7--6--2021 സിനാന് ഇന്ന് 10 വയസ്സ്.
എല്ലാ വർഷവും ജൂൺ മാസം ഏഴാം തീയതി സിനാനുമായി ഞാൻ ഫെയ്സ് ബുക്കിൽ എത്താറുണ്ട്. അന്ന് അവന്റെ ജന്മ ദിനമാണ്. ദൈവ കാരുണ്യത്താൽ ഓരോ വർഷവും അവന് പുരോഗതി ഉണ്ടെന്ന് തന്നെ പറയാൻ കഴിയുന്നുണ്ട്. പര സഹായമില്ലാതെ നടക്കാനും വർത്തമാനം പറയാനും കഴിയുന്നില്ലാ എന്നതൊഴിച്ചാൽ വർഷങ്ങൾ കടന്ന് പോകുമ്പോൾ അവൻ മെച്ചപ്പെട്ടു വരുന്നു എന്ന് തന്നെ പറയാൻ കഴിയും
എല്ലാവരെയും അവന് ഇപ്പോൾ തിരിച്ചറിയാം കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുന്നുണ്ട്. അവന്റെ സമപ്രായക്കാരുമായി കളിക്കാനും ഇടപഴകാനും താല്പര്യമുണ്ട് അവന്റെ പിതൃ സഹോദര പുത്രി സഫാ ആണ്` അവന്റെ കൂട്ടുകാരി, അവളെ കാണുമ്പോൾ അവന്റെ മുഖത്ത് ഉണ്ടാകുന്ന ചിരി എത്ര മനോഹരമാണെന്നോ! . സ്കൂൾ ഉണ്ടായിരുന്നപ്പോൾ അവിടെ പോകുന്നതിന് മടിയില്ലെന്ന് മാത്രമല്ല, സഹപാഠികളുമായി അവൻ ഇടപഴകുകയും ചെയ്യും.
അവന് ഓട്ടിസമില്ല,സെറിബ്രൽ പൽസിയുമില്ല, പക്ഷേ ജനിച്ച് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ഇങ്ക്വിബേറ്ററിൽ വെച്ചുണ്ടായ ജന്നി അവന്റെ തലയിലെ വെയിന് കേട്പാടുകൾ ഉണ്ടാക്കി. അൽപ്പ ദിവസങ്ങൾ നേരത്തെ ഉണ്ടായ പ്രസവം അവനെ ഇങ്ക്വിബേറ്ററിൽ വെക്കാൻ ഇടയാക്കിയിരുന്നല്ലോ.
എല്ലാ കാര്യങ്ങളിലും അവന് സമയ നിഷ്ഠ ഉണ്ട്. കാര്യങ്ങൾക്ക് സമയം തെറ്റിയാൽ അവൻ പ്രതികരിക്കും ആ പ്രതികരണം ഏ..എ..ങ് എന്നോ മറ്റോ സ്വരങ്ങളിലൂടെ അവൻ പ്രകടിപ്പിക്കും. അവന്റെ മാതാപിതാക്കൾ കോടതിയിൽ പോകുമ്പോൾ നാല് മണിക്ക് വരും എന്ന് പറഞ്ഞ് പോയാൽ കൃത്യം നാല് മണിയാകുമ്പോൾ അവൻ വഴിയിലേക്ക് കണ്ണൂം നട്ടിരിക്കും.സമയം അവൻ എങ്ങിനെ അറിയുന്നോ ആവോ?!
ഇഡ്ഡിലി സാമ്പാർ..നടുമോ, ഹരിമുരളീ രവം തുടങ്ങിയ.ശാസ്ത്രീയ സംഗീതം അല്ലെങ്കിൽ രണ്ട് തലമുറക്കു മുമ്പുള്ള ദുനിയാ കേ രക് വാലേ, ബഹാരോം ഫൂല് ബർസാവോ, തുടങ്ങിയ റാഫീ പാട്ടുകൾ, അലൈ പായുതേ കണ്ണാ..., ഇനി ഉറങ്ങൂ, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ, തുടങ്ങിയ മലയാളം പാട്ടുകൾ തുടങ്ങിയവയാണ് അവന്റെ ഫേവറൈറ്റുകൾ, (ഇതെങ്ങിനെ അവന് ഇഷ്ടമായി എന്നത് ഇന്നും ഞങ്ങൾക്ക് സമസ്യയാണ് ) അവന്റെ ഉമ്മ ഷൈനി, ഈ വക പാട്ടുകൾ മൊബൈലിൽ റിക്കാർഡ് ചെയ്ത് കയ്യിൽ കൊടുത്തിട്ടുള്ളത് ചെവിയിൽ വെച്ച് ആസ്വദിച്ച് അവൻ സമയം കഴിച്ച് കൂട്ടും. എന്ത് പ്രശ്നം ഉണ്ടെങ്കിലും ഈ വക പാട്ട് വെച്ച് കൊടുത്താൽ മതി. അവനെ ശാന്തനാക്കാൻ.
വാഹനത്തിൽ യാത്ര ചെയ്താൽ അത് ബൈക്കോ കാറോ എന്തായാലും മുൻ വശത്ത് ഇരുത്തണമെന്ന് അവന് നിർബന്ധവുമുണ്ട്. പക്ഷേ ചില നിർബന്ധങ്ങൾ നടക്കാതെ വരുമ്പോൾ അവനുണ്ടാകുന്ന വ്യസനം ഞങ്ങളിലും വേദന ഉളവാക്കും.
കഴിഞ്ഞ ദിവസം അവന്റെ പിതാവ് സൈഫുവിന് പനി വന്നു. മാതാ പിതാക്കളുടെ ഏക സന്തതി ആയ സിനാനെ അവന്റെ ഉമ്മ ഷൈനി ഏത് നേരവും പരിചരിക്കുമെങ്കിലും ഉറങ്ങാൻ അവന് ബാപ്പായുടെ സാമീപ്യം നിർബന്ധമാണ്. സൈഫുവിന് ബാധിച്ച പനി സിനാന് ബാധിക്കാതിരിക്കാൻ മുൻ കരുതലെന്ന നിലയിൽ ഷൈനി അവനെ സൈഫുവിൽ നിന്നും മാറ്റി കിടത്തിയത് അവ്നിൽ വല്ലാത്ത ദുഖം ഉണ്ടാക്കി എന്ന് സിനാന്റെ പ്രതികരണങ്ങളിൽ നിന്നുംവ്യക്തമായിക്കൊണ്ടിരുന്നു. രണ്ട് ദിവസങ്ങളിലും സൈഫു അവന്റെ സമീപം കൂടി കടന്ന് പോകുമ്പോൾ ആളെ മനസ്സിലാകാതിരിക്കാൻ തല വഴി ഒരു മുണ്ടിട്ട് കടന്ന് പോകും , പക്ഷേ അവൻ കണ്ട് പിടിച്ചു അത് സൈഫു ആണ് കടന്ന് പോകുന്നതെന്ന്.മൂന്നാം ദിവസം അവൻ പുറകേ മുട്ട്കാലിൽ ഇഴഞ്ഞ് സൈഫു കിടക്കുന്ന മുറിയുടെ മുമ്പിൽ ചെന്നപ്പോൾ സൈഫു കതക് ചാരി. സിനാൻ അടഞ്ഞ് കിടന്ന കതകിന്റെ മുമ്പിൽ പോയിരുന്ന് കതകിലേക്ക് നോക്കി ഇരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അവന് അറിയാം അവന്റെ ബാപ്പാ ആ മുറിയിലുണ്ടെന്ന്, പക്ഷേ അവന് പോകാനോ കാണാനോ പറ്റുന്നില്ല.ബാപ്പായെ കാണണമെന്ന അവന്റെ വേദന വിളിച്ച് പറയാനോ പ്രതികരിച്ച് കാട്ടാനോ അവന് കഴിവുമില്ലല്ലോ. അവൻ അവിടെ തന്നെ ഇരുന്നു, അവസാനം ഷൈനി അവിടെ നിന്നും അവനെ നിർബന്ധിച്ച് മാറ്റി കൊണ്ട് പോയി. രണ്ട് ദിവസം കൂടി കഴിഞ്ഞ് സൈഫുവിന്റെ പനി മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹൃതമായി അവന് സന്തോഷവുമായി.
ഒരു കൊതുക് വന്നിരുന്ന് കടിച്ചാൽ അവൻ ഓടിക്കാറില്ല. കൊതുക് കുത്തുന്ന വേദന സാധാരണ സംഭവമാണെന്നായിരിക്കും അവന്റെ വിചാരം. കഴിഞ്ഞ ദിവസം ഉറുമ്പ് കടിച്ച് ശരീരം തിണിർത്തു, പക്ഷേ അവൻ കരഞ്ഞുമില്ല പ്രതികരിച്ചുമില്ല. ജനിച്ചത് മുതൽ വേദനയാണല്ലോ അവൻ അനുഭവിച്ചത്, അതിനാൽ വേദന ഒരു പതിവ് സംഭവമാണെന്നായിരിക്കും അവൻ കരുതുന്നത്.
പക്ഷേ ഇതെല്ലാമാണെങ്കിലും അവൻ ഞങ്ങളുടെ വീടിന്റെ പ്രകാശമാണ്. അത് കൊണ്ട് തന്നെ അവനെ ഞങ്ങൾക്ക് ജീവനുമാണ്.
ഈ അവസ്ഥയെല്ലാം മാറും, ഇൻഷാ അല്ലാ അവൻ നടക്കും അവൻ വർത്തമാനം പറയും, കാരണം ദൈവ കാരുണ്യത്തിൽ ഞങ്ങൾക്ക് അത്ര വിശ്വാസമാണ്. അത് കൊണ്ട് തന്നെ ഒരു പൊൻ പുലരിയുടെ പ്രതീക്ഷ എന്നും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. കാരുണ്യവാൻ തുണക്കട്ടെ.
അവന്റെ ജന്മദിനത്തിൽ അഗാധമായി പ്രാർത്ഥിക്കുന്നു, അവന് ആരോഗ്യവും ദീർഘായുസ്സിനും സമാധാനത്തിനുമായി. എല്ലാവരുടെയും പ്രാർത്ഥനക്കായി ഈ കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നു.
No comments:
Post a Comment