എത്ര വിരട്ടിയാലും തീയും അടുപ്പും പേടിക്കില്ലാ മോനേ!
രാത്രി പത്ത് മണി കഴിഞ്ഞാലും വേവാത്ത കഞ്ഞിക്കലത്തിന്റെ മുമ്പിൽ പരാതിയും മുക്കലും മൂളലുമായി ഇരിക്കുന്ന ഞങ്ങളുടെ തലമുറയോട് പണ്ട് ഞങ്ങളുടെ അമ്മമാർ പറഞ്ഞിരുന്ന സാദാ വാചകമായിരുന്നു മുകളിൽ കുറിച്ചത്. ഇത് ഒരിടത്ത് മാത്രമല്ല കേരളത്തിൽ മൊത്തമായി കേട്ടിരുന്ന പൊതു വാചകമായിരുന്നു.
കർഷക തൊഴിലാളിയായാലും കൂലി വേലക്കാരനായാലും ചുമട്ട് തൊഴിലാളിയായാലും ബീഡി തെറുപ്പ്കാരനായാലും അന്നത്തെ ആഹാരത്തിന്റെ സാധനങ്ങൾ വാങ്ങാൻ രാവിലെ മുതൽ അദ്ധ്വാനിച്ച് ചെയ്ത ജോലിയുടെ കൂലി വാങ്ങി വരുമ്പോൾ വൈകുന്നേരമാകും. ആഴചയിൽ കൂലി വാങ്ങുന്ന ഫാക്റ്ററി തൊഴിലാളിയും ശനിയാഴ്ച അവധി പറഞ്ഞ് കടം വാങ്ങുന്നതും അവന്റെ തൊഴിൽ സമയം കഴിഞ്ഞിട്ടായിരിക്കും.
എന്തായാലും പൈസാ കിട്ടിയാൽ ആദ്യ ഓട്ടം അരി വാങ്ങാനായിരിക്കും. ഭൂരിഭാഗവും റേഷൻ കടയെ ആശ്രയിച്ചിരുന്ന അന്നത്തെ കാലത്ത് അവിടെ വരിയായി നിന്ന് അരിയും വാങ്ങി അടുത്ത അത്യാവശ്യമായ മണ്ണെണ്ണയും വാങ്ങി ചന്തയിൽ പോയി അൻപത് പൈസാക്ക് മത്തിയും വാങ്ങി വീടണയുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടിയിരിക്കും. പിന്നെ അത് അടുപ്പിൽ കയറ്റി കത്താത്ത തീയെ ഊതി ഊതി ആളി കത്തിച്ച് എത്ര തിളച്ചാലും തവിയിൽ കോരി ഞെക്കി നോക്കുമ്പോൾ വേവാത്ത അരിയെ പഴിയും പറഞ്ഞ് അവസാനം വെന്ത് കഴിഞ്ഞ് അടുപ്പിൽ നിന്നും വാങ്ങി വെക്കുമ്പോൾ രാത്രി ഏറെ ചെന്നിരിക്കുമല്ലോ.
ഇതിനിടയിലാണ് അടുപ്പിനു ചുറ്റും വളഞ്ഞിരുന്ന് എപ്പോളാണ് ഈ നാശം വെന്തിറങ്ങുന്നതെന്ന പരാതി പറച്ചിലുമായി കഴിയുന്ന കുഞ്ഞുങ്ങൾക്ക് അമ്മ സഹി കെടുമ്പോൾ പറഞ്ഞ് കൊടുക്കുന്നത്. മോനേ! നമ്മൾ വിരട്ടിയാൽ തീയും അടുപ്പും പേടിക്കില്ല, നമ്മൾ ക്ഷമിച്ചേ പറ്റൂ എന്ന്. ആ അമ്മക്കറിയാം ഇന്നലെ ഈ നേരം കഞ്ഞി കുടിച്ചവരാണ് ഈ മക്കളെന്ന്. ഉച്ചക്ക് പള്ളിക്കൂടത്തിൽ നിന്ന് കഞ്ഞി കിട്ടിയവരും കിട്ടാത്തവരും കാണും. പക്ഷേ എന്ത് ചെയ്യാനാണ്...ഇത് വെന്തിറങ്ങിയങ്കിലേ പരിഹാരമാകൂ. ആ കാത്തിരിപ്പ് ആ തലമുറക്ക് ക്ഷമയുടെ പരിശീലനമായി മാറി എന്നത് മറ്റൊരു സത്യം.
ഇടക്കാല ആശ്വാസമെന്ന രീതിയിൽ മക്കളോട് അമിത വാൽസല്യമുള്ള അമ്മമാർ കഞ്ഞി പകുതി വേവ് ആകുമ്പോൾ കുറേ കഞ്ഞി വെള്ളവും അതിൽ അൽപ്പം വറ്റുമിട്ട് ഒരു ചട്ടിയിൽ വെച്ച് കൊടുക്കുമായിരുന്നു. ആ ഇടക്കാലാശ്വാസവും കഴിഞ്ഞ് ചിലപ്പോൾ അവിടെ തന്നെ ചരിഞ്ഞ് വീണ് ഉറങ്ങുന്ന ഇളം തലമുറക്കാരെ കഞ്ഞി വെന്ത് കഴിയുമ്പോൾ തട്ടി ഉണർത്തി പകുതി ഉറക്കത്തിലും പകുതി ഉണർച്ചയിലും വാ തുറപ്പിച്ച് ഊട്ടുന്നതും ആ പാവം അമ്മയുടെ കാരുണ്യത്തിന്റെ ബഹിർസ്ഫുരണമായിരുന്നല്ലോ.
കാലചക്രം കറങ്ങി തിരിഞ്ഞ് വന്നപ്പോൾ ദൂരത്തെവിടെയോ മരുഭൂമിയിൽ എണ്ണ കുഴിച്ചെടുത്തത് കേരളത്തിൽ കഞ്ഞി വെപ്പിന്റെ സമയ പട്ടികക്ക് മാറ്റം വരുത്തി. കൂട്ടത്തിൽ ഭരണ സംവിധാനങ്ങളും മാറി മാറി വന്നപ്പോൾ അടുപ്പും തീയും നമ്മളെ അനുസരിക്കുന്ന വിധത്തിൽ ക്ളിക്ക് എന്ന് ഞെക്കിയാൽ നീലജ്വാലകളുള്ള തീയായി മാറി പകലും രാത്രിയിലും ഉദ്ദേശിക്കുന്ന സമയം ബിരിയാണിയും ഫ്രൈഡ് റൈസും ചിക്കനും തയാറാക്കി തന്നു, ഇളയ തലമുറകളെ ഒക്കത്തിരുത്തി തിന്നു മോനേ...തിന്നു മോനേ എന്ന് അമ്മമാർ പറഞ്ഞ് വായിൽ ചെലുത്തി കയറ്റുന്ന അവസ്തയിലാക്കി.
എങ്കിലും പഴയ കാലം ഓർമയിലുള്ള വീട്ടിലെ ആക്രിയായി തീർന്ന മുതിർന്ന തലമുറ കുഞ്ഞുങ്ങളെ വിളിച്ചിരുത്തി പണ്ട് അടുപ്പിന് ചുറ്റും ചടഞ്ഞിരുന്ന കഥ പറയുമ്പോൾ “ഓ! ഈ സീനെല്ലാം ഞങ്ങൾ പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമയിൽ കണ്ടിട്ടുണ്ടല്ലോ“ എന്നും പറഞ്ഞ് അവർ റാസ്പുട്ടിൻ ഡാൻസ് കാണാൻ റ്റി.വി.യുടെ മുമ്പിൽ ചടഞ്ഞിരിക്കാൻ പോകുമല്ലോ.
No comments:
Post a Comment