പെൺകുട്ടി കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ട് ഇപ്പോൾ ഏഴ് വർഷമായി. .ഏഴ് മാസം ഗർഭിണി ആയിരുന്ന അവൾ ഭർതൃ ഗൃഹത്തിലെ അസഹനീയമായ പീഡനങ്ങൾ കാരണം സ്വന്തം വീട്ടിലേക്ക് തിരികെ വന്നു. പിന്നീട് ഒരു ആൺകുട്ടിയെ പ്രസവിച്ചു എങ്കിലും ഒരിക്കൽ പോലും ഭർത്താവ് ആ കുട്ടിയെ കാണാൻ വന്നിട്ടില്ല. , മാതാപിതാക്കൾ പറയുന്നതനുസരിച്ച് തുള്ളുന്ന ഒരു വ്യക്തി ആയിരുന്നു അയാളെന്ന് മാത്രം ഇപ്പോൾ പറഞ്ഞ് നിർത്തുന്നു. ദാമ്പത്യ ജീവിതത്തിൽ അവൾ അനുഭവിച്ച പ്രയാസങ്ങൾ വിവരിക്കാനല്ല ഈ കുറിപ്പുകൾ. അതിന്റെ പരിഹാരത്തിനാണല്ലോ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ആ കേസുകളുടെ ചുരുക്കം ഇത്രയുമാണ്. അവളുടെ രക്ഷിതാക്കളുടെ കയ്യിൽ നിന്നും കൈപറ്റിയ തുകക്കും അവളുടെ സ്വർണം ഭർത്താവും അയാളുടെ മാതാപിതാക്കളും കൂടി വിറ്റതിന്റെ തുകയും പിന്നെ ലക്ഷങ്ങൾ മുടക്കി അവളുടെ പിതാവ് വാങ്ങി കൊടുത്തിരുന്ന ഗ്രഹോപകരണങ്ങളുടെ വിലയും ചേർത്തുള്ള തുക എതൃകക്ഷികളിൽ നിന്നും ഈടാക്കി കിട്ടാനും പിന്നെ അവൾക്കും കുഞ്ഞിനും ജീവിക്കാനുള്ള ചെലവ് ഈടാക്കി കിട്ടാനും കുടുംബ കോടതിയിലും ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് പ്രകാരമുള്ള ആനുകൂല്യങ്ങൾക്കായി മജിസ്ട്രേറ്റ് കോടതിയിലും
ഇപ്രകാരമുള്ള കേസുകളായിരുന്നു അവൾ നിയമാനുസരണം കോടതികളിൽ ഫയൽ ചെയ്തിരുന്നത്.
ഏഴ് വർഷങ്ങളായി അവൾ കോടതി തിണ്ണയിലേക്കുള്ള യാത്ര തുടങ്ങിയിട്ട്. ഇതിനിടയിൽ ഭർത്താവ് ഗൾഫിൽ പോയി. അയാളെ പ്രതിധാനം ചെയ്ത് അയാളുടെ പിതാവ് കേസ് നടത്തുന്നു. ഗൾഫിൽ നിന്നും വരുമ്പോൾ ഇടക്കിടക്ക് അയാൾ കോടതിയിൽ മുഖം കാണിക്കും. അന്ന് ഭാര്യയെയും കുട്ടിയെയും കണ്ടാലും അയാൾ തിരിഞ്ഞ് നോക്കില്ല. അതോടെ അവളുടെ മനസ്സിന് മരവിപ്പായി. അൽപ്പം പോലും പ്രതീക്ഷ ഇല്ലാതായി. ഇനി കോടതി വിധി നോക്കി ഇരിക്കാം. ഒത്ത് തീർപ്പ് ശ്രമങ്ങൾ എവിടെയുമെത്തിയില്ല.
കടന്ന് പോയ വർഷങ്ങളിൽ കേസ് വിചാരണക്കെടുക്കുകയോ അനന്തര നടപടികൾ കൈക്കൊള്ളുകയോ ചെയ്യാതെ അവധി വെച്ച് മാറ്റിക്കൊണ്ടിരുന്നു. ഓരോ അവധിക്കും അവൾ കരുതും, കേസ് ഇന്ന് വിചാരണക്കെടുത്തേക്കാം. ഒന്നും സംഭവിക്കാതിരിക്കുമ്പോൾ അവൾ ചിന്തിക്കും പിന്നെന്തിനാണ് എന്നെ ഇന്നത്തെ ദിവസം കോടതിയിലേക്ക് വരുത്തിയത്. കേസ് നമ്പറും കക്ഷികളുടെ പേരും വിളിക്കുമ്പോൾ അവൾ കോടതിക്കകത്ത് കയറി ജഡ്ജിന്റെ മുഖത്തേക്ക് ഉൽക്കണ്ഠയോടെ നോക്കും. ഒന്നും സംഭവിക്കാതെ അവധി തീയതി അറിഞ്ഞ് നിരാശയോടെ ഇറങ്ങി വരും. എങ്കിലും ഓരോ അവധിയിലും വക്കീലിനും ക്ളർക്കിനും ഫീസ് കൊടുത്തിരിക്കും. ഒരു അവധിക്ക് കൊടുത്തില്ലെങ്കിൽ അവരുടെ സ്വഭാവം മാറും, ഞങ്ങൾ സർക്കാർ ഉദ്യോഗസ്തരല്ല, കേസിലെ കക്ഷികൾ തരുന്നതാണ് ഞങ്ങളുടെ വരുമാനം എന്ന് ക്ളർക്ക് രൂക്ഷ്മായി പ്രതികരിക്കും. അത് കൊണ്ട് തന്നെ ഓരോ അവധിക്കും അവൾ ഫീസ് കടം വാങ്ങിയെങ്കിലും കൊണ്ട് വരുമായിരുന്നു. വർഷങ്ങൾ നീണ്ടപ്പോൾ അവൾ ചിന്തിച്ചു, ഇതിന് ഒരവസാനമില്ലേ? എത്ര നാൾ ഇങ്ങിനെ കോടതി കയറി ഇറങ്ങും.
ഇതിനിടയിൽ സന്തോഷമുള്ള ഒരു സംഭവം ഉണ്ടായി. അവൾക്ക് സർക്കാർ സർവീസിൽ ജോലി കിട്ടി. വിവരം മണത്തറിഞ്ഞ അമ്മായി അപ്പൻ അയാളുടെ വക്കീൽ മുഖേനെ അവൾക്ക് ചെലവിന് കിട്ടാനായി കൊടുത്ത കേസിൽ ആക്ഷേപം ഉന്നയിച്ച് അവൾക്ക് ചെലവിന് കൊടുക്കരുതെന്നായി. ശരി എങ്കിൽ കുട്ടിക്ക് മതിയെന്നായി അവൾ. പക്ഷേ അതെങ്കിലും തരേണ്ടേ? കുടുംബ കോടതിയിൽ ചോദിക്കുമ്പോൾ മജിസ്ട്രേറ്റ് കോടതിയിൽ ഡൊമസ്റ്റിക്ക് വയലൻസിൽ കൊടുക്കാമെന്നായി.എതിർ കക്ഷി. മജിസ്ട്രേറ്റ് കോടതിയിൽ ചോദിക്കുമ്പോൾ കുടുംബ കോടതിയിലെ കേസിൽ കൊടുക്കാമെന്നാകും. ഇത് രണ്ടിടത്തും അവൾക്കോ കുഞ്ഞിനോ നിയമാനുസരണമുള്ള ചെലവിന്റെ തുക കിട്ടിയില്ല. അവളുടെ വക്കീൽ കാര്യം ബോധിപ്പിക്കുമ്പോൾ പരിശോധിക്കാൻ കേസ് മാറ്റും, വീണ്ടും തഥൈവാ. ആയിരമായിരം കേസുകളുടെ തിരക്കിൽ ഏത് ന്യായാധിപനാണ് ഇതെല്ലാം പരിശോധിക്കാൻ നേരം കേസ് വിളിക്കാൻ നേരം ഒരു ഉൽസവത്തിന്റെ പ്രതീതി തോന്നിപ്പിക്കും വിധമാണ് ആൾക്കാരുടെ തിരക്ക്.
അവസാനം അവളുടെ കേസ് വിചാരണക്കെടുത്തു. ഇരു ഭാഗവും സാക്ഷികളെ ഘോര ഘോരം വിസ്തരിച്ചു. അവളെ എതിർഭാഗം വക്കീൽ ക്രോസ്സ് ചെയ്ത് തോലുരിച്ചപ്പോൾ അവളുടെ വക്കീൽ അമ്മായി അപ്പനെ കൂട്ടിൽ വെള്ളം കുടിപ്പിച്ചു. ഇരു ഭാഗവും ശക്തമായ വാദവും പറഞ്ഞു, കിതാബുകൾ ധാരാളം ഹാജരാക്കി തെളിവിനായി.
അവസാനം വിധി പറയാൻ കേസ് അവധിക്ക് മാറ്റി. എല്ലാം അവസാനിക്കുകയാണല്ലോ എന്ന സന്തോഷത്തിൽ അന്ന് ലീവെടുത്ത് അവൾ കോടതിയിൽ ഹാജരായി. കേസ് വിളിച്ചു, ജഡ്ജ്മെന്റ് തയാറായില്ല, അടുത്ത അവധിക്ക് മാറ്റി. നിരാശയോടെ അവൾ മടങ്ങി. വീ ണ്ടും പ്രതീക്ഷകളുമായി അവൾ അടുത്ത അവധിക്കായി കാത്തിരുന്നു. അന്നും ജഡ്ജ്മെന്റ് തയാറായില്ല, അവധിക്ക് വെച്ചു. “മുടിഞ്ഞ് പോകാനെന്ന്“ മനസ്സിൽ പറഞ്ഞ് അവൾ മടങ്ങി പോയി. ഇപ്പോൾ രണ്ട് മാസമായി ഈ നാടകം നടക്കുന്നു, ഇത് വരെ വിധി പറഞ്ഞില്ല. കഴിഞ്ഞ അവധിക്ക് അൽപ്പം പുരോഗമനം ഉണ്ടായി. കേസ് വീണ്ടും വാദം കേൾക്കണമെന്ന്. അതിനായി നിശ്ചിത തീയതിക്ക് മാറ്റി. അവൾ സ്വയമേ പറഞ്ഞു, ഈ ടെൻഷനും കോടതി കയറി ഇറങ്ങലും എനിക്കിനി വയ്യ.....
ഈ കേസിൽ ഇനിയും വിധി പറഞ്ഞിട്ടില്ല എന്നാണെന്റെ അറിവ്. ഇത് ഈ കഥയിലെ പെൺകുട്ടിയുടെ മാത്രം അനുഭവമല്ല, വർഷങ്ങളായി കേസ് നടത്തുന എല്ലാവരുടെയും അനുഭവമാണ്. ഓരോ സ്ത്രീയും ഇപ്രകാരം അനുഭവിക്കുന്ന വ്യഥ ഒരു കോടതിയും അറിയില്ല. അവർക്ക് മനസ്സിലാവുകയുമില്ല.
ന്യായാധിപന്മാർക്ക് അവരുടെ ന്യായീകരണമുണ്ട്. കേസുകളുടെ ബാഹുല്യം അവരെ ഞെരുക്കുന്നു. കൃത്യ സമയത്ത് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വക്കീലന്മാർക്കും അവരുടേതായ ന്യായീകരണമുണ്ട്. പക്ഷേ കേസിലെ കക്ഷികളുടെ അവസ്തയോ. അവർ നടന്ന് നടന്ന് കാൽ കുഴയും. ധന നഷ്ടം സമയ നഷ്ടം. നമ്മുടെ കഥയിലെ പെൺകുട്ടി കേസ് കൊടുക്കുമ്പോൾ 23 വയസ്സേ ഉള്ളൂ, ഇപ്പോൽ 30 വയസ്സ്. കേസ് വിധിച്ചാൽ അവൾക്ക് അനുകൂലമായാൽ എതിർ കക്ഷി ഹൈക്കോടതിയിൽ അപ്പീൽ പോകും, അവിടെ ഒരു എട്ട് പത്ത് വർഷം, അപ്പോൾ അവളുടെ പ്രായം എത്ര ? എന്തായാലും ഭർത്താവ് അവളെ ബന്ധം വേർപെടുത്തുമെന്ന് ഉറപ്പ്. അവന് വയസ്സായാലും പെണ്ണ് കിട്ടും. സ്ത്രീക്കോ? അവൾ മുരടിച്ച് ചാകും. ഓരോ അവധി മാറ്റുമ്പോഴും കക്ഷികളുടെ ഉള്ളിലെ വികാരം ന്യായാധിപന്മാരും അഭിഭാഷകരും തിരിച്ചറിയില്ല, കാരണം അവർക്ക് നേരം വെളുത്താൽ വൈകുന്നേരം വരെ ഇത് തന്നെയല്ലേ ജോലി. കക്ഷികളുടെ വികാരത്തിന്റെ പുറകേ പോയാൽ അവരുടെ കാര്യം നടക്കുമോ? അവർ യന്ത്രമായി മാറും. കക്ഷികൾ ആ യന്ത്രത്തിൽ പെട്ട് ഞെരിഞ്ഞ് ചാകും.
ഇതിന്റെ പേരാണ് നീതി ന്യായം. ഒരു കേസ് നീണ്ട് പോകുന്നതിനോടൊപ്പം നീതിയും ന്യായവും മരിക്കും. അനീതിയും അന്യായവുമാണ് ബാക്കി ആകുക.
എന്നാണിതിന് ഒരു പരിഹാരം ഉണ്ടാവുക, അടുത്ത കാലത്തൊന്നും അത് സംഭവിക്കില്ലാ എന്നുറപ്പ്.
No comments:
Post a Comment