Thursday, February 25, 2021

ഓൺ ലൈൻ കാളകൾ.

 കഴിഞ്ഞ ദിവസം ഒരു സന്ധ്യാ നേരം  എന്റെ കുഞ്ഞനിയൻ ഹാഷിം (പണ്ട് ഹാഷിം കൂതറ എന്ന് ബ്ളോഗ് ഉണ്ടായിരുന്നു അദ്ദേഹത്തിന്) എന്നെ വിളിച്ച്  ഇപ്പോൾ  ഫെയ്സ് ബുക്കിൽ നടക്കുന്ന കോലാഹലങ്ങൾ അറിഞ്ഞില്ലേ ഇക്കാ  എന്ന് ആരാഞ്ഞു. ഇല്ലാ എന്ന മറുപടിയെ തുടർന്നു ഒരു ചെറു പെൺകുട്ടിയെ ഒരു മഹാൻ  അരുതാത്തത് ചെയ്തിട്ട് മറ്റൊരു മഹാന് കൈമാറ്റം ചെയ്തു, അതിപ്പോൾ പോക്സോ കേസിന്റെ  പരുവത്തിലായി  എന്ന് പറഞ്ഞു. രണ്ടാമത്തെ മഹാൻ  എനിക്ക് പരിചയമുള്ള   .വ്യക്തിയാണ്. ഹാഷിം സൂചിപ്പിച്ച കാര്യങ്ങൾ  വാസ്തവമെങ്കിൽ വളരെ ഗുരുതരമായ തെറ്റാണ് സംഭവിച്ചിരിക്കുന്നത്.

ഈ സന്ദർഭത്തിൽ  ഹാഷിമിനോട്  ഞാൻ പണ്ടത്തെ ഒരു  സംഭവത്തെ പറ്റി  സൂചിപ്പിച്ചു.വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ ഒരു വിഷയം ഉണ്ടായതിനെ തുടർന്ന്  “ബൂ ലോഗത്തിൽ കാളകൾ മേയുന്നു “ എന്ന ഒരു പോസ്റ്റിട്ടതിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ. അന്ന് ആ പോസ്റ്റിട്ടതിനെ തുടർന്ന് അനുകൂലിച്ചും വിമർശിച്ചും ഉപദേശിച്ചും ധാരാളം കമന്റുകൾ വന്നു. അവിടെയും നിൽക്കാതെ  അതിന്റെ ലിങ്ക് ഗൂഗ്ൾ പ്ളസ് എന്ന മറ്റൊരു ലിങ്കിൽ പോവുകയും അവിടെ ഒരു മാന്യ മഹതി കുറച്ച് ആൺ ശിങ്കങ്ങളുടെ പിൻ തുണയോടെ ഗൂഗ്ൾ പ്ളസിൽ  എന്നെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചു. അന്ന് എന്റെ ആത്മാർത്ഥ സ്നേഹിതന്മാരായ  പലരും ഇടപെടുകയും  എന്നെ പരിചയപ്പെടുത്തുകയും ചെയ്തതോടെയാണ്` ആ പേമാരി പെയ്ത് തീർന്നത്. ഇപ്പോഴും എന്റെ പ്രിയരിലും പ്രിയപ്പെട്ട രമേശ് അരൂർ തമാശക്കായി ചിലപ്പോൾ എന്നെ തോണ്ടും, “പണ്ടത്തെ കാളകൾ മേയുന്ന “ പോസ്റ്റ്.....എന്ന് സൂചിപ്പിക്കുന്നതിന് മുമ്പേ “രമേശേ!  എന്ന് ചിരിയോടെ വിളിച്ച്   ഞാൻ എന്റെ ജീവ്നും കൊണ്ട് സ്ഥലം കാലിയാക്കും. അത്രയും  മഹനീയമായ രീതിയിലായിരുന്നു ആ മാന്യ വനിതയും പിൻ തുണക്കാരായ ആൺ ശിങ്കങ്ങളും ഗൂഗ്ൾ പ്ളസ്സിൽ തകർത്ത് വാരിയത്. ആ മാന്യന്മാർ എന്തിനാണ് അത്രയും വലുതായി പ്രതികരിച്ചത് എന്ന് എനിക്കിപ്പോൾ സംശയം തോന്നുന്നു. 

ഒൻപത് വർഷങ്ങൾക്ക് മുമ്പ്  ഞാൻ ബ്ളോഗിൽ എഴുതിയ ആ പോസ്റ്റിലെ  ഏകദേശം കോപ്പി പേസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതായത് കാളകൾ അന്നും ഇന്നും ഓൺ ലൈനിൽ മേഞ്ഞ് നടക്കുകയാണ്. അന്നത്തെ  ബ്ളോഗ് പോസ്റ്റിൽ കിട്ടിയ  ചില കമന്റുകൾക്ക് ഞാനിട്ട മറുപടി  ഇപ്പോഴും ഓർക്കുന്നു. 

“   ........   ദേ! അവിടെ ഗൂഗ്ല് പ്ലസ്സില്‍ ചിലതെല്ലാം നടക്കുന്നുണ്ട്.എന്നെ ഫോണ്‍ ചെയ്ത് എന്റെ ഒരു ചങ്ങാതി അറിയിച്ചു. എന്നെ വരഞ്ഞ് മുളക് തേച്ച്....വ്യക്തിപരമായി സുന്ദരമായി ആക്ഷേപിച്ചു. എന്റെ പോസ്റ്റിലെ ഒരു പാരഗ്രാഫ് മോശമായി എന്നും പറഞ്ഞ് എന്നെ അതിലും നല്ല ഭാഷയില്‍ അവരെല്ലാം കൂടി ആണിയടിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ പറ്ഞ്ഞ ഒരു തമാശ പ്രയോഗം ഞാന്‍ ഒന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ് മഹാ പാപം. അവര്‍ എന്നെ വ്യക്തി ഹത്യ നടത്തിയതില്‍ കുഴപ്പമില്ല.ഒരു വിദ്വാന്‍ പറഞ്ഞു പോസ്റ്റിട്ട ആള്‍ തന്നെയാണോ ആ കാള എന്ന്.

പക്ഷേ അവസാനം എന്നെ അറിയാവുന്ന കണ്ണന്‍ , ഇസ്മായില്‍ ചെമ്മാട്, താഹിര്‍, ശ്രീജിത് കൊണ്ടോട്ടി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍ അല്‍പ്പം ശമനം കിട്ടി. സന്തോഷായീ ട്ടാ....ഇതാണ് ബ്ലോഗ് രംഗത്തെ കൂട്ടായ്മ. അതേ പോലെ ഇവിടത്തെ കമന്റുകളുടെ മാന്യതയും. നന്ദി ചങ്ങാതിമാരേ! നന്ദി..........“

ഇനി  അന്നത്തെ ആ പോസ്റ്റിന് കാരണമായ സംഭവം ചുരുക്കി പറയാം. അന്ന് ബ്ളോഗിന്റെ വസന്ത കാലമായിരുന്നു. മനസ്സിൽ തിങ്ങി നിറയുന്ന രചനകൾ കുത്തിക്കുറിച്ച് മറ്റുള്ളവർ  വായിക്കുന്നതിനായി പത്രം ഓഫീസ്സിൽ അയച്ച് കൊടുത്താൽ  പത്രാധിപരെന്ന ദുഷ്ടൻ നന്ദി പൂർവം കൈപ്പറ്റുകയും ഖേദ പൂർവം തിരിച്ചയക്കുകയും ചെയ്യുന്ന  ആ കാലത്ത് ഒരു എഡിറ്ററുടെയും  സഹായം കൂടാതെ നമ്മുടെ രചനകൾ തടസ്സമില്ലാതെ മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കാൻ സാധിക്കുന്ന ഒരു സംവിധാനമായിരുന്നു ബ്ളോഗ്. അങ്ങിനെ ഇരിക്കവേ  ആൺ പെൺ വ്യത്യാസമില്ലാതെ പലരുടെയും കഥകളും കവിതകളും ബ്ളോഗിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. കവിതകൾ കുത്തിക്കുറിച്ചിരുന്ന  പല പെൺകുട്ടികളും ബ്ളോഗിൽ സാന്നിദ്ധ്യം അറിയിച്ചു.

റിസർവ് ബാങ്ക് കറൻസി നോട്ടടിച്ചപ്പോൾ അതിന് കള്ള നോട്ട ബദൽ ഉണ്ടായി. ഗൾഫിൽ പോകാൻ വിസാ അസ്സൽ വന്നപ്പോൾ അതിന് ബദൽ  കള്ള വിസാ ഉണ്ടായി. അസ്സൽ കമ്പനി സാധനങ്ങൾക്ക് വ്യാജൻ ഉണ്ടായി . ഏതും സദുദ്ദേശത്തോടെ സൃഷ്ടിക്കപ്പെടുമ്പോൾ  ലാഭേഛയാലോ മറ്റ്  ദുർമോഹത്താലോ വ്യാജനും രംഗത്തെത്തുന്നത്  പതിവ് കാഴയാണ് ബ്ളോഗിന്റെ ഉദ്ദേശം ഞാൻ മുകളിൽ പറഞ്ഞൂ. അവിടെ ദുരുദ്ദേശത്തോടെ വ്യാജന്മാരും ഹാജരായി. പെൺ കുട്ടികളുടെ കവിതയും കഥയും വായിച്ച്  “ഹാ! ഉഗ്രൻ!!! ഇത്രയും കാലം എവിടെ ആയിരുന്നു പുഷ്പമേ! കുട്ടി മണ്ണീൽ മറഞ്ഞ് കിടന്ന മാണിക്യ കല്ലാണ് കാക്കേ! നിന്റെ പാട്ടെത്ര മനോഹരം എന്ന മട്ടിൽ  പെൺകുട്ടിയുടെ കവിതയുടെ താഴെ അഭിപ്രായങ്ങൾ നിരക്കും ( ഇന്നും ആ അവസ്തയിൽ മാറ്റമില്ല പെണ്ണെഴുത്തിന് കമന്റുകൾ കുന്നായി കാണപ്പെടും) ജീവിതത്തിൽ ആദ്യമായി    തന്റെ രചനകളെ പുകഴ്ത്തി കേൾക്കുന്ന ആ കുട്ടിക്ക് രോമാഞ്ചം ഉണ്ടാവുന്നു. ഫോൺ നമ്പർ ചോദിച്ചാൽ കൊടുക്കുന്നു, ചാറ്റിംഗ് പുരോഗമിക്കുന്നു, ചാറ്റിംഗ് ഔട്ടിംഗ് ആകുന്നു, ഔട്ടിംഗ് ഹാൾട്ടിംഗ് ആകുന്നു,  ഇങ്ങിനെ പലതും അന്ന് സംഭവിച്ചു, പല കഥകളും പുറത്ത് വന്നു പലർ പലതിലും ഇടപെട്ടു. അന്ന് സദാചാര പോലീസ് പ്രയോഗം വന്നിട്ടില്ല. ഇടപെട്ടവരെല്ലാം സദുദ്ദേശത്തോടെ ഇടപെട്ടപ്പോൾ പല കാളകളും കടന്ന് കളഞ്ഞു.
അങ്ങിനെ ഇരിക്കവേ  എന്റെ ഒരു പരിചയക്കാരൻ  ഒരു പെൺ കുട്ടി ചതിയിൽ പെടാൻ പോയതും രക്ഷപെട്ടതും പക്ഷേ പ്രതി നായകൻ കയ്യിലുള്ള മെയിലും ചാറ്റിംഗ് രേഖകളും ഉപയോഗിച്ച് പെൺ കുട്ടിയെ ഭീഷണിപ്പെടുത്തുന്നതുമായ കഥകൾ എന്നോട് പറയുകയും എന്താണ് ഒരു വഴി ആ കാളയെ നേരിടാനെന്ന് ആരായുകയും ചെയ്തു. സൈബർ സെല്ലിൽ പരാതി കൊടുത്ത് അവനെ പൂട്ടാമെന്ന് പറഞ്ഞപ്പോൾ ആ പെൺ കുട്ടി സമ്മതിക്കില്ല, വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല,  പോലീസും നിയമവും അല്ലാതെന്ത് വഴി  എന്നാണ് അവളുടെ കരച്ചിലോടുള്ള ചോദ്യം. അവസാനം ഞാൻ ഒരു ഉപായം പറഞ്ഞു. ഊരും പേരും വെളിപ്പെടുത്താതെ, ഈ കഥയുടെ സൂചനകൾ കാണിച്ച് അവനെ വിരട്ടി ഒരു രചന ബ്ളോഗിൽ ഞാൻ   പോസ്റ്റ് ചെയ്യുക .  ഈ വക ഞരമ്പ് രോഗികൾക്ക് ഭയം കൂടുതലാണ്, രഹസ്യം പുറത്താകുമെന്ന് കാണുമ്പോൾ അവൻ കടന്ന് കളയുമെന്ന് മുൻ അനുഭവങ്ങളാൽ അറിയാമെന്നുള്ളതിനാൽ  ഞാൻ ആ പ്രയോഗം നടത്തി “ ബൂലോഗത്തിൽ കാളകൾ മേയുന്നു “ എന്ന പേരിൽ ഒരു പോസ്റ്റിട്ടു. ആ പോസ്റ്റ് വായിച്ചിട്ടാകണം അതോടെ അവൻ അവന്റെ ബ്ളോഗും പൂട്ടി  സ്ഥലം കാലിയാക്കി, പെൺ കുട്ടിക്ക് പിന്നെ ഉപദ്രവമൊന്നും ഉണ്ടായില്ല എന്ന് എന്റെ ആ പരിചയക്കാരൻ അറിയിക്കുകയും ചെയ്തു.
പക്ഷേ എന്റെ പോസ്റ്റിനെ തുടർന്നുണ്ടായ കോലാഹലങ്ങളാണ് മുകളിൽ ഞാൻ പറഞ്ഞത്.  എന്റെ ആത്മാർഥ സ്നേഹിതന്മാർ വരെ ഫോണിൽ വിളിച്ച് ആ പെൺകുട്ടി  ഏതെന്ന് തിരക്കി. ആ കുട്ടിയെ തിരിച്ചറിയുന്ന ഒരു അടയാളവും അന്ന് ഞാൻ ആരോടും വെളിപ്പെടുത്തിയില്ല. ആരോടും  പേര് പറയില്ലാ എന്ന് ഞാൻ ഉറപ്പ് പറഞ്ഞിരുന്നത് ഞാൻ പാലിച്ചു.  അന്ന് ഞാൻ ചെയ്തിരുന്ന എന്റെ തൊഴിലിന്റെ ഭാഗമായിരുന്നു, കക്ഷികളുടെ രഹസ്യം സൂക്ഷിപ്പ്.
വർഷങ്ങൾ കടന്ന് പോയി. ആ പോസ്റ്റിലെ കക്ഷികൾ എവിടെയെന്ന്    ഇന്ന് എനിക്കറിയില്ല. അന്നത്തെ ബ്ളോഗറന്മാർ  ഇന്ന് പലരും മുഖ പുസ്തകത്തിൽ സജീവമായുണ്ട്. ചിലർ മരിച്ചു, ചിലർ എഴുത്ത് നിർത്തി, ചിലർ വല്ലപ്പോഴും മുഖം കാണിക്കുന്നു.
പക്ഷേ കാളകൾ  ഇപ്പോഴും ലൈവ് ആയുണ്ട്  എന്ന് അടുത്ത ദിവസങ്ങളിലെ പലരുടെയും പോസ്റ്റുകൾ കാണുമ്പോൾ മനസ്സിലാകുന്നു. എന്റെ അന്നത്തെ ആ ബ്ളോഗ് പോസ്റ്റിലെ ശ്രീ രമേശ് അരൂരിന്റെ കമന്റ് ആണ് എനിക്കിവിടെ എടുത്ത്  ഇപ്പോൾ ഉദ്ധരിക്കാനുള്ളത്. “ഇല ചെന്ന് മുള്ളീൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലക്ക് തന്നെ കേട്.“അതിനാൽ സൂക്ഷിക്കുക
 ഇപ്പോൾ ഡോക്ടർ മനോജും  അബ്സാറും  മറ്റ് ചിലരും ഇപ്പോഴത്തെ കുറ്റാരോപിതരെ   ഒന്നും രണ്ടും മൂന്നും തലാക്ക് ചൊല്ലി  കക്ഷി വർഗത്തിൽ നിന്നും നീക്കം ചെയ്ത് കഴിഞ്ഞു. കാര്യങ്ങൾ വിശദമായി അറിഞ്ഞ് കഴിഞ്ഞ് അവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ  പിന്നെ അതെല്ലാതെന്ത് വേറെ വഴി.
സൂക്ഷിക്കുക, വീണ്ടും ഞാൻ ആവർത്തിക്കുന്നു സൂക്ഷിക്കുക, ദുരുദ്ദേശത്തോടെ നടക്കുന്നവരെ വഴി ഒഴിഞ്ഞ് നടക്കുക., കാരണം ഓൺ ലൈനിൽ ഇപ്പോഴും കാളകൾ മേയുന്നുണ്ട്.

Tuesday, February 23, 2021

സരസനായ പരോപകാരി

 സക്കര്യാ ബസാറിലെ പ്രമുഖനായ ചായക്കടക്കാരനായിരുന്നു അബുദുൽ റഹീം ഇക്കാ. അസാമാന്യ വലിപ്പമുള്ള കുടവയറിന്റെ  ഉടമസ്ഥനായ  റഹീമിക്ക, കൗണ്ടറിന് പുറകിലുള്ള  കസേരയിൽ നിറഞ്ഞിരുന്ന് പൈസാ വാങ്ങുകയും വന്ന് പോകുന്നവരെ  സസൂക്ഷമം ശ്രദ്ധിക്കുകയും ചെയ്യും. രുചികരമായ അപ്പവും മട്ടൻ കുറുമയും ബീഫ് റോസ്റ്റും മറ്റ് എണ്ണപ്പലഹാരങ്ങളും ലഭ്യമാകുമെന്നതിനാൽ കടയിൽ എപ്പോഴും തിരക്കുമായിരുന്നല്ലോ. മാത്രമല്ല, പുര കെട്ടി മേയാനുള്ള തെങ്ങോല മെടഞ്ഞതിന്റെ കച്ചവടവും അയാൾക്കുണ്ടായിരുന്നു. ഓലക്കെട്ടുകൾ കടയുടെ എതിർവശത്ത് സൂക്ഷിച്ചിരുന്നു. 

പലപ്പോഴും ഞാൻ ആ കടയിൽ പോകാറുണ്ട്. ഞങ്ങളെ പോറ്റാൻ വേണ്ടിയുള്ള തത്രപ്പാടിൽ വാപ്പാ പലപ്പോഴും ആഹാരം കഴിക്കാതിരിക്കുന്നതിനാൽ വാപ്പാക്ക് ചിലപ്പോഴെക്കെ വയറ് വേദന വരും അപ്പോഴൊക്കെ  റഹീമിക്കായുടെ കടയിൽ എന്നെ അയച്ച് ചൂട് പാലും വെള്ളവും (വെള്ള ചായ) വാങ്ങി കഴിക്കും. ചൂട് വെള്ളം സൗജന്യമായി വാങ്ങുന്നതിന് മടിച്ച്  പകരമാണ് വാപ്പാ അന്ന് പത്ത് പൈസാ വിലയുള്ള പാലും വെള്ളം വാങ്ങുന്നത്. അത് ഒരു അലൂമിനിയം തൂക്ക് പാത്രത്തിൽ ഞാൻ ചായക്കടയിൽ പോയി വാങ്ങിക്കൊണ്ട് വരുമായിരുന്നു. മാത്രമല്ല, എനിക്കേറ്റവും ഇഷ്ടപ്പെട്ടതും വിലകുറഞ്ഞതും എന്നാൽ വയറ് നിറക്കുന്നതുമായ ഉണ്ട (ചിലയിടങ്ങളിൽ  ഇതിനെ ഗുണ്ട് എന്ന് വിളിക്കപ്പെടുന്നു) വാങ്ങാൻ ഞാൻ അവിടെ പോകുമായിരുന്നു. 10 പൈസാക്ക് രണ്ടെണ്ണം  കിട്ടും. അതിൽ  മൊരിഞ്ഞ് പൊട്ടിയ  രണ്ടെണ്ണം ഞാൻ  തെരഞ്ഞെടുക്കുന്നത്, പലപ്പോഴും മുതലാളി ശ്രദ്ധിക്കുന്നു എന്നെനിക്കറിയാമായിരുന്നു. ആ കാലത്തെ എന്റെ ഉച്ച ആഹാരം പലപ്പോഴും ആ ഉണ്ട ആയിരുന്നല്ലോ.

അന്നൊരു ദിവസം  എന്റെ ഉച്ച ഭക്ഷണത്തിന് ഉണ്ട വാങ്ങാൻ 10 പൈസാ കിട്ടിയില്ല. വിശപ്പ് കാരണം എനിക്കന്നൊരു കുരുത്തക്കേട് തോന്നി,  വാപ്പാക്ക് പാലും വെള്ളം തൂക്ക് പാത്രത്തിൽ വാങ്ങിയിട്ട് അതിന്റെ  പൈസാ കൗണ്ടറിൽ കൊടുക്കാതെ   പാത്രവും തൂക്കി  കൗണ്ടറിലെ ആൾ തിരക്കിനിടയിലൂടെ വശം ചേർന്ന് പുറത്തേക്കിറങ്ങിയപ്പോൾ  റഹീമിക്കാ വിളിച്ചു, “എടാ മോനേ! ഇങ്ങ് വന്നേയ്....“ കുറ്റം കയ്യോടെ പിടിച്ചതിനാൽ ഞാൻ വിറച്ചും കൊണ്ട്  കൗണ്ടറിലെത്തി.

“പൈസ്സാ തരാൻ മറന്ന് പോയല്ലേ...മോനേ... ? അയാൾ ചോദിച്ചു. ഞാൻ സൈക്കിളിൽ നിന്നു വീണിട്ട് എഴുന്നേറ്റ് വരുമ്പോൾ  മുഖത്ത് വരുത്തുന്ന ഇളിഭ്യ ചിരിയോടെ , “മറന്ന് പോയി  ഇക്കാ...“ എന്ന് പറഞ്ഞ് നിക്കറിന്റെ പോക്കറ്റിൽ നിന്നും പൈസാ എടുത്ത് കൊടുത്തു.

“ നീ പള്ളിക്കൂടത്തിൽ പഠിക്കുന്നവനല്ലേ  മറവി നല്ലതല്ലേ മോനേ..ശരി..ശരി..പൊയ്ക്കോ.“ എന്ന് അയാൾ മുരണ്ടപ്പോൾ ഞാൻ  നാണം കെട്ട് അവിടെന്ന് ഇറങ്ങി പോയി. പിന്നീട് ഞാൻ അവിടെ പോയ ദിവസങ്ങളിൽ  പാലും വെള്ളമോ ഉണ്ടയോ വാങ്ങുന്നതിനായി പൈസാ മുൻ കൂറായി കൗണ്ടറിൽ വെച്ച് അകത്ത് പോയി അത് വാങ്ങി തിരികെ വരും. അപ്പോഴൊക്കെ റഹീമിക്ക, എന്നെ സൂക്ഷിച്ച് നോക്കും. പഴയ നാണക്കേടോർത്ത് ഞാൻ തലയും കുനിച്ച് ഇറങ്ങി വരും.

അങ്ങിനെ ഇരിക്കെ ഒരു ദിവസം പാലും വെള്ളത്തിന്റെ വില മുൻ കൂറായി കൗണ്ടറിൽ വെച്ചിട്ട് “ഒരു പാലും വെള്ളം“ എന്നും പറഞ്ഞ് ഞാൻ അകത്ത് പോയി അത് വാങ്ങി തിരികെ വരുമ്പോൾ കൗണ്ടറിലിരുന്ന് റഹീമിക്കാ ചോദിച്ചു, പൈസാ എവിടെ മോനേ...?

ഞാൻ അന്തം വിട്ട് പറഞ്ഞു, “പടച്ചോനാണെ മുത്ത് നബിയാണെ, ഞാൻ പൈസാ ആദ്യം ഇവിടെ തന്നിട്ടാണ് അകത്ത് പോയത്....“

“പാലും വെള്ളം നിനക്കല്ലേ തന്നത്, പടച്ചോനും മുത്ത് നബിക്കൊന്നുമല്ലല്ലോ...“

ഞാൻ പൈസാ കൊടുത്ത കാര്യം അയാൾ മറന്നതായിരിക്കും എന്ന്  എനിക്ക് തോന്നി. വല്ലാത്ത പരിഭ്രമത്തോടെ ഞാൻ നാല് പാടും നോക്കി. അപ്പോഴാണ് ഞാൻ ആ മനുഷ്യനെ കണ്ടത്. ഞാൻ പൈസാ കൗണ്ടറിൽ വെച്ച് അകത്ത് പോകുന്നത് അയാൾ കണ്ടിരുന്നു, കുറേ നേരമായി അയാൾ അവിടെ നിൽക്കുകയാണെന്ന് തോന്നി. എനിക്കയാളെ അറിയാം. ഷാഫിക്കോയായുടെ പള്ളിയിലേക്ക് പോകുന്നവഴി ഇടവഴിയുടെ  ഓരത്ത് ഒരു കൂരയിലാണ്` അയാൾ താമസം.       അയാളുടെ പേര് സെയ്തു. അയാളുടെ മകൻ എന്നോടൊപ്പം പഠിക്കുന്നുണ്ട്. “ഈ സെയ്തു ഇക്കാ, ഞാൻ പൈസാ വെക്കുന്നത് കണ്ടു...“ ഞാൻ വിക്കി വിക്കി റഹീമിക്കായോട് പറഞ്ഞു.

“ആ ഇക്കാ...ഈ ഇക്കാ...ഇതൊന്നുമെനിക്ക് കേൾക്കേണ്ടാ, നീ പൈസാ തന്നോ എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ....അതിന് നാട്ടിൽ കിടക്കുന്നവരെ എല്ലാം സാക്ഷി ആക്കുന്നതെന്തിന് ? ങാ, നീയെന്തിനാ സെയ്തേ കുറേ നേരമായി ഇവിടെ കുന്തം നാട്ടിയത് പോലെ  നിക്കണ്....കാര്യം പറ..  എടാ മോനേ നീ അങ്ങോട്ട് മാറി നില്ല്.“

എനിക്ക് വല്ലാത്ത പ്രയാസം തോന്നി, വിശപ്പിന്റെ  കാഠിന്യത്താൽ അന്നൊരിക്കൽ അബദ്ധം സംഭവിച്ചു, അതിന് എന്നും നാണക്കേടാക്കണോ....?!‘ എനിക്ക് കരയണമെന്ന് തോന്നി, ഞാൻ വിക്കി വിക്കി പറഞ്ഞു, പാലും വെള്ളം തണുത്ത് പോകുന്നു, വാപ്പാക്ക് ചൂട് വേണം...“

“ശ്ശെടാ, നീ ഒന്നടങ്ങടാ...ഈ സെയ്തിനെന്താ വേണ്ടതെന്ന് ചോദിക്കട്ടെ...“

സെയ്ത് മുമ്പോട്ട് വന്ന് റഹീമിക്കായെ ഭവ്യതയോടെ നോക്കി പതുക്കെ പറഞ്ഞു. ഇക്കാ, പുര കെട്ടി മേഞ്ഞിട്ടില്ല, .....“

പറഞ്ഞ് പൂർത്തീകരിക്കുന്നതിന് മുമ്പ്  റഹീമിക്കാ ചോദിച്ചു, “എന്താ, ഞാൻ പുരപ്പുറത്ത് കയറി  മേഞ്ഞ് തരണോ...?

അയാൾ കുട വയറുമായി പുരപ്പുറത്ത് കയറുന്നതെങ്ങിനെയെന്ന് ഞാൻ  ചിന്തിച്ചു.

“ അതല്ലാ ഇക്കാ....എനിക്ക് കുറേ ഓല തരണം, അടുത്ത മാസം ചിട്ടി പൈസാ കിട്ടുമ്പോൾ കൊണ്ട് തരാം...., തീരെ നിവർത്തിയില്ലാഞ്ഞിട്ടാ...മഴ വീണാൽ  ഒരു തുള്ളി പുറത്ത് പോവില്ല,  ആ അവസ്ഥയാ..ഇക്കാ...ഒന്ന് സഹായിക്കിക്കാ....“

“പിന്നേയ്...നിന്റെ വാപ്പാ സമ്പാദിച്ച്  തന്നിരിക്കുകയല്ലേ  ഇവിടെ....നീ ചോദിക്കുമ്പോഴൊക്കെ ഓല തരാൻ....“കുട വയറൻ മുരണ്ടു. എന്നിട്ട് ഒരു ദയവുമില്ലാതെ പറഞ്ഞു, പോ..പോ...വീട്ടീൽ പോടാ...അവിടെ ഓല  മലക്കുകൾ കൊണ്ട് വരും..പോടാ..പോടാ.“  സെയ്തിന്റെ മുഖം വല്ലാതായി, അയാളുടെ കണ്ണിൽ വെള്ളം നിറഞ്ഞു, ആ നിസ്സാഹയതയിൽ അയാളുടെ ക്രോധം  ആളിക്കത്തി...അയാൾ അലറി..“ എടാ പന്നീ...കുടവയറൻ തെണ്ടീ... നീ ചാവുമ്പോൾ  ഓലക്കെട്ടും തലയിൽ ചുമന്ന് പോകുമോടാ മരമാക്രീ..   മരപ്പട്ടീ.... പാവപ്പെട്ടവന്റെ ദണ്ഡം നിനക്കറിയില്ലെടാ...തടിയൻ ഹിമാറേ... ദാ ഈ കൊച്ച് ചെറുക്കന്റെ പത്ത് പൈസാ വാങ്ങി മേശയിലിട്ടിട്ടല്ലേ ആ കൊച്ചനെ പിടിച്ച് നിർത്തിയിരിക്കുന്നത്.“ 

എനിക്കതങ്ങ് ഇഷ്ടപ്പെട്ടു...പാലും വെള്ളം തണുക്കുന്നതും  വാപ്പാ കാത്തിരിക്കുന്നതുമെല്ലാം ഞാൻ മറന്നു, അവിടെ നടക്കുന്ന ബഹളത്തിൽ രസം പിടിച്ച് ഞാൻ നിന്നു. റഹീമിക്കാക്ക് ഒരു കുലുക്കവുമില്ല, ഇതെല്ലാം കേട്ടിട്ട് അയാൽ തല കുലുക്കി താളം പിടിച്ച് രസിക്കുന്നത് കണ്ടപ്പോൾ  എനിക്കതിശയം തോന്നി. അപ്പോഴാണ് സെയ്തിന്റെ മകൻ എന്റെ സഹപാഠി  അവിടെ ഓടി വന്ന് അവന്റെ വാപ്പായോട് ചെവിയിൽ എന്തോ പറഞ്ഞത്.

സെയ്ത് അന്തം വിട്ട് നിന്നു. അയാൾ വല്ലാതെ വിളറി. എന്ത് കൊണ്ടോ അയാളുടെ  മുഖം കുനിഞ്ഞു. റഹീമിക്കാ ചോദിച്ചു, “എന്തെടാ നിർത്തിയത് സെയ്തേ...ഒന്നു കൂടി വിളിക്ക്, എന്തെല്ലാമാണ് സംഗതികൾ കുടവയറൻ തെണ്ടീ...മരപ്പട്ടീ മരമാക്രീ...തടിയൻ ഹിമാറേ......“ റഹീമിക്കാ കുലുങ്ങി ചിരിച്ചു. കാര്യമെന്തെന്നറിയാതെ ഞാനും അവിടെ കൂടി നിന്നവരും കണ്ണും മിഴിച്ചു നിന്നു.

“എടാ നീ ഇവിടെ കുന്തം പോലെ നിന്നപ്പോഴേ ഓല ചോയിക്കാനാണെന്ന് എനിക്കറിയാമായിരുന്നു, നിന്റെ പുരയുടെ മോളിൽ ഈർക്കിലി  മാത്രമേ ഉള്ളൂ എന്ന് പള്ളിയിൽ പോകുമ്പോൾ ഞാൻ കാണുന്നതല്ലേ? അത് കൊണ്ട് ഞാൻ അപ്പോൽ തന്നെ ഓല കൊടുത്ത് വിട്ടിരുന്നു, നീ അപ്പോളവിടില്ലായിരുന്നു സെയ്തേ...“

“പിന്നെന്തിനാ ഇക്കാ, ഞാൻ ഓല ചോദിച്ചപ്പോൾ  നിങ്ങൾ ഇല്ലാ എന്ന് പറഞ്ഞത് “

“ എടാ ഹമുക്കേ! ഞാൻ പറഞ്ഞത് ഓല മലക്കുകൾ അവിടെ കൊണ്ട് വന്ന് തരുമെന്നാണ്...പിന്നെ, ഞാൻ ഓല തന്നില്ലെങ്കിൽ നീ എന്നെ എന്തെല്ലാം പറയുമെന്നറിയേണ്ടേ മോനേ... എന്തെല്ലാമാണ് എന്റെ പേര് , മര മാക്രീ...മരപ്പട്ടീ...കുടവയറൻ  തെണ്ടീ...... റഹീമിക്കാ കുലുങ്ങി കുലുങ്ങി ചിരിച്ചു.

സെയ്തിന്റെ മുഖത്ത്  ചോര മയം ഇല്ല. ഞാൻ അന്തം വിട്ട് നിന്നു. അപ്പോൾ ആ സമയത്താണ് ഉണ്ട പൊരിച്ചത് ഒരു കുട്ടയിൽ  കൊണ്ട് വന്ന് ജോലിക്കാരൻ അലമാരിയിൽ അടുക്കി വെച്ചത്. അയാളോടെ റഹീമിക്കാ പറഞ്ഞു.

“എടാ അദ്രുവേയ്...രണ്ട് ഗുണ്ട് ആ ചെക്കന് കൊടുക്ക്, അവൻ പള്ളിക്കൂടത്തിൽ പോകുന്നോനാ....മോനേ! ഇത് തരാനാടാ നീ അവിടെ നിക്കാൻ ഞാൻ പറഞ്ഞത്. ഉണ്ട പൊരിച്ച് കൊണ്ട് വരേണ്ടേ. അതിന് മുമ്പ് നീ പോയാലെങ്ങിനാ..... അദ്രുവേ!, ആ പാലും വെള്ളം ഒന്ന് ചൂടാക്കി കൊടുക്കെടാ....“ 

എന്റെ കണ്ണ് തള്ളി പോയി. തൊണ്ടയിൽ എന്തോ വന്നിരിക്കുന്നു....റഹീമിക്കാ വലുതായി..വലുതായി...എന്റെ മുമ്പിൽ നിൽക്കുന്നത് പോലെ...കണ്ണീൽ വെള്ളം നിറയുന്നുണ്ടോ  ഞാൻ പതുക്കെ അവിടെന്ന് ഇറങ്ങി നടന്നു.

ഇപ്പോൾ ആ ചായക്കട ഇല്ല, ആ കെട്ടിടം പൊളീച്ച് പണിതതായി തോന്നുന്നു. ഒരു മെഡിക്കൽ സ്റ്റോറാണ് അവിടെ ഉള്ളത്. ഞാൻ ആലപ്പുഴ എത്തുമ്പോൾ അതിലെ നടന്ന് പോയാൽ ആ ഭാഗത്തേക്ക് നോക്കും, ഓർമ്മകൾ എന്റെ ഉള്ളിലേക്ക് പാഞ്ഞെത്തും...കുലുങ്ങി കുലുങ്ങി ചിരിക്കുന്ന  ആ മനുഷ്യൻ അവിടെ എവിടെയെങ്കിലും ഉണ്ടോ?!

കേരളം വടക്ക് മുതൽ തെക്ക് വരെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തും പോയി താമസിച്ചിട്ടുണ്ട്. ധാരാളം ആളുകളുമായി  ഇടപെടേണ്ടി വന്നിട്ടുമുണ്ട്. വ്യത്യസ്തമായ പല സ്വഭാവക്കാരെയും പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ അപൂർവത്തിൽ അപൂർവമായി ചില മനുഷ്യർ അവരുട് സ്വഭാവ വിശേഷതകൾ കാരണത്താൽ നമ്മുടെ മനസ്സിൽ ഇടം പിടിക്കും. എന്റെ മനസ്സിൽ അപ്രകാരം ഇടം പിടിച്ച ഒരാളാണ് ചായക്കട റഹീമിക്ക.


Tuesday, February 16, 2021

ടാർസനും പൂവരശ് മരവും.

 ടാർസൻ കഥകൾ വായിച്ച് വട്ടായ  പതിനൊന്നുകാരനായ  ഞാൻ മുള വാരി കൊണ്ട് വില്ലും അതിന് ചേർന്ന അമ്പുകളും തയാറാക്കി  താവളത്തിന് പറ്റിയ സ്ഥലം അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ആലപ്പുഴ വട്ടപ്പള്ളിയിൽ എച്.ബി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഹമീദ് ഇക്കായുടെ പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് നിൽക്കുന്ന പൂവരശ് (ശീലാന്തി) മരമാണ്. അടുത്ത ദിവസങ്ങളിൽ മരം കയറ്റം പരിശീലനം തുടങ്ങി പൂവരശിന്റെ തടിയിലെ മുഴകളിൽ പിടിച്ച്  എളുപ്പത്തിൽമരത്തിൽ കയറാൻ സാധിക്കുന്നത് വരെ  പരിശീലനം തുടർന്നു. കൂടുതൽ എളുപ്പത്തിനായി  ഒരു കയറും മരത്തിന്റെ കവരത്തിൽ കെട്ടി ഉറപ്പിച്ച് ഞാൻ താവളത്തിലെ ഇലകളുടെ പടർപ്പിൽ ഒളിച്ചിരുന്നു പരിസരം നിരീക്ഷിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തന്നെ വിശ്വാസമായി ഞാൻ ടാർസൻ തന്നെയാണെന്ന്. മരത്തിൽ നിന്ന് നോക്കിയാൽ കാണുന്ന ഒരു ഭാഗത്ത് ഊർപ്പൻ കാട് പടർന്ന് പിടിച്ചിരുന്നു. അതിൽ കയറിയാൽ വസ്ത്രം മുഴുവൻ ഊർപ്പൻ വിത്തുകൾ പറ്റി പിടിക്കുമെന്നതിനാൽ ആൾക്കാർ കാടിനെ ഒഴിഞ്ഞു വെച്ചു. ടാർസന്റെ കാടായി ഊർപ്പൻ കാടിനെ തെരഞ്ഞെടുത്തു, ചിലപ്പോഴെല്ലാം കാടിലും പതുങ്ങി ഇരുന്നു. അത്യാവശ്യത്തിന് ചെറിയ കല്ലുകൾ സംഘടിച്ച് പൂവരശിൽ കയറി ഇരുന്ന് കാടിനടുത്ത് കൂടി പോകുന്ന കുട്ടികളെ ടാർസൻ എറിഞ്ഞ് രസിച്ചു. ഏകാന്തതയിൽ  നിന്നും വരുന്ന കല്ലുകൾ കൊള്ളുമ്പോൾ കുട്ടികൾ നാല് ചുറ്റും പരതി നോക്കി ആരെയും കാണാതെ ഹെന്റുമ്മോ ശെയ്ത്താൻ എന്ന് കൂവി വിളിച്ച് പായുന്നതു ടാർസനെ രസിപ്പിച്ചു വല്ലോ.

അങ്ങിനെയിരിക്കവേ ടാർസന്  ഉള്ളിൽ നിന്നും അടക്കാനാവാത്ത ഒരു പൂതി പൊന്തി വന്നു. നല്ല നിലാവുള്ളപ്പോൽ മരത്തിൽ കയറി ഇരുന്ന് ചന്ദ്രനെ നോക്കി ഒന്ന് അലറണം. അത് കഥയിലെ ടാർസന്റെ വിനോദമായിരുന്നല്ലോ. ഈ ടാർസന് എന്ത് കൊണ്ട് അത് ചെയ്തു കൂടാ. എന്തായാലും ഈ ടാർസൻ അത് നടപ്പിൽ വരുത്തി. രാത്രി ഒൻപത് മണി സമയത്ത് മരത്തിന്റെ കവരത്തിൽ തൂക്കിയിട്ട കയറിൽ പിടിച്ച്  ഇലപ്പടർപ്പിൽ ചെന്ന് പറ്റി ഇലകൾക്കിടയിലൂടെ ആകാശത്തിലെ ചന്ദ്രനെ നോക്കി  സുന്ദരമായി അലറി. പതിനൊന്നു വയസ്സുകാരന്റെ അലറൽ  തൊണ്ടയുടെ ഘനക്കുറവ് കാരണം വികൃതമായ ശബ്ദത്തിൽ മഞ്ഞ് നിറഞ്ഞ നിലാവിൽ ഓരിയിടലായി മാറി.  ഈ ഓരിയിടൽ മുഴുവനാകുന്നതിന് മുമ്പ് പട്ടികൾ ഏറ്റ് പിടിച്ചു, ഘണ്ഡകാരന്റെ അമ്പലത്തിനടുത്ത് നിന്നും പുതിയപെണ്ണിത്തായുടെ വീടിനടുത്ത് നിന്നും നാല് ഭാഗത്ത് നിന്നും പട്ടികൾ മൽസരിച്ച് ഓരിയിട്ടു. അയല്പക്കത്തെ വീടുകളിലെ മണ്ണെണ്ണ വിളക്കുകൾ പ്രകാശിക്കാൻ തുടങ്ങി . കൊച്ചുകോയാ ഇക്കാ, ഇച്ചാലി, തറപ്പാള ഹസനിക്കാ എല്ലാവരും പുറത്തിറങ്ങി അന്വേഷണമായി. ശബ്ദം കേട്ടു എന്ന് അവർക്ക് എല്ലാവർക്കും ഉറപ്പുണ്ട്. പക്ഷേ എവിടെ നിന്ന്? ആർക്കും ഒരു തിട്ടവുമില്ല. കൊച്ച് കോയാ ഇക്ക അഞ്ച് ബാറ്ററിയുടെ ടോർച്ച് വീശി അടിച്ച് ഊർപ്പൻ കാട് പരിശോധിച്ചു. പൂവരശിൽ ഇരുന്ന ടാർസൻ ഇല പടർപ്പിൽ തല താഴ്ത്തി കയ്യും കാലും വിറച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു, റബ്ബേ! രക്ഷിക്കണേ! ആരോ പറഞ്ഞു, “ഇന്ന് വെള്ളിയാഴ്ചയല്ലേ അറുകൊല ഇറങ്ങിയതായിരിക്കും, അമ്പലത്തിൽ നിന്നുമൊരു പോക്കു വരത്തുണ്ട്....“  അത് കേട്ട പാടെ പലരും വീടുകളിൽ തിരിച്ച് കയറി. കുറേ നേരം കഴിഞ്ഞ് രംഗം വിജനമായപ്പോൾ ടാർസൻ കയറിൽ തൂങ്ങി തറയിലിറങ്ങി വീടിലേക്ക് പാഞ്ഞ് പോയി.

പിന്നീടൊരു ദിവസം പള്ളിക്കൂടം വിട്ട വന്ന ടാർസൻ വില്ലും അമ്പും എടുത്ത് താവളത്തിലേക്ക് പാഞ്ഞു. പൂവരശിന് താഴെ ചെന്നപ്പോൾ കയർ കാണുന്നില്ല. മുകളിലേക്ക് നോക്കിയപ്പോൾ  ഇലപടർപ്പിൽ ഒരു മുഖം താഴേക്ക് എന്നെ നോക്കി ഇളിക്കുന്നു. ഞങ്ങൾ അസി എന്ന് വിളിക്കുന്ന അസീസ് അവിടെ  ടാർസന്റെ താവളത്തിൽ കയ്യേറി ഞെളിഞ്ഞ് ഇരിക്കുകയാണ്.

“എടാ പന്നീ..ഇന്നാള് വഴിയെ പോയപ്പോൽ എന്നെ കല്ലെറിഞ്ഞത് നീയായിരുന്നല്ലേ...?

ശരിയാണ് ടാർസൻ ഒരു ദിവസം ഇവനെ കല്ലെറിഞ്ഞ് വിരട്ടിയിട്ടുണ്ട്. അന്നവൻ ഭയന്ന് ഓടിയ ഓട്ടം ഇന്നും ചിരിക്കാൻ വകയുള്ളതാണല്ലോ. എങ്കിലും ടാർസൻ ഗൗരവത്തിൽ അവനോട് ആവശ്യപ്പെട്ടു, മര്യാദക്ക് താഴെ ഇറങ്ങ് ഇല്ലെങ്കിൽ നിന്നെ...ടാർസൻ വില്ലെടുത്ത് ഒരു അമ്പ് അതിൽ ഫിറ്റ് ചെയ്തു അസിയെ ഉന്നം നോക്കി. “ഓ! പിന്നേയ്, നീ എന്നെ ഒലത്തും പോടാ അവിടന്ന് അവൻ അലറി.

ടാർസന് സങ്കടം വന്നു, തറയിൽ നിന്നും കുനിഞ്ഞ് കല്ലെടുത്തു. അപ്പോൾ ടാർസന്റെ തല മുതൽ കീഴോട്ട്  നേരിയ ചൂട് വെള്ളം വീഴുന്നു. തല ഉയർത്തി നോക്കിയപ്പോൽ അസി മൂത്രം ഒഴിക്കുന്ന യന്ത്രം ശ്ർ ർ ർ എന്ന്  പ്രവർത്തിപ്പിക്കുകയാണ്. ഓടിക്കോ ബലാലേ..ഇവിടന്ന്...

ടാർസൻ ജീവനും കൊണ്ടോടി അടുത്തുള്ള മുനിസിപ്പൽ പൈപ്പിൽ പോയി, നന്നായി കുളിച്ചു. ടാർസൻ കളി അവിടെ അവസാനിച്ചു.

ഒന്നിനുമൊന്നിനും മാറ്റമില്ലാതെ വർഷവും വസന്തവും വേനലും മാറി മാറി വന്നു. വട്ടപ്പള്ളി  ഒരു മധുര സ്മരണയായി മനസ്സിൽ പ്രതിഷ്ഠിച്ച് ഈയുള്ളവൻ മറ്റൊരു നാട്ടിൽ  സ്ഥിര താമസമാക്കി. എങ്കിലും വല്ലപ്പോഴും പഴയ സുഹൃത്തുക്കളെ തപ്പി ഇറങ്ങുമായിരുന്നു. അസിയെ പലപ്പോഴും കണ്ടു. അവൻ അവന്റെ വണ്ടിയിൽ ഭാരവും കയറ്റി ചവിട്ടി പോകുന്നത് കാണുമ്പോൾ ഞാൻ ഒന്ന് നിന്ന് അവന്റെ നേരെ നോക്കും, പക്ഷേ എന്ത് കൊണ്ടോ അവൻ മുഖം തരാതെ ഒഴിഞ്ഞ് പോകും. കഴിഞ്ഞ ജനുവരിയിൽ ഞാൻ മൂന്ന് നാല് ദിവസം    ആലപ്പുഴ   നിന്നപ്പോൾ വട്ടപ്പള്ളിയിൽ പോയി. സക്കര്യാ ബസാറിനടുത്ത് വെച്ച് അസിയെ കണ്ടു. അവൻ വണ്ടിയിൽ നിന്നും സാധനം ഇറക്കുകയാണ്. ഞാൻ വണ്ടിയുടെ സമീപം പോയി നിന്നു വിളിച്ചു, “അസീ....“

അവൻ എന്റെ നേരെ നോക്കി എങ്കിലും മുഖത്തിലെ  അപരിചിത ഭാവം മാറ്റിയില്ല. “ നീയെന്താ എന്നെ കാണുമ്പോൾ മുഖം തിരിക്കുന്നത്...? ഞാൻ ചോദിച്ചു

ഓ! നിങ്ങളെല്ലാം വലിയ ആൾക്കാരാണ്, നമ്മൾ അടുത്ത് വരുന്നതും സംസാരിക്കുന്നതും കുറച്ചിലായാലോ....“

നീ അങ്ങിനെയാണോ എന്നെ മനസ്സിലാക്കിയത്, എടാ നീ എന്റെ തലയിൽ മുള്ളിയത് വരെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്...“ ഞാൻ ചിരിച്ച് കൊണ്ടും പറഞ്ഞു. അപ്പോൽ അവൻ പൊട്ടി പൊട്ടി ചിരിച്ചു, എടാ നീ അത്  ഇപ്പോഴും ഓർമ്മിക്കുന്നുണ്ടോ? അവൻ ചോദിച്ചു.

അതും നമ്മുടെ ചെറുപ്പത്തിലെ കളികളും തമാശയും അന്നത്തെ എല്ലാവരേയും ഇന്നും ഞാൻ ഓർക്കുന്നുണ്ട്.  ആ ഓർമ്മകളാണെടാ എന്റെ ജീവിത സമ്പാദ്യം...“ ഞാൻ പറഞ്ഞു. എന്റെ കണ്ണിൽ ഈറൻ പടർന്നുവോ....

അവൻ അത് കണ്ടത് കൊണ്ടാവാം നടന്ന് വന്ന് എന്റെ കയ്യിൽ പിടിച്ചു എന്നിട്ട് അവൻ എന്നോട് പറഞ്ഞു, അന്നത്തെ കാലം മതിയായിരുന്നെടാ....വലുതാകേണ്ടായിരുന്നു.“ പലരും പറഞ്ഞ ആ സത്യം അവന്റെ വായിൽ നിന്നും വന്നപ്പോൽ ഞാൻ അന്തം വിട്ട് പോയി. ശരിയാണ്        എന്റെ ഉള്ളിൽ നിന്നും ആരോ ചോദിച്ചു  “എന്തിനാണ് നാം വലുതായത്...?

Friday, February 12, 2021

കുടുംബ കോടതിയിലെ കേസ്

 പെൺകുട്ടി കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ട് ഇപ്പോൾ ഏഴ് വർഷമായി.  .ഏഴ് മാസം ഗർഭിണി ആയിരുന്ന അവൾ ഭർതൃ  ഗൃഹത്തിലെ  അസഹനീയമായ പീഡനങ്ങൾ കാരണം  സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.  പിന്നീട് ഒരു ആൺകുട്ടിയെ പ്രസവിച്ചു എങ്കിലും ഒരിക്കൽ പോലും ഭർത്താവ് ആ കുട്ടിയെ കാണാൻ വന്നിട്ടില്ല.   , മാതാപിതാക്കൾ പറയുന്നതനുസരിച്ച്  തുള്ളുന്ന ഒരു വ്യക്തി ആയിരുന്നു  അയാളെന്ന്  മാത്രം ഇപ്പോൾ പറഞ്ഞ് നിർത്തുന്നു. ദാമ്പത്യ ജീവിതത്തിൽ അവൾ അനുഭവിച്ച പ്രയാസങ്ങൾ വിവരിക്കാനല്ല ഈ കുറിപ്പുകൾ. അതിന്റെ പരിഹാരത്തിനാണല്ലോ കോടതിയിൽ  കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

ആ കേസുകളുടെ ചുരുക്കം ഇത്രയുമാണ്. അവളുടെ രക്ഷിതാക്കളുടെ കയ്യിൽ നിന്നും കൈപറ്റിയ തുകക്കും അവളുടെ സ്വർണം ഭർത്താവും അയാളുടെ മാതാപിതാക്കളും കൂടി വിറ്റതിന്റെ തുകയും പിന്നെ ലക്ഷങ്ങൾ മുടക്കി  അവളുടെ പിതാവ് വാങ്ങി കൊടുത്തിരുന്ന ഗ്രഹോപകരണങ്ങളുടെ വിലയും ചേർത്തുള്ള തുക എതൃകക്ഷികളിൽ നിന്നും ഈടാക്കി കിട്ടാനും പിന്നെ അവൾക്കും കുഞ്ഞിനും ജീവിക്കാനുള്ള ചെലവ് ഈടാക്കി കിട്ടാനും കുടുംബ കോടതിയിലും  ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് പ്രകാരമുള്ള  ആനുകൂല്യങ്ങൾക്കായി മജിസ്ട്രേറ്റ് കോടതിയിലും 

 ഇപ്രകാരമുള്ള കേസുകളായിരുന്നു  അവൾ നിയമാനുസരണം കോടതികളിൽ ഫയൽ ചെയ്തിരുന്നത്.

ഏഴ് വർഷങ്ങളായി അവൾ കോടതി തിണ്ണയിലേക്കുള്ള യാത്ര തുടങ്ങിയിട്ട്. ഇതിനിടയിൽ ഭർത്താവ് ഗൾഫിൽ പോയി.  അയാളെ പ്രതിധാനം ചെയ്ത് അയാളുടെ പിതാവ് കേസ് നടത്തുന്നു. ഗൾഫിൽ നിന്നും വരുമ്പോൾ ഇടക്കിടക്ക് അയാൾ കോടതിയിൽ മുഖം കാണിക്കും. അന്ന് ഭാര്യയെയും കുട്ടിയെയും കണ്ടാലും അയാൾ തിരിഞ്ഞ് നോക്കില്ല. അതോടെ അവളുടെ മനസ്സിന് മരവിപ്പായി. അൽപ്പം പോലും പ്രതീക്ഷ ഇല്ലാതായി. ഇനി കോടതി വിധി നോക്കി ഇരിക്കാം. ഒത്ത് തീർപ്പ് ശ്രമങ്ങൾ എവിടെയുമെത്തിയില്ല. 

കടന്ന് പോയ വർഷങ്ങളിൽ കേസ് വിചാരണക്കെടുക്കുകയോ അനന്തര നടപടികൾ കൈക്കൊള്ളുകയോ ചെയ്യാതെ അവധി വെച്ച് മാറ്റിക്കൊണ്ടിരുന്നു. ഓരോ അവധിക്കും അവൾ കരുതും, കേസ് ഇന്ന് വിചാരണക്കെടുത്തേക്കാം. ഒന്നും സംഭവിക്കാതിരിക്കുമ്പോൾ അവൾ ചിന്തിക്കും പിന്നെന്തിനാണ് എന്നെ ഇന്നത്തെ ദിവസം കോടതിയിലേക്ക് വരുത്തിയത്. കേസ് നമ്പറും കക്ഷികളുടെ പേരും വിളിക്കുമ്പോൾ  അവൾ കോടതിക്കകത്ത് കയറി ജഡ്ജിന്റെ മുഖത്തേക്ക് ഉൽക്കണ്ഠയോടെ  നോക്കും. ഒന്നും സംഭവിക്കാതെ അവധി തീയതി അറിഞ്ഞ് നിരാശയോടെ ഇറങ്ങി വരും. എങ്കിലും ഓരോ അവധിയിലും വക്കീലിനും ക്ളർക്കിനും   ഫീസ് കൊടുത്തിരിക്കും. ഒരു അവധിക്ക് കൊടുത്തില്ലെങ്കിൽ അവരുടെ സ്വഭാവം മാറും, ഞങ്ങൾ സർക്കാർ ഉദ്യോഗസ്തരല്ല, കേസിലെ കക്ഷികൾ തരുന്നതാണ് ഞങ്ങളുടെ വരുമാനം എന്ന് ക്ളർക്ക് രൂക്ഷ്മായി പ്രതികരിക്കും. അത് കൊണ്ട് തന്നെ ഓരോ അവധിക്കും അവൾ ഫീസ് കടം വാങ്ങിയെങ്കിലും കൊണ്ട് വരുമായിരുന്നു. വർഷങ്ങൾ നീണ്ടപ്പോൾ അവൾ ചിന്തിച്ചു, ഇതിന് ഒരവസാനമില്ലേ? എത്ര നാൾ ഇങ്ങിനെ കോടതി കയറി ഇറങ്ങും.

ഇതിനിടയിൽ സന്തോഷമുള്ള ഒരു സംഭവം ഉണ്ടായി. അവൾക്ക് സർക്കാർ സർവീസിൽ ജോലി കിട്ടി. വിവരം മണത്തറിഞ്ഞ അമ്മായി അപ്പൻ അയാളുടെ വക്കീൽ മുഖേനെ അവൾക്ക് ചെലവിന് കിട്ടാനായി കൊടുത്ത കേസിൽ ആക്ഷേപം ഉന്നയിച്ച് അവൾക്ക് ചെലവിന് കൊടുക്കരുതെന്നായി. ശരി എങ്കിൽ കുട്ടിക്ക് മതിയെന്നായി അവൾ. പക്ഷേ അതെങ്കിലും തരേണ്ടേ? കുടുംബ കോടതിയിൽ ചോദിക്കുമ്പോൾ മജിസ്ട്രേറ്റ് കോടതിയിൽ ഡൊമസ്റ്റിക്ക് വയലൻസിൽ കൊടുക്കാമെന്നായി.എതിർ കക്ഷി. മജിസ്ട്രേറ്റ് കോടതിയിൽ ചോദിക്കുമ്പോൾ  കുടുംബ കോടതിയിലെ കേസിൽ കൊടുക്കാമെന്നാകും. ഇത് രണ്ടിടത്തും  അവൾക്കോ കുഞ്ഞിനോ നിയമാനുസരണമുള്ള ചെലവിന്റെ തുക കിട്ടിയില്ല. അവളുടെ വക്കീൽ കാര്യം ബോധിപ്പിക്കുമ്പോൾ പരിശോധിക്കാൻ കേസ് മാറ്റും, വീണ്ടും തഥൈവാ. ആയിരമായിരം കേസുകളുടെ തിരക്കിൽ ഏത് ന്യായാധിപനാണ് ഇതെല്ലാം പരിശോധിക്കാൻ നേരം  കേസ് വിളിക്കാൻ നേരം ഒരു ഉൽസവത്തിന്റെ പ്രതീതി തോന്നിപ്പിക്കും വിധമാണ് ആൾക്കാരുടെ തിരക്ക്.

അവസാനം അവളുടെ കേസ് വിചാരണക്കെടുത്തു. ഇരു ഭാഗവും സാക്ഷികളെ ഘോര ഘോരം വിസ്തരിച്ചു. അവളെ എതിർഭാഗം വക്കീൽ ക്രോസ്സ് ചെയ്ത് തോലുരിച്ചപ്പോൾ അവളുടെ വക്കീൽ അമ്മായി അപ്പനെ കൂട്ടിൽ വെള്ളം കുടിപ്പിച്ചു. ഇരു ഭാഗവും ശക്തമായ വാദവും പറഞ്ഞു, കിതാബുകൾ ധാരാളം ഹാജരാക്കി തെളിവിനായി. 

അവസാനം വിധി പറയാൻ കേസ് അവധിക്ക് മാറ്റി. എല്ലാം അവസാനിക്കുകയാണല്ലോ എന്ന സന്തോഷത്തിൽ അന്ന് ലീവെടുത്ത് അവൾ കോടതിയിൽ ഹാജരായി. കേസ് വിളിച്ചു, ജഡ്ജ്മെന്റ് തയാറായില്ല, അടുത്ത അവധിക്ക് മാറ്റി. നിരാശയോടെ അവൾ മടങ്ങി. വീ ണ്ടും പ്രതീക്ഷകളുമായി അവൾ അടുത്ത അവധിക്കായി കാത്തിരുന്നു. അന്നും ജഡ്ജ്മെന്റ് തയാറായില്ല, അവധിക്ക് വെച്ചു. “മുടിഞ്ഞ് പോകാനെന്ന്“ മനസ്സിൽ പറഞ്ഞ് അവൾ മടങ്ങി പോയി. ഇപ്പോൾ രണ്ട് മാസമായി ഈ നാടകം നടക്കുന്നു, ഇത് വരെ വിധി പറഞ്ഞില്ല. കഴിഞ്ഞ അവധിക്ക് അൽപ്പം പുരോഗമനം ഉണ്ടായി. കേസ് വീണ്ടും വാദം കേൾക്കണമെന്ന്. അതിനായി നിശ്ചിത തീയതിക്ക് മാറ്റി. അവൾ സ്വയമേ പറഞ്ഞു, ഈ ടെൻഷനും കോടതി കയറി ഇറങ്ങലും എനിക്കിനി വയ്യ.....

ഈ കേസിൽ ഇനിയും വിധി പറഞ്ഞിട്ടില്ല എന്നാണെന്റെ അറിവ്. ഇത് ഈ കഥയിലെ പെൺകുട്ടിയുടെ മാത്രം അനുഭവമല്ല, വർഷങ്ങളായി കേസ് നടത്തുന എല്ലാവരുടെയും അനുഭവമാണ്. ഓരോ സ്ത്രീയും  ഇപ്രകാരം അനുഭവിക്കുന്ന വ്യഥ ഒരു കോടതിയും അറിയില്ല. അവർക്ക് മനസ്സിലാവുകയുമില്ല.

ന്യായാധിപന്മാർക്ക് അവരുടെ ന്യായീകരണമുണ്ട്. കേസുകളുടെ ബാഹുല്യം അവരെ ഞെരുക്കുന്നു. കൃത്യ സമയത്ത് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വക്കീലന്മാർക്കും അവരുടേതായ ന്യായീകരണമുണ്ട്. പക്ഷേ കേസിലെ കക്ഷികളുടെ അവസ്തയോ. അവർ നടന്ന് നടന്ന് കാൽ കുഴയും. ധന നഷ്ടം സമയ നഷ്ടം. നമ്മുടെ കഥയിലെ പെൺകുട്ടി കേസ് കൊടുക്കുമ്പോൾ 23 വയസ്സേ ഉള്ളൂ, ഇപ്പോൽ 30 വയസ്സ്. കേസ് വിധിച്ചാൽ അവൾക്ക് അനുകൂലമായാൽ എതിർ കക്ഷി ഹൈക്കോടതിയിൽ അപ്പീൽ പോകും, അവിടെ ഒരു എട്ട് പത്ത് വർഷം, അപ്പോൾ അവളുടെ പ്രായം എത്ര ? എന്തായാലും ഭർത്താവ് അവളെ ബന്ധം വേർപെടുത്തുമെന്ന് ഉറപ്പ്. അവന് വയസ്സായാലും പെണ്ണ് കിട്ടും. സ്ത്രീക്കോ? അവൾ മുരടിച്ച് ചാകും. ഓരോ അവധി മാറ്റുമ്പോഴും കക്ഷികളുടെ ഉള്ളിലെ വികാരം ന്യായാധിപന്മാരും അഭിഭാഷകരും തിരിച്ചറിയില്ല, കാരണം അവർക്ക് നേരം വെളുത്താൽ വൈകുന്നേരം വരെ ഇത് തന്നെയല്ലേ ജോലി. കക്ഷികളുടെ വികാരത്തിന്റെ പുറകേ പോയാൽ അവരുടെ കാര്യം നടക്കുമോ? അവർ യന്ത്രമായി മാറും. കക്ഷികൾ ആ യന്ത്രത്തിൽ പെട്ട് ഞെരിഞ്ഞ് ചാകും.

ഇതിന്റെ പേരാണ് നീതി ന്യായം. ഒരു കേസ് നീണ്ട് പോകുന്നതിനോടൊപ്പം നീതിയും ന്യായവും  മരിക്കും. അനീതിയും അന്യായവുമാണ് ബാക്കി ആകുക.

എന്നാണിതിന് ഒരു പരിഹാരം ഉണ്ടാവുക, അടുത്ത കാലത്തൊന്നും അത് സംഭവിക്കില്ലാ എന്നുറപ്പ്.

Sunday, February 7, 2021

പാട്ടു പുസ്തകങ്ങൾ

ഞായറാഴ്ചയുടെ വിരസത മാറ്റാനാണ് പഴയ ഫയലുകൾ പരതിയത്. പഴയ ഫയലുകൾ എപ്പോഴും  നമ്മിലേക്ക് യുവരക്തം കടത്തി വിടും.എന്റെ പഴയ ഫയലുകളിൽ  ഞാൻ ഇപ്പോഴും യുവാവായി തന്നെ ജീവിച്ചിരിപ്പുണ്ട്. അന്നത്തെ വീര സാഹസിക ചരിത്രങ്ങൾ എത്രയോ തമാശകൾ, എത്രയോ സൗഹൃദ കത്തുകൾ, “വിശാലമായ ലോകത്തിന്റെ  ഏതെങ്കിലും മൂലയിൽ പോയി നമുക്ക് ജീവിക്കാം ഇക്കാ“ എന്ന മട്ടിലുള്ള ലേഖനങ്ങൾ..അങ്ങിനെ പലതും പല തരത്തിലും രൂപത്തിലും  അക്ഷരങ്ങൾക്ക് നിറം മങ്ങിയും ചിത്രങ്ങൾക്ക് ഓജസില്ലാതെയും  ഞങ്ങളെ അങ്ങ് നശിപ്പിച്ച് കൂടേ  എന്ന വിലാപവുമായി വീർപ്പ് മുട്ടി അലമാരയിൽ കഴിയുന്നു.
 കുറേ കാലങ്ങൾക്ക് മുമ്പ് നല്ല പാതിയുമായി ഇതെല്ലാമൊന്ന് അടുക്കി വെക്കാൻ ശ്രമിച്ചപ്പോൾ തത്ര ഭവതി എന്നോട് ആക്രോശിച്ചു, എന്തിനാണ് ഈ കുന്ത്രാണ്ടങ്ങൾ പൊന്നു പോലെ സൂക്ഷിച്ചിരിക്കുന്നത്, കത്തിച്ച് കളഞ്ഞൂടേ. ശ്രീമാൻ....“
“നീ പോടീ പരിപൂർണ പോർക്കേ“ എന്ന് ബഷീറിയൻ സ്റ്റൈലിൽ പ്രതികരിച്ചെങ്കിലും കുറേ എല്ലാം ഞാൻ തീയിലിട്ടു. ബാക്കി ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുള്ളത് വല്ലപ്പോഴും ഒന്ന് താലോലിക്കാറുണ്ട്. അങ്ങിനെ പരതിയപ്പോളാണ് സിനിമാ പാട്ടു പുസ്തകങ്ങളുടെ ഒരു ചെറിയ കെട്ട് കണ്ടെത്തിയത്. പലതും കാലത്തിന്റെ കുതിച്ച് പോക്കിൽ ജീർണിച്ചിരിക്കുന്നു. അവശേഷിച്ചിരിക്കുന്നതിൽ  രണ്ടെണ്ണം (1) ഇണപ്രാവുകൾ (2) പഴശ്ശി രാജാ

ഈ പാട്ടു പുസ്തകങ്ങൾ എന്നിലേക്ക് പഴയ സിനിമാ കാലഘട്ടം മനസ്സിലേക്ക് കൊണ്ട് വന്നുവല്ലോ. സിനിമാ ടിക്കറ്റിന് പൈസാ സമ്പാദിക്കുന്നതും,കൂട്ടുകാരുമായി കൊട്ടകയിലേക്ക് പായുന്നതും തല്ലീലും ബഹളത്തിലുമിടിച്ച് കയറി ടിക്കറ്റ് എടുക്കുന്നതും മൂട്ട കടി കൊണ്ട് സിനിമാ കാണുന്നതുമെല്ലാം മറ്റൊരു സിനിമാ പോലെ മനസ്സിൽ നിര നിരയായി വന്നു.

 പടം തുടങ്ങുന്നതിന് മുമ്പും പാട്ട് സീനിലും ഇട വേളയിലും “പാട്ടു പുസ്തകം...പാട്ടു പുസ്തകം “ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പയ്യന്മാർ നമ്മുടെ സീറ്റിനടുത്ത് വരും. കൊട്ടകയുടെ മുൻ വശത്തെ സ്റ്റാളിലും ഇവ തൂക്കി ഇട്ടിരിക്കും. ടിക്കറ്റ് എടുത്ത് ബാക്കി വരുന്ന തുകയിൽ കപ്പലണ്ടി വാങ്ങാതെ പാട്ടു പുസ്തകം ഒന്ന് സംഘടിപ്പിച്ച് വീട്ടിൽ ചെന്ന് അത് നോക്കി വിശദമായൊന്ന് പാടും. പുസ്തകത്തിന്റെ മുൻ വശം പടത്തിന്റെ പേരും ചിത്രവും കാണും. അകവശം സിനിമയുടെ സംക്ഷിപ്ത  കഥയും കഥയുടെ അവസാനം ക്ളൈമാക്സ് സീനിൽ “ശേഷം സ്ക്രീനിൽ“ എന്നും കാണും. പിന്നെ പാട്ടുകളും അച്ചടിച്ചിരിക്കും. ഇത് വിതരണ കമ്പനിക്കാർ തന്നെ അച്ചടിച്ച് കൊട്ടകയിൽ ബിൽ സഹിതം എത്തിക്കുന്നതാണ്.
പഴശിരാജായിൽ കൊട്ടാരക്കര ശ്രീധരൻ നായർ ആണ് പഴശ്ശിയായി വേഷമിട്ടിരിക്കുന്നത്. നമ്മുടെ സായി കുമാറിന്റെ അച്ചനാണിദ്ദേഹം. രാജാ പാർട്ട് അഭിനയിക്കാൻ ഇദ്ദേഹവും ജി.കെ. പിള്ളയും  ഒഴികെ അന്ന് ആരും ശോഭിക്കാറില്ല. അഞജന കുന്നിൽ തിരി പെറുക്കാൻ പോകും അമ്പല പ്രാവുകളേ എന്നതും ചിറകറ്റ് വീണൊരു കൊച്ചു തുമ്പീ എന്നതുമായ രണ്ട് മധുര ഗാനങ്ങൾ   ഈ പടത്തിൽ ഉണ്ട്.. രണ്ടാമത്തെ ചിത്രമായ ഇണപ്രാവുകളിൽ സത്യൻ പ്രേം നസീർ, ശാരദ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. കരിവള കരിവള കുപ്പിവള,  കാക്കത്തമ്പുരാട്ടീ  കറുത്ത മണവാട്ടീ തുടങ്ങിയ ഈ സിനിമയിലെ ഗാനങ്ങൾ      അന്നുമിന്നും.പ്രസിദ്ധങ്ങളാണല്ലോ 

ഇന്ന് പാട്ടുപുസ്തക കച്ചവടവും അത് നോക്കി പാടുന്ന യുവതയുമില്ല. ഇഷ്ടമുള്ള ഗാനം ഇന്റർ നെറ്റിൽ എപ്പോഴും ലഭ്യമാകുമ്പോൾ എന്ത് പാട്ട് പുസ്തകം, എന്ത് ആലാപനം.
എങ്കിലും കഴിഞ്ഞ് പോയ ആ കാലഘട്ടം ഓർമ്മിക്കുന്നത് തന്നെ എന്തെന്നില്ലാത്ത നിർവൃതി മനസ്സിൽ കൊണ്ട് വരുന്നുവല്ലോ....








 

Thursday, February 4, 2021

വർഗീയത കേരളത്തിൽ

 കൊട്ടാരക്കര സബ് കോടതിയിൽ ഞാൻ അന്ന് ജോലിക്ക് കയറുമ്പോൾ അവിടെ ആകെ 44 ജീവനക്കാരുള്ളതിൽ ഞാൻ മാത്രം മുസ്ലിമായുണ്ട്.ബാക്കി എല്ലാവരും വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരായിരുന്നു. ഈ അവസ്ഥ വളരെ നാൾ വരെ നീണ്ട് നിന്നിരുന്നു. ഞാൻ മാത്രം ഇസ്ലാം മത വിഭാഗത്തിൽ പെട്ടവനായത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല.മറിച്ച് അവരെല്ലാം എന്നോട് സ്നേഹത്തിൽ വർത്തിച്ചു എന്ന് മാത്രമല്ല, അത് ഒരൽപ്പം കൂടുതലായുണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. ഞാനും അവരോട് യാതൊരു വ്യത്യാസവും കാണിക്കാതെ പെരുമാറി. എനിക്കോ അവർക്കോ വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരാണ് ഞങ്ങളെന്ന് തോന്നേണ്ട ഒരു കാരണവും അവിടില്ലായിരുന്നു.

ഉച്ച ഭക്ഷണത്തിന് ഹോട്ടലിലോ വീടുകളിലോ പോകാത്തവർ അവരുടെ ആഹാരം  വീടുകളിൽ നിന്നും പാത്രങ്ങളിലും ഇലയിൽ പൊതിഞ്ഞു കൊണ്ടും വരുമായിരുന്നു.. ഞാനും എന്റെ ഭക്ഷണം പൊതിഞ്ഞ്   കൊണ്ട് വരും. ഹലാലും ഹറാമും നോക്കാതെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഉച്ചക്ക് കഴിക്കും. സ്റ്റീഫൻ സാറും, തമ്പി സാറും, ഗോപാലൻ സാറും, പിൽ കാലത്ത് സുരേഷും, വേണുവും മോഹനനും  ജോസെഫും, ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് തന്നെ ഉണ്ണുക മാത്രമല്ല, ഞങ്ങളുടെ  വിഭവങ്ങൾ പരസ്പരം പങ്ക് വെച്ച് കഴിക്കുകയും ചെയ്യും. അങ്ങിനെ എല്ലാവരുടെ മുമ്പിലും എല്ലാ വിഭവങ്ങളും നിരക്കുകയും ചെയ്യും. ഇറച്ചി അപൂർവത്തിൽ അപൂർവമായിരുന്നു.  സ്റ്റീഫൻ സർ ചിലപ്പോൾ ചോദിക്കും, എടേയ് ആ താത്ത അൽപ്പം കോഴിക്കാലെല്ലാം വറുത്ത് തന്നു വിടേണ്ടേ....? അതിന് തമ്പി സാർ മറുപടി പറയും “ ഈ സാർ വാങ്ങി കൊണ്ട്  കൊടുത്താലല്ലേ അവർ പൊരിച്ച് കൊടുത്ത് വിടുകയുള്ളൂ..ഇദ്ദേഹം അറു പിശുക്കനാ....“  ഇങ്ങിനെ ഒരു കുടുംബത്തിലെ അംഗങ്ങൾ പോലെ ഞങ്ങൾ തമാശ പറഞ്ഞും രസിച്ചും കഴിഞ്ഞ് വന്നു..

പുനലൂർ കുറേ കാലം ജോലി നോക്കിയ കാലഘട്ടത്തിലും  ഇത് തന്നെ അവസ്ഥ.  അവിടെ ജലാലുദ്ദീൻ  എന്ന  ഒരു ടൈപിസ്റ്റ് കൂടി കാക്കാ ആയുണ്ട്. അവിടെയും ഞങ്ങൾ കമ്പനികൂടിയാണ് ആഹാരം കഴിക്കുന്നത്. ഇപ്പോൾ മുഖ പുസ്തകത്തിൽ സജീവമായുള്ള സജിയും അശോകനും മറ്റും അന്ന് അവിടെ എന്നോടൊപ്പം ജോലി ചെയ്തിരുന്നു, ഞങ്ങൾ ഒരുമിച്ചായിരുന്നു ആഹാരം കഴിച്ചിരുന്നത്. ഞങ്ങളെല്ലാം അവിടെയും ഏകോദര സഹോദരന്മാരെ പോലെ കഴിഞ്ഞു വന്നു. 

അന്ന് നാട്ടിലും ഇത് തന്നെ അവസ്ഥ. പരസ്പരം സൗഹൃദത്തോടും സാഹോദര്യത്തോടും ആളുകൾ കഴിഞ്ഞിരുന്നല്ലോ..  അന്നും പള്ളിയും അമ്പലവും ചർച്ചുമെല്ലാം ഉണ്ട്. പള്ളീയിൽ നിർബന്ധമായി പോയി നമസ്കരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൂട്ടുകാരെല്ലാം അമ്പലങ്ങളിലും ചർച്ചിലും പോയി പ്രാർത്ഥിക്കുന്നവരാണ്. അന്നും മത സംഘടനകളും അവരുടെ പ്രവർത്തനങ്ങളും ഉണ്ട്. പക്ഷേ മനുഷ്യരുടെ ഇടയിൽ മത വൈരംസൃഷ്ടിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല, ഇനി അഥവാ അവർ ശ്രമിച്ചാൽ തന്നെ ജനങ്ങളുടെ ഇടയിൽ അത് ചെലവാകുകയുമില്ലായിരുന്നല്ലോ. മനുഷ്യരെല്ലാം ഏകോദര  സഹോദരങ്ങളെ പോലെ ഈ കൊച്ച് കേരളത്തിൽ കഴിഞ്ഞ് വന്ന സുന്ദര സുരഭില കാലഘട്ടമായിരുന്നത്.

ഇതിത്രയും വിവരിച്ചത് ഇന്നത്തെ കാലഘട്ടത്തിലെ മത വെറിയും മത സ്പർദ്ധയും  പറയുവാനാണ്.  ഈ അടുത്ത കാലത്തായി അതൽപ്പം വർദ്ധിച്ചിരിക്കുന്നു. നമുക്കാവശ്യമുള്ളതും അവകാശപ്പെട്ടതും നിർബന്ധമായും ചോദിച്ച് വാങ്ങണം. പക്ഷേ അത് മറ്റുള്ളവർക്ക് കൊടുക്കുന്നതെന്തിന് എന്ന പ്രതികരണമാണ്` വർഗീയത എന്ന് പറയുന്നത്. നമുക്ക് കിട്ടാനുള്ളതെടുത്താണ് മറ്റവന് കൊടുക്കുന്നതെന്ന് പറയുമ്പോൾ  ആവശ്യമില്ലതെ ജനങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാകുന്ന കാഴ്ചയാണ് ഇപ്പോൾ ഇവിടുള്ളത്. അത് സമുദായങ്ങൾക്കിടയിൽ വലിയ നാശം ഉളവാക്കും. അന്യോന്യം ശത്രുത വർദ്ധിക്കും. നാട്ടിലെ സമാധാനം പോകും.

ആരാണ് ഈ വിഷ വിത്ത് ഈ മണ്ണിൽ പാകിയത്. മുളയിലേ ഈ പ്രവണത നുള്ളിക്കളഞ്ഞിലെങ്കിൽ ഉത്തരേന്ത്യൻ മോഡലാകും നമ്മുടെ മനോജ്ഞ സുന്ദരമായ കേരളം.

 ഉണർന്ന് ചിന്തിക്കുക, കാര്യങ്ങൾ മനസ്സിലാക്കി നാട്ടിലെ സമാധാനവും ശാന്തിയും തിരികെ പിടിക്കുക, അതാണ്` ഏവർക്കും നല്ലത്.

Monday, February 1, 2021

ചൂട്ടും ചില ചിന്തകളും

 എന്റെ കൗമാരകാലത്താണ് അന്ന് പാലക്കാട് ജില്ലയിൽ പെട്ട എടപ്പാളിൽ ഞാൻ ഉപജീവനാർത്ഥം ചെല്ലുന്നത്. ആലപ്പുഴയിൽ നിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷവും പരിസരവുമുള്ള എടപ്പാളിലെ നാട്ട് വിശേഷങ്ങൾ എനിക്ക് കൗതുകരമായി അനുഭവപ്പെട്ടു. ഞാൻ ജോലി ചെയ്തിരുന്ന  സ്ഥാപനത്തിന് സമീപം സന്ധ്യ കഴിഞ്ഞ് ഒരു സ്ത്രീ റോഡിൽ നിന്നും ഒരു ഇടവഴി തിരിയുന്ന സ്ഥലത്ത് ഒരു പലക തട്ടുമായി വന്നിരിക്കും. തട്ടിന് മുകളിൽ ഉണങ്ങിയ തെങ്ങോല  കീറി  വള്ളി കൊണ്ട് ചുറ്റിക്കെട്ടിയ  ചൂട്ടു കറ്റകൾ  അടുക്കി വെച്ചിരിക്കും. മുനിഞ്ഞ്കത്തുന്ന ഒരു മുട്ട വിളക്കിന്റെ വെട്ടത്തിൽ അവർ ഈ ചൂട്ടു കറ്റകൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു. ഒരു ചൂട്ട് കറ്റക്ക് അഞ്ച് പൈസയാണ് വില.ഇടവഴിയിലേക്ക് ഇറങ്ങി പോകുന്നവരാണ് ഈ കറ്റകൾ വാങ്ങിയിരുന്നത്. ഇടവഴി കഴിഞ്ഞാൽ നീണ്ട് നിവർന്ന് അന്തമില്ലാതെ കിടക്കുന്ന ഐലക്കാട് പാടങ്ങൾ. പിന്നെ പുൽപ്പാക്കര..  പാടം വഴി പോകുന്നവർക്ക് ഇഴജന്തുക്കളിൽ നിന്നും രക്ഷ നേടാനാണ്` രാത്രി കാലത്ത് ചൂട്ട് കറ്റകൾ വാങ്ങുന്നത്.

ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയിൽ മണൽപ്പരപ്പിൽ മൂന്നും അഞ്ചും സെന്റ് സ്ഥലങ്ങളിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇഴ ജന്തുക്കളെന്ന് പറയുന്നത് അപൂർവ സാധനങ്ങളാണ്. പുര മേയുമ്പോൾ കാണുന്ന ഓല ചുരുളനോ  തോട്ടിൽ ചിലപ്പോൾ കാണപ്പെടുന്ന നീർക്കോലിയോ ആണ്` ഞങ്ങൾക്ക് ഭയങ്കര പാമ്പുകൾ. അവിടെ  ജനിച്ച് വളർന്ന എനിക്ക് എടപ്പാളിലെ കയ്യാലകളിലെ സുഷിരങ്ങളും  അതിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇഴ ജന്തുക്കളും  അതിശയ വസ്തുക്കളായിരുന്നുവല്ലോ.

ചൂട്ടിന്റെ കാര്യമാണ് പറഞ്ഞ് വന്നത്, എസ്.കെ.പൊറ്റക്കാട് ബാലി ദ്വീപിലെ യാത്രക്കിടയിൽ ഒരു ഗ്രാമത്തിൽ കണ്ട നമ്മുടെ ചൂട്ടിന്റെ ചേട്ടനെ ശ്ചൂട്ടേ എന്നാണ് വിളിച്ചിരുന്നതെന്ന് കുറിച്ചിരിക്കുന്നു.അപ്പോൾ ചൂട്ട് സർവ വ്യാപിയാണ്. ഞാൻ ഏടപ്പാൾ വിടുന്നത് വരെ ഈ ചൂട്ടുകാലം നില നിന്നിരുന്നു. അതിന് ശേഷം തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തും ഞാറയിൽക്കോണത്തും  ചൂട്ടിനെ  ഞാൻ കണ്ടിരുന്നു, പിന്നീട് കൊട്ടാരക്കരയിലും ആ കാലത്ത് അത്യാവശ്യത്തിന് ചൂട്ട് ഉപയോഗപ്രദമായിരുന്നു.

 എപ്പോഴോ ടോർച്ച് ലൈറ്റ് കടന്ന് വന്നപ്പോൾ  ചൂട്ട് വഴിമാറിക്കൊടുത്തു.“ഞെക്ക് വിളക്ക്“ എന്ന ഓമനപ്പേരിൽ ഇറങ്ങിയ മേൽപ്പടിയാനെ പറ്റി സിനിമാ പാട്ടുകളും ഇറങ്ങി. “പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്ക് വിളക്കുണ്ട്“ എന്ന പഴയ പാട്ട് ഓർക്കുന്നില്ലേ?!

 രണ്ട് ബാറ്ററിയുടെ എവറെഡി ആയിരുന്നു ആദ്യമൊക്കെ പ്രചാരത്തിൽ വന്നത്. പിന്നീട് മൂന്ന് ബാറ്ററിയുടെയും അഞ്ച് ബാറ്ററിയുടെയും ടോർച്ച് ലൈറ്റുകൾ കടന്ന് വന്നു. പിൽക്കാലത്ത് ബാറ്ററി ഇല്ലാ ടോർച്ചുകളും കടൽ കടന്നെത്തി. അഞ്ച് ബാറ്ററി ടോർച്ചുകൾ ചട്ടമ്പിമാർ ഗദ പോലെ ആവശ്യത്തിന് ഉപയോഗിക്കുമായിരുന്നു, അഥവാ ചട്ടമ്പി ആകണമെങ്കിൽ ഒരു അഞ്ച് ബാറ്ററി ടോർച്ചും ഓയിൽ ജൂബായും കൈലി മുണ്ടും കൊമ്പൻ മീശയും വേണമായിരുന്നു.

കാലം കടന്ന് പോയപ്പോൾ ടോർച്ചിന് പുറകേ മൊബൈൽ പാത്തും പതുങ്ങിയും വന്നു. റിസ്റ്റ് വാച്ചിന്റെയും ഞെക്ക് വിളക്കിന്റെയും ഉപയോഗം നടത്തി തരുന്ന മൊബൈൽ വന്നതോടെ ടോർച്ച് ലൈറ്റുകൾ എവിടെയെല്ലാമോ ഉപേക്ഷിക്കപ്പെട്ടു. എങ്കിലും ടോർച്ച് എന്ന നാമം പുത്തൻ തലമുറക്ക് അറിയാം. പക്ഷേ ചൂട്ടിന്റെ ഉപയോഗം അറിയില്ല. പുട്ട് ചുടുന്ന മുളംകുറ്റിയും അമ്മിയും ആട്ട് കല്ലും കിണറിലെ കപ്പിയും കയറും പോയ വഴിക്ക് മുമ്പേ ചൂട്ടും പോയി.

ഇന്ന് പുസ്തക വായനയിൽ ലയിച്ചിരുന്നപ്പോൾ പുരയിടത്തിൽ നിന്നിരുന്ന തെങ്ങിൽ നിന്നും ശൂ...ശൂ എന്ന് ശബ്ദമുണ്ടാക്കി ഒരു ഉണങ്ങിയ ഓലമടൽ പൊത്തോ എന്ന് നിലത്ത് വീണു. കൂട്ടത്തിൽ ഉണങ്ങിയ രണ്ട് കൊതുമ്പ് കഷണങ്ങളും. കാലങ്ങൾക്ക് മുമ്പ് ഓല മടൽ നിലത്ത് വീണാൽ പെണ്ണുങ്ങൾ പാഞ്ഞ് വരും, അത്യാവശ്യത്തിന് കടും ചായ തിളപ്പിക്കാനോ കുളിക്കാൻ വെള്ളം ചൂടാക്കാനോ ഈ സാധനം ഉപയോഗപ്പെടുമായിരുന്നുവല്ലോ. ഇപ്പോൾ ആരും ഈ സാധനത്തെ തിരിഞ്ഞ് നോക്കില്ല. 

എന്റെ നല്ല പാതിയെ വിളിച്ച്  “എടോ , ദാ! ഒരു ഓലമടൽ ! അത്യാവശ്യത്തിന് തീ കത്തിക്കാൻ....“ എന്ന് പറയാൻ ആരംഭിക്കുന്നതിന് മുമ്പേ അവൾ എന്നെ പുശ്ചത്തോടെ  വീക്ഷിക്കും, പിന്നെ പുസ്കെന്നും പറഞ്ഞ് ഒരു നടത്തം പാസ്സാക്കും. ഓ! പിന്നേയ്! ഓലമടൽ..ഹും..ഹും...എന്ന് ഉള്ളിൽ പറയും. അടുപ്പുണ്ടായിട്ടല്ലേ  തീ  കത്തിക്കേണ്ടത്. മൂന്ന് അടുപ്പ് കല്ലുകളുടെ കാലം കടന്ന് പോയി. സ്റ്റീൽ അടുപ്പിനടുത്ത് ചെല്ലുക, തോക്ക് കുഴൽ പോലത്തെ ആ കുന്ത്രാണം നീട്ടി  ക്ളിക്ക് എന്ന് ഞെക്കുക, ഗ്യാസ് അടുപ്പ് കത്തിക്കഴിഞ്ഞു. ആ സ്ഥാനത്താണ് ഓലമടൽ കയറ്റിവിട്ട് തീ ഊതുക, അൽപ്പം കുടവയർ പെണ്ണുങ്ങൾക്ക് വന്നാലും സാരമില്ല, തീ ഊതൽ പണി നിർത്തി. “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ “ സിനിമാ കണ്ടില്ലേ മൊതലാളീ നിങ്ങൾ...ഹും...ഹും...

ശരിയാണ് എല്ലാം സമ്മതിച്ചു, പക്ഷേ പണ്ട് വളരെ പണ്ട് അടുപ്പ് കത്തിക്കാൻ അൽപ്പം തീ കനലിന് വീട്ടിൽ വരുന്ന അയല്പക്കത്തെ സൗദാമിനിയെ കൺ നിറയെ  കാണാനുള്ള അവസരം ഈ തലമുറക്കില്ലതായി പോയല്ലോ മോനേ!

ചൂട്ടും പോയി അങ്ങിനെയുള്ള കൊച്ച് കൊച്ച് സൗഹൃദങ്ങളും പോയി.