Monday, June 14, 2021

വീണ്ടും ബ്ളോഗിന്റെ സുവർണ കാലം?

 ബ്ളോഗിന്റെ സുവർണ കാലം!!!


ഉള്ളിൽ തട്ടി എഴുതിയ എതയോ കവിതകളും കഥകളും വായിച്ച് പോലും നോക്കാതെ ചവറ്റ് കുട്ടയിൽ എറിയുന്ന ദുഷ്ടന്മാരായ വാരിക എഡിറ്ററന്മാരായിരുന്നു ഒരുകാലത്ത് മലയാള അച്ചടി ലോകത്തുണ്ടായിരുന്നത്. എത്രയോ ഭാവനാ സമ്പന്നരായ അപ്രശസ്തരുടെ രചനകൾ നിഷ്ക്കരുണം അവർ ഖേദത്തോടെ നിരസിച്ച് തിരിച്ചയച്ച് ആ എഴുത്തുകാരനെ നിരാശനാക്കി.
ആ സ്ഥിതിയിൽ നിന്നും എഴുത്തുകാരെ കര കയറ്റിയത് മലയാള ബ്ളോഗിന്റെ ആവിർഭാവമായിരുന്നു. പല ന്യൂനതകൾ ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നെങ്കിലും ബ്ളോഗ് ഒരു സംഭവം തന്നെയായി മാറി. അപ്രശസ്തരായ പലരുടെയും രചനകൾ വെളിച്ചം കണ്ടു. ആ രചനകൾ നിലവിലുള്ള കൊട്ടാരം വിദ്വാന്മാരുടെ രായസ പ്രമാണങ്ങളേക്കാളും എത്രയോ മനോഹരമായിരുന്നു അപ്രകാരമുള്ള പല രചനകളും പിന്നീട് അച്ചടി മഷി പുരണ്ട് പൊതു മാർക്കറ്റിൽ പ്രചാരത്തിലായി എന്നത് പിൽ കാല ചരിത്രം.

അത് ബ്ളോഗിന്റെ സുവർണകാലം തന്നെയായിരുന്നു. പിന്നീട് എങ്ങിനെയോ അത് കുറഞ്ഞ് കുറഞ്ഞ് വന്നു. മനുഷ്യരുടെ ആസ്വാദന രീതിക്ക് മാറ്റങ്ങൾ സംഭവിച്ചപ്പോഴായിരുന്നതെന്ന് തോന്നുന്നു.

എന്നാൽ അന്നത്തെ പോലെ ഇന്നും ബ്ളോഗ് എഴുത്ത് നില നിർത്തുന്ന പലരുമുണ്ട്. ആ കൂട്ടത്തിൽ ഈയുള്ളവനുമുണ്ട്. കാരണം മലവെള്ള പാച്ചിൽ പോലെ എന്റെ ഉള്ളിൽ നിന്നും പുറപ്പെട്ട് വന്ന പല രചനകളും എന്റെ ബ്ളോഗിൽ കൂടിയായിരുന്നല്ലോ വെളിച്ചം കണ്ടത്, ഇപ്പോഴും കണ്ട്കൊണ്ടിരിക്കുന്നതും.

അതിനോടൊപ്പം സ്വാഭാവികമായി ഉയർന്ന് വന്ന ഒരു സൗഹൃദ കൂട്ടായ്മയും ഉണ്ടായി. ബ്ളോഗ് മീറ്റുകളിലൂടെ ആ സൗഹൃദം പൂത്തുലയുകയും ചെയ്തു. പിന്നീട് അതും ലോപിച്ച് ഇല്ലാതായി.

എന്നാൽ കഴിഞ്ഞ ദിവസം 12--6--2021 ശനിയാഴ്ചയിൽ നടന്ന പുതിയ സംരംഭമായ ക്ളബ് ഹൗസ് കൂട്ടായ്മ വീണ്ടും ബ്ളോഗ് എഴുത്തുകാരുടെ ഒന്നിച്ച് ചേരൽ സാധ്യമാക്കിയത് കണ്ടപ്പോൾ അതിയായ സന്തോഷമായി. ബ്ളോഗിന്റെ സുവർണകാലത്തെ പ്രധാന ആൾക്കാരെല്ലാം ആ കൂട്ടായ്മയിൽ പങ്കെടുത്തപ്പോൾ പ്രതീക്ഷയുടെ പുതിയ നാമ്പ് കിളിർത്തു വരുന്നതായി അനുഭവപ്പെട്ടു. വളരെ സന്തോഷം.

എന്നുമെന്നും ഈ കൂട്ടായ്മ നില നിൽക്കട്ടെ

ഷരീഫ് കൊട്ടാരക്കര.

No comments:

Post a Comment