പണ്ട് ഇന്ധനത്തിനായി വിറക്, ചിരട്ട , തുടങ്ങിയവയും തെങ്ങിൽ നിന്നും ലഭിക്കുന്ന മടൽ, കൊതുമ്പ്, ചൂട്ട്, തുടങ്ങിയവയും ഉപയോഗിച്ച് വന്നു. നഗരങ്ങളിൽ വിറകും ചിരട്ടയുമായിരുന്നു പ്രധാനമായി ഉപയോഗിച്ച് വന്നിരുന്നത്. അടുക്കള കൈകാര്യം ചെയ്യുന്നവർ ഈ വക സാധനങ്ങൾ ശേഖരിക്കുന്നതിന് മുൻഗണന നൽകി. കാരണം അവരാണല്ലോ അടുപ്പിൽ ഊതി ഊതി വശം കെടുന്നത്. വിറക് നനഞ്ഞതാകുമ്പോൾ അടുക്കളയിൽ നിന്നും പരാതി നിറഞ്ഞ പരിഭവങ്ങൾ പത്രം വായിച്ച് ചാരുകസേരയിൽ കിടക്കുന്നവന്റെ സമീപം അലച്ചാർത്ത് ചെല്ലുകയും അദ്ദേഹം വെളിയിലേക്കിറങ്ങി ഉണങ്ങിയ ചൂട്ടും കൊതുമ്പും തപ്പി എടുത്ത് നല്ല പാതിയെ അടുപ്പിലൂതുന്നതിൽ സഹായിക്കുകയും ചെയ്തു വന്നു.
കാലം കടന്ന് വന്നപ്പോൾ തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ സ്റ്റവ്വു രംഗത്ത് വന്നു; അതിനെ പിന്തുടർന്നു പമ്പ് ചെയ്ത് കത്തിക്കുന്ന പിച്ചള സ്റ്റവ്വുകളും കൂടെയെത്തി. പെണ്ണുങ്ങൾ സ്റ്റവ്വിൽ ആകർഷിക്കപ്പെടുകയും വിറകും ചിരട്ടക്കും രണ്ടാം സ്ഥാനം നൽകുകയും ചൂട്ടും കൊതുമ്പും പറമ്പിന്റെ മൂലയിൽ അടുപ്പ് കൂട്ടി വല്യപ്പനോ വല്യമ്മക്കോ കുളിക്കാൻ ചൂട് വെള്ളം അനത്തുന്നതിനായി മാറ്റി വെക്കുകയും ചെയ്തു. ഊതല്പരിപാടി അവസാനിക്കുകയും അത് വഴി സ്ത്രീകൾക്ക് കുറേശ്ശെ കുടവയർ വരാൻ ഒരു കാരണമാകുകയും ചെയ്തു.
പെട്ടെന്നായിരുന്നു ഗ്യാസ് അടുപ്പുകളുടെ വരവ്. ഗ്യാസ് കണക്ഷൻ കിട്ടാൻ പഞ്ചായത്ത് മെമ്പർ മുതൽ എം.എൽ.എ. വരെ ശുപാർശ കത്തുകൾ നൽകി. ദിവ്യ വസ്തു കൊണ്ട് വരുന്നത് പോലെ ആൾക്കാർ ഗ്യാസിനെ അടുക്കളക്കകത്ത് പ്രവേശിപ്പിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, തോക്ക് പോലെ ഒരു സാധനം കൊണ്ട് വന്ന് സ്റ്റീൽ അടുപ്പിന്റെ അരികത്ത് വെച്ച് ടിഷൂം ടിഷൂം എന്നാക്കുമ്പോൾ നീല ജ്വാലകൾ വരുകയും അതിനു മുകളിൽ സ്ത്രീകൾ ആദരവോടെ കലവും ചട്ടികളും വെക്കുകയും പാചകം ചെയ്യുകയും ചെയ്തു. (മൺ കലവും ചട്ടിയുമല്ലേ പറഞ്ഞേക്കാം). പിന്നെ എല്ലാം ഗ്യാസായി തീർന്നു. വീട് വാതിൽക്കൽ ഗ്യാസ് കാരൻ ചരക്കും കൊണ്ട് വരുന്നതിനായി നമ്പർ വരെ കാണാ പാഠം പഠിച്ചു. അയാൾ വന്നില്ലെങ്കിൽ ഈ വീട്ടിലെ കൊച്ചമ്മ അടുത്ത വീട്ടിലെ കൊച്ചമ്മയെ മൊബൈലിൽ വിളിച്ച് ചോദിക്കും , മോളേ! നിനക്ക് ഗ്യാസ് ഉണ്ടോ? ഉണ്ടല്ലോ ചേച്ചി, ഒരു കുറ്റി ഉണ്ട് പെട്ടെന്ന് ബുക്ക് ചെയ്ത് വാങ്ങി തരണേ.... അങ്ങിനെ ഗ്യാസ് വിപണനം സഹകരണാടിസ്ഥാനത്തിലും പരോപകാരാാ ടിസ്ഥാനത്തിലും നടന്ന് വന്നു. അതിന്റെ സ്റ്റവ്വുകൾ ഫോറിനും നാടനും രംഗത്ത് വന്നു. സ്റ്റവ് അന്തസ്സിന്റെ പ്രതീകമായി മാറി. ഗ്യാസ് കുറ്റി പ്രാണ വായു പോലെ ഒഴിച്ച് കൂടാത്തതായി. അതിന് പകരം വെക്കാൻ മറ്റൊന്നില്ലാതായി അപ്പോഴേക്കും ഗ്യാസിന്റെ വില പതുക്കെ പതുക്കെ കൂട്ടി തുടങ്ങി. എത്ര കൂട്ടിയാലും വാങ്ങാതെ പറ്റില്ലാ എന്ന മട്ടിലായി ജനങ്ങൾ. അഥവാ ആ പരുവത്തിൽ കൊണ്ട് ചെന്നെത്തിച്ചു.
അതിനിടയിൽ തെങ്ങും റബ്ബറും വെട്ടി തീർത്തു. വിറകുമില്ല, ചൂട്ടുമില്ല , ഇനി അങ്ങോട്ട് തിരിച്ച് പോക്കുമില്ല. പുതിയ വീടുകളുടെ അടുക്കളക്ക് പുക ചിമ്മിനിയുമില്ല. ഗ്യാസിനെന്തിന് ചിമ്മിനി..
ഇതാ ഇപ്പോൾ ഗ്യാസിന് ഒരു മാസത്തിനുള്ളിൽ 200 രൂപാ വില വർദ്ധന ആയി. എന്നിട്ട് ഇരുന്ന് കൂവുകയാണ് ഹോ! എന്തൊരു വില!!! ഉപഭോഗം കുറച്ച് കുറ്റിയുടെ എണ്ണം ലാഭിക്കാനോ പകരം മാർഗം കണ്ടെത്താനോ മെനക്കെടാതെ നമുക്ക് ഒരുമിച്ച് പിറു പിറുക്കാം ഈ ഗ്യാസിന്റെ വിലയേ!!!
No comments:
Post a Comment