യൂ ട്യൂബ് ദൃശ്യം അനുകരിച്ച് ആറാം ക്ളാസ്സുകാരൻ പൊള്ളലേറ്റ് മരിച്ചു.
പത്രത്തിലെ തലക്കെട്ട് കണ്ട് വിശദമായി വായിച്ചപ്പോൾ ആ ദുരന്തം വല്ലാതെ മനസ്സിനെ പ്രയാസപ്പെടുത്തി.
തീകൊണ്ട് തലമുടി സ്ട്രൈറ്റ് ചെയ്യുന്ന വീഡിയോ അനുകരിക്കുകയായിരുന്നു കുട്ടി. വീഡിയോയിൽ കണ്ട പ്രതേക തരം ജെൽ കിട്ടായ്കയാൽ കുട്ടി പകരം മണ്ണെണ്ണ ഉപയോഗിക്കുകയായിരുന്നത്രേ.‘
കേൾക്കുന്നത് കുറേ നേരം മനസ്സിൽ നിൽക്കും പക്ഷേ കാണുന്നത് മനസ്സിനെ ദിവസങ്ങോളം സ്വാധീനിക്കും. മൊബൈലിലെ കാഴ്ചകൾ കുട്ടികളെ വല്ലാതെ സ്വാധീനിക്കുകയും അനുകരണ ഭ്രമം വളർത്തുകയും ചെയ്യുന്നു.
ദുരന്തത്തിനിരയായ കുട്ടി പഠനാവശ്യങ്ങൾക്കായുള്ള മൊബൈലിലാണ് വീഡിയോകൾ കാണുന്നത്. പതിവായി തീ കൊണ്ടുള്ള പരീക്ഷണ വീഡിയോകളും സാഹസിക വീഡിയോകളും കാണുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.. എന്തായാലും ആ കുടുംബം വല്ലാത്ത ദുഖ:ത്തിലായി.
മൊബൈലും അതിലെ കാഴ്ചകളും ഗെയിമും മറ്റ് പരിപാടികളും കുട്ടികളെ വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു. എന്നാൽ മാതാപിതാക്കളുടെ കർശനമായ നിയന്ത്രണങ്ങൾ കുട്ടികൾക്ക് മൊബൈൽ അപ്രാപ്യമാക്കുകയും എന്നാലും കിട്ടുന്ന അവസരങ്ങൾ അവർ ദുരുപയോഗം ചെയ്തു വന്നിരുന്നതുമായ സന്ദർഭത്തിലാണ് കൊറോണാ കാരണം സ്കൂളിലെ പഠനങ്ങൾ നിലക്കുകയും തുടർന്ന് ഓൺ ലൈൻ വിദ്യാഭ്യാസം നിലവിൽ വരുകയും ചെയ്തത്.. അതോടെ കുട്ടികൾക്ക് മാതാപിതാക്കൾ ഏർപ്പെടുത്തിയിരുന്ന മൊബൈൽ നിരോധം അനുവാദമായി മാറുകയും മൊബൈൽ എടുത്ത് പഠിച്ചില്ലെങ്കിൽ രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ആരംഭത്തിൽ ഓൺലൈൻ പഠനം വളരെ നന്നായി മാതാപിതാക്കൾക്ക് അനുഭവപ്പെട്ടു. പഠിക്കുന്ന കുട്ടികൾക്ക് അവരുടെ പഠനം വളരെ മെച്ചമായി തീരുകയും ചെയ്തു എന്നത് പ്രസ്താവ്യമാണ്.
പക്ഷേ ഒരു നല്ല ശതമാനം കുട്ടികൾ അവർക്ക് കിട്ടിയ ഈ അവസരം ദുരുപയോഗം ചെയ്തു വന്നിരുന്നു എന്നത് യാഥാർഥ്യം തന്നെയാണെന്ന് അനുഭവസ്തരായ രക്ഷിതാക്കൾ പറയുന്നു. മൊബൈലിൽ തലയും കുമ്പിട്ട് ഇരിക്കുന്ന സന്തതി ക്ളാസ് അറ്റന്റ് ചെയ്യുകയല്ലെന്നും അവൻ/അവൾ കൂട്ടുകാരുമായുള്ള ഗ്രൂപ്പിൽ അംഗമാകുകയും ചാറ്റിംഗ് പോലുള്ള പല വിനോദങ്ങളിലും ഏർപ്പെടുകയാണെന്നും വൈകി തിരിച്ചറിഞ്ഞ രക്ഷിതാക്കൾ വിദ്യാർത്ഥിക്ക് കാവലിരുന്ന് ഓൺലൈൻ പഠനങ്ങളിലേക്ക് അവനെ/അവളെ ദിശ മാറ്റി വിടേണ്ട ജോലി കൂടി ഏറ്റെടുക്കുകയും ചെയ്തു. ഒരു മാതാവ് അടുത്ത കാലത്ത് എന്നോട് പറഞ്ഞ പരിദേവനം ഇപ്രകാരമാണ്.
“എന്റെ സാറേ! ഈ സ്കൂളൊന്ന് തുറന്ന് കുട്ടികൾക്ക് പഠിക്കാൻ സാധിച്ചിരുന്നെങ്കിൽ....“ അന്വേഷണത്തിൽ ആ അമ്മ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു.
കോവിഡ് അപ്രതീക്ഷിതമായി വന്ന് പെട്ട പ്രതിബന്ധമാണ് അതിനെ മറികടക്കാനും പഠനം മുടങ്ങാതിരിക്കാനും സദുദ്ദേശത്തോടെ ഏർപ്പെടുത്തിയ ഓൺ ലൈൻ പഠനത്തിൽ ഇപ്രകാരം ഒരു ദൂഷ്യ വശം കൂടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികൾ കരുതിയിരുന്നില്ലല്ലോ.
മൊബൈലും അതിന്റെ ദുരുപയോഗവും എല്ലാ മാതാപിതാക്കൾക്കും തടയാൻ കഴിയില്ല, അവർക്കു രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പങ്കപ്പാടും വീട്ട് ജോലിയും ഉള്ളപ്പോൾ മക്കൾക്ക് ഗാട്ട് ഇരിക്കാൻ പറ്റില്ലല്ലോ.
ഹൈസ്കൂൾ ക്ളാസ്സുകളിൽ ടീൻ ഏജ് കുട്ടികളാണ് പഠിതാക്കളെന്നും ആ പ്രായം നല്ലവരായ കുട്ടികളെ പോലും പ്രലോഭനങ്ങളിൽ പെടുത്തുന്ന പ്രായമാണെന്നും തിരിച്ചറിയുമ്പോൾ നമുക്കും പ്രാർത്ഥിക്കാം അടുത്ത അദ്ധ്യായന വർഷമെങ്കിലും പള്ളിക്കൂടങ്ങൾ പഴയ രീതിയിലേക്ക് മടങ്ങുവാൻ ഇടയാകട്ടേ എന്ന്...
പിൻ കുറി“ മൊബൈലിനോ ഓൺലൈൻ പഠനത്തിനോ എതിരായല്ല ഈ കുറിപ്പുകൾ. സദുദ്ദേശത്തൊടെ ഏർപ്പെടുത്തുന്ന ഏതൊരു പദ്ധതിക്കും അപ്രതീക്ഷിതമായി വന്ന് ഭവിക്കുന്ന ചില ദൂഷ്യ വശങ്ങൾ ആ പദ്ധതിയെ തന്നെ തകിടം മറിച്ചേക്കാമെന്നു സൂചിപ്പിച്ചതാണ്
No comments:
Post a Comment