അപ്രധാനമായ ഞങ്ങളുടെ കൊച്ച് നഗരം ജന തിരക്കിനാൽ വീർപ്പ് മുട്ടുന്ന കാഴ്ചയാണ് മെഡിക്കൽ സ്റ്റോറിലേക്ക് പോയ ഞാൻ ഇന്ന് പകൽ കണ്ടത്. ലോക് ഡൗൺ കാരണത്താൽ നിർജീവമായിരുന്ന നിരത്തുകൾ സജീവമാവുകയും കച്ചവടമില്ലാതെ വഴിയിലേക്ക് കണ്ണും നട്ടിരുന്ന വ്യാപാര കടകൾ സാധനങ്ങൾ വാങ്ങാൻ വന്നവരെ ക്യൂവിൽ നിർത്തേണ്ടി വരുകയും ചെയ്തു. കേരളത്തിലെ മറ്റ് നഗരങ്ങളിലും ഇത് തന്നെയാണ് ഇന്നത്തെ അവസ്ഥ എന്നറിയാൻ കഴിഞ്ഞു.
നാളെയും മറ്റന്നാളും ( ശനിയും ഞായറും) അവശ്യ സാധനങ്ങളുടെ വിൽപ്പന ഒഴികെ പരിപൂർണ അടച്ച് പൂട്ടലാണെന്നും അത് നടപ്പിൽ വരുത്താൻ പോലീസിന് കർശന നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നുമുള്ള സർക്കാരിന്റെ അറിയിപ്പാണ് ജനത്തെ തെരുവിലേക്ക് ഓടിച്ച് വിട്ടത്. ലോക് ഡൗൺ കൊണ്ട് എന്തെങ്കിലും പ്രയോജനം കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം നഷ്ടപ്പെടുത്തുന്ന വിധത്തിലായിരുന്നു ജനത്തിന്റെ ഇന്നത്തെ പെരുമാറ്റം. പോലീസ് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു.
ഇത്രയും ജനങ്ങൾ ഉള്ള നാട്ടിൽ അതിൽ ഒരെണ്ണമായ “ഞാൻ“ ഒന്ന് പുറത്തിറങ്ങിയ കാരണത്താൽ കോവിഡ് വ്യാപനം അധികരിക്കില്ല എന്ന് ഈ “ഞാൻ“ കരുതുന്നു. അതേ പോലെ നാട്ടിലെ എല്ലാ “ഞാനും“ കരുതുമ്പോൾ കാര്യങ്ങൾ വഷളാകും. മനുഷ്യൻ സ്വന്തത്തിൽ നിന്ന് മാറി ചിന്തിക്കാത്ത വിധം സ്വർത്ഥതയുടെ പരമോന്നതയിലെത്തിയിരിക്കുകയാണ്. അതാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. സദുദ്ദേശത്തൊടെയാണ് സർക്കാർ നിയമങ്ങൾ കർശനമാക്കുന്നത്. അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെ എന്റെ കാര്യം എങ്ങിനെയെങ്കിലും നടക്കണമെന്ന് ഓരോരുത്തരും ചിന്തിക്കുമ്പോൾ രോഗ വ്യാപനത്തിന് എങ്ങിനെ കുറവ് വരാനാണ്.
സർക്കാർ ഒന്നുകിൽ എല്ലാ ദിവസവും നിയമം കർക്കശതയിൽ തന്നെ നിശ്ചിത അവധി വരെ കൊണ്ട് പോകുക. അല്ലെങ്കിൽ ശനിയും ഞായറും മാത്രമായി അടച്ച് പൂട്ടൽ കർശനമായി ഏർപ്പെടുത്താതിരിക്കുക, അങ്ങിനെ ചെയ്താൽ ഇന്നത്തെ വെള്ളിയാഴ്ചയിൽ കണ്ടത് പോലെ എല്ലാ വെള്ളിയാഴ്ചയും ജനം തിക്കി തിരക്കി പുറത്തിറങ്ങിയാൽ അടച്ച് പൂട്ടൽ ദിവസങ്ങളിൽ കിട്ടിയ പ്രയോജനം ഒരു ദിവസം കൊണ്ട് നഷ്ടമാകുമെന്ന് തിരിച്ചറിയുക.
No comments:
Post a Comment