Tuesday, March 30, 2021

നല്ല നിലാവുള്ള രാവിൽ

 പൂർണ ചന്ദ്രൻ അന്ന് രാത്രിയിൽ ഭൂമിയിൽ പാൽക്കടൽ ഒഴുക്കിയിരിക്കുകയായിരുന്നു.

പുന്നപ്രക്ക് തെക്ക് കാക്കാഴം പള്ളിയിലെ  ചന്ദനക്കുടത്തിന് പോയിരുന്ന ഞങ്ങൾ അവിടെ നിന്നും തിരികെ ആലപ്പുഴ വട്ടപ്പള്ളിയിലെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു ആ പാതിരാവിൽ. 

ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ , തടിയൻ ഷുക്കൂർ, ഖാലിദ്, സായിപ്പിന്റെ ജലാൽ, വാങ്ക് വിളിക്കുന്ന  തങ്ങളുടെ മകൻ ലത്തീഫ്, കുട നന്നാക്കുന്ന ലത്തീഫ്, ബാപ്പു മൂപ്പന്റെ മകൻ ഹംസാക്കോയ എന്നിവർ. ആ പ്രായത്തിൽ കാണിക്കാവുന്ന എല്ലാ വികൃതികളും ചന്ദനക്കുട സ്ഥലത്ത് കാഴ്ചവെച്ചതിന് ശേഷമുള്ള മടക്ക യാത്രയിലായിരുന്നു  ഞങ്ങൾ. കാക്കാഴത്ത് നിന്നും ആലപ്പുഴ വരെയുള്ള നടപ്പ്  അന്നൊരു പ്രശ്നമേ അല്ല. കുണ്ടാമണ്ടികൾ കാണിക്കാൻ കൂടെ ആളുണ്ടെങ്കിൽ  ഏത് ദൂരവും നിസ്സാരമായി തോന്നിയിരുന്ന പ്രായമായിരുന്നല്ലോ അത്.g

ഒരു പ്രശ്നമേ ഞങ്ങളെ അലട്ടിയിരുന്നുള്ളൂ. തടിയൻ ഷുക്കൂർ ഇത് പോലുള്ള    കൂട്ടു കൂടിയുള്ള യാത്രകളിൽ രാത്രി  തുണി ഉടുക്കാറില്ല. അത് അവന്റെ നിർബന്ധ സ്വഭാവമായിരുന്നു അവന്റെ കൈവശമുള്ള പല കുസൃതികളിൽ ഒരു ഇനമായിരുന്നത്. എന്തെങ്കിലും പ്രതികരിച്ചാൽ അവൻ  പറയും നമ്മുടെ ഉപ്പുപ്പാന്റുപ്പുപ്പാന്റെ ഉപ്പുപ്പാ  കാട്ടിൽ ഇങ്ങിനെയാടാ നടന്നിരുന്നേ...“  ധരിച്ചിരുന്ന വസ്ത്രങ്ങൾ തലയിൽ കെട്ടി വെച്ച് അവൻ പുല്ല് പോലെ നടന്ന് പോകും. ഞങ്ങളും അവന്റെ  തമാശയിൽ പങ്ക് ചേരുന്നതിനാൽ അവനെ ഞങ്ങളുടെ മദ്ധ്യത്തിൽ  നിർത്തിയാണ്` യാത്ര. എതിരെ വരുന്ന  വാഹനങ്ങളുടെ  ലൈറ്റ് അവനെ പ്രദർശിപ്പിക്കാതിരിക്കാൻ  മൂന്നു പേർ മുമ്പിൽ മറയായും മൂന്നു പേർ പിറകെയും തടിയനെ നടുക്കും നിർത്തി കൂട്ടം ചേർന്ന് നടക്കും. വണ്ടി പോയി കഴിയുമ്പോൾ  കൂട്ടം പിരിയും. ബീറ്റ് പോലീസുകാരെയാണ് ഞങ്ങൾ ഭയന്നിരുന്നത്.

അന്ന് പുന്നപ്ര മുതൽ വലിയ ചുടുകാട് വരെ വെള്ള മണലിന്റെ  വിശാല മൈതാനങ്ങളാണ്. നിലാവത്ത് ഞങ്ങൾ ആ മൈതാനങ്ങളിൽ ഇറങ്ങി നടന്നു. നിലാവിന്റെ  ലഹരി  മണൽ മൈതാനങ്ങളിൽ  ആസ്വദിക്കുമ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദം ഉള്ളിൽ നിന്നും നുരച്ച് പൊന്തുമായിരുന്നു. മാനത്തേക്ക് നോക്കി കൂവി വിളിക്കാൻ ആർക്കും തോന്നി പോകുന്ന അന്തരീക്ഷം. സായിപ്പിന്റെ ജലാലും ലത്തീഫും ചേർന്ന് മാനത്തേക്ക് നോക്കി ഓരിയിട്ടു. ആ ഓരി ദൂരെ എവിടെയോ നായ്ക്കൾ ഏറ്റ് പിടിച്ചു. ഞങ്ങൾ അപ്പോൾ കൂട്ടം ചേർന്നു ഓരിയിട്ടു.

കുറേ ദൂരം പോയപ്പോൾ  ഞാൻ നിലാവിനെ നോക്കി ഉച്ചത്തിൽ പാടി.

“പള്ളാ തുരുത്തി ആറ്റിൽ, ഒരു നല്ല നിലാവുള്ള രാവിൽ

പണ്ടൊരു തമ്പുരാൻ വഞ്ചിയിൽ വന്നൊരു പെണ്ണിനെ കണ്ടേ..“

"ആഹാ നല്ല ജ്വരം എട്ടിന് തട്ടി പോകും..“ തടിയൻ എന്റെ സ്വരത്തെ ജ്വരമെന്ന് പറഞ്ഞ് കളിയാക്കി.

“നീ പോടാ തടിയാ...തുണി ഉടുക്കാത്ത ഹമുക്കേ...നിന്നെ പോലീസ് പൊക്കുമെടാ ഹിമാറേ...“ ഞാൻ പറഞ്ഞ് തീരുന്നതിനു മുമ്പ് ഒരു ഇട റോഡിൽ നിന്നും  മെയിൻ റോഡിലേക്ക് കയറി വന്ന   ബീറ്റ് പോലീസിന്റെ ചുവന്ന തൊപ്പി അപ്പോൾ കടന്ന് പോയ ഒരു വാഹനത്തിന്റെ വിളക്ക് വെട്ടത്തിൽ കാണപ്പെട്ടു. 

തടിയന് തുണി ഉടുക്കാൻ സമയം കിട്ടാത്തതിനാൽ അടുത്ത് കാണപ്പെട്ട ഇട വഴിയിലേക്ക് ഞങ്ങൾ കൂട്ടത്തോടെ കടന്നു. തടിയൻ ഇടവഴിയുടെ വശത്ത് വേലിക്കരുകിൽ കുത്തി ഇരുന്നു. പോലീസ് ഞങ്ങളെ കണ്ടിരുന്നു. അവർ ഇടവഴിയുടെ അറ്റത്ത്  വന്ന് നിന്ന് ചോദിച്ചു“

“ആരെടാ അവിടെ?....എന്താടാ ചെയ്യുന്നേ...ഇവിടെ വാടാ...എല്ലാവരും...“

ഞങ്ങൾ അവരുടെ സമീപം പതുക്കെ ചെന്നു നിന്നു. തടിയൻ അവിടെ തന്നെ കുത്തി ഇരുന്നു.

“എന്ത് ചെയ്യുവാടാ അവിടെ....“ തടിയനെ നോക്കിയാണ്` ആ പോലീസ് ഗർജനം

“തൂറുകയാണ് ഏമാനേ....“ അവന്റെ കൂളായുള്ള മറുപടി.

പോലീസുകാരനിലൊരാൾ അവന്റെ നേരെ കയ്യിലുണ്ടായിരുന്ന ടോർച്ചടിച്ചു.

“തൂറുന്നിടത്തേക്ക് വെട്ടമടിക്കാതെ ഏമാനേ“ തടിയൻ ഞരങ്ങിക്കൊണ്ടാണ് അത് പറഞ്ഞതെന്ന് എനിക്ക് ഉറപ്പുണ്ട്. പോലീസുകാരൻ ടോർച്ച് അണച്ചു.

“അവൻ കൊച്ച് മത്തീം കപ്പയും ചന്ദന കുടത്തെ  കടയിൽ നിന്നും വാങ്ങി തട്ടി  ഏമാനേ, വയറ്റിന് പിടിച്ച് കാണൂല്ലാ....“  ഖാലിദും  വാങ്കി ലത്തിയും ചേർന്ന് കോറസ് പോലെ പാടി ,.

“ഈ ഒരു കാര്യം പിടിച്ചാ നിക്കത്തില്ലാ ഏമാനേേയ്....തടിയൻ നീട്ടി  പാടുകയാണ്

“എവിടെയാടാ നിന്റെയെല്ലാം വീട്....“ പോലീസുകാർ ചോദിച്ചു.

“വട്ടപ്പള്ളിക്കാരാണേ....ചന്ദനക്കുടം  കാണാൻ പോയതാണേ...“ഇപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് കോറസ് പാടി....“

“വട്ടപ്പള്ളീക്കാരന്മാരാണല്ലേ....എല്ലാം വിളഞ്ഞ സാധനങ്ങളാണ്..“.ഒരു പോലീസുകാരൻ അഭിപ്രായപ്പെട്ടു. കുണ്ടാമണ്ടിത്തരത്തിന് വട്ടപ്പള്ളീ അന്ന് പ്രസിദ്ധമാണ്

“ഞാനും വട്ടപ്പള്ളിക്കാരനാണേ...  ഹും ഹും ഹും.“ തടിയൻ മുക്കി മുക്കിയാണ്` പാടിയത്.

“ നിന്നോട് ചോദിച്ചില്ല, നീ  അവിടിരുന്ന് തൂറ്.... ...   കപ്പേം മത്തിയും വാരി തിന്ന് വഴിയിൽ തൂറാൻ വന്നോളും ഓരോ കഴുവർട മോന്മാര്.....“ പോലീസ്കാർ കാറി തുപ്പിയിട്ട് തെക്കോട്ട് നടന്ന് പോയി.

“ വാടാ എഴുന്നേറ്റ്...അവര് പോയെടാ....“ ഞാൻ തടിയനെ വിളിച്ചു.

“എടാ...ഞാൻ സത്യായിട്ടും തൂറിപ്പോയെടാ....“തടിയൻ  ഞരങ്ങി.

“എടാ തെണ്ടീ...ഇനി വെള്ളത്തിന് എവിടെ പോകും....?“ എന്റെ പരിദേവനം.

അടുത്ത പുരയിടത്തിൽ  ഞങ്ങൾ കുളം കണ്ട് പിടിച്ചു. അതിൽ തടിയനെ ഇറക്കി. അന്ന് ആലപ്പുഴ  എല്ലാ  പറമ്പിലും കുളമുണ്ടായിരുന്നല്ലോ.

വീട്ടിലെത്തിയപ്പോൾ പുലർകാലമായി.തിണ്ണയിൽ കിടക്കുന്ന വാപ്പായുടെ കണ്ണ് വെട്ടിച്ച് ചായിപ്പിൽ കടന്ന് മൂടി പുതച്ച് ഉറങ്ങാൻ കിടന്നു ഞാൻ.

വർഷങ്ങൾക്ക് ശേഷം ഞാൻ ഷുക്കൂറിനെ കണ്ടപ്പോൾ അവനെ ഈ സംഭവം ഓർമ്മിപ്പിച്ചു. അവൻ തുടയിലടിച്ച് ആർത്ത് ചിരിച്ചു. എന്നെ പൂണ്ടടക്കം കെട്ടി പിടിച്ചു. അന്നവൻ എക്സൈസ് ഡിപാർട്ട്മെന്റിൽ ഉദ്യോഗത്തിലായിരുന്നു.    അത് അവസാന കാഴ്ചയായിരുന്നു പിന്നീട് അവനെ ഞാൻ കണ്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഞാൻ ആലപ്പുഴയെത്തിയപ്പോൾ അറിഞ്ഞു, അവൻ താമസിച്ചിരുന്ന കൊച്ചി പള്ളുരുത്തിയിൽ നിന്നും  ഫാൻ നന്നാക്കാനായി പോകുമ്പോൾ നിരത്തിൽ കുഴഞ്ഞ് വീണ് മരിച്ചുഎന്ന്...

ഖാലിദ് ഒരു ആക്സിഡന്റിലും വാങ്കി  ലത്തീഫ് പുക വലി മൂലം കാലിൽ ഉണ്ടായ പഴുപ്പിനാലും മരിച്ചു . . മറ്റേ ലത്തീഫിനെ എത അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. സായിപ്പിന്റെ മകൻ ജലാലിന്റെ മേൽ വിലാസം കയ്യിൽ കിട്ടിയെങ്കിലും  അവൻ താമസിക്കുന്ന ആറ്റിങ്ങൾ അടുത്തുള്ള ആലംകോട് കോവിഡ് കാലമായതിനാൽ പോകാനോ കാണാനോ പറ്റിയില്ല. പിന്നീടറിഞ്ഞു അവനെ കോവിഡ് കൊണ്ട് പോയെന്ന്. ഹംസാക്കോയ അവന്റെ പിതാവ് ബാപ്പു മൂപ്പന്റെ കൂടം (മൽസ്യം സൂക്ഷിക്കുന്ന ഷെഡ്) പുന്നപ്രയിൽ പ്രവർത്തനം നിർത്തിയതിനാൽ ഓരോ ജോലി ചെയ്തു കഴിയുന്നു. ഇപ്പോൾ ആലപ്പുഴ  ബീച്ചിൽ വടക്ക് വശത്ത് കുട്ടികളുടെ കളി കോപ്പുകൾ ഉന്ത് വണ്ടിയിലാക്കി വിൽപ്പനയിലാണ്. ആലപ്പുഴയിലെത്തുമ്പോൾ അവനെ പോയി കണ്ട് പഴയ പ്രണയ കഥകളും  രാത്രി കൂട്ടുകൂടി യാത്രയും പറഞ്ഞ്      ഞങ്ങൾ ഓർത്തോർത്ത് ചിരിക്കും.

ആലപ്പുഴയിൽ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രയിൽ വലിയ ചുടുകാട് കഴിഞ്ഞ് കാക്കാഴം എത്തുന്നത് വരെ  എന്റെ മനസ്സ് വല്ലാതെ വിഷാദ മൂകമാകും. ഇപ്പോൾ ആ ഭാഗത്ത് മണൽ മൈതാനങ്ങൾ ഇല്ലെങ്കിലും എന്റെ മനസ്സിൽ അന്നത്തെ ഭൂപ്രകൃതി ഇപ്പോഴും നിറം മങ്ങാതെ നില നിൽക്കുന്നുണ്ടല്ലോ.

 കടന്ന് പോയ ഇന്നലെകളുടെ ശ്മശാന ഭൂമിയിൽ  പരതി  ഞാൻ ഓരോന്ന് കണ്ടെത്തി കുറിച്ചിടുന്നു. ആർക്ക് വേണ്ടിയല്ലെങ്കിലും എനിക്ക് വേണ്ടി ആ ഓർമ്മകൾ സൂക്ഷിച്ച് വെക്കണമല്ലോ. മാറി വരുന്ന വെയിലും മഴയും മഞ്ഞും നിലാവും കാണുമ്പോൾ  പുറകിലേക്ക് ഓടി പോയ കാലത്തിന്റെ സ്മരണകളിൽ അലിഞ്ഞ് ആരോടിന്നില്ലാതെ പരിഭവം  പറഞ്ഞ് ചോദിച്ച് പോകുന്നു, എന്തിനാണ്  ഞങ്ങളുടെ ബാല്യം എടുത്ത് മാറ്റിയത്...? ജീവിതത്തിലെ എല്ലാ സംഘർഷങ്ങളിൽ  നിന്നുമകന്ന് പഴയത് പോലെ പൂ നിലാവത്ത് സൊറയും പറഞ്ഞ് കൂട്ട് കൂടി നടക്കാൻ എത്ര കൊതിയാകുന്നുവെന്നോ!

നടക്കാത്ത മോഹങ്ങളോടാണല്ലോ എപ്പോഴും പ്രിയം കൂടുന്നത്.


No comments:

Post a Comment