ടാർസൻ കഥകൾ വായിച്ച് വട്ടായ പതിനൊന്നുകാരനായ ഞാൻ മുള വാരി കൊണ്ട് വില്ലും അതിന് ചേർന്ന അമ്പുകളും തയാറാക്കി താവളത്തിന് പറ്റിയ സ്ഥലം അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ആലപ്പുഴ വട്ടപ്പള്ളിയിൽ എച്.ബി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഹമീദ് ഇക്കായുടെ പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് നിൽക്കുന്ന പൂവരശ് (ശീലാന്തി) മരമാണ്. അടുത്ത ദിവസങ്ങളിൽ മരം കയറ്റം പരിശീലനം തുടങ്ങി പൂവരശിന്റെ തടിയിലെ മുഴകളിൽ പിടിച്ച് എളുപ്പത്തിൽമരത്തിൽ കയറാൻ സാധിക്കുന്നത് വരെ പരിശീലനം തുടർന്നു. കൂടുതൽ എളുപ്പത്തിനായി ഒരു കയറും മരത്തിന്റെ കവരത്തിൽ കെട്ടി ഉറപ്പിച്ച് ഞാൻ താവളത്തിലെ ഇലകളുടെ പടർപ്പിൽ ഒളിച്ചിരുന്നു പരിസരം നിരീക്ഷിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തന്നെ വിശ്വാസമായി ഞാൻ ടാർസൻ തന്നെയാണെന്ന്. മരത്തിൽ നിന്ന് നോക്കിയാൽ കാണുന്ന ഒരു ഭാഗത്ത് ഊർപ്പൻ കാട് പടർന്ന് പിടിച്ചിരുന്നു. അതിൽ കയറിയാൽ വസ്ത്രം മുഴുവൻ ഊർപ്പൻ വിത്തുകൾ പറ്റി പിടിക്കുമെന്നതിനാൽ ആൾക്കാർ കാടിനെ ഒഴിഞ്ഞു വെച്ചു. ടാർസന്റെ കാടായി ഊർപ്പൻ കാടിനെ തെരഞ്ഞെടുത്തു, ചിലപ്പോഴെല്ലാം കാടിലും പതുങ്ങി ഇരുന്നു. അത്യാവശ്യത്തിന് ചെറിയ കല്ലുകൾ സംഘടിച്ച് പൂവരശിൽ കയറി ഇരുന്ന് കാടിനടുത്ത് കൂടി പോകുന്ന കുട്ടികളെ ടാർസൻ എറിഞ്ഞ് രസിച്ചു. ഏകാന്തതയിൽ നിന്നും വരുന്ന കല്ലുകൾ കൊള്ളുമ്പോൾ കുട്ടികൾ നാല് ചുറ്റും പരതി നോക്കി ആരെയും കാണാതെ ഹെന്റുമ്മോ ശെയ്ത്താൻ എന്ന് കൂവി വിളിച്ച് പായുന്നതു ടാർസനെ രസിപ്പിച്ചു വല്ലോ.
അങ്ങിനെയിരിക്കവേ ടാർസന് ഉള്ളിൽ നിന്നും അടക്കാനാവാത്ത ഒരു പൂതി പൊന്തി വന്നു. നല്ല നിലാവുള്ളപ്പോൽ മരത്തിൽ കയറി ഇരുന്ന് ചന്ദ്രനെ നോക്കി ഒന്ന് അലറണം. അത് കഥയിലെ ടാർസന്റെ വിനോദമായിരുന്നല്ലോ. ഈ ടാർസന് എന്ത് കൊണ്ട് അത് ചെയ്തു കൂടാ. എന്തായാലും ഈ ടാർസൻ അത് നടപ്പിൽ വരുത്തി. രാത്രി ഒൻപത് മണി സമയത്ത് മരത്തിന്റെ കവരത്തിൽ തൂക്കിയിട്ട കയറിൽ പിടിച്ച് ഇലപ്പടർപ്പിൽ ചെന്ന് പറ്റി ഇലകൾക്കിടയിലൂടെ ആകാശത്തിലെ ചന്ദ്രനെ നോക്കി സുന്ദരമായി അലറി. പതിനൊന്നു വയസ്സുകാരന്റെ അലറൽ തൊണ്ടയുടെ ഘനക്കുറവ് കാരണം വികൃതമായ ശബ്ദത്തിൽ മഞ്ഞ് നിറഞ്ഞ നിലാവിൽ ഓരിയിടലായി മാറി. ഈ ഓരിയിടൽ മുഴുവനാകുന്നതിന് മുമ്പ് പട്ടികൾ ഏറ്റ് പിടിച്ചു, ഘണ്ഡകാരന്റെ അമ്പലത്തിനടുത്ത് നിന്നും പുതിയപെണ്ണിത്തായുടെ വീടിനടുത്ത് നിന്നും നാല് ഭാഗത്ത് നിന്നും പട്ടികൾ മൽസരിച്ച് ഓരിയിട്ടു. അയല്പക്കത്തെ വീടുകളിലെ മണ്ണെണ്ണ വിളക്കുകൾ പ്രകാശിക്കാൻ തുടങ്ങി . കൊച്ചുകോയാ ഇക്കാ, ഇച്ചാലി, തറപ്പാള ഹസനിക്കാ എല്ലാവരും പുറത്തിറങ്ങി അന്വേഷണമായി. ശബ്ദം കേട്ടു എന്ന് അവർക്ക് എല്ലാവർക്കും ഉറപ്പുണ്ട്. പക്ഷേ എവിടെ നിന്ന്? ആർക്കും ഒരു തിട്ടവുമില്ല. കൊച്ച് കോയാ ഇക്ക അഞ്ച് ബാറ്ററിയുടെ ടോർച്ച് വീശി അടിച്ച് ഊർപ്പൻ കാട് പരിശോധിച്ചു. പൂവരശിൽ ഇരുന്ന ടാർസൻ ഇല പടർപ്പിൽ തല താഴ്ത്തി കയ്യും കാലും വിറച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു, റബ്ബേ! രക്ഷിക്കണേ! ആരോ പറഞ്ഞു, “ഇന്ന് വെള്ളിയാഴ്ചയല്ലേ അറുകൊല ഇറങ്ങിയതായിരിക്കും, അമ്പലത്തിൽ നിന്നുമൊരു പോക്കു വരത്തുണ്ട്....“ അത് കേട്ട പാടെ പലരും വീടുകളിൽ തിരിച്ച് കയറി. കുറേ നേരം കഴിഞ്ഞ് രംഗം വിജനമായപ്പോൾ ടാർസൻ കയറിൽ തൂങ്ങി തറയിലിറങ്ങി വീടിലേക്ക് പാഞ്ഞ് പോയി.
പിന്നീടൊരു ദിവസം പള്ളിക്കൂടം വിട്ട വന്ന ടാർസൻ വില്ലും അമ്പും എടുത്ത് താവളത്തിലേക്ക് പാഞ്ഞു. പൂവരശിന് താഴെ ചെന്നപ്പോൾ കയർ കാണുന്നില്ല. മുകളിലേക്ക് നോക്കിയപ്പോൾ ഇലപടർപ്പിൽ ഒരു മുഖം താഴേക്ക് എന്നെ നോക്കി ഇളിക്കുന്നു. ഞങ്ങൾ അസി എന്ന് വിളിക്കുന്ന അസീസ് അവിടെ ടാർസന്റെ താവളത്തിൽ കയ്യേറി ഞെളിഞ്ഞ് ഇരിക്കുകയാണ്.
“എടാ പന്നീ..ഇന്നാള് വഴിയെ പോയപ്പോൽ എന്നെ കല്ലെറിഞ്ഞത് നീയായിരുന്നല്ലേ...?
ശരിയാണ് ടാർസൻ ഒരു ദിവസം ഇവനെ കല്ലെറിഞ്ഞ് വിരട്ടിയിട്ടുണ്ട്. അന്നവൻ ഭയന്ന് ഓടിയ ഓട്ടം ഇന്നും ചിരിക്കാൻ വകയുള്ളതാണല്ലോ. എങ്കിലും ടാർസൻ ഗൗരവത്തിൽ അവനോട് ആവശ്യപ്പെട്ടു, മര്യാദക്ക് താഴെ ഇറങ്ങ് ഇല്ലെങ്കിൽ നിന്നെ...ടാർസൻ വില്ലെടുത്ത് ഒരു അമ്പ് അതിൽ ഫിറ്റ് ചെയ്തു അസിയെ ഉന്നം നോക്കി. “ഓ! പിന്നേയ്, നീ എന്നെ ഒലത്തും പോടാ അവിടന്ന് അവൻ അലറി.
ടാർസന് സങ്കടം വന്നു, തറയിൽ നിന്നും കുനിഞ്ഞ് കല്ലെടുത്തു. അപ്പോൾ ടാർസന്റെ തല മുതൽ കീഴോട്ട് നേരിയ ചൂട് വെള്ളം വീഴുന്നു. തല ഉയർത്തി നോക്കിയപ്പോൽ അസി മൂത്രം ഒഴിക്കുന്ന യന്ത്രം ശ്ർ ർ ർ എന്ന് പ്രവർത്തിപ്പിക്കുകയാണ്. ഓടിക്കോ ബലാലേ..ഇവിടന്ന്...
ടാർസൻ ജീവനും കൊണ്ടോടി അടുത്തുള്ള മുനിസിപ്പൽ പൈപ്പിൽ പോയി, നന്നായി കുളിച്ചു. ടാർസൻ കളി അവിടെ അവസാനിച്ചു.
ഒന്നിനുമൊന്നിനും മാറ്റമില്ലാതെ വർഷവും വസന്തവും വേനലും മാറി മാറി വന്നു. വട്ടപ്പള്ളി ഒരു മധുര സ്മരണയായി മനസ്സിൽ പ്രതിഷ്ഠിച്ച് ഈയുള്ളവൻ മറ്റൊരു നാട്ടിൽ സ്ഥിര താമസമാക്കി. എങ്കിലും വല്ലപ്പോഴും പഴയ സുഹൃത്തുക്കളെ തപ്പി ഇറങ്ങുമായിരുന്നു. അസിയെ പലപ്പോഴും കണ്ടു. അവൻ അവന്റെ വണ്ടിയിൽ ഭാരവും കയറ്റി ചവിട്ടി പോകുന്നത് കാണുമ്പോൾ ഞാൻ ഒന്ന് നിന്ന് അവന്റെ നേരെ നോക്കും, പക്ഷേ എന്ത് കൊണ്ടോ അവൻ മുഖം തരാതെ ഒഴിഞ്ഞ് പോകും. കഴിഞ്ഞ ജനുവരിയിൽ ഞാൻ മൂന്ന് നാല് ദിവസം ആലപ്പുഴ നിന്നപ്പോൾ വട്ടപ്പള്ളിയിൽ പോയി. സക്കര്യാ ബസാറിനടുത്ത് വെച്ച് അസിയെ കണ്ടു. അവൻ വണ്ടിയിൽ നിന്നും സാധനം ഇറക്കുകയാണ്. ഞാൻ വണ്ടിയുടെ സമീപം പോയി നിന്നു വിളിച്ചു, “അസീ....“
അവൻ എന്റെ നേരെ നോക്കി എങ്കിലും മുഖത്തിലെ അപരിചിത ഭാവം മാറ്റിയില്ല. “ നീയെന്താ എന്നെ കാണുമ്പോൾ മുഖം തിരിക്കുന്നത്...? ഞാൻ ചോദിച്ചു
ഓ! നിങ്ങളെല്ലാം വലിയ ആൾക്കാരാണ്, നമ്മൾ അടുത്ത് വരുന്നതും സംസാരിക്കുന്നതും കുറച്ചിലായാലോ....“
നീ അങ്ങിനെയാണോ എന്നെ മനസ്സിലാക്കിയത്, എടാ നീ എന്റെ തലയിൽ മുള്ളിയത് വരെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്...“ ഞാൻ ചിരിച്ച് കൊണ്ടും പറഞ്ഞു. അപ്പോൽ അവൻ പൊട്ടി പൊട്ടി ചിരിച്ചു, എടാ നീ അത് ഇപ്പോഴും ഓർമ്മിക്കുന്നുണ്ടോ? അവൻ ചോദിച്ചു.
അതും നമ്മുടെ ചെറുപ്പത്തിലെ കളികളും തമാശയും അന്നത്തെ എല്ലാവരേയും ഇന്നും ഞാൻ ഓർക്കുന്നുണ്ട്. ആ ഓർമ്മകളാണെടാ എന്റെ ജീവിത സമ്പാദ്യം...“ ഞാൻ പറഞ്ഞു. എന്റെ കണ്ണിൽ ഈറൻ പടർന്നുവോ....
അവൻ അത് കണ്ടത് കൊണ്ടാവാം നടന്ന് വന്ന് എന്റെ കയ്യിൽ പിടിച്ചു എന്നിട്ട് അവൻ എന്നോട് പറഞ്ഞു, അന്നത്തെ കാലം മതിയായിരുന്നെടാ....വലുതാകേണ്ടായിരുന്നു.“ പലരും പറഞ്ഞ ആ സത്യം അവന്റെ വായിൽ നിന്നും വന്നപ്പോൽ ഞാൻ അന്തം വിട്ട് പോയി. ശരിയാണ് എന്റെ ഉള്ളിൽ നിന്നും ആരോ ചോദിച്ചു “എന്തിനാണ് നാം വലുതായത്...?
No comments:
Post a Comment