അപസർപ്പക നോവലുകൾ പണ്ഡിത കേസരികളുടെ വിമർശനങ്ങളെ അതി ജീവിച്ച് ഒരു കാലത്ത് വായനയുടെ ഒഴിച്ച് കൂടാത്ത ഘടകമായി മാറിയിരുന്നു. അപ്പൻ തമ്പുരാൻ തുടങ്ങി കോട്ടയം പുഷ്പനാഥനിൽ ചെന്ന് നിൽക്കുന്ന ഒരു വലിയ ശ്രേണിയായിരുന്നു അത്. പലതും ആംഗലേയത്തിൽ നിന്നും ഇതര ഭാഷയിൽ നിന്നും ഉൾക്കൊള്ളുന്നതായിട്ടും കൂടി സാധാരണക്കാർക്ക് ആ തരം രചനകൾ ഹരമായി മാറി.
ഇടക്കാലത്ത് ചവറ് പോലെ മാന്ത്രിക നോവലുകളും കാമ്പില്ലാത്ത ഫിക്ഷൻ രചനകളും അപസർപ്പക നോവലുകളുടെ മാറ്റ് കുറച്ചു കളഞ്ഞു. എങ്കിലും നീലകണ്ഠൻ പരമാരയും ബി.ജി. കുറുപ്പും ഞങ്ങളുടെ തലമുറയുടെ മനസ്സിൽ നിന്നും മാഞ്ഞ് പോയില്ലല്ലോ. ആ തരം രചയിതാക്കളെ ഞങ്ങൾ പിന്നെയും പ്രതീക്ഷിച്ച് കൊണ്ടിരുന്നു.
അങ്ങിനെയിരിക്കവേ പുതു തലമുറ തന്നെ രംഗത്ത് വന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. കാമ്പുള്ള വിരസതയില്ലാത്ത കൃതികൾ പലതിലൂടെയും അടുത്ത കാലത്ത് കടന്ന് പോകാൻ സാധിച്ചു. ആ തരത്തിൽ ഒരെണ്ണമായ “കാന്തമല ചരിതവും അതെഴുതിയ വിഷ്ണു എം.സി.യെയും പറ്റി പരാമർശിച്ച് കഴിഞ്ഞ ദിവസം ഞാൻ മുഖ പുസ്തകത്തിൽ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോൾ മറ്റൊരു രചന ഇരുന്ന ഇരുപ്പിൽ വായിച്ച് തീർത്തു. “മോഡസ് ഓപ്പറാണ്ടി“ റിഹാൻ റാഷിദ് ആണ് രചയിതാവ്. നോവൽ എന്ന് പുസ്തകത്തിന്റെ ആരംഭത്തിൽ കണ്ടുവെങ്കിലും ലക്ഷണമൊത്ത ഒരു അപസർപ്പക നോവലായിട്ടാണ് എനിക്കനുഭവപ്പെട്ടത്. പുതു തലമുറയുടെ ഭാഷ കടമെടുത്താൽ “സൂപ്പർ“ എന്ന് പറയാം.
ആദ്യം കുറേ പേജുകൾ കടന്നപ്പോൾ എന്തിരെടേ ഇത് ? എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ആഴത്തിലേക്ക് പോയതോടെ സംഗതി ഉഗ്രൻ എന്നനുഭവപ്പെട്ടു. ആകാംക്ഷ കസേരയിൽ നിന്നും എഴുന്നേൽക്കാൻ സമ്മതിച്ചില്ല. രാത്രി ആയാലും സാരമില്ലാ ഇരുന്നു വായിക്കൂ മനുഷ്യാ എന്ന് ആകാംക്ഷ എന്നോട് പറഞ്ഞത്അനുസരിച്ചു. പുസ്തകത്തിന്റെ അവസാനമെത്തിയപ്പോൾ ആരാണ് കുറ്റവാളിയെന്ന സൂചന വന്ന് തുടങ്ങി, അവസാനം ഒരു പേജൊഴികെ വായിച്ച് തീർന്നപ്പോൾ കാര്യങ്ങൾ സങ്കൽപ്പിച്ചത് പോലെ കഥ അവസാനിക്കുന്നു. പക്ഷേ അവശേഷിച്ച അവസാന പേജിലെത്തി കഥ സമാപ്തിയിലേക്ക് വന്നപ്പോൾ ആ പേജിൽ അര പേജോളം നിറഞ്ഞ് നിന്ന അക്ഷരങ്ങൾ എന്നെ ഞെട്ടിച്ച് കളഞ്ഞു. എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നി.
ആകെ 160 പേജുള്ള പുസ്തകത്തിൽ 159 പേജിലും കഥാകൃത്തും നമ്മളും ചേർന്നു യാത്ര നടത്തി. അദ്ദേഹം കഥ പറഞ്ഞു, നമ്മൾ ആസ്വദിച്ച് കൂടെ യാത്ര ചെയ്തു. പക്ഷേ അവസാന പേജെത്തിയപ്പോൾ അദ്ദേഹം ഝടുതിയിൽ ഒരു യൂ ടേൺ എടുത്ത് ഒരു പോക്കങ്ങ് പോയി. നമ്മൾ അന്തം വിട്ട് കണ്ണും മിഴിച്ച് നിന്നു. ശ്ശെടാ! ഇത് വരെ വായിച്ചിരുന്ന നമ്മൾ ആരുമല്ലാതായി. ഇപ്പോൾ കഥാകൃത്ത് മാത്രം രംഗത്തുണ്ട്. മനസ്സ് പറഞ്ഞു വിളിക്ക് അദ്ദേഹത്തെ ആ രചയിതാവിനെ, രാത്രി ഏറെ ആയാലും സാരമില്ല, ഇപ്പോൾ തന്നെ വിളിച്ച് അഭിനന്ദനം പറയണം. വിളിച്ചു, ഉള്ള കാര്യം പറഞ്ഞു, മോനേ...കലക്കി...സംഗതി കലക്കി. ആ അവസാന പേജ്....
പതുക്കെയുള്ള സ്വരത്തിൽ മറുപടി...“അതങ്ങിനെ അല്ലായെങ്കിൽ ഈ പുസ്തകത്തിനെന്ത് പ്രത്യേകത?!! “
ശരിയാണ് അതങ്ങിനെ ആയത് കൊണ്ടാണ് ഞാൻ ഈ പുസ്തകത്തിനെ പറ്റി ഇത്രയും കുറിക്കാൻ ഇട വന്നത്. സാധാരണ രീതിയിലെ പരിസമാപ്തി ആണെങ്കിൽ എന്ത് പ്രത്യേകത.
ലോഗോസ് ബുക്ക് പ്രസാധകരായുള്ള 160 പേജുള്ളതും 180 രൂപാ വിലയുള്ളതുമായ ഈ പുസ്തകം അപസർപ്പക നോവൽ വായന ശീലമായവർക്ക് ശുപാർശ ചെയ്യുന്നു.
ഒടുവിൽ രണ്ട് വാക്ക്“ ഈ മോഡസ് ഓപ്പറാണ്ടി എന്ന പേരിന് പകരം മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ നന്നായിരുന്നേനെ...
No comments:
Post a Comment