സക്കര്യാ ബസാറിലെ പ്രമുഖനായ ചായക്കടക്കാരനായിരുന്നു അബുദുൽ റഹീം ഇക്കാ. അസാമാന്യ വലിപ്പമുള്ള കുടവയറിന്റെ ഉടമസ്ഥനായ റഹീമിക്ക, കൗണ്ടറിന് പുറകിലുള്ള കസേരയിൽ നിറഞ്ഞിരുന്ന് പൈസാ വാങ്ങുകയും വന്ന് പോകുന്നവരെ സസൂക്ഷമം ശ്രദ്ധിക്കുകയും ചെയ്യും. രുചികരമായ അപ്പവും മട്ടൻ കുറുമയും ബീഫ് റോസ്റ്റും മറ്റ് എണ്ണപ്പലഹാരങ്ങളും ലഭ്യമാകുമെന്നതിനാൽ കടയിൽ എപ്പോഴും തിരക്കുമായിരുന്നല്ലോ. മാത്രമല്ല, പുര കെട്ടി മേയാനുള്ള തെങ്ങോല മെടഞ്ഞതിന്റെ കച്ചവടവും അയാൾക്കുണ്ടായിരുന്നു. ഓലക്കെട്ടുകൾ കടയുടെ എതിർവശത്ത് സൂക്ഷിച്ചിരുന്നു.
പലപ്പോഴും ഞാൻ ആ കടയിൽ പോകാറുണ്ട്. ഞങ്ങളെ പോറ്റാൻ വേണ്ടിയുള്ള തത്രപ്പാടിൽ വാപ്പാ പലപ്പോഴും ആഹാരം കഴിക്കാതിരിക്കുന്നതിനാൽ വാപ്പാക്ക് ചിലപ്പോഴെക്കെ വയറ് വേദന വരും അപ്പോഴൊക്കെ റഹീമിക്കായുടെ കടയിൽ എന്നെ അയച്ച് ചൂട് പാലും വെള്ളവും (വെള്ള ചായ) വാങ്ങി കഴിക്കും. ചൂട് വെള്ളം സൗജന്യമായി വാങ്ങുന്നതിന് മടിച്ച് പകരമാണ് വാപ്പാ അന്ന് പത്ത് പൈസാ വിലയുള്ള പാലും വെള്ളം വാങ്ങുന്നത്. അത് ഒരു അലൂമിനിയം തൂക്ക് പാത്രത്തിൽ ഞാൻ ചായക്കടയിൽ പോയി വാങ്ങിക്കൊണ്ട് വരുമായിരുന്നു. മാത്രമല്ല, എനിക്കേറ്റവും ഇഷ്ടപ്പെട്ടതും വിലകുറഞ്ഞതും എന്നാൽ വയറ് നിറക്കുന്നതുമായ ഉണ്ട (ചിലയിടങ്ങളിൽ ഇതിനെ ഗുണ്ട് എന്ന് വിളിക്കപ്പെടുന്നു) വാങ്ങാൻ ഞാൻ അവിടെ പോകുമായിരുന്നു. 10 പൈസാക്ക് രണ്ടെണ്ണം കിട്ടും. അതിൽ മൊരിഞ്ഞ് പൊട്ടിയ രണ്ടെണ്ണം ഞാൻ തെരഞ്ഞെടുക്കുന്നത്, പലപ്പോഴും മുതലാളി ശ്രദ്ധിക്കുന്നു എന്നെനിക്കറിയാമായിരുന്നു. ആ കാലത്തെ എന്റെ ഉച്ച ആഹാരം പലപ്പോഴും ആ ഉണ്ട ആയിരുന്നല്ലോ.
അന്നൊരു ദിവസം എന്റെ ഉച്ച ഭക്ഷണത്തിന് ഉണ്ട വാങ്ങാൻ 10 പൈസാ കിട്ടിയില്ല. വിശപ്പ് കാരണം എനിക്കന്നൊരു കുരുത്തക്കേട് തോന്നി, വാപ്പാക്ക് പാലും വെള്ളം തൂക്ക് പാത്രത്തിൽ വാങ്ങിയിട്ട് അതിന്റെ പൈസാ കൗണ്ടറിൽ കൊടുക്കാതെ പാത്രവും തൂക്കി കൗണ്ടറിലെ ആൾ തിരക്കിനിടയിലൂടെ വശം ചേർന്ന് പുറത്തേക്കിറങ്ങിയപ്പോൾ റഹീമിക്കാ വിളിച്ചു, “എടാ മോനേ! ഇങ്ങ് വന്നേയ്....“ കുറ്റം കയ്യോടെ പിടിച്ചതിനാൽ ഞാൻ വിറച്ചും കൊണ്ട് കൗണ്ടറിലെത്തി.
“പൈസ്സാ തരാൻ മറന്ന് പോയല്ലേ...മോനേ... ? അയാൾ ചോദിച്ചു. ഞാൻ സൈക്കിളിൽ നിന്നു വീണിട്ട് എഴുന്നേറ്റ് വരുമ്പോൾ മുഖത്ത് വരുത്തുന്ന ഇളിഭ്യ ചിരിയോടെ , “മറന്ന് പോയി ഇക്കാ...“ എന്ന് പറഞ്ഞ് നിക്കറിന്റെ പോക്കറ്റിൽ നിന്നും പൈസാ എടുത്ത് കൊടുത്തു.
“ നീ പള്ളിക്കൂടത്തിൽ പഠിക്കുന്നവനല്ലേ മറവി നല്ലതല്ലേ മോനേ..ശരി..ശരി..പൊയ്ക്കോ.“ എന്ന് അയാൾ മുരണ്ടപ്പോൾ ഞാൻ നാണം കെട്ട് അവിടെന്ന് ഇറങ്ങി പോയി. പിന്നീട് ഞാൻ അവിടെ പോയ ദിവസങ്ങളിൽ പാലും വെള്ളമോ ഉണ്ടയോ വാങ്ങുന്നതിനായി പൈസാ മുൻ കൂറായി കൗണ്ടറിൽ വെച്ച് അകത്ത് പോയി അത് വാങ്ങി തിരികെ വരും. അപ്പോഴൊക്കെ റഹീമിക്ക, എന്നെ സൂക്ഷിച്ച് നോക്കും. പഴയ നാണക്കേടോർത്ത് ഞാൻ തലയും കുനിച്ച് ഇറങ്ങി വരും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം പാലും വെള്ളത്തിന്റെ വില മുൻ കൂറായി കൗണ്ടറിൽ വെച്ചിട്ട് “ഒരു പാലും വെള്ളം“ എന്നും പറഞ്ഞ് ഞാൻ അകത്ത് പോയി അത് വാങ്ങി തിരികെ വരുമ്പോൾ കൗണ്ടറിലിരുന്ന് റഹീമിക്കാ ചോദിച്ചു, പൈസാ എവിടെ മോനേ...?
ഞാൻ അന്തം വിട്ട് പറഞ്ഞു, “പടച്ചോനാണെ മുത്ത് നബിയാണെ, ഞാൻ പൈസാ ആദ്യം ഇവിടെ തന്നിട്ടാണ് അകത്ത് പോയത്....“
“പാലും വെള്ളം നിനക്കല്ലേ തന്നത്, പടച്ചോനും മുത്ത് നബിക്കൊന്നുമല്ലല്ലോ...“
ഞാൻ പൈസാ കൊടുത്ത കാര്യം അയാൾ മറന്നതായിരിക്കും എന്ന് എനിക്ക് തോന്നി. വല്ലാത്ത പരിഭ്രമത്തോടെ ഞാൻ നാല് പാടും നോക്കി. അപ്പോഴാണ് ഞാൻ ആ മനുഷ്യനെ കണ്ടത്. ഞാൻ പൈസാ കൗണ്ടറിൽ വെച്ച് അകത്ത് പോകുന്നത് അയാൾ കണ്ടിരുന്നു, കുറേ നേരമായി അയാൾ അവിടെ നിൽക്കുകയാണെന്ന് തോന്നി. എനിക്കയാളെ അറിയാം. ഷാഫിക്കോയായുടെ പള്ളിയിലേക്ക് പോകുന്നവഴി ഇടവഴിയുടെ ഓരത്ത് ഒരു കൂരയിലാണ്` അയാൾ താമസം. അയാളുടെ പേര് സെയ്തു. അയാളുടെ മകൻ എന്നോടൊപ്പം പഠിക്കുന്നുണ്ട്. “ഈ സെയ്തു ഇക്കാ, ഞാൻ പൈസാ വെക്കുന്നത് കണ്ടു...“ ഞാൻ വിക്കി വിക്കി റഹീമിക്കായോട് പറഞ്ഞു.
“ആ ഇക്കാ...ഈ ഇക്കാ...ഇതൊന്നുമെനിക്ക് കേൾക്കേണ്ടാ, നീ പൈസാ തന്നോ എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ....അതിന് നാട്ടിൽ കിടക്കുന്നവരെ എല്ലാം സാക്ഷി ആക്കുന്നതെന്തിന് ? ങാ, നീയെന്തിനാ സെയ്തേ കുറേ നേരമായി ഇവിടെ കുന്തം നാട്ടിയത് പോലെ നിക്കണ്....കാര്യം പറ.. എടാ മോനേ നീ അങ്ങോട്ട് മാറി നില്ല്.“
എനിക്ക് വല്ലാത്ത പ്രയാസം തോന്നി, വിശപ്പിന്റെ കാഠിന്യത്താൽ അന്നൊരിക്കൽ അബദ്ധം സംഭവിച്ചു, അതിന് എന്നും നാണക്കേടാക്കണോ....?!‘ എനിക്ക് കരയണമെന്ന് തോന്നി, ഞാൻ വിക്കി വിക്കി പറഞ്ഞു, പാലും വെള്ളം തണുത്ത് പോകുന്നു, വാപ്പാക്ക് ചൂട് വേണം...“
“ശ്ശെടാ, നീ ഒന്നടങ്ങടാ...ഈ സെയ്തിനെന്താ വേണ്ടതെന്ന് ചോദിക്കട്ടെ...“
സെയ്ത് മുമ്പോട്ട് വന്ന് റഹീമിക്കായെ ഭവ്യതയോടെ നോക്കി പതുക്കെ പറഞ്ഞു. ഇക്കാ, പുര കെട്ടി മേഞ്ഞിട്ടില്ല, .....“
പറഞ്ഞ് പൂർത്തീകരിക്കുന്നതിന് മുമ്പ് റഹീമിക്കാ ചോദിച്ചു, “എന്താ, ഞാൻ പുരപ്പുറത്ത് കയറി മേഞ്ഞ് തരണോ...?
അയാൾ കുട വയറുമായി പുരപ്പുറത്ത് കയറുന്നതെങ്ങിനെയെന്ന് ഞാൻ ചിന്തിച്ചു.
“ അതല്ലാ ഇക്കാ....എനിക്ക് കുറേ ഓല തരണം, അടുത്ത മാസം ചിട്ടി പൈസാ കിട്ടുമ്പോൾ കൊണ്ട് തരാം...., തീരെ നിവർത്തിയില്ലാഞ്ഞിട്ടാ...മഴ വീണാൽ ഒരു തുള്ളി പുറത്ത് പോവില്ല, ആ അവസ്ഥയാ..ഇക്കാ...ഒന്ന് സഹായിക്കിക്കാ....“
“പിന്നേയ്...നിന്റെ വാപ്പാ സമ്പാദിച്ച് തന്നിരിക്കുകയല്ലേ ഇവിടെ....നീ ചോദിക്കുമ്പോഴൊക്കെ ഓല തരാൻ....“കുട വയറൻ മുരണ്ടു. എന്നിട്ട് ഒരു ദയവുമില്ലാതെ പറഞ്ഞു, പോ..പോ...വീട്ടീൽ പോടാ...അവിടെ ഓല മലക്കുകൾ കൊണ്ട് വരും..പോടാ..പോടാ.“ സെയ്തിന്റെ മുഖം വല്ലാതായി, അയാളുടെ കണ്ണിൽ വെള്ളം നിറഞ്ഞു, ആ നിസ്സാഹയതയിൽ അയാളുടെ ക്രോധം ആളിക്കത്തി...അയാൾ അലറി..“ എടാ പന്നീ...കുടവയറൻ തെണ്ടീ... നീ ചാവുമ്പോൾ ഓലക്കെട്ടും തലയിൽ ചുമന്ന് പോകുമോടാ മരമാക്രീ.. മരപ്പട്ടീ.... പാവപ്പെട്ടവന്റെ ദണ്ഡം നിനക്കറിയില്ലെടാ...തടിയൻ ഹിമാറേ... ദാ ഈ കൊച്ച് ചെറുക്കന്റെ പത്ത് പൈസാ വാങ്ങി മേശയിലിട്ടിട്ടല്ലേ ആ കൊച്ചനെ പിടിച്ച് നിർത്തിയിരിക്കുന്നത്.“
എനിക്കതങ്ങ് ഇഷ്ടപ്പെട്ടു...പാലും വെള്ളം തണുക്കുന്നതും വാപ്പാ കാത്തിരിക്കുന്നതുമെല്ലാം ഞാൻ മറന്നു, അവിടെ നടക്കുന്ന ബഹളത്തിൽ രസം പിടിച്ച് ഞാൻ നിന്നു. റഹീമിക്കാക്ക് ഒരു കുലുക്കവുമില്ല, ഇതെല്ലാം കേട്ടിട്ട് അയാൽ തല കുലുക്കി താളം പിടിച്ച് രസിക്കുന്നത് കണ്ടപ്പോൾ എനിക്കതിശയം തോന്നി. അപ്പോഴാണ് സെയ്തിന്റെ മകൻ എന്റെ സഹപാഠി അവിടെ ഓടി വന്ന് അവന്റെ വാപ്പായോട് ചെവിയിൽ എന്തോ പറഞ്ഞത്.
സെയ്ത് അന്തം വിട്ട് നിന്നു. അയാൾ വല്ലാതെ വിളറി. എന്ത് കൊണ്ടോ അയാളുടെ മുഖം കുനിഞ്ഞു. റഹീമിക്കാ ചോദിച്ചു, “എന്തെടാ നിർത്തിയത് സെയ്തേ...ഒന്നു കൂടി വിളിക്ക്, എന്തെല്ലാമാണ് സംഗതികൾ കുടവയറൻ തെണ്ടീ...മരപ്പട്ടീ മരമാക്രീ...തടിയൻ ഹിമാറേ......“ റഹീമിക്കാ കുലുങ്ങി ചിരിച്ചു. കാര്യമെന്തെന്നറിയാതെ ഞാനും അവിടെ കൂടി നിന്നവരും കണ്ണും മിഴിച്ചു നിന്നു.
“എടാ നീ ഇവിടെ കുന്തം പോലെ നിന്നപ്പോഴേ ഓല ചോയിക്കാനാണെന്ന് എനിക്കറിയാമായിരുന്നു, നിന്റെ പുരയുടെ മോളിൽ ഈർക്കിലി മാത്രമേ ഉള്ളൂ എന്ന് പള്ളിയിൽ പോകുമ്പോൾ ഞാൻ കാണുന്നതല്ലേ? അത് കൊണ്ട് ഞാൻ അപ്പോൽ തന്നെ ഓല കൊടുത്ത് വിട്ടിരുന്നു, നീ അപ്പോളവിടില്ലായിരുന്നു സെയ്തേ...“
“പിന്നെന്തിനാ ഇക്കാ, ഞാൻ ഓല ചോദിച്ചപ്പോൾ നിങ്ങൾ ഇല്ലാ എന്ന് പറഞ്ഞത് “
“ എടാ ഹമുക്കേ! ഞാൻ പറഞ്ഞത് ഓല മലക്കുകൾ അവിടെ കൊണ്ട് വന്ന് തരുമെന്നാണ്...പിന്നെ, ഞാൻ ഓല തന്നില്ലെങ്കിൽ നീ എന്നെ എന്തെല്ലാം പറയുമെന്നറിയേണ്ടേ മോനേ... എന്തെല്ലാമാണ് എന്റെ പേര് , മര മാക്രീ...മരപ്പട്ടീ...കുടവയറൻ തെണ്ടീ...... റഹീമിക്കാ കുലുങ്ങി കുലുങ്ങി ചിരിച്ചു.
സെയ്തിന്റെ മുഖത്ത് ചോര മയം ഇല്ല. ഞാൻ അന്തം വിട്ട് നിന്നു. അപ്പോൾ ആ സമയത്താണ് ഉണ്ട പൊരിച്ചത് ഒരു കുട്ടയിൽ കൊണ്ട് വന്ന് ജോലിക്കാരൻ അലമാരിയിൽ അടുക്കി വെച്ചത്. അയാളോടെ റഹീമിക്കാ പറഞ്ഞു.
“എടാ അദ്രുവേയ്...രണ്ട് ഗുണ്ട് ആ ചെക്കന് കൊടുക്ക്, അവൻ പള്ളിക്കൂടത്തിൽ പോകുന്നോനാ....മോനേ! ഇത് തരാനാടാ നീ അവിടെ നിക്കാൻ ഞാൻ പറഞ്ഞത്. ഉണ്ട പൊരിച്ച് കൊണ്ട് വരേണ്ടേ. അതിന് മുമ്പ് നീ പോയാലെങ്ങിനാ..... അദ്രുവേ!, ആ പാലും വെള്ളം ഒന്ന് ചൂടാക്കി കൊടുക്കെടാ....“
എന്റെ കണ്ണ് തള്ളി പോയി. തൊണ്ടയിൽ എന്തോ വന്നിരിക്കുന്നു....റഹീമിക്കാ വലുതായി..വലുതായി...എന്റെ മുമ്പിൽ നിൽക്കുന്നത് പോലെ...കണ്ണീൽ വെള്ളം നിറയുന്നുണ്ടോ ഞാൻ പതുക്കെ അവിടെന്ന് ഇറങ്ങി നടന്നു.
ഇപ്പോൾ ആ ചായക്കട ഇല്ല, ആ കെട്ടിടം പൊളീച്ച് പണിതതായി തോന്നുന്നു. ഒരു മെഡിക്കൽ സ്റ്റോറാണ് അവിടെ ഉള്ളത്. ഞാൻ ആലപ്പുഴ എത്തുമ്പോൾ അതിലെ നടന്ന് പോയാൽ ആ ഭാഗത്തേക്ക് നോക്കും, ഓർമ്മകൾ എന്റെ ഉള്ളിലേക്ക് പാഞ്ഞെത്തും...കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ആ മനുഷ്യൻ അവിടെ എവിടെയെങ്കിലും ഉണ്ടോ?!
കേരളം വടക്ക് മുതൽ തെക്ക് വരെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തും പോയി താമസിച്ചിട്ടുണ്ട്. ധാരാളം ആളുകളുമായി ഇടപെടേണ്ടി വന്നിട്ടുമുണ്ട്. വ്യത്യസ്തമായ പല സ്വഭാവക്കാരെയും പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ അപൂർവത്തിൽ അപൂർവമായി ചില മനുഷ്യർ അവരുട് സ്വഭാവ വിശേഷതകൾ കാരണത്താൽ നമ്മുടെ മനസ്സിൽ ഇടം പിടിക്കും. എന്റെ മനസ്സിൽ അപ്രകാരം ഇടം പിടിച്ച ഒരാളാണ് ചായക്കട റഹീമിക്ക.
No comments:
Post a Comment