സമൂഹത്തിൽ അങ്ങോളമിങ്ങോളം ഉപയോഗിക്കപ്പെടുന്ന ഒരു വാഹനമാണ് ആട്ടോ റിക്ഷാ. ആട്ടോ ഇല്ലാത്ത ഒരു സ്ഥലത്തെ പറ്റി ചിന്തിക്കാനേ വയ്യ.
പണ്ട് വളരെ പണ്ട് ആട്ടോയുടെ സ്ഥാനത്ത് മനുഷ്യൻ വലിക്കുന്ന റിക്ഷാ ആയിരുന്നു. “അതിൽ കയറി ഇരിക്കുന്ന “അഞ്ചര ടൺ തൂക്കമുള്ള സേട്ട്, സേട്ടിന്റെ ഒന്നര ടൺ തൂക്കമുള്ള പെട്ടി“ എന്ന് വിവരിക്കുന്ന മലയാള സിനിമാ ഗാനം ഓർമ്മയുള്ളവർക്ക് അന്നത്തെ റിക്ഷാക്കാരന്റെ അവസ്ഥ കൃത്യമായി അറിയാൻ കഴിയും. കുരച്ചും കിതച്ചും റിക്ഷാ വലിച്ചോടുന്ന ആ പാവം മനുഷ്യർക്ക് അൽപ്പം ആശ്വാസം കൈ വന്നു, വലിച്ചും കൊണ്ടോടുന്ന റിക്ഷാക്ക് പകരം ചവിട്ടിക്കൊണ്ടോടുന്ന സൈക്കിൾ റിക്ഷാ വന്നപ്പോൾ.
പിന്നീടെപ്പോഴോ ആട്ടോ റിക്ഷാ വന്നു. റിക്ഷായും സൈക്കിൾ റിക്ഷായും പഴംകഥയായി. നല്ല ചുള്ളൻ ചെറുപ്പക്കാർ സീറ്റിന് താഴെയുള്ള വടി പോലുള്ള ഒരു ഇരുമ്പ് കമ്പ് ആഞ്ഞ് പിടിച്ചൊന്ന് ട്റ്ർ..എന്ന് വലിച്ച് വിടുമ്പോൾ വട്ടത്തിൽ കറങ്ങുന്ന ചക്രം നീളത്തിൽ ഓടാൻ തുടങ്ങി. കൂട്ടത്തിൽ വാഹനത്തിലിരിക്കുന്ന യാത്രക്കാർക്ക് സുഖ യാത്രയും. സംഗതി കുശാലായി. ഇന്ത്യയിലെവിടെയും ആട്ടോ റിക്ഷാ പടർന്ന് പിടിച്ചു.
സമൂഹത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ ആട്ടോ റിക്ഷാ കൊണ്ട് മാറി കിട്ടിയപ്പോൾ ചെറുപ്പക്കാർ കൂട്ടത്തോടെ ഈ രംഗത്ത് വന്നു. ഗൾഫ് റിട്ടേൺ ആയി വരുന്ന പലരും ആട്ടോ ഓടാൻ തുടങ്ങി. കവലകളും ബസ് സ്റ്റാന്റും റെയിൽ വേ സ്റ്റേഷനുകളും നാട്ടുമ്പുറത്തെ ചന്തകളും ആട്ടോ റിക്ഷാകളെ ഒഴിവാക്കാൻ പറ്റാതായി. പല സ്ഥലങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ കൂപ്പൺ നൽകി യാത്ര റിസർവ് ചെയ്യുന്നിടം വരെ എത്തി ആട്ടോ ചരിത്രം.
ബഹുഭൂരിപക്ഷം ആട്ടോക്കാരും സ്വന്തമായി ആട്ടോ ഇല്ലാതെ കടമെടുത്ത് ആട്ടോ വാങ്ങിയും കയ്യിൽ മുതലുള്ളവൻ വാങ്ങി ഇട്ടിരിക്കുന്ന ആട്ടോ വാടക ഉടമ്പടിയിൽ ഓടിയും അന്നത്തെ അന്നം കണ്ടെത്തി. കുട്ടികളുടെ പള്ളിക്കൂടം ചെലവും കുടുംബാംഗങ്ങളുടെ ആശുപത്രി ചെലവും വിവാഹത്തിന് ക്ഷണിക്കപ്പെട്ടാൽ അവിടെ കൊടുക്കേണ്ട സംഭാവന ചെലവും ആട്ടോ ഓടുന്ന വരുമാനം കൊണ്ട് ഒപ്പിക്കാനുള്ള തീവൃ ശ്രമത്തിലായി ആട്ടോക്കാരൻ. അത് കൊണ്ട് തന്നെ ഒരു ദിവസം ആട്ടോ ഓടാതിരുന്നാൽ ആട്ടോക്കാരന്റെ വയറിൽ തീയാണ്. ഹർത്താലോ സമരമോ വന്നാൽ അവരും അതിലെല്ലാം പങ്കാളികളാകുമെങ്കിലും ഉള്ളിൽ വെപ്രാളമാകും. വൈകുന്നേരം കൈ നീട്ടുന്ന ബ്ളേയ്ഡ്കാരൻ വീട്ടിൽ വാങ്ങിക്കൊണ്ട് പോകേണ്ട സാധനങ്ങൾക്കായുള്ള വീട്ടുകാരിയുടെ പരിദേവനങ്ങൾ മകന്റെ അല്ലെങ്കിൽ മകളുടെ ഈ മാസത്തെ ട്യൂഷൻ ഫീസ് ഇതെല്ലാം മുമ്പിൽ നിരന്ന് വന്ന് ഭയപ്പെടുത്തുമെങ്കിലും ജാഥയുടെ മുമ്പിൽ ഞെളിഞ്ഞ് നിന്ന് “തൊഴിലാളി ഐക്യം സിന്ദാബാദ് ആട്ടോക്കാരെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച് കൂവുവാനും അവന് മടിയില്ല.
അപ്രകാരം ജീവിതം ഏങ്ങിയും വലിച്ചും മുമ്പോട്ട് പോകുമ്പോഴാണ് കോവിഡ് മഹാ മാരി നാട്ടിലെത്തിയത്. ജനത്തിനെ ആ വ്യാധി ബാധിച്ചതിനൊപ്പം പാവപ്പെട്ട ആട്ടോക്കാരുടെ ജീവിതത്തെയും അത് കുടഞ്ഞ് ഒരു പരുവത്തിലാക്കി. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന നിലയിലായി അവരുടെ കാര്യങ്ങൾ. പലരും വണ്ടി വീട്ടിൽ കയറ്റി ഇട്ടു. പോലീസിന്റെ കണ്ണും വെട്ടിച്ച് പുറത്തിറങ്ങിയവർക്ക് വണ്ടിയിൽ തളിക്കാനുള്ള സാനിറ്ററൈസർ വാങ്ങാൻ പോലും പൈസാ കിട്ടാതായി. പോലീസ്കാർക്ക് ആട്ടോക്കാരെ പുശ്ചമാണ്. രണ്ട് വീലുള്ളവനെയും നാല് വീലുള്ളവനെയും സർ എന്ന് അഭിസംബോധന ചെയ്യാനുള്ള മാന്യത പോലീസ് കാണിക്കുമെങ്കിലും മൂന്ന് വീലുകാരനെ ഏടാ എന്നേ വിളിക്കുകയുള്ളൂ. ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിട്ടും നിവർത്തികേട് കൊണ്ട് ഓട്ടോ ഓടുന്നവരെയും പോലീസ് കാണുന്നത് ആട്ടോക്കാരൻ എന്ന തോതിലാണല്ലോ. ആ കാഴ്ചപ്പാടുള്ള പോലീസ് പിടിച്ചാലോ രണ്ടായിരത്തിൽ പിഴ കുറഞ്ഞ് കച്ചവടമില്ല. സത്യവാങ്മൂലം എന്ന കടലാസ് കഷണം കയ്യിൽ കരുതിയാലും യാത്രക്കാരനെ കൊണ്ട് വിട്ട് തിരികെ വരുമ്പോൾ പിടി കൂടിയാൽ സത്യവാങ്ങ്മൂലം ശൂ എന്നും പറഞ്ഞ് പ്രസക്തി ഇല്ലാതാകും. ചുരുക്കത്തിൽ ഒരു തരത്തിലും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാവാത്ത അവസ്ഥയാണ് ആട്ടോക്കാരന്.
പാവങ്ങൾക്ക് സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് ഈ പാവങ്ങളും അടുപ്പിൽ തീ കൂട്ടാൻ ശ്രമിക്കുമെങ്കിലും ബാക്കി കാര്യങ്ങൾക്കെന്താണ് പോം വഴി. വെൽഫെയർ ഫണ്ടും മറ്റും ന്യൂനാൽ ന്യൂനപക്ഷത്തിന് മാത്രമേ പ്രയോജനമുള്ളൂ. ബഹു ഭൂരിപക്ഷത്തിന്റെയും ഗതി അധോഗതി തന്നെയാണല്ലോ.
സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ഈ പാവങ്ങളുടെ ജീവിതാവസ്ഥ ശരിക്കും ഇവിടെ ആരും പഠിച്ചിട്ടുമില്ല, പരിഹാരം കണ്ടെത്തിയിട്ടുമില്ല.
സർക്കാരിന്റെ ശ്രദ്ധ ഈ ഭാഗത്തിന്റെ നേരെ നിർബന്ധമായി തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment