പഴയ ഡയറി കുറിപ്പുകളിലൂടെ സഞ്ചരിച്ചപ്പോൾ റെയിൽ വേ കോടതിയിൽ ജോലിയിലായിരിക്കവേ ഉണ്ടായ ഒരു സംഭവത്തിന്റെ വിവരണം യാദൃശ്ചികമായി കണ്ടു. അതെന്തായിരുന്നു എന്ന് പറയുന്നതിനു മുമ്പ് ആ സംഭവത്തിനും ഏറെ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ മറ്റൊരു അനുഭവം കുറിക്കേണ്ടി വരുന്നു.
പിതാവിന്റെ സ്നേഹിതനായ ഒരു തേയില വ്യാപാരിയുടെ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ എന്റെ കൗമാര കാലത്ത് ഞാൻ പാലക്കാട് പോയിരുന്നു. പാലക്കാടെത്താൻ മാത്രം കഷ്ടിച്ച് യാത്രക്കൂലി മാത്രമേ കയ്യിൽ തരപ്പെടുത്താൻ കഴിഞ്ഞൂവെന്നുള്ളതിനാൽ ആലപ്പുഴയിൽ നിന്നും രാത്രി ബോട്ടിൽ എറുണകുളത്തെത്തി അവിടെ നിന്നും പാസ്സഞ്ചർ ട്രൈനിൽ കയറി പാലക്കാടെത്തുമ്പോൾ എന്റെ കീശ കാലിയായിരുന്നു. റെയിൽ വേ സ്റ്റേഷനിലെ പച്ചവെള്ളം കുടിച്ച് ക്ഷീണം മാറ്റി കയ്യിലുണ്ടായിരുന്ന പിതാവിന്റെ കത്തിലെ മേൽ വിലാസത്തിൽ അന്വേഷിച്ച് ചെന്നെത്തിയപ്പോൾ എനിക്ക് കാണേണ്ടിയിരുന്ന ആൾ നാട്ടിലേക്ക് പോയി എന്നറിഞ്ഞ് ഞാൻ നിരാശനായി . മറ്റ് പരിചയക്കാർ ആരെയും കണ്ടെത്താനാവാത്ത അവസ്തയിൽ ഞാൻ എങ്ങോട്ടിന്നില്ലാതെ നടന്നു. പാലക്കാട്ടെ അതി ശക്തമായ ചൂടും വീശി അടിക്കുന്ന പൊടിക്കാറ്റും എന്നെ വല്ലാതെ തളർത്തി. എന്തെങ്കിലും കൂലി വേല കണ്ടെത്തിയെങ്കിലും നാട്ടിലേക്കുള്ള വണ്ടിക്കൂലി തരപ്പെടുത്തി വീടണയണം , അതായിരുന്നു എന്റെ ലക്ഷ്യം.
നടന്ന് അവശനായി ഞാൻ ഒരു പോറ്റി ഹോട്ടലിനോട് ചേർന്ന് നിർത്തിയിരുന്ന നാരങ്ങാവെള്ളം സോഡാ വിൽപ്പന നടത്തുന്ന ഉന്ത് വണ്ടിക്കടയിലെത്തി, ഉന്ത് വണ്ടിക്കാരനോട് കുറച്ച് വെള്ളം ചോദിച്ചു. അയാൾ എന്നെ സൂക്ഷിച്ച് നോക്കിയിട്ട് ഒരു വലിയ ഗ്ളാസ്സ് നിറയെ നാരങ്ങാ വെള്ളം തന്നു. ഞാനത് ഒറ്റ ശ്വാസത്തിൽ വലിച്ച് കുടിച്ച് കഴിഞ്ഞപ്പോൾ അയാൾ ഞാൻ എവിടെ നിന്നും വരുന്നു എന്നുള്ള വിവരങ്ങൾ ആരാഞ്ഞതിനാൽ. എല്ലാ വിവരങ്ങളും അയാളോട് പറഞ്ഞു. എന്റെ സംസാരം ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ ഇരുന്ന് ഉടമസ്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുണ്ട് മാത്രം ഉടുത്ത് നെഞ്ചിലും നെറ്റിയിലും ഭസ്മം വാരി പൂശിയ പൂണൂലണിഞ്ഞ ഒരു പട്ടർ. അയാൾ ഉന്ത് വണ്ടിക്കാരനോട് വിളിച്ച് പറഞ്ഞു, “കൃഷ്ണാ. നിനക്ക് ഒരു ആള് വേലക്ക് വേണമല്ലോ ഈ പയ്യനെ പറ്റുമെങ്കിൽ എടുക്ക്....“
കൃഷ്ണേട്ടൻ ഞാൻ അയാളെ അങ്ങിനെയാണ് വിളിച്ചത്...എന്നെ കരുണയോടെ നോക്കി ചോദിച്ചു, എന്നോടൊപ്പം നിക്കാമോ ഹൊട്ടലിൽ വരുന്നവർക്ക് നാരങ്ങാ തണ്ണി വേണം സോഡാ വേണം. ലമനൈഡ് വേണം....ഓർഡർ വരുമ്പോൾ ഉള്ളിൽ കൊണ്ട് കൊടുക്കണം...ചെയ്യാമോ...?
എന്ത് ജോലി ചെയ്യാനും ഒരുക്കമായിരുന്ന എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.ഞാൻ അവിടെ നിയമിതനായി. ഉടനെ തന്നെ എന്നെ പട്ടർ അകത്ത് വിളീച്ച് ഊണ് തന്നത് ആർത്തിയോടെ ഞാൻ വാരി തിന്നു. അന്ന് രാത്രിയിലും തുടർന്നും കിടപ്പ് ഹോട്ടൽ വരാന്തയിലും മറ്റ് കാര്യങ്ങൾ മുനിസിപ്പൽ ബസ് സ്റ്റന്റിലുമായി കഴിച്ച് കൂട്ടി.
കൃഷ്ണേട്ടന് എന്റെ പ്രായത്തിൽ ഏക മകൻ ബാംഗ്ളൂരിൽ പഠിക്കുന്നുണ്ടായിരുന്നു. അതാണ് എന്നോട് ദയവ് കാട്ടാൻ കാരണം. പട്ടരുടെ താമസം കല്പാത്തിയിലും അയാളുടെ പേര് വെങ്കിടേശ്വരൻ എന്നും വിളീപ്പേര് വെങ്കിടി എന്നുമായിരുന്നു. സംസാരിക്കുമ്പോൾ ഓരോ വാക്കും പറഞ്ഞ് കഴിഞ്ഞ് എരിവ് തിന്നത് പോലെ ശ്...ശ്...എന്ന് അയാൾ ശബ്ദം ഉണ്ടാക്കും. ഈ അടയാളമാണ് അയാളെ പിന്നെ ഒരു കാലത്ത് എനിക്ക് തിരിച്ചറിയാൻ ഇടയാക്കിയത്. ആ കഥ അവസാനം പറയാം.
ഒരാഴ്ച ഞാൻ അവിടെ ജോലി ചെയ്തു. ഇതിനിടയിൽ ചായപ്പൊടി ആഫീസിൽ രണ്ട് തവണ പോയി മുതലാളി വന്നോ എന്ന് തിരക്കിയെങ്കിലും അയാൾ നാട്ടിൽ ചിക്കൻ പോക്സ് പിടി പെട്ട് കിടക്കുകയാണെന്നറിഞ്ഞതിനാൽ തിരികെ പോന്നു.
അന്ന് ഹോട്ടലിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു. നാരങ്ങാ വെള്ളത്തിന്റെയും ലമനൈഡിന്റെയും ഓർഡർ തുരുതുരാ വന്ന് കൊണ്ടിരുന്നു. ഞാൻ ട്രേയിൽ ചുവന്ന നിറത്തിലുള്ള ലമനൈഡ് നിറച്ച കുപ്പികളുമായി അകത്ത് കയറി അത് ആവശ്യക്കാർക്ക് കൊടുത്ത് കൊണ്ടിരുന്നു. അപ്പോഴാണ് ആജാനുബാഹുവായ ഒരു സ്വാമിയും പരിവാരങ്ങളും ഹോട്ടലിലേക്ക് കടന്ന് വന്നത്. വെങ്കിടി അയാളെ കണ്ട ഉടൻ ചാടി എഴുന്നേറ്റ് ആദരവോടെ നിന്ന് തൊഴുതു. കുടവയറനായ സ്വാമി തന്റെ വയറ് മേശക്ക് കീഴിലേക്ക് ഒതുക്കാൻ സാധിക്കാതിരുന്നതിനാൽ കസേരയിൽ വശം തിരിഞ്ഞിരുന്ന് ആഹാരം കഴിച്ച് കൊണ്ടിരിക്കുകയും അയാളുടെ കാൽ പുറത്തേക്ക് നീട്ടി വെക്കുകയും ചെയ്തു. ആവശ്യക്കാർക്ക് ലമനൈഡ് കൊണ്ട് കൊടുക്കുന്ന ധൃതിയിൽ ഞാൻ അയാളുടെ കാലിൽ തട്ടി മുമ്പോട്ട് വീണു. ചുവന്ന നിറത്തിലെ ലമനൈഡ് സ്വാമി ഉൾപ്പടെ പലരുടെയും ദേഹത്ത് വീഴുകയും കുപ്പികൾ വല്ലാത്ത ശബ്ദത്തോടെ പൊട്ടി തകരുകയും ചെയ്തു. ഞാൻ ഭയന്ന് നിലത്ത് നിന്നും എഴുന്നേറ്റ് വിറച്ച് നിന്നു. സ്വാമി ഇരുന്നിടത്ത് നിന്ന് പൊങ്ങി എഴുന്നേറ്റ് രൂക്ഷമായി എന്നെ നോക്കി. വെങ്കിടി ഇരിപ്പിടത്തിൽ നിന്നും പാഞ്ഞ് വന്നു സ്വാമിയോട് കേണു വീണ് പറഞ്ഞു “മന്നിക്കണം സാമീ.“ എന്നിട്ട് എന്നെ തീഷ്ണമായി നോക്കി അലറി “തേവിടിയാ മോനേ, നീ എവിടെ നോക്കിയാടാ നടക്കുന്നത്.“
ഞാൻ സ്തബ്ദനായി മിഴിച്ച് നോക്കി നിന്നു. അയാൾ വിളിച്ച തെറിയുടെ അർത്ഥം എന്റെ തലക്കകത്തേക്ക് കടന്ന് വന്നതോടെ എന്റെ അമ്മയുടെ ദയനീയ മുഖം എന്റെ മനസ്സിനെ ഉലക്കുകയും എന്റെ കാലിൽ നിന്നും അരിശം ഇരച്ച് വരുകയും ഞാൻ വെങ്കിടിയെ രൂക്ഷമായി നോക്കി “തെറി പറയല്ലേ മുതലാളീ..“ എന്ന് പറയുകയും ചെയ്തു. “തെറി പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ തെണ്ടീ...“ അയാൾ വീണ്ടും അലറി.
“നിന്റെ കുടല് ഞാൻ എടുക്കുമെടാ..പന്ന പട്ടരേ....“ എന്നും പറഞ്ഞ് താഴെക്കിടക്കുന്ന ഉടഞ്ഞ കുപ്പി ചില്ല് ഒന്ന് ഞാനെടുത്തു.
അപ്പോഴാണ് കൃഷ്ണേട്ടൻ “മോനേ വേണ്ടടാ....“ എന്ന് വിളിച്ച് കൂവി എന്നെ പുറത്തേക്ക് വലിച്ചിറക്കി കൊണ്ട് പോയത്. എല്ലാവരും എന്നെ സംഭ്രമത്തോടെ നോക്കി നിന്നു. “ഇറങ്ങി പൊക്കോണം ഇവിടെന്ന്...ഇനി ഇവിടെ കണ്ട് പോകരുത്...“വെങ്കിടി വെളിയിലേക്ക് വിരൽ ചൂണ്ടി. അലറിയപ്പോൾ ഞാൻ നാണം കെട്ട് തലയും കുനിച്ച് ഉന്ത് വണ്ടിക്ക് സമീപം പോയി നിന്നു.
മോനേ...വീണ്ടും കൃഷ്ണേട്ടൻ എന്നെ ദയനീയ സ്വരത്തിൽ വിളിച്ചപ്പോൽ എനിക്ക് ആ മനുഷ്യന്റെ നിസ്സഹായത മനസ്സിലായി.
ഞാൻ പൊയ്ക്കൊള്ളാം കൃഷ്ണേട്ടാ...എന്നും പറഞ്ഞ് ഞാൻ കുറേ ദൂരം മുമ്പോട്ട് നടന്നപ്പോൾ ആ നല്ല മനുഷ്യൻ പുറകെ ഒടി വന്ന് എന്റെ പോക്കറ്റിൽ എന്തോ വെച്ച് തന്നു. “നാട്ടിലേക്കുള്ള വണ്ടിക്കൂലിയാണ് മോനേ...ഇനി ഇവിടെ നിക്കരുത് ..ആ സ്വാമി മോശപ്പെട്ട ആളാണ് ഉടനേ സ്ഥലം വിട്ടോ.“...എന്നദ്ദേഹം എന്നോട് പിറു പിറുത്തു എന്റെ തോളിൽ തട്ടി. ഒരു മകനോടെന്ന വണ്ണം വാൽസല്യം കാണിച്ച ആ മനുഷ്യനോട് യാത്ര ചോദിച്ച് ഞാൻ തിരിച്ചു നടന്നപ്പോൾ വെങ്കിടിയോട് അതിയായ പക തോന്നി.
കുറച്ച് കാലം എന്റെ മനസ്സിൽ ഈ സംഭവം ഒരു വിങ്ങലായി അവശേഷിച്ചുവെങ്കിലും കാലം എല്ലാം മായ്ക്കുകയും മറപ്പിക്കുകയും ചെയ്യുമല്ലോ. ഈ സംഭവവും അത് പോലുള്ള പല സംഭവങ്ങളും മറക്കാൻ കാരണമാകുന്ന കാലചക്രത്തിന്റെ കറക്കം മറ്റൊരു കറക്കത്തിൽ വീണ്ടും എന്റെ മുമ്പിൽ വെങ്കിടിയെ കൊണ്ട് വരാൻ ഇടയാക്കി..
കൊല്ലം റെയിൽ വേ കോടതിയുടെ ക്യാമ്പ് സിറ്റിംഗ് അന്ന് എറുണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു. ധാരാളം കേസുകൾ ഉണ്ടായിരുന്നത് ഒരുവിധം തീർത്ത് വരവേ എന്നോട് വളരെ ഏറെ ആദരവും സ്നേഹവും കാണിക്കുന്നയാളും റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പക്ടറുമായ റോയി, ഒരു വൃദ്ധനെയും പിടിച്ചു കൊണ്ട് വന്നു ചാർജ് ഷീറ്റ് മേശപ്പുറത്ത് വെച്ചു. രണ്ട് മണി കഴിഞ്ഞതിനാൽ എന്റെ സഹപ്രവർത്തകർ ആ ഹാളിൽ തന്നെ ഒരു ഭാഗത്തിരുന്ന് ഉണ്ട് കൊണ്ടിരിക്കുകയായിരുന്നു. അന്ന് റമദാൻ വൃതം ആയിരുന്നതിനാൽ ഭക്ഷണം കഴിക്കാതെ ഞാൻ അൽപ്പം വിശ്രമത്തിൽ ഇരിക്കുമ്പോഴാണ് റോയി വൃദ്ധനെയും കൊണ്ട് വന്നത്. കേസുകൾ ഇനിയും തീരാനുണ്ടായിരുന്നതിനാൽ പുതിയ ഒരെണ്ണവുമായി വന്ന റോയിയോട് ഞാൻ അൽപ്പം ഈർഷ്യയോട് ചോദിച്ചു, “ തനിക്ക് ഇപ്പോഴാണോ ഈ കേസുമായി വരാൻ സമയം കണ്ടത്...?
“സ്റ്റേഷൻ മാസ്റ്റർ പരാതി തന്നത് കൊണ്ടാണ്സർ ഇയാളെ പിടിച്ചത്..“ എന്ന് റോയി വിനയത്തൊടെ അറിയിച്ചു. ഞാൻ ചാർജ് ഷീറ്റിലെ കുറ്റകൃത്യ ഭാഗം ഓടിച്ച് നോക്കി. “റെയിൽ വേ പരിസരത്ത് അനധികൃതമായി പ്രവേശിക്കുകയും സ്ത്രീകൾക്ക് മാത്രമായുള്ള വിശ്രമ മുറിയിൽ കയറി കുറ്റകരമായ രീതിയിൽ ശല്യമുണ്ടാക്കി “ എന്നും മറ്റും സാധാരണ പോലീസ് ഭാഷ്യം അതിൽ കാണിച്ചിട്ടുണ്ട്.
“അയാളെ ഇറക്കി വിട്ടാൽ പോരായിരുന്നോ റോയീ....അതിനുമൊരു കേസും ഫയലും....“ ഞാൻ എന്റെ അതൃപ്തി അറിയിച്ചപ്പോൾ റോയി പറഞ്ഞു.
“സർ, അയാൾ അവിടെ തറയിൽ നീണ്ട് നിവർന്ന് കിടന്ന് ഉറങ്ങുകയായിരുന്നു, തുണിയൊന്നും സ്ഥാനത്തില്ലായിരുന്നു. പെണ്ണുങ്ങൾ ചെന്ന് സ്റ്റേഷൻ മാസ്റ്ററോട് പരാതി പറഞ്ഞപ്പോൾ സ്റ്റേഷനിൽ ഞങ്ങളെ അറിയിച്ച് അവിടെ വരുത്തി അയാളെ എഴുന്നേൽപ്പിച്ചു. ചോദ്യം ചെയ്തതിൽ അയാൾക്ക് പാലക്കാട് പോകണമെന്നും ജോലി തിരക്കി വന്നതാണെന്നും പൈസാ ഒന്നുമില്ലെന്നും ആഹാരം കഴിച്ചിട്ട് രണ്ട് ദിവസമായെന്നും പറഞ്ഞു, ഇറക്കി വിട്ടാൽ വീണ്ടും കയറി വരും, ഇവിടെ ഹാജരാക്കി പിഴ ഒടുക്കാതെ വരുമ്പോൾ 15 ദിവസം ജയിലിൽ പോയി കിടന്ന് സമയത്ത് ആഹാരം ലഭിക്കുമല്ലോ....“ റോയി എളുപ്പമാർഗത്തിൽ കണക്ക് ക്രിയ ചെയ്തു കാട്ടി.
അയാൾ അപ്പോഴും സഹപ്രവർത്തകർ ആഹാരം കഴിക്കുന്നിടത്തെക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു. ഞാൻ കുറ്റ കൃത്യ ഭാഗം വായിച്ച് കേൾപ്പിച്ച് അതിൽ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു.
“ ക്യാന്റീനിൽ ജോലി തെരക്കി വന്നതാ....ജോലി കിട്ടീല്ലാ... അവിടെ പോയി കിടന്നു, വിശപ്പ് കൊണ്ട് ഉറങ്ങി പോയി..ടിക്കറ്റ് എടുത്തിട്ടില്ല....പാലക്കാട് പോകണം കൽപ്പാത്തിയിൽ പോയി കുഞ്ഞുങ്ങളെ കാണണം....വിശക്കുകേം ചെയ്യുന്നു...“.അയാൾ പിന്നെയും ആഹാരം കഴിക്കുന്നിടത്തെക്ക് കൊതിയോടെ നോക്കി നിന്നു. ഇത്രയും കാര്യങ്ങൾ പറയുന്നതിനിടയിൽ അയാൾ രണ്ട് മൂന്ന് തവണ എരിവ് തിന്നത് പോലെ ശ്...ശ്...എന്ന് ശബ്ദമുണ്ടാക്കി.
തിരിച്ചറിവിന്റെ സ്ഫോടനം ആ ശ്...ശ്...ശബ്ദം എന്റെ ഉള്ളിലുണ്ടാക്കി. പെട്ടെന്ന് ഞാൻ ചാർജ് ഷീറ്റെടുത്ത് പ്രതിയുടെ പേര് നോക്കി. “വെങ്കിടി എന്ന് വിളിക്കുന്ന വെങ്കിടേഷ് “ ഒരു കാലത്ത് ഏറെ പകയോടെ ഞാൻ ഓർമ്മിച്ചിരുന്ന പേര്. മനസ്സിലേക്ക് ആ കൗമാരക്കാരൻ കടന്ന് വന്നു.അന്നത്തെ രംഗങ്ങൾ നിറപ്പകിട്ടോടെ എന്റെ മുമ്പിൽ നിരത്തി വെച്ചുവല്ലോ. ഞാൻ നിശ്ശബ്ദനായി. അയാൾ അപ്പോഴും ആഹാരം കഴിക്കുന്നിടത്തേക്ക് നോക്കുകയും അയാളുടെ തൊണ്ടയിലെ മുഴ മുകളിലേക്കും താഴേക്കും കയറി ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.
“ഒരുകാലത്ത് പാലക്കാട് വലിയ ഹോട്ടൽ നടത്തിയതാണെന്നാ പറഞ്ഞ് കേട്ടത്....റോയി പറയാൻ ആരംഭിച്ചപ്പോൽ ഞാൻ കൈ കൊണ്ട് തടഞ്ഞു . “വേണ്ടാ ചരിത്രമൊന്നും വേണ്ടാ....“
അപ്പോഴേക്കും സഹപ്രവർത്തകർ വന്നു, ചാർജ് ഫയലിൽ സ്വീകരിച്ചു, പ്രതിയോടുള്ള ചോദ്യോത്തരങ്ങൾ രേഖപ്പെടുത്തി ഞാൻ അൽപ്പ നേരം മനസ്സിനെ നിയന്ത്രിച്ചു. പിന്നീട് ഉത്തരവ് എഴുതി. “പ്രായവും അവശതയും കണക്കിലെടുത്ത് കോടതി പിരിയുന്നത് വരെ തടവ്...പിഴ ആവശ്യമില്ല...“
ഉദ്ദേശിച്ചത് പോലെ ജെയിലിൽ അടക്കാൻ ഉത്തരവ് കിട്ടാത്ത നിരാശ മുഖത്ത് പേറി നിൽക്കുന്ന റോയിയെ വിളിച്ച് വെങ്കിടിയെ കോടതി ഹാളിന്റെ മൂലയിലേക്ക് മാറ്റി നിർത്താൻ പറഞ്ഞു. എന്റെ പോക്കറ്റിൽ നിന്നും നോട്ടുകളെടുത്ത് റോയിയുടെ കയ്യിൽ കൊടുക്കുകയും അയാൾക്ക് ആഹാരം വാങ്ങി കൊടുക്കാനും പാലക്കാടേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാനും ഏർപ്പാടാക്കി.
റോയി പരിഭ്രമത്തൊടെ തടസ്സം പറഞ്ഞു, “സർ, ഞാൻ ആഹാരം വാങ്ങി കൊടുത്തോളാം...സാറിന്റെ കയ്യിൽ നിന്നും പൈസ്സാ.ചെലവാക്കി...“
“വേണ്ടെടോ.താൻ ചെലവാക്കണ്ടാ ഈ പൈസാ..ഞാൻ അറിഞ്ഞ് കൊടുക്കുകയാണ്...റമദാൻ വൃത കാലമല്ലേ...പട്ടിണി കിടക്കുന്നവന് ആഹാരം വാങ്ങി കൊടുക്കണം, അല്ലെങ്കിൽ പിന്നെ ഞാൻ നോമ്പെടുത്തിട്ട് ഫലമെന്ത്....“
“ഓ! അതാണല്ലേ...!!! റോയിയുടെ മുഖത്ത് സമാധാനമായി .
ഞാൻ അയാളെ അറിയുമെന്നും എന്റെ ജീവിതത്തിൽ അയാളുമായുണ്ടായ പഴയ അനുഭവങ്ങളും ഞാനെങ്ങിനെ റോയിയോടോ എന്റെ സഹപ്രവർത്തകരോടോ പറയും. “റമദാൻ വൃതമായത് കൊണ്ട്“ എന്ന് തന്നെ യുക്തമായ മറുപടി.
കുറേ നേരം കഴിഞ്ഞ് കോടതി പിരിഞ്ഞപ്പോൾ വെങ്കിടിയെ പറഞ്ഞ് വിട്ടു. എന്റെ മുമ്പിലൂടെ കടന്ന് പോയപ്പോൾ അയാൾ താഴ്മയോടെ തൊഴുതു. ഞാൻ ആരായിരുന്നെന്നും പണ്ട് അയാൾ എന്നോട് കാണീച്ചത് ഓർമ്മപ്പെടുത്താനും അയാൾ എങ്ങിനെ ഈ നിലയിലെത്തിയെന്ന് ആരായാനും എന്റെ കൃഷ്ണേട്ടന്റെ സ്ഥിതി എന്തെന്നും എല്ലാം അയാളോട് ചോദിക്കാൻ എന്റെ ഉള്ളിലിരുന്ന് ആ പഴയ കൗമാരക്കാരൻ മുറവിളി കൂട്ടി. പക്ഷേ ഞാൻ ഇരിക്കുന്ന സീറ്റിന്റെ നിലയും വിലയും എന്നെ നിശ്ശബ്ദനാക്കി.
ഭൂതകാലത്തെ പലരും പലപ്പോഴും എന്റെ മുമ്പിൽ വരുകയും ചിലപ്പോൾ ഞാൻ അവരെ തിരിച്ചറിഞ്ഞ് സൗഹൃദത്തോടെ ഇടപെടുകയും ചിലരെ ചിലപ്പോൾ അറിയാതിരിക്കുകയും പലപ്പോഴും സംഭവിക്കാറുള്ളതാണല്ലോ.
വൈകുന്നേരം ഞാൻ കൊല്ലത്തേക്ക് തിരിക്കാൻ ഫ്ളാറ്റ് ഫോമിലൂടെ നടന്ന് പോകുമ്പോൾ വടക്കോട്ട് പോകാൻ തയാറായി നിൽക്കുന്ന ഒരു ട്രൈനിന്റെ ജനൽ ഭാഗത്ത് വായും തുറന്നിരുന്ന് ഉറങ്ങുന്ന വെങ്കിടിയെയും ജനലിന് പുറത്ത് നിൽക്കുന്ന റോയിയെയും കണ്ടു.
വർഷങ്ങൾക്ക് ശേഷം ഇന്ന് എന്റെ പഴയ ഡയറി താളിൽ നിന്നും വെങ്കിടി പുറത്ത് വന്ന് ശ്...ശ്...എന്ന് ശബ്ദമുണ്ടാക്കിയപ്പോൾ ഈ ഓർമ്മകൾ ഒരു പോസ്റ്റാക്കാമെന്ന് കരുതി.
അതിനോടൊപ്പം എനിക്ക് പ്രിയപ്പെട്ടവനായ സബ് ഇൻസ്പക്ടർ റോയി ആലുവായിൽ ജോലിയിൽ ആയിരിക്കവേ ഈ ലോകത്തെ ഡ്യൂട്ടി മതിയാക്കി വിട പറഞ്ഞു എന്നുള്ള കാര്യവും കുറിച്ച് കൊള്ളട്ടെ....
No comments:
Post a Comment