വിവാഹ മോചിതരാകുന്ന സ്ത്രീക്കും പുരുഷനും കുട്ടികളുണ്ടെങ്കിൽ ആ കുട്ടികളുടെ പരിപാലനം സംബന്ധിച്ച് നിബന്ധനകൾ കൂടി ഉൾപ്പെടുത്തി ആയിരിക്കും വിവാഹ മോചനം നിലവിൽ വരിക. കുട്ടികൾ ചിലപ്പോൾ അമ്മയുടെ കൂടെയോ മറ്റ് ചിലപ്പോൾ അഛന്റെ കൂടെയോ ആയിരിക്കും ഭാവി ജീവിതം കഴിച്ച് കൂട്ടേണ്ടത് .അഛനോ അമ്മയോ ആർക്കാണോ കുട്ടികളുടെ കസ്റ്റഡി അതിൽ എതിർഭാഗത്തിന് മാസത്തിൽ ഒന്നോ രണ്ടോ തവണ കുട്ടിയെ കാണാനുള്ള അനുവാദം നിബന്ധനകളിൽ ഉണ്ടായിരിക്കും. കുട്ടി അമ്മയുടെ കസ്റ്റഡിയിലാണെങ്കിൽ നിശ്ചിത സ്ഥലത്ത് വെച്ച് അഛൻ കുട്ടിയെ കാണാൻ വരും. അത് മിക്കവാറും കോടതി ശിരസ്തദാറുടെ മുമ്പിലായിരിക്കും സംഭവിക്കുക. ചിലപ്പോൾ പള്ളിയിലാകാം, പള്ളിക്കൂടത്തിലാകാം. അത് എവിടെയായാലും അഛൻ കളിക്കോപ്പുകളും ബിസ്കറ്റോ കുട്ടിക്ക് ഇഷ്ടപ്പെടുന്ന മധുര പലഹാരങ്ങളോ മറ്റുമായാണ് വരുക.
കുട്ടിയെ നിശ്ചിത സ്ഥലത്ത് കൊണ്ട് വരുന്നത് ഭൂരിഭാഗം കേസുകളിലും അമ്മ വരാറില്ല, പകരം ബന്ധുക്കൾ ആരെങ്കിലുമായിരിക്കും കുട്ടിയെ കൊണ്ട് വരിക. അത് അമ്മായി അപ്പനാണെങ്കിൽ ഈ സമ്മാനങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖം ഇരുളും. “ഓ! ഞങ്ങളുടെ കുഞ്ഞിന് ഇതിന്റെ ഒന്നും ആവശ്യമില്ല, കുഞ്ഞ് നല്ല നിലയിൽ തന്നെയാണ് ` കഴിയുന്നതെന്ന് കാർന്നോര് മൊഴിയും . ചില അഛന്മാർക്ക് എരി കയറും, എന്റെ കുഞ്ഞിന് ഞാൻ കൊണ്ട് കൊടുക്കുന്നതിന് താൻ അഭിപ്രായം പറയേണ്ട“ എന്നാകും കുട്ടിയുടെ അഛൻ. ഉരസൽ അധികരിക്കുമ്പോൾ മദ്ധ്യസ്തന്മാർ ഇടപെട്ട് വഴക്ക് രാജിയാക്കി അഛന്റെ അവകാശം സ്ഥാപിച്ച് കൊടുക്കും. പക്ഷേ പല കുട്ടികളും സമ്മാനം നിരസിക്കും. കാരണം വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ ആ കുഞ്ഞിന് ക്ളാസ് കൊടുത്താണ് മിക്ക കേസുകളിലും കൊണ്ട് വരുന്നത്, അതിനാൽ കുട്ടി സമ്മാനം വാങ്ങില്ല.
അഛന്റെ കസ്റ്റഡിയിലുള്ള കുട്ടിയെ അമ്മയാണ് കാണാൻ വരുന്നതെങ്കിൽ അഛൻ എത്ര ക്ളാസ് കൊടുത്ത് കൊണ്ട് വന്നാലും പല കുട്ടികളും അമ്മയെ കാണുമ്പോൾ ചാടി വീഴും.എന്നാൽ ചില കേസുകളിൽ എത്ര ബലം കാണിച്ചാലും അമ്മയുടെ കയ്യിൽ കുട്ടി പോകാതിരിക്കും. അങ്ങിനെയുള്ള കേസിൽ അഛന്റെ ചുണ്ടിൽ പുഞ്ചിരി വിരിയുമെങ്കിലും അമ്മയുടെ കണ്ണീൽ നിന്നും കണ്ണീരല്ല, ചോരയാണ്` ചിലപ്പോൾ വരിക. അപ്രകാരമുള്ള സംഭവങ്ങൾ കാണാൻ ഇടവരുമ്പോൾ നമ്മുടെ മനസ്സിൽ ആരോടിന്നില്ലാതെ അരിശം തോന്നും.
സ്കൂളിൽ വെച്ച് കുട്ടിയെ കാണാൻ നിബന്ധനയുള്ള കേസുകളിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ വന്ന് കുട്ടിയെ കാണുന്നതും കൊഞ്ചിക്കുന്നതും കാണുമ്പോൾ സഹ പാഠികളായ കൊച്ച് കുട്ടികൾ തമ്മിൽ പറയും “ അവന്റെ അഛനും അമ്മയും തമ്മിൽ വഴക്കാണ്“ അത് ആ കുട്ടിയുടെ ചെവിയിലും പതിക്കും.
വിവാഹമോചനം നടത്തുന്നത് ഭാര്യാ ഭർത്താക്കന്മാരുടെ താല്പര്യ പ്രകാരമാണ്, ഒരിക്കലും കുട്ടിയുടെ താല്പര്യ പ്രകാരമല്ല. കുട്ടി ഈ കാര്യത്തിൽ നിരപരാധിയാണ്. പക്ഷേ ആ കുട്ടി തന്നെയാണ് ഈ കളിയിൽ ഏറ്റവും മാനസിക സംഘർഷം അനുഭവിക്കുന്നതും. ആരെയാണ് സ്നേഹിക്കേണ്ടത്, അഛൻ പറയും അമ്മ ചീത്തയാണ്, അമ്മ പറയും അഛൻ ചീത്തയാണ്. ഇതിൽ ഏതാണ് ശരി, കുട്ടി അങ്കലാപ്പിലാകും.
കുട്ടിയെ ഉപയോഗിച്ച് എതിർഭാഗത്തിന് നേരെ പ്രതികാരം നടത്താനും ചില ഭാര്യാ ഭർത്താക്കന്മാർ മടിക്കില്ല. “എനിക്ക് ജയിക്കണം, എതിർ കക്ഷി തോൽക്കണം. അത്ര മാത്രം മതി എനിക്ക്. ആരോ അനുഭവിക്കുകയോ ചാകുകയോ എന്ത് വേണമെങ്കിലുമാകട്ടെ, ഞാൻ ജയിക്കണം. ഈ ശപഥവുമായി കഴിയുന്ന മനുഷ്യ ജന്മങ്ങൾ! അവർക്ക് കുട്ടി എന്ത് ചിന്തിക്കുന്നെന്നോ എന്ത് അനുഭവിക്കുന്നെന്നോ അറിയേണ്ട കാര്യമില്ല.
വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർത്ത് പോകുന്നു. വിവാഹ മോചനം നിർബന്ധമായി ഉണ്ടായേ മതിയെന്ന് ശഠിക്കുന്ന ദമ്പതികൾ. നിബന്ധനകൾ ഓരോന്നായി ചർച്ച ചെയ്ത് വരവേ കുട്ടിയുടെ കാര്യം പൊന്തി വന്നു. ഭാര്യ ചാടി എഴുന്നേറ്റ് പറയുന്നു, കുട്ടിയെ കാണിക്കുന്ന പ്രശ്നമേ ഇല്ല. എന്നെ വേണ്ടാത്തിടത് എന്റെ കുട്ടിയെ കാണുന്നതെന്തിന്? എന്നായി ആ സ്ത്രീ.
കുട്ടിയെ മാസത്തിൽ ഒരു തവണയെങ്കിലും കാണാൻ പിതാവിന് അവകാശമുണ്ടെന്നും അത് നിഷേധിക്കുന്നത് ശരിയല്ലെന്നും , കോടതിയിൽ അപേക്ഷ കൊടുത്താൽ അയാൾക്ക് അനുകൂല വിധി ഉണ്ടാകും എന്ന് സൂചിപ്പിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞത് “ എങ്കിൽ കുഞ്ഞിനെ ഞാൻ കൊല്ലും, ഞാനും ചാകും , അല്ലാതെ അയാൾക്ക് തോറ്റ് കൊടുക്കുന്ന പ്രശ്നമേ ഇല്ലാ “ എന്നാണ് ( ഈ സംഭവം അന്ന് ഞാൻ എന്റെ ബ്ളോഗിൽ പോസ്റ്റ് ഇട്ടിരുന്നു)
വിവാഹ മോചനം നടത്തുന്നവർ അവരുടെ വാശി ജയിക്കുന്നു, അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നു. പക്ഷേ മാതാ പിതാക്കളുടെ വിവാഹ മോചനത്താൽ കുട്ടികളുടെ ഉള്ളിൽ ഉണ്ടാകുന്ന സംഘർഷങ്ങളെ പറ്റി ഒരിക്കലെങ്കിലും അവർ ചിന്തിക്കാറില്ല. അങ്ങിനെ എന്തെങ്കിലും ചിന്ത ഉള്ളവർ എന്ത് വിട്ട് വീഴ്ച ചെയ്തും ബന്ധം തുടർന്ന് പോകും. ഒരിക്കലും ബന്ധം പിരിക്കാൻ ശ്രമിക്കാറില്ല,
No comments:
Post a Comment