“നന്നെ ചെറുപ്പത്തിൽ എന്റെ മാമായുടെ (അമ്മാവന്റെ) സൈക്കിളിന് പുറകിൽ ഇരുന്ന് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപമുള്ള ബന്ധു വീട്ടിൽ പോയി വരുമ്പോൾ ഒരു കട വരാന്തയിൽ ഇരിക്കുന്ന, മുഖം കരുവാളിച്ച ഒരു മനുഷ്യനെ കണ്ട് മാമാ സൈക്കിളിൽ നിന്നുമിറങ്ങി.. അടുത്ത് ചെന്ന് കുശലം പറഞ്ഞ് മടങ്ങിയ മാമാ എന്നോട് പറഞ്ഞു “ മോനേ! അതാണ് കുന്തക്കാരൻ പത്രോസ് “. അന്ന് അയാൾ ആരെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ഞാനറിഞ്ഞു, പുന്നപ്ര സമരത്തിന് ഡിക്ടേടറായി നിശ്ചയിക്കപ്പെട്ട് ആളിക്കത്തുന്ന അഗ്നിയായി ആലപ്പുഴയിൽ നിറഞ്ഞ് നിന്ന, പിടി കൂടി കെട്ടി വരിഞ്ഞ് തന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് സർ സി.പി. ഉത്തരവിട്ടതിനെ തുടർന്ന് ശവക്കോട്ട പാലം മുതൽ തുമ്പോളി വരെ വീടുകൾ പരിശോധിക്കുമ്പോൾ പോലീസിന്റെ കണ്ണുകളെ അതി വിദഗ്ദമായി വെട്ടിച്ച് രക്ഷപ്പെട്ട , ലക്ഷങ്ങൾ തലക്ക് വില ഉണ്ടായിരുന്ന ആ കെ.വി. പത്രോസിനെയാണ് ഞാൻ അന്ന് കണ്ടത് എന്ന്. അന്ന് അദ്ദേഹത്തെ ആറാട്ടു വഴി സെല്ലിലെ സാധാരണ അംഗമായി തരം താഴ്ത്തിയിരുന്നു. എല്ലാ നേതാക്കളെയും മറമാടിയിരുന്ന വലിയ ചുടുകാടിൽ സഖാക്കളുടെ അയലത്തൊന്നും തന്നെ മറമാടി അവർക്ക് താനൊരു ശല്യമാകരുതെന്ന് പറഞ്ഞ് വെച്ച പത്രോസ്. ആണി രോഗം ബാധിച്ച കാലുമായി സൈക്കിളിന് പുറകിൽ കയറ്റ് പായ കെട്ടി വെച്ച് വിൽപ്പന നടത്തി അവസാന കാലം ഉപജീവനമാർഗം കണ്ടെത്തി..
പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ പണ്ട് കേട്ടതും അറിഞ്ഞതും മനസിലാക്കിയതുമായ സംഭവങ്ങൾ എന്റെ മനസിലൂടെ ചലചിത്രം പോലെ വീണ്ടും വീണ്ടും കടന്ന് പോയപ്പോൾ അതെല്ലാമൊന്ന് കുത്തിക്കുറിക്കാൻ തോന്നി.“
ഏതോ ഒരു പുസ്തകത്തിന്റെ ആസ്വാദനം എഴുതിയപ്പോൾ ആമുഖമായി മേൽ കാണിച്ച കുറിപ്പുകൾ ഞാൻ ചേർത്തിരുന്നു. ഇന്ന് വായിച്ച് തീർത്ത ജി യദുകുലകുമാർ എഴുതിയ കെ.വി.പത്രോസ്. കുന്തക്കാരനും ബലിയാടും പുസ്തകം വായിച്ചപ്പോഴും മേൽ കാണിച്ച കുറിപ്പുകൾ തന്നെയാണ് ഈ ആസ്വാദന കുറിപ്പിന്റെ ആദ്യമേ ചെർക്കേണ്ടതെന്ന് ഞാൻ തീർച്ചയാക്കി. അത്രത്തോളം ഈ പുസ്തകം എന്നെ സ്വാധീനിച്ചു. തമാശ അതല്ല, വർഷങ്ങൾക്ക് മുമ്പ് ഈ പുസ്തകം മറ്റേതോ പ്രസിദ്ധീകരണക്കാർ വിലപ്പനക്ക് വെച്ചപ്പോൽ അന്നത് വാങ്ങി വായന മുഴുപ്പിക്കാതെ അന്ന് അത് ഉപേക്ഷിച്ചു. കുറച്ച് നാൾ മുമ്പ് സൈൻ ബുക്ക് പ്രസിദ്ധീകരിച്ച ഈ പുസ്തകം വാങ്ങി വെച്ചിട്ടും കുറേ ദിവസം അത് തുറന്ന് നോക്കിയിരുന്നില്ല. ഇപ്പോൾ എന്തോ തോന്നി പുസ്തകം വായന തുടങ്ങി . വായിച്ച് ചെന്നപ്പോഴാൺ` പണ്ട് തന്നെ ഇത് വായിക്കേണ്ടതായിരുന്നു എന്ന തോന്നൽ ഉണ്ടായത്. അത്രത്തോളം പുസ്തകം എന്റെ മനസ്സിൽ പതിഞ്ഞു.
പുസ്തകത്തിലെ ഉള്ളടക്കവും അതിന്റെ രചനാ രീതിയും കുറ്റമറ്റതാണെന്ന് എനിക്ക് അഭിപ്രായമില്ലാ. എങ്കിലും സത്യത്തോട് വളരെ അടുത്ത് നിൽക്കുന്നു ഉള്ളടക്കം. അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെ അനുസരിക്കണമെന്ന നിർബന്ധത്താൽ ദേശീയ സമരത്തിനോട് മുഖം തിരിച്ച് നിൽക്കേണ്ട ഗതികേട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടാത് തന്മയത്തോടെ രചയിതാവ് വരച്ച് കാട്ടിയിട്ടുണ്ട്. അങ്ങിനെ ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി മുഖം തിരിക്കാൻ ഇട വന്നതും ചരിത്രാന്വേഷകർക്ക് തിരിച്ചറിയാൻ സാധിക്കും.
പാർട്ടിയും പത്രോസും തമ്മിലുള്ള ബന്ധം അത് പാർട്ടി തന്നെ പത്രോസ് പത്രോസ് തന്നെ പാർട്ടി എന്ന നിലയിലെത്തിയിട്ട് കൂടെ ഉണ്ടായിരുന്നവർ സ്വാതന്ത്യാനന്തരം പല ഉന്നത പദവി കൈവരിച്ചിട്ടും ജീവിക്കാനായി കയറ്റ് പായ കച്ചവടവും മീൻ കച്ചവടവും ആ മനുഷ്യന് ചെയ്യേണ്ടി വന്നു . എല്ലാമെല്ലാം ചെയ്തിട്ടും ഒന്നുമൊന്നുമാകാതെ ആർക്കും തലകുനിക്കാതെ ആരോരുമില്ലാതെ ഒരു റീത്ത് പോലും വെക്കപ്പെടാതെ ഒരു കാലത്ത് തിരുകൊച്ചി പാർട്ടി സെക്രട്ടറിയായ പുന്നപ്രവയലാർ സമര ഡിക്റ്റേറ്ററായ സഖാവ് പത്രോസ്, പി.ക്രിഷ്ണപിള്ളയുടെ പ്രിയപ്പെട്ട അനുയായി ആലപ്പുഴ കാഞ്ഞിരം ചിറ എസ്.എൻ.ഡി.പി. വക മംഗലത്ത് ശ്മശാനത്തിൽ ഏതോ മൂലയിൽ ഒരു അടയാള കല്ല് കൊണ്ട് പോലും തിരിച്ചറിയപ്പെടാൻ ഇടയില്ലാതെ കത്തി അമരാൻ കാരണമെന്തെന്ന് ഇനിയും ചരിത്രകാരന്മാർ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഉത്തരം ഒന്നായിരിക്കുമെന്ന് ഉറപ്പ്. അതാണ് പാർട്ടി. അവിടെ വ്യക്തിയില്ല. പാർട്ടി മാത്രം. അത് തന്നെ ഉത്തരം.
പുസ്തകം ആദ്യാവസാനം വായിച്ച് കഴിയുമ്പോൾ ഒന്ന് മനസിലാക്കാൻ കഴിയും പത്രോസിന് പ്രായോഗിക രാഷ്ട്രീയം അറിയില്ലായിരുന്നു അഥവാ തന്റെ സിദ്ധാന്തത്തിൽ വിട്ട് വീഴ്ചയില്ലായിരുന്നു അത് കൊണ്ട് തന്നെ ഏത് കൊല കൊമ്പനായാലും യാതൊരു മടിയുമില്ലാതെ സ്വാഭിപ്രായം മുഖത്ത് നോക്കി പറഞ്ഞ് കളയുമാായിരുന്നു ഒരു മടിയുമില്ലാതെ... പലർക്കുമത് ഇഷ്ടപ്പെടാതെ വന്നതിനാൽ മറ്റുള്ളവർ ഒരു കാലത്ത് ഒളിച്ചും പാത്തും പ്രവർത്തനം നടത്തിയ അവസ്തയിൽ നിന്നും അധികാരികളെ ഭയക്കാതെ രണ്ട് കാലിൽ തന്നെ നിന്ന് പാർട്ടി പ്രവർത്തനം നടത്താൻ കഴിഞ്ഞ കാലത്ത് വിളിച്ച് കൂട്ടിയ സംസ്ഥാന കമ്മറ്റിയിൽ നിന്നും രണ്ട് കാലിൽ നിൽക്കാനാവാതെ ആണിക്കാൽ ഇഴച്ച് വലിഞ്ഞ് കൂനി നടന്ന ആ കറുത്ത് മെലിഞ്ഞ ദീർഘകായൻ ഒരു കാലത്ത് തലക്ക് വില വീണ തലക്ക് ഘനമുള്ളതും എന്നാൽ ആരുടെയും മുമ്പിൽ തല കുനിക്കാത്തതുമായ ആ സഖാവ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ആലപ്പുഴ ആറാട്ട് വഴി ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ടപ്പോൾ എന്തായിരിക്കും ആ മനസ്സിൽ അലയടിച്ചിട്ടുണ്ടാവുക എന്ന് ചിന്തിക്കുന്നത് നമ്മുടെ മനസ്സിൽ വിഷമത്തോടെ തന്നെയാണ്.
പുസ്തകത്തിൽ പലയിടങ്ങളിലും വിഷയങ്ങൾ ചുരുക്കി പ്രതിപാദിച്ച് കളഞ്ഞു. ചിലത് വസ്തുതാ വിരുദ്ധവുമാണ്. അക്രാ (അക്ബർ) എന്ന ചട്ടമ്പിയെ യൂണിയൻ അടിച്ചിട്ടു എന്നതെല്ലാം ഭാഗികമായി മാത്രമേ ശരിയുള്ളൂ എന്ന് ആലപ്പുഴ നിവാസികൾക്ക് അറിയാം. അത് പോലെ പുന്നപ്ര സമരം കേവലം പേജുകളിൽ ഒതുക്കി. പലരുടെയും റോളുകളെന്തായിരുന്നു ആരാണ് പിടിച്ചെടുത്ത തോക്കുകൾ കായലിൽ കെട്ടി താഴ്ത്തിയത് എന്നതൊക്കെ ക്യാപ്സൂൽ പരുവത്തിലാക്കി. എങ്കിലും ഒരുവിധം അന്നത്തെ പാർട്ടി പ്രവർത്തനവും തൊഴിലാളികളുടെ ദയനീയാവസ്തയും സമര മുന്നേറ്റങ്ങളും വിവരിച്ചിട്ടുണ്ട്,
164 പേജ് വില 195 രൂപാ സൈൻ ബുക്ക്സ് പ്രസിദ്ധീകരണം.
No comments:
Post a Comment