Tuesday, October 14, 2025

നിർദ്ധനന് ജീവിക്കേണ്ടേ?

 നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്   മകൻ സൈലുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.  മെഡിക്കൽ കോളേജിലെ  വിദഗ്ദ്ധ ഡോക്ടറെ കാണിച്ചു. വിശദമായ  പരിശോധനക്ക് ശേഷം  മകന് ബ്ളോക്ക് ഉണ്ടെന്നും  ആഞിയോ പ്ളാസ്റ്ററി  നടത്തണമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. ഡോക്ടറെ വർഷങ്ങളായി എനിക്ക് പരിചയമുള്ളതിനാലും  അദ്ദേഹത്തിന്റെ ചികിൽസാ  വൈദഗ്ദ്ധ്യത്തിൽ പൂർണ വിശ്വാസം ഉള്ളതിനാലും  ഞങ്ങൾ ആയതിന് സമ്മതിച്ചു. എന്നാൽ അതിന് വേണ്ടി വരുന്ന ചെലവുകളെ പറ്റി  അദ്ദേഹം പറഞ്ഞപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന  സൈലുവിന്  അത്രയും സാമ്പത്തിക ചെലവുകൾ നേരിടാൻ കഴിയുമോ എന്ന ശങ്ക ഞങ്ങൾക്ക് ഉണ്ടായത്. സർക്കാർ ആശുപത്രി  ആണെങ്കിൽ തന്നെയും  ആഞ്ജിയോ പ്ളാസ്റ്ററിയെ തുടർന്ന് നെഞ്ചിൽ സ്ഥാപ്ക്കേണ്ട സ്റ്റൻടിന്റെ വില  രോഗി തന്നെ കണ്ടെത്തണം. അത് വലിയ തുകയുമാണ് സൈലുവിന് ഇൻഷുറൻസ് പരി രക്ഷ ഉണ്ടെങ്കിലും  സർക്കാർ മെഡിക്കൽ കോളേജിൽ കാരുണ്യാ പദ്ധതി ഒഴികെ മറ്റ്  ഇൻഷുറൻസുകൾ സ്വീകാര്യമല്ലാ എന്ന വിവരം ഡോക്ടർ  പറഞ്ഞു.. കാരുണ്യാ പദ്ധതിയുടെ വരുമാന പരിധിക്ക് പുറത്താണ്  സൈലുവിന്റെ റേഷൻ കാർഡിൽ കാണിച്ചിരിക്കുന്ന  വരുമാനം. ഞങ്ങൾ നിരാശരായി..

മഹാകാവി ഇക്ബാലിന്റെ  ഈരടികൽ മനസ്സിലേക്ക് ഓടിയെത്തി. ഒന്നുകിൽ പണക്കാരനാകണം അല്ലെങ്കിൽ പാവപ്പെട്ടവനാകണം. . എന്നാൽ മദ്ധ്യ അവസ്ഥയിൽ ഉള്ളവാനായാൽ അവന്റെ ഗതി അധോഗതിയാണ്. പൈസാ ഉള്ളവന് അവന്റെ പൈസാ ഉപയോഗിക്കാം. പാവപ്പെട്ടവന് സഹായത്തിന് കൈ നീട്ടി കാര്യം തേടാം. മദ്ധ്യ സ്ഥിതി ഉള്ളവന് പണവുമില്ല  അഭിമാനത്താൽ തെണ്ടാനും പറ്റില്ല..

എന്തായാലും മകന്റെ ചികിൽസ ഉടനെ നടന്നേ മതിയാകൂ. അങ്ങിനെ സൈലുവിന്റെ ഇൻഷുറൻസ് കമ്പനിയായ മണിപ്പാൽ സിഗ്മാ { പേര് കൃത്യമായി ഓർമ്മ വരുന്നില്ല) ഇൻഷുറൻസ് പരിരക്ഷ പദ്ധതി സ്വീകരിക്കുന്നതും ഹൃദയ രോഗ ചികിൽസയിൽ വൈദഗ്ദ്ധ്യം ഉള്ളതും അത് ഉടനെ നടപ്പിൽ വരുത്തുന്നതുമായ  ആശുപത്രികളെ പറ്റിയുള്ള അന്വേഷണം ചെങ്ങന്നൂർ കെ.എം.സി. ആശുപത്രിയിൽ  ഞങ്ങളെ എത്തിച്ചു. കൊട്ടാരക്കരയിൽ നിന്നും 50 കിലോ മീറ്റർ ദൂരത്തിലുള്ള ആ ആശുപത്രിയിൽ  സൈലുവുമായി ഞങ്ങൾ എത്തി വിശദ വിവരങ്ങൾ തിരക്കിയപ്പോൾ തൃപ്തികരമായ  മറുപടി കിട്ടിയതിനാൽ  മകനെ അവിടെ അഡ്മിറ്റ് ചെയ്തു, കഴിഞ്ഞ ദിവസം  ആഞ്ജിയോ ഗ്രാമ് നടത്തിയപ്പോൾ രണ്ട് ബ്ളോക്കുകൾ ഉണ്ടെന്ന നിരീക്ഷണത്താൽ ഉടനെ തന്നെ ആഞ്ജിയോ പ്ളാസ്റ്ററിയും നടത്തി. ഡോക്ടർ മധു പൗലോസിന് നന്ദി. വിദഗ്ദ്ധമായി അദ്ദേഹം ആ കർമ്മം ചെയ്തുവെന്ന്  ഞങ്ങൾക്ക് ബോദ്ധ്യമായി. ബിൽ തുക ഒരു ലക്ഷത്തി എഴുപത്തി നാലായിരം തുക. 

ഇനിയാണ് കാര്യങ്ങളുടെ രസകരമായ പുരോഗമനം സംഭവിക്കുന്നത്. ബന്ധപ്പെട്ട ഇൻഷുറൻസ്കാർക്ക് ഡിസ്ചാർജ് ദിവസം  ആശുപത്രിയിൽ നിന്നും ക്ളൈം  അനുവദിച്ച് കിട്ടാൻ കടലാസ്സുകൾ  അയച്ചു.  ഇൻഷുറൻസ് നിയമ പ്രകാരം ഞങ്ങളുടെ  അപേക്ഷ വഹിക്കത്തക്കതല്ല  എന്നും ആയതിനാൽ അത് നിരസിക്കുന്നു എന്നുമായിരുന്നു ഇൻഷുറൻസ്കാരുടെ മറുപടി. കാരണം അന്വേഷിക്കാനും പിന്നെയും മറുപടി അയക്കാനുമുള്ള മാനസിക നിലയിലല്ലായിരുന്നു ഞങ്ങൾ.  മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വരണം. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.  അതിന് വേണ്ടി നെട്ടോട്ടം ഓടി അവസാനം തുക  എങ്ങിനെയെല്ലാമോ മറിച്ചു ആശുപത്രിയിലടച്ചു പിറ്റേ ദിവസം സൈലുവിനെ. ഡിസ്ചാർജ് ചെയ്തു  വീട്ടിലെത്തിച്ചു.ഇൻഷുറൻസ്കാരുടെ പുറകേ പോകാൻ മകൻ വക്കീലിനെ ചുമതലപ്പെടുത്തി.

ഈ കുറിപ്പുകളിലൂടെ എന്റെ ചോദ്യം   പൈസാ രൊക്കം കയ്യിലില്ലാത്ത ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ എന്ത് ചെയ്യും എന്നാണ്. പൈസാ കയ്യിൽ ഇല്ലാത്തവനും ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവനുമായ ഒരു നിർദ്ധനന് ഒരു പരിഹാരവും കണ്ടെത്താനാകാതെ കഷ്ടപ്പാടിനെ നേരിടാനേ കഴിയൂ. 

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ  സ്ഥിതി ചെയ്യുന്ന ആശുപത്രികളിലെങ്കിലും  ഇപ്രകാരമുള്ള  അവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിൽസാ സൗകര്യം  ഏർപ്പെടുത്താൻ അധികാരികൾക്ക് കഴിയില്ലേ? സാധാരണ വരുന്ന പനിക്ക് പാരസെറ്റാമോൽ ഗുളിക നൽകാനും വീണ് പരിക്ക് പറ്റുന്നവന് ഒന്ന് രണ്ട് തയ്യൽ ഇടാനും മാത്രമാണോ താലൂക്ക് ആശുപത്രികൾ.  കോടികൾ മുടക്കി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പകരം  ഇപ്രകാരം ഗുരുതര രോഗങ്ങൾക്ക് ചികിൽസാ സൗകര്യങ്ങൾ ഒരുക്കുകയല്ലേ വേണ്ടത്.  ജീവിത ശൈലീ മൂലം ഉണ്ടാകുന്ന ഗുരുതര രോഗങ്ങൾ ഇപ്പോൾ  പനി വരുന്നത് പോലെയാണെന്ന്  തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിൽസാ സൗകര്യങ്ങൾ  താലൂക്ക് ആശുപത്രികളിലെങ്കിലും  ഏർപ്പെടുത്തുകയല്ലേ വേണ്ടത്. അതിന് വൈദഗ്ദ്ധ്യം നേടിയ ഡോക്ടറന്മാരെ മെഡിക്കൽ കോളേജിൽ നിന്നും താലൂക്കിലേക്ക് മാറ്റി നിയമിക്കുന്നത് കാരണത്താൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും താലൂക്ക് ലവലിൽ ചികിൽസ ലഭ്യമാക്കാനും കഴിയില്ലേ? അതോ മെഡിക്കൽ കോളെജിലെ എം.ബി.ബിഎസ്സും  താലൂക്ക് ആഷുപത്രിയിലെ എം.ബി.ബി.എസ്സും രണ്ടും രണ്ടാണോ? അവസരം കൊടുത്ത് കൈ തഴക്കം വരുത്തിയാലല്ലേ വിദഗ്ദ്ധനാകൂ താലൂക്ക് ആശുപത്രികളിലെ ഡോക്ടരന്മാരെ വെറും പാരസെറ്റാ മോൾ ഡൊക്ടറന്മാരാക്കി മടി പിടിപ്പിക്കാതിരിക്കുന്നത് നാട്ടുകാർക്കും സർക്കാരിനും നല്ലത്.

No comments:

Post a Comment