പണ്ട് വളരെ കുഞ്ഞുന്നാളിൽ എന്താണ് തെരഞ്ഞെടുപ്പെന്ന് തിരിച്ചറിയാത്ത പ്രായത്തിൽ എല്ലാ കക്ഷികളുടെയും മുദ്രാവാക്യങ്ങൾ ഏറ്റ് വിളിക്കുകയും അവരുടെ ഗാനങ്ങൾ പാടി നടക്കുകയും ചെയ്തിരുന്ന ബാല്യ കാലത്തിൽ അന്ന് കേട്ടിരുന്ന ഒരു മാപ്പിള പാട്ട് ഈരടി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.
“കൊച്ചി മട്ടാഞ്ചേരിയിലെ കൊച്ച് കോണീൽ നിന്നേ
പൊന്നു മോനാം സെയ്തുവിന്റെ ഉമ്മയാണ് ഞാനേ“
എന്താണ് ആ ഗാനത്തിന്റെ അർത്ഥമെന്നോ അതിന്റെ കഥയെന്തെന്നോ അറിയില്ലെങ്കിലും അന്ന് മനസിലാക്കിയ ഒരു രൂപം ഇപ്രകാരമാണ്. ഏതോ ഉമ്മായുടെ സെയ്തു എന്നൊരു മകനെ പോലീസ് വെടിവെച്ച് കൊന്നു. ആ ഉമ്മ മനം നൊന്ത് തെരുവ് തോറും കരഞ്ഞ് പാടി നടക്കുകയാണെന്നാണ് ഞങ്ങൾ കുട്ടികൾക്ക് മുതിർന്നവർ പറഞ്ഞ് തന്നത്.. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന റ്റി.വി.തോമസിന്റെ പ്രചരണാർത്ഥമാണ് ഈ ഗാനം പ്രചരിപ്പിച്ചത്.
വളർന്നപ്പോൾ എന്താണ് മട്ടാഞ്ചേരി വെടി വെപ്പെന്നും ആരാ സെയ്തുവെന്നും അറിയാൻ ആഗ്രഹിച്ചെങ്കിലും അന്നത് സാധിച്ചില്ല. പിന്നെ ശ്രീ മാധവന്റെ ലന്തൻ ബത്തേരിയിൽ നോവലിൽ ഏതോ ഒരു ഭാഗത്ത് സെയ്തുവിനെ ഞാൻ കണ്ടു. അത്രമാത്രം. അതും കഴിഞ്ഞ് ഇപ്പോൾ പത്രപ്രവർത്തകനായ അബ്ദുല്ലാ മട്ടാഞ്ചേരിയുടെ “അടയാളം“ എന്ന പുസ്തകത്തിൽ ആ ചരിത്രം പൂർണമായി വായിക്കാൻ കഴിഞ്ഞു..
1953 ൽ മട്ടാഞ്ചേരിയിൽ നടന്ന വെടിവെപ്പിന്റെ ചരിത്രമാണ് ഈ പുസ്തകം , എന്തിനായിരുന്നു ആ വെടി വെപ്പ് എത്ര പേർ മരിച്ചു, അതിന്റെ ചരിത്ര പശ്ചാത്തലം , മട്ടാഞ്ചേരിയിൽ വെടി വെപ്പിനിടയാക്കിയ തൊഴിൽ സമരത്തിന് ഉത്തേജകമായി ഭവിച്ച ഓഞ്ചിയം കാവുമ്പായി കയ്യൂർ കരിവെള്ളൂർ പുന്നപ്ര വയലാർ സമരങ്ങളുടെ ലഘു വിവരണങ്ങൾ കൂട്ടത്തിൽ ഏറ്റവും വിലയുള്ളതായി അനുഭവപ്പെട്ട കൊച്ചി തുറമുഖത്തിന്റെ നിർമ്മാണം മുതലുള്ള ആദ്യകാല ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം, പിന്നെ കൊച്ചിയിലെ ജനസഞ്ചയത്തിന്റെ ജാതി തിരിച്ചുള്ള ഉൽഭവ ചരിത്രങ്ങൾ--അതിൽ ഹലായിമാരെയും സേട്ടുമാരെയും കച്ചി മേമന്മാരുടെ ചരിത്രം ആലപ്പുഴക്കാരായ ഞങ്ങൾക്ക് കാണാ പാഠമായിരുന്നല്ലോ.
പുസ്തകം പ്രണതയാണ് പബ്ളിഷ് ചെയ്തത്. 132 പേജ് വില 150. രചയിതാവ് അബ്ദുല്ലാ മട്ടാഞ്ചേരി.
ചരിത്രാന്വേഷികളായ വായനക്കാർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.
No comments:
Post a Comment