കൊട്ടാരക്കര സബ് കോടതിയിൽ ഞാൻ അന്ന് ജോലിക്ക് കയറുമ്പോൾ അവിടെ ആകെ 44 ജീവനക്കാരുള്ളതിൽ ഞാൻ മാത്രം മുസ്ലിമായുണ്ട്.ബാക്കി എല്ലാവരും വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരായിരുന്നു. ഈ അവസ്ഥ വളരെ നാൾ വരെ നീണ്ട് നിന്നിരുന്നു. ഞാൻ മാത്രം ഇസ്ലാം മത വിഭാഗത്തിൽ പെട്ടവനായത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല.മറിച്ച് അവരെല്ലാം എന്നോട് സ്നേഹത്തിൽ വർത്തിച്ചു എന്ന് മാത്രമല്ല, അത് ഒരൽപ്പം കൂടുതലായുണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. ഞാനും അവരോട് യാതൊരു വ്യത്യാസവും കാണിക്കാതെ പെരുമാറി. എനിക്കോ അവർക്കോ വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരാണ് ഞങ്ങളെന്ന് തോന്നേണ്ട ഒരു കാരണവും അവിടില്ലായിരുന്നു.
ഉച്ച ഭക്ഷണത്തിന് ഹോട്ടലിലോ വീടുകളിലോ പോകാത്തവർ അവരുടെ ആഹാരം വീടുകളിൽ നിന്നും പാത്രങ്ങളിലും ഇലയിൽ പൊതിഞ്ഞു കൊണ്ടും വരുമായിരുന്നു.. ഞാനും എന്റെ ഭക്ഷണം പൊതിഞ്ഞ് കൊണ്ട് വരും. ഹലാലും ഹറാമും നോക്കാതെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഉച്ചക്ക് കഴിക്കും. സ്റ്റീഫൻ സാറും, തമ്പി സാറും, ഗോപാലൻ സാറും, പിൽ കാലത്ത് സുരേഷും, വേണുവും മോഹനനും ജോസെഫും, ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് തന്നെ ഉണ്ണുക മാത്രമല്ല, ഞങ്ങളുടെ വിഭവങ്ങൾ പരസ്പരം പങ്ക് വെച്ച് കഴിക്കുകയും ചെയ്യും. അങ്ങിനെ എല്ലാവരുടെ മുമ്പിലും എല്ലാ വിഭവങ്ങളും നിരക്കുകയും ചെയ്യും. ഇറച്ചി അപൂർവത്തിൽ അപൂർവമായിരുന്നു. സ്റ്റീഫൻ സർ ചിലപ്പോൾ ചോദിക്കും, എടേയ് ആ താത്ത അൽപ്പം കോഴിക്കാലെല്ലാം വറുത്ത് തന്നു വിടേണ്ടേ....? അതിന് തമ്പി സാർ മറുപടി പറയും “ ഈ സാർ വാങ്ങി കൊണ്ട് കൊടുത്താലല്ലേ അവർ പൊരിച്ച് കൊടുത്ത് വിടുകയുള്ളൂ..ഇദ്ദേഹം അറു പിശുക്കനാ....“ ഇങ്ങിനെ ഒരു കുടുംബത്തിലെ അംഗങ്ങൾ പോലെ ഞങ്ങൾ തമാശ പറഞ്ഞും രസിച്ചും കഴിഞ്ഞ് വന്നു..
പുനലൂർ കുറേ കാലം ജോലി നോക്കിയ കാലഘട്ടത്തിലും ഇത് തന്നെ അവസ്ഥ. അവിടെ ജലാലുദ്ദീൻ എന്ന ഒരു ടൈപിസ്റ്റ് കൂടി കാക്കാ ആയുണ്ട്. അവിടെയും ഞങ്ങൾ കമ്പനികൂടിയാണ് ആഹാരം കഴിക്കുന്നത്. ഇപ്പോൾ മുഖ പുസ്തകത്തിൽ സജീവമായുള്ള സജിയും അശോകനും മറ്റും അന്ന് അവിടെ എന്നോടൊപ്പം ജോലി ചെയ്തിരുന്നു, ഞങ്ങൾ ഒരുമിച്ചായിരുന്നു ആഹാരം കഴിച്ചിരുന്നത്. ഞങ്ങളെല്ലാം അവിടെയും ഏകോദര സഹോദരന്മാരെ പോലെ കഴിഞ്ഞു വന്നു.
അന്ന് നാട്ടിലും ഇത് തന്നെ അവസ്ഥ. പരസ്പരം സൗഹൃദത്തോടും സാഹോദര്യത്തോടും ആളുകൾ കഴിഞ്ഞിരുന്നല്ലോ.. അന്നും പള്ളിയും അമ്പലവും ചർച്ചുമെല്ലാം ഉണ്ട്. പള്ളീയിൽ നിർബന്ധമായി പോയി നമസ്കരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൂട്ടുകാരെല്ലാം അമ്പലങ്ങളിലും ചർച്ചിലും പോയി പ്രാർത്ഥിക്കുന്നവരാണ്. അന്നും മത സംഘടനകളും അവരുടെ പ്രവർത്തനങ്ങളും ഉണ്ട്. പക്ഷേ മനുഷ്യരുടെ ഇടയിൽ മത വൈരംസൃഷ്ടിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല, ഇനി അഥവാ അവർ ശ്രമിച്ചാൽ തന്നെ ജനങ്ങളുടെ ഇടയിൽ അത് ചെലവാകുകയുമില്ലായിരുന്നല്ലോ. മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളെ പോലെ ഈ കൊച്ച് കേരളത്തിൽ കഴിഞ്ഞ് വന്ന സുന്ദര സുരഭില കാലഘട്ടമായിരുന്നത്.
ഇതിത്രയും വിവരിച്ചത് ഇന്നത്തെ കാലഘട്ടത്തിലെ മത വെറിയും മത സ്പർദ്ധയും പറയുവാനാണ്. ഈ അടുത്ത കാലത്തായി അതൽപ്പം വർദ്ധിച്ചിരിക്കുന്നു. നമുക്കാവശ്യമുള്ളതും അവകാശപ്പെട്ടതും നിർബന്ധമായും ചോദിച്ച് വാങ്ങണം. പക്ഷേ അത് മറ്റുള്ളവർക്ക് കൊടുക്കുന്നതെന്തിന് എന്ന പ്രതികരണമാണ്` വർഗീയത എന്ന് പറയുന്നത്. നമുക്ക് കിട്ടാനുള്ളതെടുത്താണ് മറ്റവന് കൊടുക്കുന്നതെന്ന് പറയുമ്പോൾ ആവശ്യമില്ലതെ ജനങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാകുന്ന കാഴ്ചയാണ് ഇപ്പോൾ ഇവിടുള്ളത്. അത് സമുദായങ്ങൾക്കിടയിൽ വലിയ നാശം ഉളവാക്കും. അന്യോന്യം ശത്രുത വർദ്ധിക്കും. നാട്ടിലെ സമാധാനം പോകും.
ആരാണ് ഈ വിഷ വിത്ത് ഈ മണ്ണിൽ പാകിയത്. മുളയിലേ ഈ പ്രവണത നുള്ളിക്കളഞ്ഞിലെങ്കിൽ ഉത്തരേന്ത്യൻ മോഡലാകും നമ്മുടെ മനോജ്ഞ സുന്ദരമായ കേരളം.
ഉണർന്ന് ചിന്തിക്കുക, കാര്യങ്ങൾ മനസ്സിലാക്കി നാട്ടിലെ സമാധാനവും ശാന്തിയും തിരികെ പിടിക്കുക, അതാണ്` ഏവർക്കും നല്ലത്.
No comments:
Post a Comment