പണ്ട് കേരളഭൂഷണം ദിനപ്പത്രത്തിലെ ചിത്രകഥ മായാവിയുടെ അൽഭുത പരാക്രമങ്ങൾ, മനോരമയിലെ മാന്ത്രികനായ മാൻഡ്രേക്, ദീപികയിലെ ആരം, ദേശബന്ധുവിലെ ജംഗിൽ പെട്രോൾ, ഇന്ത്യൻ എക്സ്പ്രസ്സിലെ ടാർസൻ ഇവയിലെല്ലാം ആകൃഷ്ടരായാണ് ഞങ്ങളുടെ തലമുറ വായനയുടെ വാതിൽ പാളി തുറന്ന് അകത്ത് കയറി ഗഹനമായ പുസ്തകങ്ങളിലെത്തി ചേർന്നത്. എങ്കിൽ തന്നെയും ചൊട്ടയിലെ ശീലം ചുടല വരെ എന്ന പ്രമാണ പ്രകാരം സാഹസിക കഥകളിലും ഡിറ്റക്ടീവ് നോവലുകളിലുമുള്ള താല്പര്യം ഇടക്കിടക്ക് മുള പൊട്ടി വന്ന് ഗാഡമായ വായനയുടെ വിരസത മാറ്റി തന്നു കൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു. അത് കൊണ്ട് തന്നെ റീഗൽ പബ്ളിക്കേഷന്റെ മുതലാളിയെ ഇടക്കിടക്ക് വിളിച്ച് ടാർസൻ അടുത്ത പുസ്തകം ഇറങ്ങാറായോ എന്ന് ചോദിക്കും. എറുണാകുളം സി.ഐ.സി.സി ജയചന്ദ്രൻ മാഷിനെ പ്രസ്സ്ക്ളബ്ബ് റോഡിൽ ചെന്ന് സന്ദർശിച്ച് ലോറിക്കാരൻ നോബിൾ സൈസ് വല്ലതും വന്നോ മാഷേ എന്ന് തിരക്കും. ഹാരി പോർട്ടർ ഇനി ബാക്കി ഉണ്ടോ എന്ന് അന്വേഷിക്കും. അപ്രകാരമുള്ള അന്വേഷണത്തിനിടയിലാണ് ജയചന്ദ്രൻ മാഷ് “കാന്തമല ചരിതം“ എടുത്ത് കയ്യിൽ തന്ന് വായിച്ച് നോക്ക് എന്ന് പറഞ്ഞത്. പുസ്തകം കയ്യിൽ കിട്ടിയെങ്കിലും ഡി.സി.യുടെ വേൾഡ് ക്ളാസിക് കഥാ ശേഖരം നാല് യമണ്ഡൻ പുസ്തകങ്ങൾ വായിച്ച് തീരാൻ സമയമെടുത്തു. അതിന്റെ ബോറടി മാറ്റാൻ ആദ്യമെടുത്തത് കാന്തമല ചരിതമാണ്. വായന തുടങ്ങിയപ്പോൾ പിന്നെ താഴെ വെച്ചില്ല.. ഞാൻ ഉദ്ദേശിച്ചതിലും ഗംഭീരമായിരിക്കുന്നു സംഗതി.ഫിക്ഷനും ആക്ഷനും അഡ്വഞ്ചറും പിന്നെ അൽപ്പം ചരിത്രവും എല്ലാം സമം സമം ചേർത്തു വിഷ്ണു എം.സി. എന്ന ചിന്ന പയ്യൻ സംഗതി ഉഗ്രൻ അഥവാ ഇപ്പോഴുള്ള ലേറ്റസ്റ്റ് വാക്ക് “അടിപൊളി“ ആക്കി കളഞ്ഞു. കേരളത്തിലെ ചരിത്രം ഈജിപ്ത് വരെ കൊണ്ട് പോകുന്ന അപാര കയ്യൊതുക്കം, സമ്മതിച്ചു തന്നു വിഷ്ണു മോനേ! പക്ഷേ അവസാനം ഒരു ബാഹുബലി വേല ഒപ്പിച്ച് കളഞ്ഞു. അതായ്ത് സസ്പൻസിൽ കൊണ്ട് നിർത്തിയിട്ട് പഴയ സിനിമാ നോട്ടീസിൽ പറയുന്നത് പോലെ ശേഷം സ്ക്രീനിൽ എന്ന് പറഞ്ഞ് കളഞ്ഞു. വായന രസം പിടിച്ച് വന്നതിനാൽ അടുത്ത ഭാഗം എപ്പോൾ എന്നറിയാനുള്ള ആകാംക്ഷയാൽ വായന തീർന്ന ഒരു തൃസന്ധ്യ നേരത്ത് തന്നെ നോവലിസ്റ്റിനെ കയ്യിൽ കിട്ടിയ ഫോൺ നമ്പറിൽ വിളിച്ച് എപ്പോഴാണ് പയ്യൻസേ! ബാഹുബലി രണ്ടാം ഭാഗമെന്നത് പോലെ കാന്തമല ശേഷം ഭാഗം എന്ന് അന്വേഷിക്കാൻ നിർബന്ധിതനായി. ഏപ്രിൽ പകുതി എന്ന് മറുപടി കിട്ടിയപ്പോൾ അത് ഉടനെ ആണല്ലോ എന്ന് സമാധാനിച്ചു.
ഏത് പുസ്തകവും തുടർ വായനക്ക് ആഗ്രഹം സൃഷ്ടിക്കുന്നുവോ ആ പുസ്തകം ഗംഭീരമായിരിക്കും എന്ന് എന്റെ അനുഭവം പറയുന്നു. ഈ പുസ്തകം തുടർ വായന ആവശ്യപ്പെടൂന്നു.
230 രൂപക്ക് 208 പേജ്. സംഗതി നഷ്ടമില്ല. പ്രാസധകർ ലോഗോസ് ബുക്സ്.
No comments:
Post a Comment