Thursday, April 1, 2021

ലോക വിഡ്ഡി ദിനം

 ഏപ്രിൽ ഒന്നാം തീയതി. ലോക വിഡ്ഡി ദിനമായി അംഗീകരിക്കപ്പെട്ടിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മലയാളി സമൂഹവും അത് അംഗീകരിച്ചിരുന്നു. അന്നത്തെ ദിവസം ആരെയും കളിയാക്കാം, വിഡ്ഡിയാക്കാം , ആദ്യമാദ്യം അമളി പറ്റിയവർ അരിശപ്പെടുമെങ്കിലും ഏപ്രിൽ ഫൂൾ എന്ന വിളി കേൾക്കുമ്പോൾ വിഡ്ഡിയാക്കപ്പെട്ടവനും കൂട്ടത്തിൽ ചേർന്ന് ചിരിക്കുമായിരുന്നു. 

ഏപ്രിൽ ഒന്നാം തീയതി ആരെ പറ്റിക്കണമെന്ന  ഗൂഡാലോചന നടത്തി  അന്ന് അത് നടപ്പിൽ വരുത്തുന്ന കാലമായിരുന്നത്. പറ്റിക്കാനും പറ്റിക്കപ്പെടാനും മൗനാനുവാദം  ലഭിച്ചിരുന്ന ദിവസം.

ബോധം കെട്ട് വീഴുക, ആൾക്കാർ ചേർന്ന് പരിചരിക്കാൻ തയാറാകുമ്പോൾ  ചാടി എഴുന്നേറ്റ് ഏപ്രിൽ ഫൂൾ എന്ന ആർത്ത് വിളിച്ച് കൂടിയവരെ വിഡ്ഡികളാക്കുക, നിന്റെ അഛൻ വിളിക്കുന്നു, അമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് നമ്മളെ വീടുകളിലേക്ക് ധൃതിയിൽ പറഞ്ഞയക്കുക, അവിടെ ആരും വിളിച്ചില്ലാ എന്നറിയുമ്പോൾ ഇന്ന് വിഡ്ഡി ദിനമാണെന്ന് ഓർമ്മ വരുക, തുടങ്ങിയവയെല്ലാം അരങ്ങേറുന്ന ദിവസമായിരുന്നു എപ്രിൽ ഒന്നാം തീയതി.

പണ്ട് ഏടപ്പാളിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് അതി രാവിലെ എഴുന്നേറ്റ്  രാജേന്ദ്രാ ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിന്റെ ഉടയോനെ വീട്ടിൽ ചെന്ന് തട്ടി വിളിച്ച്  “നിങ്ങളുടെ ചിട്ടി ഓഫീസിന്റെ മുൻപിലുള്ള  ബോർഡ് ആരോ വലിച്ചിളക്കി താഴെ ഇട്ടിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ കയ്യിൽ കിട്ടിയ ഷർട്ടും വളിച്ച് കയറ്റി അയാൾ ഓഫീസിലേക്ക് പാഞ്ഞ് പോയതും തിരികെ വന്ന് എന്നെ തിരക്കി നടന്നതും ഇന്നലത്തെ പോലെ ഓർമ്മിക്കുന്നു.

ഇന്ന് വിഡ്ഡിദിനത്തിൽ ആരും ആരെയും കളിയാക്കാറില്ല, കളിയാക്കപ്പെടുകയുമില്ല. ഇങ്ങിനെ ഒരു ദിവസമുണ്ടെന്ന് പോലും പുതു തലമുറക്ക് അറിയില്ല. ഒരു പക്ഷേ അവർ വലിയ  ബുദ്ധിമാന്മാർ ആയി തീർന്നിരിക്കും. അല്ലെങ്കിൽ മലയാളിക്ക് തമാശ പറയാനും അത് ആസ്വദിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കാം. ഏതായാലും വിഡ്ഡി ദിനവും ഓർമ്മകളിൽ മാത്രമായി അവശേഷിച്ചിരിക്കുന്നു.

No comments:

Post a Comment