Monday, February 1, 2021

ചൂട്ടും ചില ചിന്തകളും

 എന്റെ കൗമാരകാലത്താണ് അന്ന് പാലക്കാട് ജില്ലയിൽ പെട്ട എടപ്പാളിൽ ഞാൻ ഉപജീവനാർത്ഥം ചെല്ലുന്നത്. ആലപ്പുഴയിൽ നിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷവും പരിസരവുമുള്ള എടപ്പാളിലെ നാട്ട് വിശേഷങ്ങൾ എനിക്ക് കൗതുകരമായി അനുഭവപ്പെട്ടു. ഞാൻ ജോലി ചെയ്തിരുന്ന  സ്ഥാപനത്തിന് സമീപം സന്ധ്യ കഴിഞ്ഞ് ഒരു സ്ത്രീ റോഡിൽ നിന്നും ഒരു ഇടവഴി തിരിയുന്ന സ്ഥലത്ത് ഒരു പലക തട്ടുമായി വന്നിരിക്കും. തട്ടിന് മുകളിൽ ഉണങ്ങിയ തെങ്ങോല  കീറി  വള്ളി കൊണ്ട് ചുറ്റിക്കെട്ടിയ  ചൂട്ടു കറ്റകൾ  അടുക്കി വെച്ചിരിക്കും. മുനിഞ്ഞ്കത്തുന്ന ഒരു മുട്ട വിളക്കിന്റെ വെട്ടത്തിൽ അവർ ഈ ചൂട്ടു കറ്റകൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു. ഒരു ചൂട്ട് കറ്റക്ക് അഞ്ച് പൈസയാണ് വില.ഇടവഴിയിലേക്ക് ഇറങ്ങി പോകുന്നവരാണ് ഈ കറ്റകൾ വാങ്ങിയിരുന്നത്. ഇടവഴി കഴിഞ്ഞാൽ നീണ്ട് നിവർന്ന് അന്തമില്ലാതെ കിടക്കുന്ന ഐലക്കാട് പാടങ്ങൾ. പിന്നെ പുൽപ്പാക്കര..  പാടം വഴി പോകുന്നവർക്ക് ഇഴജന്തുക്കളിൽ നിന്നും രക്ഷ നേടാനാണ്` രാത്രി കാലത്ത് ചൂട്ട് കറ്റകൾ വാങ്ങുന്നത്.

ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയിൽ മണൽപ്പരപ്പിൽ മൂന്നും അഞ്ചും സെന്റ് സ്ഥലങ്ങളിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇഴ ജന്തുക്കളെന്ന് പറയുന്നത് അപൂർവ സാധനങ്ങളാണ്. പുര മേയുമ്പോൾ കാണുന്ന ഓല ചുരുളനോ  തോട്ടിൽ ചിലപ്പോൾ കാണപ്പെടുന്ന നീർക്കോലിയോ ആണ്` ഞങ്ങൾക്ക് ഭയങ്കര പാമ്പുകൾ. അവിടെ  ജനിച്ച് വളർന്ന എനിക്ക് എടപ്പാളിലെ കയ്യാലകളിലെ സുഷിരങ്ങളും  അതിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇഴ ജന്തുക്കളും  അതിശയ വസ്തുക്കളായിരുന്നുവല്ലോ.

ചൂട്ടിന്റെ കാര്യമാണ് പറഞ്ഞ് വന്നത്, എസ്.കെ.പൊറ്റക്കാട് ബാലി ദ്വീപിലെ യാത്രക്കിടയിൽ ഒരു ഗ്രാമത്തിൽ കണ്ട നമ്മുടെ ചൂട്ടിന്റെ ചേട്ടനെ ശ്ചൂട്ടേ എന്നാണ് വിളിച്ചിരുന്നതെന്ന് കുറിച്ചിരിക്കുന്നു.അപ്പോൾ ചൂട്ട് സർവ വ്യാപിയാണ്. ഞാൻ ഏടപ്പാൾ വിടുന്നത് വരെ ഈ ചൂട്ടുകാലം നില നിന്നിരുന്നു. അതിന് ശേഷം തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തും ഞാറയിൽക്കോണത്തും  ചൂട്ടിനെ  ഞാൻ കണ്ടിരുന്നു, പിന്നീട് കൊട്ടാരക്കരയിലും ആ കാലത്ത് അത്യാവശ്യത്തിന് ചൂട്ട് ഉപയോഗപ്രദമായിരുന്നു.

 എപ്പോഴോ ടോർച്ച് ലൈറ്റ് കടന്ന് വന്നപ്പോൾ  ചൂട്ട് വഴിമാറിക്കൊടുത്തു.“ഞെക്ക് വിളക്ക്“ എന്ന ഓമനപ്പേരിൽ ഇറങ്ങിയ മേൽപ്പടിയാനെ പറ്റി സിനിമാ പാട്ടുകളും ഇറങ്ങി. “പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്ക് വിളക്കുണ്ട്“ എന്ന പഴയ പാട്ട് ഓർക്കുന്നില്ലേ?!

 രണ്ട് ബാറ്ററിയുടെ എവറെഡി ആയിരുന്നു ആദ്യമൊക്കെ പ്രചാരത്തിൽ വന്നത്. പിന്നീട് മൂന്ന് ബാറ്ററിയുടെയും അഞ്ച് ബാറ്ററിയുടെയും ടോർച്ച് ലൈറ്റുകൾ കടന്ന് വന്നു. പിൽക്കാലത്ത് ബാറ്ററി ഇല്ലാ ടോർച്ചുകളും കടൽ കടന്നെത്തി. അഞ്ച് ബാറ്ററി ടോർച്ചുകൾ ചട്ടമ്പിമാർ ഗദ പോലെ ആവശ്യത്തിന് ഉപയോഗിക്കുമായിരുന്നു, അഥവാ ചട്ടമ്പി ആകണമെങ്കിൽ ഒരു അഞ്ച് ബാറ്ററി ടോർച്ചും ഓയിൽ ജൂബായും കൈലി മുണ്ടും കൊമ്പൻ മീശയും വേണമായിരുന്നു.

കാലം കടന്ന് പോയപ്പോൾ ടോർച്ചിന് പുറകേ മൊബൈൽ പാത്തും പതുങ്ങിയും വന്നു. റിസ്റ്റ് വാച്ചിന്റെയും ഞെക്ക് വിളക്കിന്റെയും ഉപയോഗം നടത്തി തരുന്ന മൊബൈൽ വന്നതോടെ ടോർച്ച് ലൈറ്റുകൾ എവിടെയെല്ലാമോ ഉപേക്ഷിക്കപ്പെട്ടു. എങ്കിലും ടോർച്ച് എന്ന നാമം പുത്തൻ തലമുറക്ക് അറിയാം. പക്ഷേ ചൂട്ടിന്റെ ഉപയോഗം അറിയില്ല. പുട്ട് ചുടുന്ന മുളംകുറ്റിയും അമ്മിയും ആട്ട് കല്ലും കിണറിലെ കപ്പിയും കയറും പോയ വഴിക്ക് മുമ്പേ ചൂട്ടും പോയി.

ഇന്ന് പുസ്തക വായനയിൽ ലയിച്ചിരുന്നപ്പോൾ പുരയിടത്തിൽ നിന്നിരുന്ന തെങ്ങിൽ നിന്നും ശൂ...ശൂ എന്ന് ശബ്ദമുണ്ടാക്കി ഒരു ഉണങ്ങിയ ഓലമടൽ പൊത്തോ എന്ന് നിലത്ത് വീണു. കൂട്ടത്തിൽ ഉണങ്ങിയ രണ്ട് കൊതുമ്പ് കഷണങ്ങളും. കാലങ്ങൾക്ക് മുമ്പ് ഓല മടൽ നിലത്ത് വീണാൽ പെണ്ണുങ്ങൾ പാഞ്ഞ് വരും, അത്യാവശ്യത്തിന് കടും ചായ തിളപ്പിക്കാനോ കുളിക്കാൻ വെള്ളം ചൂടാക്കാനോ ഈ സാധനം ഉപയോഗപ്പെടുമായിരുന്നുവല്ലോ. ഇപ്പോൾ ആരും ഈ സാധനത്തെ തിരിഞ്ഞ് നോക്കില്ല. 

എന്റെ നല്ല പാതിയെ വിളിച്ച്  “എടോ , ദാ! ഒരു ഓലമടൽ ! അത്യാവശ്യത്തിന് തീ കത്തിക്കാൻ....“ എന്ന് പറയാൻ ആരംഭിക്കുന്നതിന് മുമ്പേ അവൾ എന്നെ പുശ്ചത്തോടെ  വീക്ഷിക്കും, പിന്നെ പുസ്കെന്നും പറഞ്ഞ് ഒരു നടത്തം പാസ്സാക്കും. ഓ! പിന്നേയ്! ഓലമടൽ..ഹും..ഹും...എന്ന് ഉള്ളിൽ പറയും. അടുപ്പുണ്ടായിട്ടല്ലേ  തീ  കത്തിക്കേണ്ടത്. മൂന്ന് അടുപ്പ് കല്ലുകളുടെ കാലം കടന്ന് പോയി. സ്റ്റീൽ അടുപ്പിനടുത്ത് ചെല്ലുക, തോക്ക് കുഴൽ പോലത്തെ ആ കുന്ത്രാണം നീട്ടി  ക്ളിക്ക് എന്ന് ഞെക്കുക, ഗ്യാസ് അടുപ്പ് കത്തിക്കഴിഞ്ഞു. ആ സ്ഥാനത്താണ് ഓലമടൽ കയറ്റിവിട്ട് തീ ഊതുക, അൽപ്പം കുടവയർ പെണ്ണുങ്ങൾക്ക് വന്നാലും സാരമില്ല, തീ ഊതൽ പണി നിർത്തി. “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ “ സിനിമാ കണ്ടില്ലേ മൊതലാളീ നിങ്ങൾ...ഹും...ഹും...

ശരിയാണ് എല്ലാം സമ്മതിച്ചു, പക്ഷേ പണ്ട് വളരെ പണ്ട് അടുപ്പ് കത്തിക്കാൻ അൽപ്പം തീ കനലിന് വീട്ടിൽ വരുന്ന അയല്പക്കത്തെ സൗദാമിനിയെ കൺ നിറയെ  കാണാനുള്ള അവസരം ഈ തലമുറക്കില്ലതായി പോയല്ലോ മോനേ!

ചൂട്ടും പോയി അങ്ങിനെയുള്ള കൊച്ച് കൊച്ച് സൗഹൃദങ്ങളും പോയി.

No comments:

Post a Comment