“ ദയവായി കാത്തിരിക്കൂ...........“
ജീവിതാരംഭം മുതൽ കാത്തിരിപ്പ് തന്നെയാണെടോ....“
എരിയുന്ന തീയിൽ അടുപ്പിൽ ഇരുന്ന് തിളക്കുന്ന കലത്തിലെ വെന്ത് പാകമാകാത്ത ചോറ് രാത്രി ഏറെ ചെന്നിട്ടും കിട്ടാതെ വരുമ്പോൾ ഒന്ന് പെട്ടെന്ന് പാകമായി പാത്രത്തിലേക്ക് പകർന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ച് അടുപ്പിലേക്ക് കണ്ണും നട്ടുള്ള കാത്തിരിപ്പ്,
ഇടവപ്പാതിയിൽ ഇരച്ച് പെയ്യുന്ന മഴ പുരക്കകത്തേക്ക് ചോർന്നൊലിക്കുമ്പോൾ മൂടി പുതച്ച് ഉറങ്ങുന്നതിന് വേണ്ടി മഴ ഒന്ന് അവസാനിച്ച് കിട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പ്,
സ്കൂളിലെ ഉച്ചക്കഞ്ഞി വിളമ്പ്കാരൻ നിരന്നിരിക്കുന്ന വിദ്യാർത്ഥികളുടെ മുമ്പിലെ പാത്രങ്ങളിൽ കഞ്ഞി വിളമ്പി വിളമ്പി എപ്പോഴാണ് അരികിലെത്തുന്നതെന്ന് പരിതാപപ്പെട്ട് അയാളുടെ വേഗതയില്ലായ്മയെ ശപിച്ച് കഴിയുന്ന ഉച്ച നേരത്തെകാത്തിരിപ്പ്.
അയാള് മറന്ന് പോയോ ബെല്ലടിക്കാൻ എന്ന് പിറു പിറുത്ത് അവസാന പീരീഡിലെ ബെല്ലടി കേൾക്കാനായുള്ള കാത്തിരിപ്പ്
കൗമാരത്തിൽ അവൾക്ക് കൊടുത്ത കത്തിന് മറുപടിക്ക് വേണ്ടി വേലിക്കരികിൽ എപ്പോഴാണ് വള കിലുങ്ങുന്നതെന്ന് ചെവി വട്ടം പിടിച്ചുള്ള കാത്തിരിപ്പ്
കഷ്ടപ്പെട്ടെഴുതിയ പരീക്ഷയുടെ ഫലത്തിനായുള്ള കാത്തിരിപ്പ്
പി.എസ്.സിയുടെ റാങ്ക് ലിസ്റ്റിൽ പേര് വരുന്നതിനായുള്ള കാത്തിരിപ്പ്
കല്യാണം, ഭാര്യയുടെ പ്രസവം, പ്രമോഷൻ, തുടങ്ങി എല്ലാറ്റിനും വേണ്ടിയുള്ള കാത്തിരിപ്പ്
അങ്ങിനെ ജീവിതം മുഴുവൻ ഓരോ കാത്തിരിപ്പുകൾ കഴിച്ച് കൂട്ടിയ ഞാൻ അപൂർവ സാധനമായ അര ലിറ്റർ മണ്ണെണ്ണ വാങ്ങാൻ ഇന്നേ ദിവസം റേഷൻ കടയിൽ പോയി അവിടെ മെഷീനിൽ വിരൽ പതിപ്പിക്കണമെന്ന ഭാര്യയുടെ ഉത്തരവിൻ പ്രകാരം മെഷീനിൽ വിരൽ പതിപ്പിച്ചപ്പോൾ മെഷീനും പറയുന്നു, “ ദയവായി അൽപ്പ നേരം കാത്തിരിക്കൂ നിങ്ങളുടെ രേഖകൾ പരിശോധിക്കുകയാണ് “ എന്ന്....
No comments:
Post a Comment