിരുന്നു.  ഷരീഫേ!.....

ഉമ്മാ വിളിക്കുകയാണ്. കളി നിർത്തി പൂഴി മണ്ണിൽ നിന്നും ഓടിചെന്നപ്പോൾ തൊട്ടടുത്തുള്ള കുളത്തിൽ നിന്നും വെള്ളം കോരി വെച്ച് ഉമ്മാ കാത്ത് നിൽക്കുന്നു  എന്നെ കുളിപ്പിക്കാൻ. ഉടുത്തിരുന്ന നിക്കർ ഊരി കളഞ്ഞ് തുടയിൽ രണ്ട് നുള്ളും തന്ന് ഉമ്മാ ചോദിച്ചു. “എവിടെ ആയിരുന്നെടാ ഇത്രേം നേരം....“

തണുത്ത വെള്ളം ശരീരത്ത് വീണപ്പോളുള്ള സുഖത്താൽ തുള്ളി ചാടിക്കൊണ്ടിരുന്നപ്പോൾ  ഉമ്മാ ചോദിച്ചു.

,“ഇത്രേം വലുതായിട്ടും ഇന്നീം ഞാൻ വേണോ നിന്നെ കുളിപ്പിക്കാൻ“

“ഞാൻ വലുതായാലും  ഉമ്മാ എന്നെ കുളിപ്പച്ചാൽ മതി“ എന്ന എന്റെ മറുപടി കേട്ടപ്പോൾ മുറുക്കി ചുവപ്പിച്ചിരുന്ന ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതു ഇന്നും എന്റെ ഓർമ്മയിലുണ്ട്.

എത്രയോ വർഷങ്ങൾക്ക് സേഷം ആ പുഞ്ചിരി ഒരിക്കൽ കൂടി ഞാൻ കണ്ടു, ഉമ്മായുടെ അന്ത്യ നിമിഷങ്ങളിൽ.

കോടതി  ആവശ്യങ്ങൾക്കായി കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോയ ഞാൻ അന്ന് കുന്നിക്കോടെത്തിയപ്പോൾ ഉള്ളിൽ പെട്ടൊന്നൊരു വിളി. “ഷരീഫേ!...“

മനസ്സിലെന്തോ ഒരു വിങ്ങൽ. കഴിഞ്ഞ ദിവസം ആലപ്പുഴ ആശുപത്രിയിൽ ആയിരുന്ന ഉമ്മായെ  ഞാൻ പോയി കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട് തിരിച്ച് വന്നതാണല്ലോ. എന്തായാലും ഞാൻ ബസ്സിൽ നിന്നിറങ്ങി ആലപ്പുഴക്ക് തിരിച്ചു. സന്ധ്യ ആയി ആശുപത്രിയിലെത്തിയപ്പോൾ. 

ഉമ്മാ ഊർദ്ധൻ വലിക്കുകയാണ്. പെങ്ങൾ പറഞ്ഞു.“ഉമ്മാ...ദാ...ഷരീഫ് വന്നു...“

ശ്വാസം കിട്ടാൻ പയാസപ്പെടുന്ന ആ നിമിഷത്തിലും ഉമ്മായുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. എന്റെ മുഖത്തേക്ക് കണ്ണുകൾ തിരിഞ്ഞു. അൽപ്പ നേരം കഴിഞ്ഞു  ഉമ്മാ പോയി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം ഇന്നത്തെ ദിവസമായിരുന്നു.

ആലപ്പുഴ  പടിഞ്ഞാറെ ജുമാ മസ്ജിദിലെ  പഞ്ചാര പോലെ വെളുത്ത മണ്ണൂള്ള പള്ളി പറമ്പിൽ  ഉമ്മാ ഉറങ്ങുന്നു.

ഉമ്മാക്ക് സ്വർഗം ലഭിക്കുമാറാകട്ടെ......എല്ലാ ദിവസത്തേയും പോലെ ഇന്നും ഞാൻ പ്രാർഥിക്കുന്നു.ഈ ലോകത്ത് നിന്നും ഉമ്മാ പോയ ദിവസമാണല്ലോ ഇന്ന്...


Thursday, January 16, 2025

പ്രേം നസീർ ഓർമ്മകൾ

 ജനുവരി 16 ആയ ഇന്ന് പ്രേം നസീറിന്റെ ഓർമ്മ ദിനമാണു

. പകരം വെക്കാനാളില്ലാത്ത ഈ അതുല്യ നടന്റെ സിനിമാ റിക്കാര്ഡുകള് ഇനിയും തിരുത്തപ്പെട്ടിട്ടില്ല . അദ്ദേഹവുമായി ബന്ധപ്പെട്ടു രണ്ടു മറക്കാനാവാത്ത ഓര്മ്മകള് മനസ്സില് നിറഞ്ഞു നില്ക്കുന്നു. ഒന്ന് അദ്ദേഹം കാരണം എന്റെ ബാല്യകാല സുഹൃത്തിനെ ഞാന് മര്ദ്ദിച്ചു . രണ്ടാമത്തേത് എന്റെ ജീവിതം തന്നെ മാറ്റി മറിക്കാനായി ഇരുപത്തി അഞ്ചു രൂപാ അദ്ദേഹം എനിക്ക് തന്നു.

ആദ്യത്തേത് എന്റെ വളരെ കുഞ്ഞു നാളിലെ ഓര്മ്മയാണ്. അന്ന് ഞാന് വിശ്വസിച്ചിരുന്നത്, സിനിമയിലെ രൂപങ്ങള് എല്ലാം ജീവനുള്ളതായിരുന്നു എന്നാണു. . എന്റെ ബാല്യകാല സുഹൃത്ത് തടിയന് ശുക്കൂര് അതിനെ ഖണ്ഡിച്ചു പറഞ്ഞു അതെല്ലാം വെറും ഫോട്ടോകള് ആണെന്ന്.നസീര് എന്റെ ഇഷ്ട്ട താരമായിരുന്നു ആ നസീര് വെറും ഫോട്ടോ ആണെന്ന് പറഞ്ഞാല് ഞാനെങ്ങിനെ സഹിക്കും. പക്ഷെ അവനോടു അതിനെ പറ്റി അടികൂടാന് പോയാല് തടിയന് എന്നെ ഒരു പരുവമാക്കും. അങ്ങിനെയിരിക്കെ അവന്റെ വാദം ശരിയാണെന്ന് തെളിയിക്കാന് ഒരു സംഭവം ഉണ്ടായി. ആലപ്പുഴ ശീമാട്ടിയിലും ശ്രീ കൃഷ്ണായിലും രണ്ടു നസീര് പടം ഒരുമിച്ചു വന്നു. ജീവനോടെയാണ് സ്ക്രീനില് വരുന്നതെങ്കില് ഒരേ സമയം രണ്ടിടത്തും വരാന് പറ്റില്ലല്ലോ. വാദം ജയിച്ച ശുക്കൂര് എന്നെ കളിയാക്കി ആര്ത്തു ചിരിച്ചു. എന്റെ ഉള്ളു ചുട്ടു നീറി. അവസരം വരാന് ഞാന് നോക്കി ഇരുന്നപ്പോള് ദാ...ശുക്കൂര് പള്ളിയില് നമസ്കരിക്കുന്നു. നമസ്കാരത്തില് ആര് എന്ത് ചെയ്താലും പ്രതികരിക്കരുതെന്നാണ് നിയമം. അവന് സുജൂദ് (സാഷ്ട്ടാംഗ നമസ്കാരം) പോയ നേരം ഞാന് അവന്റെ മുതുകില് ഒരിടി കൊടുത്തു.
കാലങ്ങള് എത്രയോ കഴിഞ്ഞിട്ടും ഈ കഥ പറഞ്ഞു ഞാനും അവനും ചിരിക്കുമായിരുന്നു. ഞാന് കൊട്ടാരക്കരയിലായപ്പോള് അവന് കൊച്ചി പള്ളുരുത്തിയില് എക്സയ്സ് വകുപ്പില് ജോലിയിലായി. ഒരു ദിവസം റോഡില് കുഴഞ്ഞു വീണു ആ കൂട്ടുകാരന് മരിച്ചു എന്ന് അറിയാന് കഴിഞ്ഞു.
രണ്ടാമത്തെ സംഭവം എന്റെ സിനിമാ അഭിനയവുമായി ബന്ധപ്പെട്ടതാണ്. സിനിമാ തലയ്ക്കു കയറി അഭിനയിക്കാന് മദ്രാസിലേക്ക് ഒളിച്ചു പോയ ഞാന് നസീറുമായി കണ്ടു മുട്ടി. ആ കൂടി കാഴ്ച "ശ്മശാനത്തിലെ രാത്രി " എന്ന എന്റെ അനുഭവ കുറി പ്പിലുണ്ട്. അതില് ഞാന് ഇങ്ങിനെ എഴുതി
""പലതും ഈ സിനിമാ ഫീല്ഡില് ഞാൻ കണ്ടു.പലതും അനുഭവിച്ചു. ഏറെവിവരിക്കാനുള്ള അനുഭവങ്ങൾ.
ഷൂട്ടിംഗ്‌ ഏരിയായിലെ ജോലിക്കാരോട്‌ കെ.പി.ഉമ്മറിന്റെതലക്കനവും പുശ്ചത്തോടുമുള്ള പെരുമാറ്റവും അതുല്യ നടൻപി.ജെ. ആന്റണിയുടെ "മോനേ" എന്ന സ്നേഹവും വിനയവുംനിറഞ്ഞ വിളിയും അവരെപറ്റി പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന്‌ എനിക്ക്‌ബോദ്ധ്യപ്പെട്ടു.ഷീലാമ്മയുടെ അഭിനയ പാടവം നേരിൽ ഞാൻകണ്ടു.ബഹദൂറിന്റെ നിഷ്കളങ്കമായ ചിരിയും തമാശകളുംഇടപെടലും എനിക്കു അനുഭവിക്കാൻ കഴിഞ്ഞു. മധു സാറിന്റെഅന്തസുറ്റ പെരുമാറ്റവും നസീർ സാറിന്റെ മാന്യമായസമീപനവും ഒരിക്കലും ഞാൻ മറക്കില്ല.ഷൂട്ടിംഗ്‌ കഴിഞ്ഞ ഒരുസാ യാഹ്നത്തിൽ കാറിൽ കയറുന്നതിനു മുമ്പു ഡ്രൈവർ വരാൻകാത്തിരുന്ന ചില നിമിഷങ്ങളിൽ ഞാൻ എന്റെ മദിരാശിവരവിന്റെ ഉദ്ദേശം അദ്ദേഹത്തോടു പറയാൻ ധൈര്യം കാട്ടി.നസീര്സാര് 5 രൂപയുടെ അഞ്ച്‌ നോട്ടുകൾ എന്റെ കയ്യിൽതന്നിട്ടുപറഞ്ഞു:-
"നാട്ടിൽ പോയി പഠനം തുടരുക..." ആ അഞ്ച്‌ നോട്ടുകളിൽ നാലുഎണ്ണം ഞാൻ ചിലവഴിച്ചു. അഞ്ചാമത്തേത്‌ ആ വർഷത്തെഡയറിയിൽ എന്റെ സിനിമാ ഭ്രാന്തിന്റെ ഓർമ്മക്കായി സൂക്ഷിച്ചുഎങ്കിലും കാലങ്ങൾ വരുത്തി വെച്ച പഴക്കവും പ്രാണികളുടെആക്രമണവും എന്റെ പഴയ ഡയറികളിൽ ചിലതുനശിപ്പിച്ചപ്പോൾ ആ അഞ്ചു രൂപാ നോട്ടും ജീർണ്ണിച്ചു പോയി......"
ഇന്ന് ഈ പതിനാറാം തീയതി ആ വലിയ മനുഷ്യന് അന്തരിച്ച ദിവസമാണ്. അന്ന് അദ്ദേഹം എന്നെ നാട്ടിലെക്കു പറ ഞ്ഞയചില്ലായിരുന്നു എങ്കില് തമിഴ് നാട്ടിലെ ഏതെങ്കിലും മൂലയില് ഞാനിന്നും കഴിഞ്ഞേനെ. ആ ഓര്മ്മ എന്നുമെന്റെ മനസ്സില് നില നില്ക്കും.

Friday, January 10, 2025

ഷേവിംഗ് സോപ്പും കുറേ ചിന്തകളും

 രണ്ട് ദിവസം കൂടുമ്പോൾ ഷേവ് ചെയ്യുക എന്റെ ശീലമാണ്.അത് സ്വയം ചെയ്താലേ ഒരു സുഖം ലഭിക്കൂ. അതിനാൽ തന്നെ അതിനു വേണ്ടിയുള്ള സാധന സാമഗ്രികകൾ  എപ്പോഴും കരുതുകയും ചെയ്യും.

അങ്ങിനെയിരിക്കവേ ഷേവിന് പ്രാരംഭമായി മുഖത്ത് പുരട്ടുന്ന  സോപ്പ് തീർന്നതിനാൽ സോപ്പ്  വാങ്ങാനായി പതിവ് കടയിൽ അന്വേഷിച്ചപ്പോൾ സാധനം ഇല്ല. പല കടകളിലും തുടർന്ന് കയറി ഇറങ്ങി. എല്ലായിടത്തും ഒരേ പല്ലവി. സോപ്പില്ല, ക്രീം തരാം സർ... ക്രീം എനിക്ക് ഇഷ്ടമല്ല. 

ഒരു കടയിലെ പരിചയക്കാരൻ പറഞ്ഞു. സോപ്പ് കമ്പനികൾ പൂട്ടി സർ. ഇനി ക്രീം കമ്പനികളും പൂട്ടും, അതിനും ആവശ്യക്കാർ കുറവാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും കച്ചവടം നടക്കുന്നില്ല എങ്കിൽ  പിന്നെന്തിനു കമ്പനികൾ പ്രവർത്തിപ്പിക്കണം. അത് പൂട്ടി മറ്റ് പണികൾ നോക്കും. ഇപ്പോൾ ആൾക്കാർ താടി പ്രിയരാണ്. ഷേവ് ചെയ്യാതെ താടി വളർത്തി നടക്കുന്നു പുതു തലമുറ.

ഞാൻ റോഡിലേക്ക് നോക്കി. ശരിയാണ് ഭൂരിഭാഗം യുവാക്കളും താടി ഫിറ്റ് ചെയ്തിരിക്കുന്നു.. ചേനക്ക് വേര് ഇറങ്ങിയത് പോലെ മൂന്ന് നാല് രോമം മുഖത്ത് വന്നിട്ടുള്ള പയ്യൻസും ഷേവ് ചെയ്യതെ  ബുദ്ധി ജീവികളായി നടക്കുന്നു.

ആവശ്യക്കാരാണല്ലോ കമ്പോളം ചലിപ്പിക്കുന്നത്. ആവശ്യക്കാരില്ലെങ്കിൽ കമ്പോളം പൂട്ടും.

വർക്ക്ഷോപ്പുകൾ വന്നപ്പോൾ കൊല്ലന്റെ (കരുവാൻ) ആലകൾ പൂട്ടി. തൂമ്പാ (മൺ വെട്ടി) കയ്യുകൾ നിർമ്മിച്ചിരുന്ന ആശാരിമാർ ഇപ്പോൾ ഇല്ല.കസേര, കട്ടിൽ ചൂരൽ വരിഞ്ഞിരുന്ന  ജോലിക്കാരെ കണി കാണാൻ പോലും കിട്ടുന്നില്ല. അമ്മിക്കല്ലും കുഴവിയും കൊത്താൻ നടന്നിരുന്ന “കല്ല് കൊത്താനുണ്ടോ“  വിളികൾ ഇപ്പോൾ ഇടവഴികളിൽ  കേൾക്കാത്തത് അവരൊന്നും ചത്ത് പോയതിനാലല്ല, മിക്സിയും ഗ്രൈന്ററും വീടുകളിൽ വന്നതിനാലാണ്. നാഴിയും ഇടങ്ങഴിയും കിലോഗ്രാമിനു വഴിമാറി കൊടുത്തു. അങ്ങിനെ ആവശ്യക്കാർ ഇല്ലാത്തതിനാൽ  പലതും പൂട്ടി. ആ കൂട്ടത്തിൽ എന്റെ സോപ്പ് കമ്പനിയും പൂട്ടി.

ഇനി ക്രീം കമ്പനികളും പൂട്ടുന്നതിനു മുമ്പ് രണ്ട് നാലെണ്ണം വാങ്ങി സ്റ്റോക്ക് ചെയ്യാം. അല്ലെങ്കിൽ ഷേവ് ചെയ്യാതെ ബൂജി കളിച്ച് നടക്കേണ്ടി വരും.